കണ്ണാ­ടി­കൾ എറി­ഞ്ഞു­ടക്കപ്പെ­ടു­ന്പോൾ


ധനേഷ് പത്മ

 

മൂഹത്തിന് നേരെ തിരിച്ചു പിടിച്ചിരിക്കുന്ന കണ്ണാടികളാണ് മാധ്യമങ്ങൾ എന്നത് വസ്തുതാപരമായി തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലുത്തെ തെളിവായി മുൻമന്ത്രി തോമസ് ചാണ്ടിയുടെ രാജി ചൂണ്ടികാണിക്കാം. മറ്റനേകം വിഷയങ്ങൾ ഇതിനുദാഹരണമായി ഉണ്ടെന്നതും സത്യമാണ്. അഴുകിയ മാധ്യമപ്രവർത്തനങ്ങളും ഇക്കാലത്ത് ഉണ്ട് എന്നതിൽ തർക്കമില്ല. മംഗളം ചാനൽ ഈയിടെ സൃഷ്ടിച്ച പെൺകെണി വിവാദം അത്തരത്തിൽ ഒരു മാധ്യമപ്രവർത്തനമാണ്(അങ്ങനെ വിശേഷിപ്പിക്കുന്നതിൽ ഖേദമുണ്ട്). അവരതിന് ശിക്ഷ അർഹിക്കുന്നുണ്ട്, ഒപ്പം പെൺകെണിക്കിരയായ മന്ത്രിയുടെ ധാർമ്മികതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഇങ്ങനെയെല്ലാം നിരവധി പ്രശ്ന കലുഷിതമായ ഒരു ഭരണം മുന്നോട്ട് പോകുന്പോൾ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന നടപടി രാജഭരണത്തിനെ ഓർമ്മപ്പെടുത്തുന്നതാണ്. മുൻമന്ത്രി എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോൺകെണി കേസിൽ ജൂഡീഷ്യൽ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനെത്തിയപ്പോഴായിരുന്നു സെക്രട്ടേറിയറ്റ് കവാടത്തിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നതിനായി മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് തടയുന്നത് ഒരു ജനാധിപത്യസർക്കാരിനു ചേർന്ന കാര്യമല്ല. ഇതിൽ രാഷ്ട്രീയപരമായ ഇരട്ടത്താപ്പ് കാണാനും കഴിയും.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ജുഡീഷ്യൽ അന്വേഷണം പൂർത്തിയായി റിപ്പോർട്ട് സമർപ്പിക്കാനെത്തിയപ്പോൾ മാധ്യമങ്ങളെ തടയാതിരിക്കുകയും മറിച്ച് എ.കെ ശശീന്ദ്രൻ (എൻസിപി മന്ത്രി) വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്പോൾ മാധ്യമങ്ങളെ തടയുകയും ചെയ്യുന്നതിൽ ഈ ഇരട്ടത്താപ്പ് കാണാൻ കഴിയും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് മാധ്യമങ്ങളെ തടഞ്ഞതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്പോൾ മുഖ്യമന്ത്രി അത്തരത്തിലൊരു നിലപാട് എടുത്തതായി നിഷേധിക്കുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയെ മുൻനിർത്തി അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നതായി മറ്റൊരു വാദമുന്നയിക്കുന്പോൾ ഇന്റലിജൻസിൽ നിന്ന് അത്തരത്തിലൊരു റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല എന്ന് മാധ്യമങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നു.

പൊതുവെ കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം മാധ്യമങ്ങളോട് അകലം പാലിക്കുന്ന ഒരു രീതി നിലനിൽക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും ഇത്തരത്തിൽ അകലം പാലിക്കുന്ന രീതിയാണ് തുടർന്നു പോരുന്നത്. മാധ്യമങ്ങൾ സമൂഹത്തിന്റെ ശബ്ദവും കാഴ്ചയുമെല്ലാമാണ്. ജനങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങളാണ് സർക്കാരിനോട് മാധ്യമങ്ങൾ ചോദിക്കുന്നത്. മാധ്യമങ്ങളെ ഇതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വാദിക്കാമെങ്കിലും ജനാധിപത്യരാജ്യത്ത് ജനങ്ങൾ വായടച്ചിരിക്കണമെന്ന് നിഷ്കർഷിക്കുന്നത് അനൗചിത്യമാണ്. പിണറായി വിജയൻ, നരേന്ദ്ര മോഡി എന്നീ വ്യക്തികളോടല്ല ചോദ്യങ്ങൾ, സർക്കാരുകളുടെ ഭാഗമായ അതായത് ജനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവരോടാണ് ചോദ്യങ്ങൾ ഉണ്ടാകുന്നത്. അതൊരു അവകാശമായി തന്നെ കാണണം. സർക്കാരുകൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത് എങ്കിൽ എന്തിനാണ് ചോദ്യങ്ങളെ ഭയക്കുന്നത്. മൻ കി ബാത് എന്ന പ്രതിമാസ റേഡിയോ പരിപാടിയിലൂടെ പ്രധാനമന്ത്രി പറയുന്ന കാര്യങ്ങൾ ഒരു തരത്തിൽ ജനങ്ങളിൽ അടിച്ചേൽപ്പിക്കലാണ്. റേഡിയോ എന്നത് ഇങ്ങോട്ട് പറയുന്ന കാര്യങ്ങൾ മാത്രം കേൾക്കുന്ന ഒരു സന്പ്രദായമാണ്. അത്തരത്തിൽ ഒരു റേഡിയോ ഭരണക്രമം ഏകാധിപത്യത്തിന്റേതാണ്.

സുരക്ഷാകാരണങ്ങൾ മുൻനിർത്തി മുഖ്യമന്ത്രിയുടേയും പ്രധാന മന്ത്രിയുടേയുമൊക്കെ ഓഫീസിലേക്കുള്ള പ്രവേശനം തടയുന്നതിൽ സ്വാഭാവികതയുണ്ടെങ്കിലും സെക്രട്ടേറിയറ്റിന്റെ കവാടത്തിനു പുറത്ത് മാധ്യമപ്രവർത്തകരെ തടയുന്നതിനെ അത്യപൂർവ്വ സംഭവമായി തന്നെയേ കാണാൻ കഴിയു. വാർത്തകൾ പൊതുജനങ്ങളെ അറിയിക്കുന്ന മാധ്യമങ്ങളുമായി മുന്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിൽ അകലം പാലിക്കാനും സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്പോൾ, മാധ്യമങ്ങളെ അകറ്റിനിർത്താനും ആട്ടിപ്പായിക്കാനും ഉണ്ടാകുന്ന ശ്രമങ്ങൾ പതിവായികൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി മാധ്യമങ്ങളോട് രോഷാകുലനായി പെരുമാറുന്നതും ഇടക്കിടെ കാണാൻ കഴിഞ്ഞിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം എന്ന പേരിൽ അധാർമ്മിക പ്രവൃത്തികൾ നടത്തുന്നതിനെ മാധ്യമസ്ഥാപനങ്ങൾ അംഗീകരിക്കുന്നില്ല. പക്ഷെ അറിയാനുള്ള അവകാശം അത് നിഷേധിക്കപ്പെടരുത്. തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെച്ച സംഭവത്തിൽ ഭരണത്തിലിരിക്കുന്ന, അതല്ലെങ്കിൽ വോട്ട് ചെയ്ത് കേരള ജനത ഭരണത്തിലേറ്റിയ മുന്നണി സർക്കാരിൽ സിപിഐയും സിപിഎമ്മും തമ്മിൽ ഉടലെടുത്ത ഭിന്നത കേവലം രാഷ്ട്രീയ പാർട്ടികളുടെ സ്വകാര്യതയല്ല. ജുഡീഷ്യറി പോലും അതിൽ ആശങ്ക പ്രകടപ്പിച്ചിരുന്നു. ആ സാഹചര്യത്തിലാണ് സർക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്പോൾ ജനങ്ങളിൽ നിന്ന് ചോദ്യമുണ്ടാകുന്നത്. ആ ജനങ്ങളായി മാത്രം മാധ്യമങ്ങളെ പരിഗണിച്ചാൽ മതി. ലൈസൻസ് സർക്കാർ തന്നെ അനുവദിച്ചുകൊണ്ടാണ് മീഡിയകൾ പ്രവർത്തിക്കുന്നത് എന്നതിനൊന്നും പരിഗണന തരേണ്ടതില്ല. മറിച്ച് ജനങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി, അതുണ്ടായേ തീരു. അവർക്കായി മാധ്യമങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. മാധ്യമപ്രവർത്തകർ ശല്യമുണ്ടാക്കുന്നു, തിക്കിത്തിരക്കുന്നു, അടുത്തുവന്ന് അഭിപ്രായങ്ങൾക്കു നിർബന്ധിക്കുന്നു തുടങ്ങിയ പരാതികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതിൽ ഒട്ടും ഔചിത്യമില്ല. മന്ത്രിസഭാ യോഗങ്ങളിലെ കാര്യങ്ങൾ പോലും മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനിച്ച സർക്കാരാണ് ഇപ്പോഴുള്ളത്. ആ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കാണുന്പോൾ, ചോദിക്കാൻ കുറേയധികം കാര്യങ്ങളുണ്ടാകുന്പോൾ തിക്കിതിരിക്കിയെത്തുന്നത് സ്വാഭാവികം മാത്രമാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള തിക്കിതിരക്കലുകളെ ഇരുകൈയും നീട്ടിയാണല്ലോ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചു പോരുന്നത്!. അഴിമതി പുറത്തുകൊണ്ടുവരുന്നതും ആരോപണവിധേയരുടെ പേരുകൾ പൊതുജനങ്ങളെ അറിയിക്കുന്നതും മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാക്കി ഓർഡിനൻസ് കൊണ്ടുവരാൻ ഇക്കഴിഞ്ഞ ഒക്ടോബറിൽ രാജസ്ഥാനിലെ ബി.ജെ.പി. സർക്കാർ ശ്രമിച്ചപ്പോൾ, അറിയാനുള്ള അവകാശത്തെയും മാധ്യമസ്വാതന്ത്ര്യത്തെയുംപറ്റി പ്രസ്താവനകളുമായി രംഗത്തെത്തിയവരിൽ കേരളം ഭരിക്കുന്ന സിപിഎം എന്ന പാർട്ടി മുന്നിലുണ്ടായിരുന്നു. ആയതുകൊണ്ട് അറിയാനുള്ള ജനാവകാശം നിഷേധിക്കുന്നത് ജനാധിപത്യമര്യാദയോ രാഷ്ട്രീയമര്യാദയോ അല്ല.

മനഃപൂർവം കോലാഹലം സൃഷ്ടിച്ചു കുഴപ്പമുണ്ടാക്കുന്നവരാണ് മാധ്യമപ്രവർത്തകർ എന്ന ധാരണയും ശരിയല്ല. അത്തരത്തിലൊരു ധാരണ ഉണ്ടാകാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതും ആവശ്യമായ കാര്യം തന്നെയാണ്. രാഷ്ട്രീയത്തിലെയും ഭരണത്തിലെയും സംഭവവികാസങ്ങളെപ്പറ്റി ആകാംക്ഷാഭരിതമായ ഈ സമൂഹത്തിന്, മൂല്യമേറിയ വസ്തുവാണ് വാർത്ത. അതെത്തിച്ചുകൊടുക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കുന്നത് വലിയൊരു കുറ്റമല്ല. മറിച്ച് വാർത്തകൾക്ക് വേണ്ടി സാഹചര്യങ്ങൾ സൃഷ്ടിക്കലും കെണിയിൽ പെടുത്തലും അനാവശ്യ ചോദ്യങ്ങൾ ഉന്നയിക്കലും യഥാർത്ഥ മാധ്യമപ്രവർത്തനത്തിന് ചേർന്നതല്ല. ഭരണാധികാരികൾ, പാർട്ടിനേതാക്കൾ, താരമൂല്യമുള്ള വ്യക്തിത്വങ്ങൾ തുടങ്ങിയവരെ മോശമാക്കലും ശല്യപ്പെടുത്തലും മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യമല്ല. മറിച്ച് അനീതി നടക്കുന്നുണ്ടെങ്കിൽ, നിയമലംഘനങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ അതിൽ വ്യക്തതവരുത്തി മാധ്യമങ്ങൾ ജനങ്ങൾക്ക് കാണിച്ചു കൊടുക്കും. മാധ്യമസ്വതന്ത്രതയും ഭരണത്തിലെ സുതാര്യതയുമാണ് ജനാധിപത്യ സമൂഹത്തിന്റെ ശക്തി. 

മാധ്യമങ്ങളിലൂടെ തെറ്റായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിൽ ലൈസൻസ് അനുവദിക്കുന്ന സർക്കാരിന് തന്നെ അത് പിൻവലിച്ച് ആ പ്രസ്ഥാനം അടച്ചുപൂട്ടാനുള്ള അധികാരമുണ്ട്. ഭരണാധികാരികളും ഭരണസ്ഥാപനങ്ങളും രാഷ്ട്രീയനേതാക്കളും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എന്തുചെയ്യുന്നുവെന്നും അറിയാനും കാണാനും ജനങ്ങളെ സഹായിക്കുന്നത് മാധ്യമങ്ങളാണ്. അതുകൊണ്ടാണ് മാധ്യമങ്ങൾ ജനസമൂഹത്തിന് നേരെ തിരിച്ചുപിടിച്ചിരിക്കുന്ന കണ്ണാടിയാണെന്ന് പറയുന്നത്. ആ കണ്ണാടികൾ എറിഞ്ഞുടക്കപ്പെടേണ്ടവയല്ല...

You might also like

Most Viewed