സിപിഐ vs സിപിഐ(എം)


ഇ.പി അനിൽ

epanil@gmail.com

 

ന്ത്യൻ കമ്യൂണിസ്റ്റു പാർട്ടികളിൽ മുന്നിൽ നിൽക്കുന്ന സിപിഐഎമ്മും സിപിഐയുംവിവിധ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ പുലർത്തി വരുന്നവരാണ്. ഇന്ദിരാ ഗാന്ധി 1975ൽ അടിയന്തിരാവസ്ഥ നടപ്പിൽ കൊണ്ടുവന്നപ്പോൾ CPI അതിൽ തെറ്റു കണ്ടില്ല. റഷ്യൻ കമ്യൂണിസ്റ്റു പാർട്ടി ഇന്ദിരയുടെ അടിയന്തിരാവസ്ഥയെ പിൻതുണച്ചു. സിപിഐഎം അടിയന്തിരാവസ്ഥ ഏകാധിപത്യ പ്രവർത്തനവും ജനാധിപത്യത്തെ അട്ടിമറിക്കലുമാണ് എന്നു കണ്ട് സമരത്തിൽ അണിചേർന്നു. നേതാക്കളെ ജയിലിലടച്ചു. കേരളത്തിൽ അക്കാലത്ത് സിപിഐ കോൺഗ്രസുമായി ചേർന്നു ഭരിച്ചു. (1969 മുതൽ 77 വരെ) അതിനുള്ള രാഷ്ട്രീയ കാരണമായി സിപിഐ പറഞ്ഞ വാദം ശ്രീമതി ഇന്ദിരാഗാന്ധി ലോക സോഷ്യലിസ്റ്റു ചേരിയിൽ നിന്നു കൊണ്ട് യുഎസ്എസ്ആറിനെ പിന്തുണക്കുന്നു. ഇന്ദിരാ വിരുദ്ധ ഗ്രൂപ്പുകൾ അമേരിക്കൻ വികസനത്തിന്റെ വക്താക്കളായി സാമ്രാജത്വ വഴിയിലേയ്ക്ക് ഇന്ത്യയെ എത്തിക്കുവാൻ പരിശ്രമിക്കുന്നു എന്നും അതിനാൽ എതിർക്കപ്പെടേണ്ടതാണ് എന്നും സിപിഐ വാദിച്ചു. പിൽക്കാലത്ത് അടിയന്തിരാവസ്ഥ തെറ്റായ നിലപാട് ആണെന്ന് ആ പാർട്ടി അവരുടെ ഭട്ടിണ്ട സമ്മേളനത്തിൽ വിലയിരുത്തി. കോൺഗ്രസ്സുമായി ഉണ്ടായിരുന്ന രാഷ്ട്രീയ ബന്ധങ്ങൾ അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. അന്നു മുതൽ ഇരു കമ്മ്യൂണിസ്റ്റു പാർട്ടികളും ഒരു വേദിയിൽ വന്ന് (ഇടതു മുന്നണി) കോൺഗ്രസ്സ്, BJP വിരുദ്ധ സമരത്തിൽ സജീവമായി. 

കേരളത്തിലെ ഇടതു രാഷ്ട്രീയ രംഗത്ത് കെട്ടുറപ്പുള്ള ഐക്യം ഇരു പാർട്ടികളും പുലർത്തുന്നു എങ്കിലും ഇരുവരും തമ്മിൽ പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു വന്നു. ഇഎംഎസ് സിപിഐഎമ്മിനായും ഉണ്ണിരാജ, അച്ചുതമേനോൻ, എൻഇബൽറാം തുടങ്ങിയവർ മറുചേരിയിൽ നിന്ന് രാഷ്ട്രീയ വിഷയങ്ങളിൽ ആശയപരമായ ഭിന്നതകൾ വ്യക്തമാക്കി. ഭരണത്തിൽ പങ്കാളിയാകണമെങ്കിൽ തങ്ങൾക്കു ഭൂരിപക്ഷമുള്ള മന്ത്രിസഭയിലെ പങ്കാളിത്തം വഹിക്കു എന്ന് സിപിഐഎം പറയുന്പോൾ സിപിഐ ജൂനിയർ പാർട്നർ ആയ മന്ത്രി സഭയിൽ അംഗമാകാം എന്ന് വാദിച്ചു. കേരളത്തിലെ മന്ത്രിസഭകളിൽ ഏറ്റവും പുരോഗമനപരമായിരുന്ന സർക്കാർ ശ്രീ. അച്യുതമേനോൻ ഭരണകാലമായിരുന്നു എന്ന് സിപിഐയുംഎന്നാൽ ജനാധിപത്യവിരുദ്ധമായിരുന്നു എന്ന് സിപിഐഎമ്മുംവിവരിക്കുന്നു. രാജ്യത്തെ കേരളവും ബംഗാളും കഴിഞ്ഞാൽ ഉത്തർ പ്രദേശ്, ബീഹാർ, മറാട്ട തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ മെച്ചപ്പെട്ട പാർട്ടിയായിരുന്ന സിപിഐ അടിയന്തിരാവസ്ഥയ്ക്ക് എതിരായ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന പാർട്ടിയാണ്. കോൺഗ്രസ്സ് അവരുടെ ക്ഷീണം 80ലെ തെരഞ്ഞെടുപ്പു കൊണ്ട് ഭാഗികമായി തീർത്തു എങ്കിൽ സിപിഐ വിവിധ സംസ്ഥാനങ്ങളിൽ ശക്തി ക്ഷയിച്ചു എന്ന് അവരുടെ പാർലമെന്റേറിയൻ/വിപ്ലവ രംഗങ്ങളിലെ അനുഭവങ്ങളിൽ നിന്നു സമ്മതിക്കേണ്ടി വരുന്നു. അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിൽ ആർഎസ്എസ്സിനും സോഷ്യലിസ്റ്റുകൾക്കും കിട്ടിയ മുൻതൂക്കം, അതിനു ശേഷം ആഗോള സോഷ്യലിസ്റ്റു ചേരിയുടെ തിരിച്ചടി, അന്തർദേശീയ കമ്യൂണിസ്റ്റുപാർട്ടികൾ വിപ്ലവവും പേരും ഉപേക്ഷിച്ച അവസ്ഥ, 90കൾക്കു ശേഷം ഇന്ത്യയിലും മറ്റും ശക്തമായി മാറിയ ആഗോളവത്കരണം കമ്യൂണിസ്റ്റുകളെയും സ്വാധീനിച്ചത്, രാജ്യത്ത് വർഗ്ഗീയ ചേരിതിരിവുകൾ ശക്തമാകുകയും വർഗ്ഗീയ പാർട്ടികൾ ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യം, സ്വത്വ രാഷ്ട്രീയം കൂടുതൽ സജ്ജീവമായത് ഒക്കെ തന്നെ സിപിഐയെ (മറ്റു കമ്യൂണിസ്റ്റുകളെയും) കൂടുതൽ പിന്നോട്ടടിപ്പിച്ചു.

1940ലെ തേ ഭാഗ സമരം മുതൽ ശക്തമായ കമ്യൂണിസ്റ്റ് സാന്നിദ്ധ്യം അറിയിച്ച ബംഗാളിൽ കമ്യൂണിസ്റ്റു പാർട്ടികൾ കഴിഞ്ഞ 10 വർഷമായി തിരിച്ചടി നേരിടുന്നു. അവരുടെ ശക്തി പിടിച്ചു നിൽക്കുന്ന കേരളത്തിൽ അവർ നയിക്കുന്ന ഇടതുപക്ഷ മുന്നണി ഭരണം ഇടതു ചേരിയെ തൃപ്തിപ്പെടുത്തുന്നില്ല എന്ന വിമർശനം ശക്തമാണ്. 1991നു ശേഷം ഇടതുമുന്നണി ഐക്യ മുന്നണി വ്യത്യാസം കൂടുതലായി കുറഞ്ഞു വരുന്നു. സ്വാശ്രയ വിഷയത്തിൽ മുതൽ വികസനത്തെ പറ്റിയുള്ള സങ്കൽപ്പങ്ങളിൽ ഇടതുപാർട്ടികളെ വിമർശിക്കുവാൻ ഐക്യ മുന്നണിക്കും യഥേഷ്ടം അവസരം കിട്ടുന്നു. ആതിരപ്പള്ളി വാഴച്ചാൽ, നാലുവരി പാത, വിഴിഞ്ഞം, വിമാനത്താവളങ്ങൾ തുടങ്ങിയവയുടെ അന്തിമ വിശകലനത്തിൽ ഇടതു രാഷ്ട്രീയം വല്ലാതെ നിരാശപ്പെടുത്തുകയാണ്. ഭൂമിയുടെ വിഷയത്തിൽ 1957 വരെ കമ്യുണിസ്റ്റ് പാർട്ടി പറഞ്ഞു വന്നതും രാജസ്ഥാൻ മുതലായ സംസ്ഥാനത്ത് ഇന്നും നടത്തി വരുന്നതുമായ സമരങ്ങളെ തള്ളിപ്പറയുവാൻ കേരളത്തിലെ ഇരു കമ്യൂണിസ്റ്റുകൾ പരിശ്രമിക്കുന്നു.ഭൂമിയുടെ മുകളിൽ നടക്കുന്ന ഊഹധന സ്വാധീനവും അതിന്റെ ദല്ലാളന്മാരും കേരള രാഷ്ട്രീയ സാന്പത്തിക ലോകത്ത് ഉണ്ടാക്കി വരുന്ന തിരിച്ചടികൾ ആഴത്തിലുള്ളതാണ്. 

ഇന്ത്യൻ സംസ്ഥാനങ്ങൾക്കു മാതൃകയാണ് കേരളം എന്ന് പറഞ്ഞു വന്നതിന്റെ അടിസ്ഥാനം സാന്പത്തികമായ അസമത്വത്തിന്റെ തോതിലുള്ള കുറവായിരുന്നു. ഭൂമിയുടെ പുനർ വിതരണത്തിൽ ഉണ്ടായ കുതിപ്പ് ജനങ്ങളുടെ ശരാശരി ഭൂവിസ്തൃതി കുറച്ചു. സാധാരണ കൃഷിയിടങ്ങൾക്കും തോട്ടത്തിനും വ്യക്തികൾക്കു കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ തോതിൽ ഉണ്ടായ നിയന്ത്രണം കേരളത്തിന്റെ പൊതുമണ്ധലങ്ങളിൽ മാറ്റങ്ങൾക്കവസരം ഉണ്ടാക്കി. എന്നാൽ 59നു ശേഷം കമ്യൂണിസ്റ്റുകൾ തന്നെ നടത്തിയ തെറ്റായ ഇടപെടലുകൾ (12 ഏക്കറും 15 ഏക്കറും) വിപ്ലവകരമായി നടക്കേണ്ടിയിരുന്ന പല അവസരങ്ങളെയും കളഞ്ഞു കുളിച്ചു. ആദിവാസി ഭൂ വിഷയത്തിലും ദളിതർക്ക് കൃഷിഭൂമി ലഭ്യമാക്കുന്നതിലും ഇരു കമ്യൂണിസ്റ്റു പാർട്ടികളും നടത്തിയ തെറ്റായ നിലപാടുകൾ തമ്മിൽ വലിയ അന്തരമില്ല എന്ന് കാണാം. കേരളീയരുടെ ജനസംഖ്യ 1957ന്റെ ഇരട്ടിയായി എങ്കിലും വ്യക്തിഗത ഭൂവിസ്തൃതി കുറച്ചും നാണ്യവിള തോട്ടങ്ങളെ പുനർ വിതരണത്തിനായി പരിഗണിച്ചുമുള്ള ഭൂനിയമത്തെ പറ്റി ഇടതു സർക്കാർ മൗനം തുടരുന്നു.

കേരളത്തിന്റെ കാലാവസ്ഥയിൽ അതി നിർണ്ണായക പങ്കു വഹിക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാൻ കോൺഗ്രസ്സ് രാഷ്ട്രീയത്തോളം തന്നെ തെറ്റായ സമീപനം പുലർത്തുന്ന ഇടതുപാർട്ടികൾ ഗാഡ്ഗിഗിൽ വിഷയത്തിൽ കൈകൊണ്ട സമീപനങ്ങൾ എത്രമാത്രം അപകടരമായിരുന്നു. വൻകിട തോട്ടം രംഗം മലനിരകളിൽ നടത്തുന്ന നിയമ ലംഘനത്തെ പറ്റി പഠിച്ച രാജമാണിക്യം മുന്നോട്ടു വെച്ച കണ്ടെത്തലുകളോട് ഇരു പാർട്ടികളും മുഖം തിരിഞ്ഞുനിന്നു. മൂന്നാർ വിഷയത്തിൽ വിഎസ് മന്ത്രിസഭ കൈകൊണ്ട കൈയ്യേറ്റം ഒഴിപ്പിക്കൽ പദ്ധതിയെ സിപിഐ, സിപിഐഎം പാർട്ടികൾ ഒരുപോലെ തളിപ്പറഞ്ഞു. തോട്ടങ്ങൾ വിദേശ കന്പനികൾക്കു പാട്ടത്തിനു നൽകുവാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ ഫിൻലെ മോറിസ് കന്പനിയിൽ നിന്നും ടാറ്റ മൂന്നാർ തോട്ടങ്ങൾ ഏറ്റെടുത്തു. മറ്റൊരു ബ്രിട്ടീഷ് കന്പനിയായ മലയാളം പ്ലാന്റേഷൻ ആയിരകണക്കിന് ഏക്കർ ഭൂമി സ്വന്തമാക്കുകയും അതിൽ ചിലത് മറ്റു ചിലർക്കു വിൽക്കുവാനും മടിച്ചില്ല. (ചെറുവല്ലി തോട്ടം, എരുമേലി) തോട്ടങ്ങൾക്കും വനഭൂമിക്കും സർക്കാർ ഈടാക്കുന്ന വാടക അത്ഭുതകരമാവണ്ണം കുറവാണ്. സർക്കാർ ഭൂമി പാട്ടത്തിന് കൊടുക്കുന്പോൾ ഒന്നുകിൽ വിളയുടെ വരുമാനത്തിൽ 70%, അതില്ല എങ്കിൽ ഭൂമിയുടെ വിലയുടെ 3% പണം സർക്കാരിനു കന്പനികൾ നൽകേണ്ടതുണ്ട്. കൊല്ലം ജില്ലയിലെ തെൻമലയിൽ ഈ കണക്കുകൾ പ്രകാരം ഏക്കറിന് മലയാളം പ്ലാന്റേഷൻ 76800 രൂപ പ്രതിവർഷം സർക്കാരിനു നൽകണമെന്നാണെങ്കിൽ നൽകേണ്ട പരമാവധി തുക 1300 രൂപയാണെന്ന് പൊതുരേഖയിൽ നിന്നു വായിക്കാം. ഇത്തരം അടിസ്ഥാന വിഷയങ്ങളിൽ സിപിഐയും സിപിഐഎമ്മും വ്യത്യസ്ത സമീപനങ്ങൾ വെച്ചു പുലർത്തുന്നതായി കേൾക്കുന്നില്ല. ഏറ്റവും കൂടുതൽ നാൾ റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത പാർട്ടികളിൽ ഒന്നായ സിപിഐ ഭൂവിഷയത്തിൽ വിപ്ലവകരമായ സമീപനങ്ങൾ കൈകൊണ്ടിരുന്നു എങ്കിൽ പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കുന്ന കാര്യത്തിൽ കേരളം മറ്റുള്ളവർക്കു മാതൃകയാകുമായിരുന്നു. 

മൂന്നാർ ഒഴിപ്പിക്കൽ ശ്രമങ്ങൾ നടത്തിയ വിഎസ്സിനെ പരസ്യമായി വിമർശക്കുന്നതിൽ മുന്നിൽ നിന്ന സിപിഐ എന്നാൽ അതിനു ശേഷം പശ്ചിമഘട്ട വിഷയത്തിലും (ഭാഗികമായി) മൂന്നാർ കൈയ്യേറ്റത്തിലും എടുക്കുന്ന പുതിയ സമീപനങ്ങൾ സിപിഐഎമ്മിൽ നിന്നും വ്യത്യസ്തമാണ്. അതിന്റെ തെളിവായിരുന്നു2016ൽ ദേവികുളം താലൂക്കിലെ ഭൂമി ഒഴിപ്പിക്കുവാൻ റവന്യൂ വകുപ്പം കാട്ടിയ താൽപര്യം. ഒപ്പം തന്നെ ആതിര പള്ളി വൈദ്യുതി നിലയ വിഷയത്തിലും ഗെയിൽ പദ്ധതിയിലും സിപിഐ നിലപാടുകൾ ഭേദപ്പെട്ടതായി അനുഭവപ്പെടുന്നു. മുൻ മന്ത്രി ശ്രീ.തോമസ് ചാണ്ടിയുടെ വിഷയത്തിൽ അദ്ദേഹത്തെ സഹായിക്കുന്ന നിലപാടുകൾ സിപിഐഎം എടുക്കുന്നു എന്ന തോന്നൽ ഉണ്ടായപ്പോൾ സിപിഐയുടെ സമീപനം അവരുടെ പഴയ കാല തെറ്റുകൾ തിരുത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാറിയാൽ അത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഗുണപരമായി തീരും.   

ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെ⊇ മൂന്നു വർഷത്തിൽ ഒരിക്കൽ നടക്കുന്ന സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ ഗൗരവതരമായ രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടികൾ കൈകൊള്ളേണ്ട നിലപാടുകൾ ചർച്ച ചെയ്യുന്ന വേദിയിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ സമീപനങ്ങളിൽ സംഭവിക്കുന്ന വർദ്ധിച്ച വലതുപക്ഷവൽക്കരണത്തെ പറ്റി ഗൗരവതരമായ ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകേണ്ടതുണ്ട്. സിപിഐയും സിപിഐഎമ്മുംകേരള സർക്കാരിൽ നിന്നു കൊണ്ടു തന്നെ പരസ്പരം പോരടിക്കുന്പോൾ ആ ചർച്ചകൾ കേരള രാഷ്ട്രീയ അജണ്ടകളിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സഹായകരമാണ് എങ്കിൽ മാത്രമെ അത്തരം⊇ ശ്രമങ്ങൾ പ്രസക്തമാകുകയുള്ളു.

You might also like

Most Viewed