അസൂയയുടെ മൂത്തമോനാണ് “ഒതുക്കൽ”
ശരശയ്യ - നിതിൻ നാങ്ങോത്ത്
ഓം ഞാനായ നമഃ, സിപിഎം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. ജനപിന്തുണയും കൈയടിയുമൊക്കെ ഈ പാർട്ടിക്ക് ഹറാമാണ്.അപ്രമാദിത്വമോ അപ്രമാണിത്വമോ ആരു കാണിക്കുന്നുവോ അയാളെ വെട്ടിനിരത്തിക്കളയും.വലതുവ്യതിയാനം എന്ന ചാപ്പ കുത്തിയാവും തേച്ചുകളയുക. ലോകത്തിലൊരിടത്തും ഈ പാർട്ടി “ഗൊണം” പിടിക്കാത്തതിന്‍റെ മെയിൻ കാരണം ദിദാണ്.
“വ്യക്തിത്വവാദത്തെ കഴുകിക്കളയാത്ത, സ്വാർത്‍ഥികളും ദുരാഗ്രഹികളുമായിത്തീർന്ന തങ്ങളുടെ കഴിവുകളെക്കുറിച്ച് പെരുന്പറയടിക്കുന്ന ചിലരുണ്ട്. അവർ മറ്റുള്ളവരെ വിമർശിക്കും, പക്ഷേ തങ്ങൾക്കു നേരെ വിമർശനം ഉയർന്നുവരുന്നത് അവർക്ക് സഹിക്കാനാവില്ല” സിദ്ധാന്തകിത്താബിൽ സാക്ഷാൽ ഹോ ചി മിൻ പണ്ടേക്ക് പണ്ടേ ഇക്കാര്യം പറഞ്ഞു വെച്ചിട്ടുണ്ട്. അപ്പോൾ വ്യക്തിപ്രഭാവ സിദ്ധാന്തം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സാർവ്വദേശീയ അജണ്ടയായിരുന്നു എല്ലാക്കാലത്തും. ഉരുണ്ട തലകളെത്ര? ഒഴുകിയ ചോരപ്പുഴയെത്ര? കഗനോവിച്ച്, ലു ഷാവ്ചി, ദിമിത്രോവ് പ്രഭ്വികളുടെ ചരിത്ര കബറിടം മാന്തിയാൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന്‍റെ ആണിക്കല്ലും മൂലക്കല്ലും ദർശനപ്പെടും. വ്യക്തിപ്രഭാവ സിദ്ധാന്തത്തിന് പാരവെച്ച ജോർജി വാലന്‍റിനോവിച്ച് പ്ലഖനോവിന് പോലും “കടക്കൂ പുറത്ത്” കൽപ്പന നേരിടേണ്ടി വന്നു. പിന്നല്ലേ ഇങ്ങേയറ്റത്തെ ചെങ്കതിർ താരകം. വിപ്ലവസൂര്യൻ എന്ന കൺസെപ്റ്റൊക്കെ വെറും ഗ്യാസാണ്. ചില തൽപ്പരരുടെ താൽപര്യങ്ങൾക്കപ്പുറം ഇവിടെ ഒരു ചുക്കും സംഭവിക്കില്ല.
താക്കോൽ സ്ഥാനങ്ങളിലേയ്ക്ക് കണ്ണുവെക്കാൻ ഒരുപാട് പേർ ഉണ്ടാവുന്പോഴാണ് ഇന്‍റേണൽ പൊളിറ്റിക്സിന്‍റെ പ്രാരംഭ രോഗലക്ഷണങ്ങൾ തുടങ്ങുക. പിന്നെ വിമർശനമായി, ചർച്ചയായി. “ചരിത്രത്തിൽ വ്യക്തിക്കുളള സ്ഥാനം” എന്ന പ്ലഖനോവിന്‍റെ കമ്യൂണിസ്റ്റ് ബൈബിൾ മേശപ്പുറത്ത് വെച്ച് പാർട്ടി പ്ലീനാംഗങ്ങൾ വ്യക്തിഹത്യക്കായി ചെളിയൊരുക്കി വെയ്ക്കും. കൃത്യസമയത്ത് മീറ്റിംഗിന്‍റെ പല ഭാഗങ്ങളിൽ ഇരുന്നവർ ഒരേ സമയം വാരിയേറ് നടത്തും. ഏറ് സഹിക്കാതെ ഏത് വിപ്ലവസൂര്യനും ഒന്ന് ‘ലൈറ്റ് ഡിമ്മായി’പ്പോവും.അത് ലെനിനായാലും സ്റ്റാലിനായാലും തഥൈവ.എംവിആറും ഗൗരിയമ്മയുമൊക്കെ ഇത്തരത്തിലുളള എത്ര കൊഴുത്ത ചവർപ്പ് കുടിച്ചുവറ്റിച്ചാണ് പിഴച്ചുപോയതെന്ന് ചരിത്രത്തിന്‍റെ തങ്കലിപികൾ ചോരസാക്ഷ്യപ്പെടുത്തും. ഒന്നു ചീഞ്ഞാൽ മറ്റൊന്നിന് ബെസ്റ്റ് വളം. കോമൺ ലോജിക്ക്!! ഇത് മനസ്സിലാക്കാൻ സൽക്കിയാ പ്ലീനത്തിന്‍റെ സംഘടനാ പ്രമേയം അരച്ചു കുടിക്കേണ്ടതില്ല.
തികച്ചും മണി ഓറിയന്‍റായ ഒരു നവലിബറൽ ക്ലൈമറ്റിൽ ജയരാജ സഖാവിന് നയവ്യതിയാനത്തിന്‍റെ കാര്യത്തിൽ ഒരൽപം കൂടി ബോതേഡാവാമായിരുന്നു. ബോധമില്ലാത്ത കരിങ്കാലികൾ കൂടെ നടന്ന് കാലിൽ ചവിട്ടാനുളള കാര്യം എന്തേ ശ്രദ്ധിക്കാതെ പോയത്. യൂസ് ആന്‍റ് ത്രോ തന്ത്രം ബിസിനസ്സിൽ മാത്രമല്ല ജീവിതത്തിന്‍റെ സമസ്തമേഖലകളിലും വേരോടിക്കഴിഞ്ഞു. പൊളിറ്റിക്സിൽ പണ്ടേ ഇത് പ്രബലരീതിയാണ്. പിൻകുത്തും കുതികാൽവെട്ടും കളരിയിലെ ബേസിക് ചാപ്റ്ററുകളാണ്. നന്നായ് ഹോം വർക്ക് ചെയ്താൽ കുറച്ചു കാലം കൂടി പിടിച്ചു നിൽക്കാം. കേരളാ കാസ്ട്രോക്ക് കിട്ടിബോധിച്ച കുത്തിന്‍റെയും വെട്ടിന്‍റെ കണക്കെടുക്കാൻ ആയിരം പേജ് കിത്താബ് തികയാതെ വരും. പകുതിയും കൊടുത്തതിന്‍റെ ബേസിലാവുന്പോ സങ്കടം കുറയും. പിറകീന്നുളള മുറിവിന്‍റെ അളവെടുക്കാൻ പിഎമാർ തന്നെ വിയർക്കേണ്ടി വരും.
ഫ്ളക്സ് സംസ്കാരം പടർന്നു പന്തലിച്ചതാണ് കുഴപ്പത്തിലായത്. ആത്മരതിയുടെ അന്തഃപ്രചോദനങ്ങൾ എല്ലാ നേതാക്കളുടെ ഉള്ളീന്നും പുറത്തു ചാടി. പോസ്റ്ററിലും ബാനറിലും കട്ടൗട്ടിലും മുഖം വരാത്തത് പ്രമുഖരാവാത്തതു കൊണ്ടല്ല. സംഗതി പാർട്ടി ശൈലിക്കെതിർ. മാർക്സിനും ലെനിനും സ്റ്റാലിനും മാത്രം പ്രത്യേകം കൺസഷൻ നൽകിയിരുന്നു. പാർട്ടി ഓഫീസിലും പാർട്ടീ ഭവനങ്ങളിലും ചില ബാർബർഷോപ്പുകളിലും വർഷങ്ങളോളം ഈ ത്രിമൂർത്തീമുഖങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടു. ചെ ഗുവേര എന്ന നവജെൻ യുഗപ്രഭാവന്‍റെ വരവോടെ കിഴവൻ സിംഹങ്ങൾ കാലയവനികയ്ക്കുള്ളിൽ അസ്തമിച്ചു.ചെയുടെ തല നെഞ്ചിലും തോളേലും പച്ചകുത്തപ്പെട്ടതോടെ എക്സിബിഷനിസത്തിന്‍റെ പുതിയ യുഗപ്പിറവി ഉരുവം കൊണ്ടു. ഈ വെള്ളിവെളിച്ചത്തിൽ പിണറായിയും കോടിയേരിയും ജയരാജനും വീണു പോയി എന്നു മാത്രം. പരസ്യതന്ത്രങ്ങളുടെ ഓപ്പൺ ലൈഫിൽ നിന്നും മാറി നടക്കാൻ ഇനിയൊരു ഇസത്തിനും പറ്റുമെന്ന് തോന്നുന്നില്ല. എൽഡിഎഫ് വരും എല്ലാം ശരിയാവും എന്ന പരസ്യപ്രചരണം പോലും ഉണ്ടാക്കിയ ഇംപാക്ട് പ്രതീക്ഷിച്ചതിലും നൂറിരട്ടിയാണ്.
ദർശനങ്ങൾക്ക് സുദർശനചക്രങ്ങൾ മറുപടി പറയും എന്നുണ്ട്. സുദർശനചക്രധാരിയെ കൂട്ടുപിടിച്ചതാണ് പിജെക്ക് ഇപ്പോൾ വിനയായത്. അന്പാടിമുക്ക് പ്രണയവും ഓവർ ആത്മാർത്ഥതയും ബൂമെറാങ് പോലെ കഴുത്തിന് നേരെ. ശ്രീകൃഷ്ണൻ, നാരായണ ഗുരു, ചട്ടന്പിസ്വാമികൾ... ആദിയായവരെ തൊട്ടുകളിക്കുന്പോൾ ആലോചിക്കണമായിരുന്നു. ഈ പാർട്ടിയിൽ ട്രാക്കിന് പുറത്തൂടെ ഓടുന്നത് ഫൗളാണ്. അടുത്ത ഓട്ടത്തിന് ഗ്രൗണ്ടിൽ കാണില്ല. മൈതാനത്തിലും സാധ്യയില്ല. ഈ ഗെയിമിൽ മാനേജ്മെന്‍റ് കളികൾ നന്നായി പരിശീലിക്കണം. അണികളുടെ ഊർജ്ജമോ ഹ്യൂമൻ റിസോഴ്സസോ അല്ല പ്രധാനം.മൂലധന ചിന്തോ പദ്ധതിയിൽ കണ്ടീഷൻ ചെയ്യപ്പെടണം. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന ഹമ്മുറാബിയൻ സിദ്ധാന്തമൊക്കെ ഔട്ട ഓഫ് ഫാഷനായി.അംഗബലത്തിനും സംഘബലത്തിനും അപ്പുറമാണ് മൂലധനമാഫിയാ ബലം. ആദർശം ഉടൻ അടുപ്പിലൊഴിക്കുക. രണ്ട് മർഡർ കേസുകളിൽ കൈയാമം വെക്കാനായി വർഗ്ഗശത്രുക്കൾ പെടാപ്പാട് പെടുന്നുണ്ട്.ആഴത്തിലുള്ള തീവ്രവാദ ഭീഷണിയുമുണ്ട്. സെക്രട്ടറി സ്ഥാനം പോയാൽ അണികൾ പുതിയ മേച്ചിൽ പുറങ്ങളിലേയ്ക്ക് ചേക്കേറും. ആരോഗ്യവും മോശമാവുന്നുണ്ട്. അപ്പോൾ പി. ജയരാജൻ എന്ന സാധാരണ മനുഷ്യൻ എന്തു ചെയ്യും? പിജെ എന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്തു ചെയ്യും!! പിജെ എന്നു കേട്ടാൽ ഒരുമാതിരിപ്പെട്ട ആറെസ്സസ്സ് ബീജേപ്പീക്കാരൊക്കെ ഇപ്പോഴും പേടിക്കും. എപ്പോഴും അതുണ്ടാവുമോ? കസേരകളാണ് ആളുകളെ വലുതാക്കുന്നത്!!