മായുന്ന മുഗാബെക്കാലം
വി.ആർ. സത്യദേവ്
“Power tends to corrupt, and absolute power corrupts absolutely. Great men are almost always bad men.” Baron Acton
(അധികാരം ദുഷിപ്പിക്കും, പരമാധികാരം പരമാവധി ദുഷിപ്പിക്കുമെന്ന് ചുരക്ക മൊഴി.)
പഴഞ്ചൊല്ലിൽ പതിരില്ലെന്ന പ്രമാണം സിംബാബ്്വെയുടെയും മുഗാബെയുടെയും കാര്യത്തിലും ശരിയെന്ന് തെളിഞ്ഞതാണ്. അതിന്റെ സ്വാഭാവിക പരിണാമത്തിനാണ് ആഫ്രിക്കയിലെ പ്രശ്ന കലുഷിത രാഷ്ട്രമായ സിംബാബ്്വെ ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡണ്ട് റോബർട് മുഗാബെയുടെ പതനം അനിവാര്യമായിരിക്കുന്നു. ഇനി അത് ഒഴിവാക്കാനാവില്ല. എന്നാൽ അധികാരത്തിൽ കടിച്ചു തൂങ്ങാൻ അവസാനംവരെ തന്ത്രങ്ങൾ മെനയാതിരിക്കാൻ മുഗാബെ എന്ന 93കാരന് കഴിയില്ല. കാരണം കഴിഞ്ഞ നാലു പതിറ്റാണ്ടായി അധികാരത്തിന്റെ സുഖഭോഗങ്ങൾ അദ്ദേഹം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റയടിക്ക് അതെല്ലാം ഉപേക്ഷിച്ചു പോവാൻ എളുപ്പമല്ലല്ലോ.
അധികാരം ഒരു ലഹരിയാണ്. ഏതു വിപ്ലവ നായകനെയും അമിതാധികാരം അഴിമതിക്കാരനാക്കും എന്നതിന് ജീവിച്ചിരിക്കുന്ന ഉദാഹരണം കൂടിയാണ് മുഗാബേ. എന്നാൽ ഒരിക്കലും മുഗാബെയില്ലാതെ, അദ്ദേഹത്തിന്റെ ചരിത്രമില്ലാതെ സിംബാബ്്വെയുടെ ചരിത്രം പൂർണ്ണമാവുന്നില്ല. തെക്കു കിഴക്കൻ ആഫ്രിക്കയിൽ ദക്ഷിണാഫ്രിക്കയും മൊസാംബിക്കും ബോട്സ്വാനയും സാംബിയയും ഒക്കെയായി അതിർത്തി പങ്കിടുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് ഇന്നു സിംബാബ്്വെ. ഈ രാഷ്ട്ര രൂപീകരണത്തിലേയ്ക്ക് ഇവിടുത്തെ കറുത്ത ജനതയെ നയിച്ച കരുത്തനായ നേതാവായിരുന്നു മുഗാബെ. കറുത്ത ഭൂരിപക്ഷത്തെ വെളുത്ത ന്യൂനപക്ഷം അടക്കി വാണ ഭൂതകാലം. അന്ന് സിംബാബ്്വെ റൊഡേഷ്യയെന്നായിരുന്നു അറിയപ്പെട്ടത്.
തെക്കൻ റൊഡേഷ്യയിലെ കുടാമ എന്ന സ്ഥലത്ത് ഒരു ദരിദ്ര ഷോന കുടുംബത്തിലായിരുന്നു മുഗാബെയുടെ ജനനം. വിദ്യാഭ്യാലംപൂർത്തിയാക്കി ഘാനയിലും റൊഡേഷ്യയിൽ പലയിടങ്ങളുലും അദ്ധ്യാപകനായി ജോലി നോക്കിയ സേഷമായിരുന്നു റോബർട് ഗബ്രിയേൽ മുഗാബേ വെള്ളക്കാരന്റെ സമഗ്രാധിപത്യത്തിൽ നിന്നും സ്വന്തം മണ്ണിനെയും ജനതയെയും മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ സജീവമായി ഇടപെട്ടു തുടങ്ങിയത്.
വെള്ളക്കാരനായ ഇയാൻ സ്മിത്തിന്റെ നായകത്വത്തിലുള്ള വർണ്ണവെറിയൻ സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ പതിയെ മുഗാബെ നായകസ്ഥാനത്തേക്കുയർന്നു. വെള്ളക്കാർക്കെതിരായുള്ള സമരങ്ങളുടെ പേരിൽ 1964 മുതൽ ഒരു ദശാബ്ദക്കാലം തടവു ശിക്ഷയനുഭവിച്ച ചരിത്രവുമുണ്ട് മുഗാബേയ്ക്ക്. പിന്നീട് ബ്രിട്ടൻ മുൻകൈയെടുത്തു നടത്തിയ ഉടന്പടിപ്രകാരം സിംബാബ്്വെ രൂപീകൃതമായപ്പോഴേക്കും രാഷ്ട്രനായക സ്ഥാനത്തേയ്ക്ക് മുഗാബെയ്ക്ക് എതിരില്ല എന്നതായിരുന്നു സ്ഥിതി. ഉടന്പടി പ്രകാരം 1980ൽ നടന്ന പൊതു തെരഞ്ഞടുപ്പിൽ വിജയിച്ച് മുഗാബെ പുതിയ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയെന്ന നിലയിൽ വലിയ പരിഷ്കാരങ്ങൾക്കാണ് അദ്ദേഹം പദ്ധതിയിട്ടത്. സാന്പത്തികം, അടിസ്ഥാന സൗകര്യം, എന്നിങ്ങനെ എല്ലാ രംഗങ്ങളിലും അദ്ദേഹം സമൂലമായ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുകയും ചെയ്തു.
സിബാബ്്വെയുടെ എതിരില്ലാത്ത നായകൻ എന്ന നിലയിൽ ആഫ്രിക്കൻ വൻകരയിലെ തന്നെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളെന്ന പദവിയിലേക്ക് മുഗാബെ വളരുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. 1990 കൾവരെ മാർക്സിസ്റ്റ് ലെനിനിസ്റ്റെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന മുഗാബേ എന്നും കടുത്ത് ആഫ്രിക്കൻ ദേശീയ വാദിയായിരുന്നു. തൊണ്ണൂറുകൾക്കു ശേഷം താനൊരു സോഷ്യലിസ്റ്റായി എന്നാണ് മുഗാബെ തന്നെ അവകാശപ്പെട്ടിരുന്നത്. സ്വന്തം ആശയാദർശങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ശൈലിക്ക് മുഗാബെയിസം എന്നും വിളിപ്പേരു കിട്ടി. 2002ലും 2008ലും 2013 ലും നടന്ന തെരഞ്ഞെടുപ്പുകളിലൂടെ കൂടുതലധികാരങ്ങൾ മുഗാബെയിലേക്കെത്തി. അങ്ങനെ അധികാരക്കസേരയിലെ അപ്രമാദിത്വം വിപ്ലവ നായകനെയും അഴിമതിക്കാരനാക്കി എന്നാണ് ചരിത്രം പറയുന്നത്.
പാവപ്പെട്ട കുടുംബത്തിൽ പിറന്ന് അദ്ധ്യാപനത്തിലൂടെ കാലയാപനം ചെയ്ത മുഗാബെയെന്ന ദേശീയ വാദി അധികാരക്കസേരയിൽ നാലു പതിറ്റാണ്ടു തികയ്ക്കുന്പോഴേയ്ക്കും രാജ്യത്തും ചരിത്രത്തിലും കൂടുതലറിയപ്പെടുക ഒരുപക്ഷേ വലിയ അഴിമതിക്കാരനും സ്വജന പക്ഷപാതിയും എന്ന നിലയിലായിരിക്കും. മുഗാബെയുടെ പരിഷ്കരണ നടപടികളിൽ പലതും പിഴവുകൾ ഏറെയുള്ളവയായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ടു തന്നെ സാന്പത്തികമായ വലിയ തകർച്ചയ്ക്ക് അതു വഴിവെച്ചു. അതിനും പുറമെയായിരുന്നു അഴിമതിയും പക്ഷപാതിത്വവും വരുത്തിവച്ച ദോഷങ്ങൾ. രാജ്യം സാന്പത്തികമായി തകർന്നപ്പോഴും സ്വന്തം സന്പത്ത് വർദ്ധിപ്പിക്കുന്ന തിരക്കിലായിരുന്നു മുഗാബെയും കുടുംബവും.
അധികാരവും അനധികൃതമായി നേടിയ അളവില്ലാത്ത സന്പത്തും ഒരാളെ എത്രത്തോളം അധപതിപ്പിക്കെമെന്നതിനും ഉദാഹരണമാണ് മുഗാബെ. ലോകത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന ഏറ്റവും പ്രായം കൂടിയ രാഷ്ട്ര നായകനാണ് മുഗാബേ. പദവികൾ പിൻമുറക്കാർക്കു കൈമാറി വിശ്രമ ജീവിതം നയിക്കേണ്ട പ്രായത്തിലും അധികാരത്തിൽ കടിച്ചു തൂങ്ങുകയാണ് പഴയ സഖാവ്. അധികാരമില്ലാതെ ജീവിക്കാനാവില്ല എന്ന പരിതോവസ്ഥയാണ് അദ്ദേഹത്തിൻ്റേത്. വാർദ്ധക്യത്തിലും താൻ വഴിവിട്ട് ആർജ്ജിച്ച സ്വത്തിനെക്കുറിച്ചും പ്രസിഡണ്ടിന് ആധിയുണ്ട്. അത് എങ്ങനെയും സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് അദ്ദേഹം.
ഈ മാസം പതിനഞ്ചിനാണ് പട്ടാള മേധാവികൾ പ്രസിഡണ്ടിനെ വീട്ടു തടങ്കലിലാക്കിയത്. ഇന്നലെ സ്ഥാനമൊഴിയുമെന്ന് ടെലിവിഷനിൽ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതുണ്ടായില്ല. എന്നാൽ ഇന്നലെയോടേ മുഗാബെയ്ക്കെതിരെയുള്ള ബഹുജനപ്രക്ഷോഭം അതിശക്തമായിരിക്കുകയാണ്. ഇതോടേ സ്ഥാനമൊഴിയാൻ അദ്ദേഹം തയ്യാറായേക്കുമെന്നാണ് കരുതപ്പെടുന്നത്. അധികാരം മനുഷ്യനെ എങ്ങനെയെല്ലാം ദുഷിപ്പിക്കും എന്നതിന് ഉദാഹരണമായിരിക്കുന്നു ഒരുകാലത്ത് സിംബാബ്്വെയുടെ വീര നായകനായിരുന്ന മുഗാബേ. ജീവിത സായാഹ്നത്തിവും മനുഷ്യനെ അധികാരം എത്രത്തോളം ഭ്രമിപ്പിക്കും എന്നതിന്റെ പ്രത്യക്ഷോദാഹരണങ്ങളിലൊന്നാണ് മുഗാബേ. എല്ലാ കിരീടങ്ങളും എന്നെങ്കിലുമൊരിക്കൽ ഊരിവച്ചേ തീരൂ എന്നും മുഗാബെയുടെ പതനം സാക്ഷ്യപ്പെടുത്തുന്നു.