തൊ­ഴി­ലി­ല്ലാ­യ്മയു­ടെ­ കാ­ണാ­പ്പു­റങ്ങൾ


ജെ. ബിന്ദുരാജ്

 

ഞ്ചിനീയറിങ് ബിരുദം സ്വപ്‌നമായി കൊണ്ടു നടക്കുന്ന ഒരുപാടു യുവാക്കളുണ്ട് ഇന്നും കേരളത്തിൽ. അവർക്ക് പഠിക്കാൻ നിരവധി കോളെജുകളുമുണ്ട്. സർക്കാർ− സ്വകാര്യ −സ്വാശ്രയകോളെജുകളടക്കം ആകെ 168 എണ്ണം. സ്വകാര്യ− സ്വാശ്രയ കോളെജുകളാണ് ഏറ്റവുമധികം. മൊത്തം 119 എണ്ണം. ഈ കോളെജുകളിലൊക്കെയായി നിരവധി സീറ്റുകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണെന്നതാണ് വാസ്തവം. കോഴ്‌സ് പഠിച്ചിറങ്ങിയാൽ ജോലി ലഭിക്കില്ലെന്നാണെങ്കിൽ ആരാണ് വലിയ തുക മുടക്കി അതൊക്കെ പഠിക്കാൻ പോകുക? മാത്രവുമല്ല, എഞ്ചിനീയറിങ് പഠനത്തിനുശേഷം പലരും ജോലിയിൽ കയറിയിരിക്കുന്നതാകട്ടെ 6000 രൂപയ്ക്കും 10,000 രൂപയ്ക്കുമിടയിലും. കഷ്ടി ജീവിച്ചുപോകാനാകുമെങ്കിലും താമസസ്ഥലം മറ്റെവിടെയെങ്കിലുമാണെങ്കിൽ ശരിക്കും ബുദ്ധിമുട്ടും. എഞ്ചിനീയറിങ് ബിരുദധാരിയായതിനാൽ മറ്റ് തൊഴിലുകൾക്ക് പോകാൻ അത്ര താൽപര്യവുമില്ല. ബിഎഡ് പഠിച്ചാൽ ടീച്ചറായി തന്നെ ജോലി ചെയ്യണമെന്ന് നിർബന്ധമുള്ള പല സ്ത്രീകളും അൺഎയ്ഡഡ് സ്‌കൂളുകളിൽ ഇപ്പോഴും 5000 രൂപയിൽ താഴെ ശന്പത്തിന് തൊഴിലെടുക്കുന്നതുപോലെയാണ് എഞ്ചിനീയറിങ് ബിരുദധാരിയുടെ കാര്യവും. ശന്പളമില്ലെങ്കിലും എഞ്ചിനീയറിങ്ങുകാരനാണെന്ന ഭാവം വിട്ടു കളയരുത്. 

കഴിഞ്ഞ ദിവസം ടാക്‌സി വിളിച്ചപ്പോൾ വന്നത് ഗോപീകൃഷ്ണനെന്ന ഇരുപത്തിനാലുകാരനായ യുവാവാണ്. പത്തനംതിട്ട സ്വദേശി. എറണാകുളത്ത് ഒരു ചെറുകിട കാബ് സർവീസുകാരന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. താമസസൗകര്യം ഉടമ നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു സ്വാശ്രയ എഞ്ചിനീയറിങ് കോളെജിൽ നിന്നാണ് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയത്. പല സ്ഥാപനങ്ങളിലും ജോലിക്കായി അപേക്ഷിച്ചെങ്കിലും എല്ലായിടത്തും തിരസ്‌കരിക്കപ്പെട്ടു. ഒടുവിലാണ് ഡ്രൈവിങ് ലൈസൻസ് ഉള്ളതിനാൽ ടാക്‌സി ഡ്രൈവറായി തൊഴിലിൽ പ്രവേശിച്ചത്. ഇപ്പോൾ മാസം 14,000 രൂപ വരുമാനമുണ്ട്. കിട്ടുന്ന പണത്തിൽ ചെറിയൊരു തുക സമാഹരിച്ച് 8000 രൂപ നൽകി വീട്ടിൽ രണ്ടു വർഷം മുന്പ് ഒരു പശുക്കിടാവിനെ വാങ്ങി. ഇപ്പോൾ മൂന്നു പശുക്കളുണ്ട് പത്തനംതിട്ടയിലെ വീട്ടിൽ. 40 ലിറ്ററോളം വരെ പാൽ തരുന്നു അവ ഓരോന്നും. പാൽ അടുത്തുള്ള സൊസൈറ്റിയിലേക്ക് ലിറ്ററിന് 35 രൂപ നിരക്കിലാണ് നൽകുന്നത്. പക്ഷേ കാലിത്തീറ്റ പൂർണമായും സൊസൈറ്റി സൗജന്യമായി നൽകും. ബികോമിന് പഠിക്കുന്ന സഹോദരനാണ് രാവിലെ ഇവയെ കറക്കുന്നത്. കറക്കാനായി യന്ത്രവുമുണ്ട്. ചില മാസങ്ങളിൽ പാൽ കുറയുന്നതു മൂലം വരുമാനം കുറഞ്ഞാൽ തന്നെയും കുറഞ്ഞത് ഏഴു മാസമെങ്കിലും പ്രതിമാസം 70,000 രൂപയിലധികം സന്പാദിക്കാനാകുന്നുണ്ട് ഇപ്പോൾ ഗോപീകൃഷ്ണന്റെ കുടുംബത്തിന്. 

മലയാളി ഒരു ഹിപ്പോക്രാറ്റാണ്. ചില തൊഴിലുകളെയെല്ലാം മാന്യമെന്നും മറ്റു ചിലതിനെയെല്ലാം അമാന്യമെന്നും കണക്കാക്കി തരംതിരിച്ചിരിക്കുന്നു അവൻ. എഞ്ചിനീയർ, ഡോക്ടർ, ടീച്ചർ, മാധ്യമപ്രവർത്തകൻ, ആർക്കിെടക്റ്റ്, ക്ലർക്ക്, സർക്കാർ ജോലിക്കാരൻ, ഗൾഫുകാരൻ എന്നിവയൊക്കെ മാന്യമായ തൊഴിലുകളിലും മരണപ്പണിക്കാരൻ, തെങ്ങുകയറ്റക്കാരൻ, ഹോട്ടൽ വെയ്റ്റർ, പാചകക്കാരൻ, കൃഷിക്കാരൻ എന്നിങ്ങനെയുള്ളവരെ അമാന്യ തൊഴിലുകളിലും പെടുത്തിയിരിക്കുന്നു അവൻ. ഫലമോ? 38 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്നും 24,000 കോടി രൂപയോളം അവരുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നു. മുൻകാലങ്ങളിൽ മലയാളി ചെയ്തിരുന്ന തൊഴിലുകളെല്ലാം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. കേരളത്തിലെ ഒരു വീടുപണി നടക്കുന്ന സൈറ്റിലേക്ക് തന്നെ ചെന്നുനോക്കുക. അവിടെയുള്ള 70 ശതമാനം തൊഴിലാളികളും ബംഗാളിൽ നിന്നോ ബീഹാറിൽ നിന്നോ ഒക്കെ എത്തിയവരായിരിക്കും. അവിടെ ഉരുളക്കിളങ്ങോ ഗോതന്പോ ഒക്കെ കൃഷി ചെയ്തിരുന്ന പാടങ്ങളിൽ പ്രതിദിനം നൂറോ 150−ഓ രൂപയ്ക്ക് തൊഴിലെടുത്തിരുന്നവരാണവർ. ഇവിടെ 600 രൂപ മുതൽ 700 രൂപ വരെ അവർക്ക് കെട്ടിട നിർമ്മാണ സഹായികളായി നിലകൊണ്ടാൽ ലഭിക്കും. ഹോട്ടലുകളിലാണെങ്കിൽ പ്രതിദിനവേതനത്തിനു പുറമേ അവർക്ക് ഭക്ഷണവും താമസവും സൗജന്യമാണ്. ആലുവയിലെ നെൽപ്പാടങ്ങളിൽ ഇപ്പോൾ ഞാറു നടാനെത്തുന്നവർ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. കുടുംബശ്രീയുടെ വരവോടെ, സ്ത്രീകൾ കൂട്ടത്തോടെ വയലുകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. പക്ഷേ നേരത്തെ ഈ തൊഴിലുകളിലുണ്ടായിരുന്ന ബാക്കിയുള്ള മലയാളി പുരുഷന്മാരൊക്കെ എന്ത് ജോലിയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അന്വേഷിക്കുന്നത് കൗതുകകരമായ കാര്യമായിരിക്കും. നാട്ടിൽ മുക്കിനുമുക്കിന് ഭാഗ്യക്കുറി ടിക്കറ്റുകൾ വിറ്റുകൊണ്ട് ജീവിക്കുന്നവരുടെ കൂടെയാണ് അവരിൽ ഭൂരിഭാഗവും. മറ്റു ചിലർ മക്കൾ തൊഴിലെടുക്കുന്നതിനാൽ ഇപ്പോൾ സ്വസ്ഥമായി വീട്ടിലിരിക്കുന്നു. അപൂർവം ചിലർ മാത്രം കൃഷിപ്പണിക്കിറങ്ങുന്നു. 

കേരളത്തിലൂടെ കണ്ണും കാതും തുറന്നുവച്ച് സഞ്ചരിക്കുന്ന ഒരാൾക്ക് മലയാളിയെ ബാധിച്ചിരിക്കുന്ന പ്രശ്‌നം എന്തെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. കായികാധ്വാനം വേണ്ട തൊഴിലുകളിൽ നിന്നെല്ലാം തന്നെ മലയാളി യുവാക്കൾ മാറി നടക്കുന്നുവെന്നതാണ് അതിൽ പ്രധാനം. കായികാധ്വാനമുള്ള ജോലിക്ക് വേതനം കൂടുതൽ ലഭിക്കുമെങ്കിലും കായികാധ്വാനം കുറഞ്ഞ ഓഫീസ് ജോലിയുമായി കൂടാനാണ് മലയാളിക്ക് താൽപര്യം. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ കൂടുതൽ സ്ത്രീകൾ കൂടി തൊഴിൽ രംഗത്തേക്ക് എത്തിയതോടെ കുറഞ്ഞ വേതനം ലഭിക്കുന്ന, കായികാധ്വാനം കുറഞ്ഞ തൊഴിലുകൾ മലയാളി യുവാക്കളും സ്വീകരിക്കാൻ തുടങ്ങി. അതിന് വലിയൊരളവുവരെ കാരണമായത് കേരളത്തിലെ റീടെയിൽ മേഖലയുടെ വളർച്ചയാണ്. എയർ കണ്ടീഷൻ ചെയ്ത മാളുകളിൽ തൊഴിലെടുക്കാനാണ് മിക്ക യുവാക്കളും താൽപര്യപ്പെടുന്നതെന്നതിനാൽ നാട്ടിൻപുറത്തെ കടകളിലൊക്കെ തന്നെയും അന്യസംസ്ഥാന തൊഴിലാളികളാണ് എടുത്തുകൊടുക്കുന്നവർ. പച്ചക്കറിക്കടയിലും മത്സ്യമാർക്കറ്റിലും ഇറച്ചിക്കടയിലുമൊക്കെ ഇന്ന് അപൂർവമായി മാത്രമേ മലയാളി യുവാക്കളെ കാണാനാകൂ. എന്നാൽ വൻ സൂപ്പർ മാർക്കറ്റുകളിലോ വസ്ത്രശാലകളിലോ ജുവലറികളിലോ ഹോം അപ്ലെയൻസസ് ഷോപ്പുകളിലോ ഒന്നു കയറി നോക്കൂ. അവിടെയൊക്കെ ശുഭ്രവേഷധാരികളായ മലയാളി യുവാക്കളാണ് സെയിൽ എക്‌സിക്യൂട്ടീവുകൾ. തൊഴിലുകളെപ്പറ്റി മലയാളിക്കുള്ള മിഥ്യാധാരണകൾ എത്രയോ വലുതാണെന്ന് തെളിയിക്കുന്നവയാണ് ഈ ദൃശ്യങ്ങൾ. ഗൾഫ് നാടുകളിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായോ ആടുമേയ്ക്കൽകാരനായോ പോകാൻ തയാറുള്ള മലയാളിക്ക് പ്രവാസിയെന്ന പേര് ഒരു അലങ്കാരമാണ്. ഗൾഫുകാരൻ എന്ന സ്റ്റാറ്റസ് നാട്ടിൽ അവന്റെ കുടുംബത്തിന്റെ അഭിമാനം വാനോളം ഉയർത്തുകയും ചെയ്യും. പക്ഷേ മരുഭൂമിയോ ചുട്ടുപൊള്ളുന്ന വെയിലോ ഒന്നും സ്വന്തം നാട്ടിൽ തൊഴിൽ ചെയ്ത് സമാധാനപരമായി ജീവിക്കുകയെന്ന സ്വപ്‌നത്തിനു പിറകേ പോകാൻ അവനെ പ്രേരിപ്പിക്കുന്നുമില്ല.

ഗൾഫ് പണത്തിന്റെ മോടിയിൽ കെട്ടിപ്പടുത്തിട്ടുള്ള ഒരു സ്വപ്‌നദേശമാണ് കേരളം. കേരളത്തിലെ 3.38 കോടി വരുന്ന ജനസംഖ്യയുടെ 5 ശതമാനത്തോളം വരുന്നു ഗൾഫ് പ്രവാസികൾ. അതായത് കേരളത്തിലെ മൂന്നിലൊരു വീട്ടിൽ ഒരു ഗൾഫ് മലയാളിയുണ്ടെന്നർത്ഥം. 16 ലക്ഷം മലയാളികളാണ് ഗൾഫു നാടുകളിലുള്ളതെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ഇവർ പ്രതിവർഷം 70,000 കോടി രൂപയ്ക്കുമേൽ കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്. ഇവരിൽ 18 ശതമാനം പേർ മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലയിൽ നിന്നും 11 ശതമാനം പേർ തൃശൂർ ജില്ലയിൽ നിന്നുമാണ്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തു നിന്നും 8 ശതമാനം പേരും എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് ആറു ശതമാനം പേരും വയനാട്, കാസർകോഡ്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിന്നും ഒരു ശതമാനം പേരുമാണ് ഗൾഫ് നാടുകളിലുള്ളത്. ഏറ്റവുമധികം പേർ യുഎഇ−യിലും (35.5 ശതമാനം) സൗദി അറേബ്യയിലുമാണ് (29.5 ശതമാനം). കേരളത്തിലെ 50 ലക്ഷത്തോളം പേർ ഇന്ന് ജീവിച്ചുവരുന്നത് ഗൾഫ് പ്രവാസികളുടെ പണം കൊണ്ടായതിനാൽ ഈ പണമൊഴുക്കിൽ കുറവുകളുണ്ടായാൽ കേരളത്തിന്റെ സാന്പത്തിക സ്ഥിതിയിൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുക. ഗൾഫുനാടുകളിൽ എണ്ണവില കുറഞ്ഞു തുടങ്ങിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് കേരളത്തിലെ നിർമ്മാണ മേഖലയേയും റിയൽ എേസ്റ്ററ്റ് മേഖലയേയും ആഭരണമേഖലയേയുമെല്ലാം അതീവദോഷകരമായാകും ബാധിക്കുക. ഗൾഫിൽ നിന്നും മടങ്ങിയെത്തുന്ന ഒരാൾ അവന്റെ അഭിമാനം വ്രണപ്പെടാത്ത നിലയിൽ ഏതു ജോലികളാകും സ്വീകരിക്കുകയെന്നതിനെ ആശ്രയിച്ചിരിക്കും നാളെ കേരളത്തിലെ തൊഴിലില്ലാത്തവരുടെ എണ്ണവും സാന്പത്തികാവസ്ഥയും. 

കേരളത്തിലെ തൊഴിലുകളുടെ അവസ്ഥയും തൊഴിലില്ലായ്മയും തൊഴിലുണ്ടായിട്ടും തൊഴിലെടുക്കാതിരിക്കുന്ന അവസ്ഥയും പരിശോധിക്കപ്പെടേണ്ടത് ഈയൊരു അവസ്ഥയിലാണ്. ദിവസവേതന നിരക്കിന്റെ കാര്യം തന്നെയെടുക്കാം. അനൗപചാരിക മേഖലയിലും (കയറ്റിറക്ക്, കാഷ്വൽ ജോലി കെട്ടിട നിർമ്മാണം, തൊഴിൽ, ഇഷ്ടിക നിർമ്മാണം, സ്വയം തൊഴൽ മുതലായവ), പരന്പരാഗത വ്യവസായത്തിലും (കയർ, കശുവണ്ടി, കൈത്തറി, ബീഡി മുതലായവ), ഉൽപാദന മേഖലയിലും (ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങൾ), ഐടി വ്യവസായത്തിലും കയറ്റുമതി പ്രോത്സാഹന മേഖലകളിലും കാലാവസ്ഥാ ബന്ധിതമായി ജോലി ചെയ്യുന്നവരുമാണ്. പ്രധാനമായും കേരളത്തിലെ തൊഴിലാളികൾ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കാർഷിക −കാർഷികേതരമേഖലകളിലെ തൊഴിലാളികളുടെ കൂലി നിരക്ക് കേരളത്തിൽ അവരേക്കാൾ വളരെ കൂടുതലാണ്. ഇന്ത്യാ സർക്കാരിന്റെ ലേബർ ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് കേരളത്തിലെ ഗ്രാമീണമേഖലയിൽ പുരുഷന്മാർക്ക് കാർഷിക ജോലികൾക്ക് ശരാശരി 590 രൂപ ദിവസക്കൂലി ലഭിക്കുന്നുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ദേശീയ ശരാശരി കൂലി 232 രൂപയാണ്. കേരളത്തിലെ കൂലി നിരക്ക് ദേശീയ ശരാശരിയെക്കാൾ 150 ശതമാനത്തിന് മുകളിലാണെന്നതാണ് വാസ്തവം. ദേശീയ ശരാശരി നിരക്കായ 177 രൂപയുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിലെ സ്ത്രീകളുടെ ഗ്രാമീണ മേഖലയിലെ കാർഷികകൂലി നിരക്ക് 410 രൂപയാണ്. വിതയ്ക്കുകയും വിളവെടുക്കുകയും ചെയ്യുന്ന തൊഴിലാളികൾക്ക് കേരളത്തിൽ യഥാക്രമം 452 രൂപയും 403 രൂപയും വീതം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇനി മരപ്പണിയുടെ കാര്യം നോക്കാം. ദേശീയ ശരാശരി കൂലിയിലെ 358 രൂപയേക്കാൾ 102 ശതമാനം അധികമായി 726രൂപയാണ് മരപ്പണിക്കാർക്ക് കേരളത്തിലുള്ള കൂലി നിരക്ക്. കേരളത്തിൽ മരപ്പണിക്കാർക്ക് ശരാശരി 737 രൂപ ദിവസക്കൂലി ലഭിക്കുന്നു. ഇത് ദേശീയ ശരാശരിയായ 395 രൂപയെക്കാൾ 86 ശതമാനം അധികമാണ്. പക്ഷേ ഈ മേഖലകളിൽ തൊഴിലെടുക്കാൻ ഇന്ന് മലയാളി യുവാക്കളെ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. മികച്ച വേതനം ലഭ്യമാണെങ്കിലും കായികാധ്വാനമുള്ള ജോലിയാണെന്നതും സമൂഹത്തിൽ ആ തൊഴിലുകൾക്ക് അന്തസ്സ് പോരെന്നതും ഇത്തരം തൊഴിലുകളിൽ നിന്നും മലയാളി യുവതയെ അകറ്റിയിരിക്കുന്നു. 

തൊഴിൽ ഉണ്ടായിട്ടും തൊഴിലിനെപ്പറ്റിയുള്ള മിഥ്യാബോധം വച്ചുപുലർത്തുന്നതു മൂലം തൊഴിലില്ലായ്മ നേരിടുന്ന ഇന്ത്യയിലെ നന്പർ 1 സംസ്ഥാനം കൂടിയാണ് കേരളം എന്നു മനസ്സിലാക്കുന്പോഴാണ് മലയാളിയുടെ ഹിപ്പോക്രസി എത്രത്തോളം വലുതാണെന്ന് നമുക്ക് ബോധ്യപ്പെടുക. കേന്ദ്ര സർക്കാരിന്റെ തൊഴിൽ മന്ത്രാലയം 2015−16 ൽ നടത്തിയ അഞ്ചാമത് തൊഴിലില്ലായ്മ സർവേ പ്രകാരം തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. തൊഴിലില്ലായ്മ നിരക്കിന്റെ ദേശീയ ശരാശരി കേവലം 5 ശതമാനം മാത്രമാണെങ്കിൽ കേരളത്തിൽ 12.5 ശതമാനമാണ് തൊഴിലില്ലായ്മ! കേരളത്തേക്കാൾ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് കേരളത്തേക്കാൽ സാന്പത്തിക സ്ഥിതിയിലും വികസനത്തിലുമെല്ലാം പിന്നിൽ നിൽക്കുന്ന ചെറു സംസ്ഥാനങ്ങളായ സിക്കിമിലും ത്രിപുരയിലും മാത്രമാണെന്നറിയുന്പോഴാണ് നമ്മുടെ ഉയർന്ന സാന്പത്തിക വളർച്ചാ നിരക്ക് തൊഴിൽ സൃഷ്ടിക്കുന്നതിന് നമ്മെ സഹായിക്കുന്നില്ലെന്ന് വ്യക്തമാകുന്നത്. കേരളത്തിലെ ജനസംഖ്യയുടെ 23 ശതമാനം യുവാക്കളാണെന്നിരിക്കേ, അഭ്യസ്തവിദ്യരായ ഇവർ തൊഴിലുകൾ ഉണ്ടായിട്ടും തൊഴിലുകൾ സ്വീകരിക്കാതെ മാറി നടക്കുന്നതാണെന്ന് വ്യക്തമാക്കുന്നു ഈ കണക്കുകൾ. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമപ്രദേശങ്ങളിൽ 21.7 ശതമാനവും നഗരങ്ങളിൽ 18 ശതമാനവുമാണെന്നും മനസ്സിലാക്കുക. 

എഞ്ചിനീയറിങ് കോഴ്‌സ് പഠിച്ചിട്ടും ഒരു മലയാളി എന്തുകൊണ്ടാണ് തൊഴിൽ രഹിതനായിരിക്കുന്നതെന്ന് പരിശോധിക്കുന്പോൾ നമ്മുടെ വിദ്യാഭ്യാസത്തിന്റെ അപാകതകളും വെളിപ്പെടും. പരീക്ഷയ്ക്ക് മാർക്ക് ലഭിക്കുമെങ്കിലും നൈപുണ്യത്തിന്റെ കുറവും തൊഴിൽ മേഖലകളിലെ മാറ്റങ്ങൾക്കനുസരിച്ച് കോഴ്‌സുകൾ നവീകരിക്കാത്തതും ആശയവിനിമയത്തിനുള്ള ഭാഷയിലെ വൈകല്യങ്ങളുമാണ് മിക്കയിടങ്ങളിലും മലയാളികൾക്ക് വില്ലനായി മാറുന്നത്. പരീക്ഷകളിൽ വിജയശതമാനം വർധിപ്പിക്കുന്നതിനായി വിദ്യാർത്ഥികളെ വലിയ മാർക്കു നൽകി ജയിപ്പിച്ചുവിടുന്ന യൂണിവേഴ്‌സിറ്റികളും ബോർഡുകളുമൊന്നും അവർക്ക് ഏതെങ്കിലും തൊഴിൽ ചെയ്യാനുള്ള ശേഷിയുള്ളവരാണോ എന്ന കാര്യം പരിശോധിക്കുന്നതേയില്ല. മാത്രവുമല്ല പൊതുമേഖലയിലും സ്വകാര്യമേഖലയിലും തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലകളിൽ തൊഴിലാളികളുടെ എണ്ണത്തിൽ നാലു ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2016−ലെ കണക്കുകൾ പ്രകാരം പൊതുമേഖലയിലും സ്വകാര്യമേഖലയിലുമടക്കം 11.85 ലക്ഷം പേരാണ് കേരളത്തിൽ തൊഴിലെടുക്കുന്നത്. അതിൽ 48 ശതമാനം പേർ പൊതുമേഖലയിലും 52 ശതമാനം പേർ സ്വകാര്യ മേഖലയിലുമാണ് പ്രവർത്തിക്കുന്നത്. തൊഴിൽ ശക്തിയുടെ 90 ശതമാനവും കേരളത്തിൽ അസംഘടിത മേഖലയിലാണെന്നതാണ് വാസ്തവം. 

ഈ അസംഘടിത മേഖലയിൽ ആണ് തൊഴിലാളികളെ ഇന്ന് വൻതോതിൽ ആവശ്യമായിട്ടുള്ളത്. ഹോട്ടൽ മേഖല, നിർമ്മാണ മേഖല, കാർഷികമേഖല, ചില്ലറ വ്യാപാരമേഖല, തടി വ്യവസായം തുടങ്ങിയവയിലൊന്നും തന്നെ ഇന്ന് തൊഴിലാളികളെ കിട്ടാനില്ലാത്തതിനു കാരണം മലയാളികൾ അവ മാന്യമായി തൊഴിലായി കണക്കാക്കുന്നില്ലെന്നതു തന്നെയാണ്. ഒട്ടുമിക്ക ഹോട്ടലുകളിലും അന്യസംസ്ഥാന തൊഴിലാളികളാണ് ഇന്ന് വെയിറ്റർമാർ. പ്ലൈവുഡ്− തടി വ്യവസായരംഗത്തും കെട്ടിട നിർമ്മാണ മേഖലയിലും മറ്റ് കരാർ പണി സ്ഥലങ്ങളിലുമുള്ളതും അന്യസംസ്ഥാനക്കാർ തന്നെ. പക്ഷേ ഇവരാരും തൊഴിൽ ശേഷി ആർജിച്ചവരോ നല്ല വിദ്യാഭ്യാസമുള്ളവരോ അല്ലെന്നതാണ് സത്യം. അത് നിലവാരക്കുറവിന് കാരണമാകുന്നുണ്ടു താനും. മാത്രവുമല്ല, ഈ അന്യസംസ്ഥാന തൊഴിലാളികളെ പരിശീലിപ്പിച്ചെടുത്താൽ തന്നെയും അവർ ആ തൊഴിലിൽ തന്നെ, തൊഴിൽ ഉടമയ്‌ക്കൊപ്പം നിൽക്കുമെന്ന ഉറപ്പുമില്ല. തൊഴിൽ സുരക്ഷിതത്വത്തിന്റെ അഭാവവും തൊഴിൽ ഉയരാനുള്ള സാധ്യത കുറവും പൊതുഅവധികൾക്ക് ലീവില്ലാത്ത അവസ്ഥയും തൊഴിലാളി ചൂഷണവുമെല്ലാം അസംഘിത മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്നുണ്ട്. തൊഴിൽ ഉടമയ്ക്കാകട്ടെ, നിരന്തരം തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടവും ഭീകരമാണ്. ഇതിനുള്ള ഒരേയൊരു പരിഹാരമാർഗം അസംഘടിത മേഖലയിലെ തൊഴിലാളികളെ സർക്കാർ തലത്തിൽ പരിശീലിപ്പിച്ചെടുക്കുകയും മികച്ച തൊഴിൽ ശക്തിയാക്കി അവരെ വളർത്തുകയുമാണ്. ശീതീകരിച്ച ഓഫീസുകളിൽ തൊഴിലെടുത്ത് കുറഞ്ഞ ശന്പളം വാങ്ങുന്നതിനേക്കാൾ മെച്ചം പരന്പരാഗത തൊഴിലുകളിൽ പ്രാവീണ്യം നേടി നാട്ടിൽ തന്നെ മികച്ച വേതനത്തോടു കൂടി പ്രവർത്തിക്കാനാകുകയാണെന്ന് യുവാക്കളെ ബോധ്യപ്പെടുത്തേണ്ടിയുമിരിക്കുന്നു. തെങ്ങുകയറാനും റബ്ബർ ടാപ്പിങ്ങിനുമൊന്നും ആളെ കിട്ടാനില്ലെന്ന് പരിതപിക്കുന്നവർ എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്ന് കുട്ടികളെ പഠിപ്പിക്കുന്നില്ലെന്നതാണ് വാസ്തവം. അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ സ്വന്തം നാട്ടിൽ സാന്പത്തികാവസ്ഥ മെച്ചപ്പെടുന്പോൾ അവിടേയ്ക്ക് തിരിച്ചുപോകുമെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ആ സമയത്ത് നമ്മുടെ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാൻ സജ്ജമായി ഒരു തൊഴിൽ ശക്തി കേരളത്തിൽ വളർന്നുവന്നില്ലെങ്കിലും അമിതമായ കൂലി നൽകേണ്ടി വരുന്നതു മൂലം നമ്മുടെ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിപ്പോകാനോ ഉൽപാദനച്ചെലവ് വർധിക്കാനോ ഉള്ള സാധ്യത വലുതാണ്. അതേതുടർന്നുണ്ടാകുന്ന വിലക്കയറ്റം അത് കേരളത്തെ സാന്പത്തികമായി തളർത്തും. ആ സ്ഥിതി ഉണ്ടാകാതിരിക്കണമെങ്കിൽ സ്വന്തം നാട്ടിലെ പരന്പരാഗത തൊഴിലുകളിലേക്ക് നമ്മുടെ യുവാക്കളെ എത്തിക്കുകയാണ് വേണ്ടത്. ഏതു മേഖലയിൽ തൊഴിലെടുക്കുന്നവനും സർക്കാർ സഹായത്തോടെ കോൺട്രിബ്യൂട്ടറി പെൻഷൻ സംവിധാനം സർക്കാർ കൊണ്ടുവരുന്നപക്ഷം തൊഴിൽ സുരക്ഷിതത്വവും നമുക്ക് വാഗ്ദാനം ചെയ്യാനാകും. അതിലേക്കാണ് സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഇനി പതിയേണ്ടത്.

You might also like

Most Viewed