മഞ്ഞക്കടൽ ഇരന്പു­ന്പോൾ...


ന്ത്യൻ ഫുട്ബോളിൽ മാറ്റത്തിന്റെ കാറ്റ് വിതച്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് ഇന്നലെ അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ തുടക്കം കുറിച്ചു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും മനസ്‌ ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്റു േസ്റ്റഡിയത്തിലേയ്ക്ക് ഒഴുകി എത്തി. കൊച്ചിയുടെ ഒരോ വഴികളും ഇന്നലെ നടന്നു നീങ്ങിയത് ബ്ലാേസ്റ്റഴ്‌സ് എന്ന ആർപ്പുവിളികളുമായാണ്. തിരുവനന്തപുരത്തുകാരനെന്നൊ കൊച്ചികാരനെന്നോ മലബാറുകാരനെന്നോ അതിന് വത്യാസമുണ്ടായിരുന്നില്ല.

ഇന്ത്യൻ കായികലോകം എന്നാൽ ക്രിക്കറ്റും ഹോക്കിയും മാത്രമല്ല എന്ന് ലോകരാജ്യങ്ങളോട് വിളിച്ച് പറഞ്ഞ് കൊണ്ടായിരുന്നു 2014−ൽ നമ്മൾ ആദ്യ സീസണിന് തുടക്കം കുറിച്ചത്. ഇപ്പോൾ ഈ നാലാം സീസണിൽ എത്തി നിക്കുന്പോൾ ഇന്ത്യൻ ഫുട്ബോളിൽ എന്ത് മാറ്റം ഉണ്ടായി എന്ന ചോദ്യം പ്രസക്തമാണ്. ചെറുതെങ്കിലും ലോക ഫുട്ബോളിൽ ഇന്ത്യൻ ടീം മികച്ച നേട്ടം ഉണ്ടാക്കിയത് ഈ കാലയളവിലാണ്. ഈ വർഷം ജൂലൈയിൽ പുറത്തുവന്ന ഫിഫ റാങ്കിംഗ് പ്രകാരം ഇന്ത്യ 96−ാം സ്ഥാനത്തെത്തിയിരുന്നു. 1996 ഫെബ്രുവരിക്ക് ശേഷം ഇന്ത്യ നേടുന്ന ഏറ്റവും മികച്ച റാങ്കായിരുന്നു ഇത്. 1996ൽ നേടിയ 94−ാം റാങ്കാണ് ഇന്ത്യയുടെ മികച്ച പ്രകടനം. നിലവിലെ ഫിഫ റാങ്കിംഗ് അനുസരിച്ച് 105ാം സ്ഥാനത്താണ് ഇന്ത്യ. ഇപ്പോഴത്തെ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺ‍സ്റ്റന്റൈൻ 2015ൽ സ്ഥാനമേറ്റെടുക്കുന്പോൾ റാങ്കിംഗിൽ 173ാം സ്ഥാനത്തായിരുന്നു ഇന്ത്യ. തുടർച്ചയായ 13−ാം മത്സരത്തിലും തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യൻ ഫുട്ബോൾ ടീം എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടിയതും ഇക്കാലയളവിൽ തന്നെ. ഇക്കഴിഞ്ഞ ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ കാണികളുടെ എണ്ണം കൊണ്ടാണ് ഇന്ത്യ ലോകത്തെ ഞെട്ടിച്ചത്. ഏറ്റവും കൂടുതൽ പേർ നേരിട്ട് മത്സരം കണ്ട ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെന്റ് എന്ന റെക്കോഡ് ഇന്ത്യ വേദിയായ ഇത്തവണത്തെ ലോകകപ്പ് സ്വന്തമാക്കി. 1985ൽ ചൈന വേദിയായ അണ്ടർ 17 ലോകകപ്പായിരുന്നു ഇതിന് മുന്പ് ഏറ്റവും കൂടുതൽ പേർ നേരിട്ട് കളികണ്ട ടൂർണമെന്റ്. 12,24,027 ആയിരുന്നു അന്നത്തെ റെക്കോഡ്. ഇന്ത്യയിൽ നടന്ന ടൂർണമെന്റിൽ 13,28,733 പേരാണ് കളി കണ്ടത്. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞ് ചേർന്ന പല രാജ്യങ്ങളിലും അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ ഒഴിഞ്ഞ വേദികളിൽ നടന്നപ്പോഴാണ് ഈ നേട്ടം. മുന്പ് ഐ ലീഗിന്റെയും ഈ സീസൺ മുതൽ ഐ.എസ്.എല്ലിന്റെയും ഭാഗമായ ബംഗളൂരു എഫ്.സി 2016ൽ എ.എഫ്.സി(ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ) കപ്പിന്റെ ഫൈനലിൽ എത്തിയതും ഇന്ത്യൻ ഫുട്ബോളിന് ചരിത്രനേട്ടമായി. 

ചെറുതെങ്കിലും ഇന്ത്യൻ ഫുട്ബോളും നേട്ടത്തിന്റെ പാതയിലാണ്. ഇന്ത്യയിൽ ഇപ്പോൾ കാണുന്ന ഫുട്ബോൾ ആവേശത്തിന് വഴിമരുന്നിട്ടത് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ഐ.എസ്.എൽ തുടക്കമിട്ട ആവേശം തന്നെയാണ്. ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടീമിന്റെ മത്സരങ്ങൾ പോലും കാണാൻ ആളില്ലാത്ത അവസ്ഥയിൽ നിന്ന് കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുന്നു. 

ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തേയും ശക്തികളായിരുന്നു ബംഗാളും കേരളവും ഗോവയും. ഇപ്പോൾ ബംഗളൂരുവും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ഇന്ത്യൻ ഫുട്ബോളിന്റെ മുൻനിരയിലേയ്ക്ക് എത്തിക്കഴിഞ്ഞു. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ കൊൽക്കത്തൻ ക്ലബ്ബുകളായിരുന്നു ഇന്ത്യൻ ക്ലബ്ബുകളിലെ വന്പൻമാർ. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ പോരാട്ടങ്ങൾ എന്നും കൊൽക്കത്തയുടെ മണ്ണിൽ ആവേശം വിതറിയിട്ടുണ്ട്. ഐ ലീഗ് മത്സരങ്ങളുടെ ആവേശം ഈ കൊൽക്കത്ത ഡർബിക്ക് അപ്പുറത്തേയ്ക്ക് നന്നേ ശുഷ്ക്കമായുന്നു. ഇതിൽ നിന്ന് എല്ലാം വ്യത്യസ്തമായി ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ കടന്ന് വരവ്. ഇന്ത്യയിലെ വന്പൻ ബിസിനസ് മുതലാളിമാരും ബോളിവുഡ് നടന്മാരും സച്ചിൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗുമായി എത്തിയതോടെ ഇന്ത്യൻ ഫുട്ബോളിന്റെ തലവിധി മാറി. 

33 ലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്്ലന്റ് എന്ന കൊച്ചു യുറോപ്യൻ രാജ്യം വരെ 2018ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയപ്പോൾ 130 കോടി ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ഇന്നും ഇത് ബാലി കേറാ മല തന്നെയായി തുടരുന്നു. ക്രിക്കറ്റ് ഒഴികെ മറ്റേതു കായിക മേഖലയെ പോലെ കുത്തഴിഞ്ഞ് തന്നെ ആയിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ അവസ്ഥ. ഫുട്ബോളിനെ ഒരു മുഴുവൻ സമയം പ്രൊഫഷൻ അക്കാൻ മുന്പ് കഴിയുമായിരുന്ന അവസ്ഥ ആയിരുന്നില്ല. സർക്കാർ ജോലിക്കുളള പിടിവള്ളിയായി പലരും ഇതിനെ കണ്ടിരുന്നുള്ളു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഈ ഒരു അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുന്നുണ്ട്. പല ഇന്ത്യൻ താരങ്ങളും കോടികൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പ്രതിഫലമായി വാങ്ങുന്നുണ്ട്. ഐ.എസ്.എൽ അഞ്ച് മാസം നീണ്ടുനിൽക്കുന്ന ഒരു ടൂർണ്ണമെന്റ് കൂടി ആയതോടെ ഇന്ത്യൻ താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ തേച്ച് മിനുക്കി എടുക്കാൻ സാധിക്കും. മിക്ക ഐ.എസ്.എൽ ടീമുകളും സീസൺ തുടങ്ങും മുന്പ് വിദേശ രാജ്യങ്ങളിൽ പരിശീലനത്തിന് പോയതും ഇന്ത്യൻ ഫുട്ബോൾ എത്രമാത്രം മാറുന്നു എന്നതിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ലോകപ്രശസ്ത താരങ്ങൾ കുറവാണ് ഇന്നത് പോരായ്മ തന്നെയെങ്കിലും ഐ.എസ്.എൽ കാണികളുടെ എണ്ണം കൊണ്ട് ലോകത്തെ പല പ്രമുഖ ലീഗുകളോടും കിടപിടിക്കുന്നു. 

അരാധകരുടെ കാര്യത്തിലും ഐ.എസ്.എൽ ഇന്ത്യയിൽ പുതിയ ഒരു കായിക സംസ്കാരം സൃഷ്ടിക്കുകയാണ്. നമ്മുടെ കേരള ബ്ലാേസ്റ്റഴ്സ് ആരാധകർ തന്നെ ഇതിന് ഉദാഹരണം. വർഷങ്ങൾക്ക് മുന്പ് വരെ സന്തോഷ് ട്രോഫിയിലെ കേരളാ ടീം മലയാളികളുടെ ആവേശമായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നടക്കുന്ന കേരളത്തിന്റ മത്സരങ്ങൾ കാണാൻ ആ നാട്ടിൽ താമസിച്ചിരുന്ന മലയാളി സമൂഹങ്ങൾ കൂട്ടമായി എത്തിയിരുന്നു. എന്നാൽ പിന്നീട് കേരളാ ഫുട്ബോളിന്റെ ശക്തി ചോർന്നതോടെ ഈ ആവേശം നമുക്ക് നഷ്ടമായി. പിന്നീട് ദേശീയ ഫുട്ബോൾ ലീഗിൽ എഫ്.സി കൊച്ചിനും എസ്.ബി.ടിയും വിവാ കേരളയുമൊക്കെ മത്സരിച്ചെങ്കിലും ആരാധകരെ സൃഷ്ടിക്കാനോ മികച്ച പ്രകാടനം നടത്തോനോ സാധിക്കാതെ തിരശീലയിൽ മറഞ്ഞു. പിന്നീട് മലയാളി ലോകകപ്പിലും കോൺഫെഡറേഷൻ കപ്പിലും യുറോകപ്പിലും കോപ്പാ അമേരിക്കാ കപ്പിലും ബ്രസീലിനു വേണ്ടിയും അർജന്റീനയിക്ക് വേണ്ടിയും ഇറ്റലിക്ക് വേണ്ടിയും കൈയടിച്ചു. അതിനിടെ ഇന്ത്യൻ സൂപ്പർ ലീഗിലൂടെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ലഭിച്ച ആവേശമായിരുന്നു കേരളാ ബ്ലാേസ്റ്റഴ്സ്. ആദ്യ സീസണിൽ തന്നെ മലയാളി ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യയുടെ മെട്രോ നഗരങ്ങളെ പിന്തള്ളി കാണികളുടെ എണ്ണത്തിൽ കൊച്ചി റെക്കോർഡിൽ നിന്ന് റൊക്കോർഡിലേയ്ക്ക് കുതിച്ചു. കേരളത്തിലെ അരാധകരുടെ ആവേശവും സ്നേഹവും കേരളത്തിന് വേണ്ടി കളിച്ച വിദേശ താരങ്ങളും തിരിച്ചറിഞ്ഞു. അങ്ങനെ ഇയാൻ ഹ്യൂം മലയാളിക്ക് ഹൂമേട്ടനായി ഹോസൂ പ്രീന്റോ ഹോസൂട്ടനാണി സ്റ്റീഫൻ കോപ്പൽ ആശാനായി റെനി മ്യൂലെസ്റ്റീൻ റനിച്ചായനുമായി. 

ഐ.എസ്.എൽ നാലാം സീസണിൽ എത്തുന്പോഴും ആരാധകരുടെ ആവേശത്തിൽ ഒരു കുറവുമില്ല. ഇന്നലെ കൊച്ചിയിൽ കണ്ടതും അതുതന്നെയായിരുന്നു. ദേശവ്യത്യാസമില്ലാതെ മഞ്ഞപ്പടയുടെ ആരവം. കളിക്കളത്തിലെ പന്ത്രണ്ടാമന്മാർ തങ്ങളെന്ന്‌ വിളിച്ചുപറയുന്നതായിരുന്നു കൊച്ചിയിലെ ആരാധകരുടെ ഐ.എസ്‌.എൽ നാലാം സീസണിന്റെ വരവേല്‍പ്പ്‌. സീറ്റുകൾ വെട്ടിക്കുറച്ചിട്ടും കളത്തിലെ പന്ത്രണ്ടാമന്മാർ കേരളത്തിന്റെ അന്തസ്‌ നിലനിർ‍ത്തി. അവർ ആർപ്പുവിളികളും ആവേശവുമായി േസ്റ്റഡിയത്തിൽ നിറഞ്ഞു. ബ്ലാേസ്റ്റഴ്‌സിലെ ഓരോ താരങ്ങളും മൈതാനത്തിറങ്ങിയപ്പോൾ അവർ മുഴക്കിയ ആരവങ്ങൾ‍ കേരളത്തിന്റെ കായിക പ്രേമികളുടെ വിജയത്തിന്റെ ആരവമായിരുന്നു. 

മഞ്ഞപ്പട എന്ന കേരളാ ബ്ലാേസ്റ്റഴ്സിന്റെ ആരാധകക്കൂട്ടം സോഷ്യ മീഡിയിയൽ തരംഗമാണ്. അതിനിടെ ഇന്ത്യൻ സ്പോർട്സ് ഓണേഴ്സിന്റെ മികച്ച ആരാധക സംഘത്തിനുള്ള പുരസ്കാരവും മഞ്ഞപ്പട സ്വന്തമാക്കി. വിരാട് കോഹ്‌ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പും ചേർന്നാണ് പുരസ്്കാരം നൽകിയത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധക സമൂഹമായ ഭാരത് ആർമി, ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന്റെ ആരാധകക്കൂട്ടമായ നമ്മ ടീം ആർ.സി.ബി, ബെംഗളൂരു എഫ്.സിയുടെ ആരാധകരായ വെസ്റ്റ്ബ്ലോക് ബ്ലൂസ് എന്നിവരെ പിന്തള്ളിയാണ് മഞ്ഞപ്പടയുടെ നേട്ടം.

You might also like

Most Viewed