വേ­ദനി­പ്പി­ക്കുന്ന ഒരു­ ചി­ത്രം


കൂക്കാനം റഹ്്മാൻ

മരിച്ച് പോയ എന്റെ അമ്മയെ കുറിച്ച് എല്ലാ ദിവസവും ഒാർ‍ക്കും. എനിക്കോർ‍മ്മ വെച്ച നാൾ‍ മുതലുള്ള (എകദേശം അഞ്ച് വയസ്സിന് ശേഷം) എന്നെ അതിരറ്റ് സ്‌നേഹിച്ച പരിലാളിച്ച ഉമ്മയുടെ ലാളന മനസ്സിൽ‍ ഇടയ്ക്കിടയ്ക്ക് തികട്ടിവരും. ഈയിടെ ഒരു ദിവസം രാവിലത്തെ ചായകുടി സമയത്ത് ദോശ കഴിച്ചു കൊണ്ടിരിക്കുന്പോഴാണ് പഴയ ഓർ‍മ്മ അയവിറക്കിയത്. ഒന്നാം ക്ലാസിൽ‍ പഠിക്കുന്പോൾ‍ മുതൽ‍ 1956-57ൽ‍ കൊടിയ ദാരിദ്ര്യമാണെങ്കിലും എനിക്ക് വയറുനിറച്ചും ആഹാരം കിട്ടും. അന്നും എന്റെ ദോശയുടെ ക്വാട്ട നാലെണ്ണമാണ്. ഇന്നും അത് തുടരുന്നു. തീറ്റയ്ക്കും, രൂപത്തിനും, രുചിക്കും വ്യത്യാസം വന്നിട്ടുണ്ടെങ്കിലും. ചാണകം മെഴുകിയ തറയിൽ‍ ചെറിയ പലകമേൽ‍ ഇരുന്ന് ദോശ പഴകിയ ചുണുങ്ങിയ അലുമിനിയം പ്ലേറ്റിൽ‍ വെച്ചുതരും. രാത്രിവെച്ച കറിയാണുണ്ടാവുക. അതും മൺ ചട്ടിയോടെ എടുത്തു തരും. ഉമ്മ എന്റെ മുന്നിലിരിക്കും. ദോശ ഒടിച്ച് ചട്ടിയുടെ വശങ്ങളിൽ‍ പറ്റിപിടിച്ച കറി ദോശക്കഷ്ണം കൊണ്ട് ഉരച്ച് എടുത്ത് വായയിലിട്ടുതരും. പക്ഷേ ഉമ്മയ്ക്ക് ദോശ ഒന്നും ഉണ്ടാവില്ല. രാത്രിയിൽ‍ മിച്ചം വന്ന ഭക്ഷണം (കുളുത്തത്) കുടിച്ചാണ് പാവം വിശപ്പടക്കിയിട്ടുണ്ടാവുക. ഉച്ചസമയത്ത് ഞാനും പട്ടിണി തന്നെ. പച്ചവെള്ളം കുടിച്ച് ദാഹമകറ്റും. വൈകിട്ട് നാല് മണിവരെ സഹിക്കുക തന്നെ.

സ്‌കൂൾ‍ വിട്ടാൽ‍ അഞ്ച് കി.മി ദൂരം ഓടണം വീട്ടിലെത്താൻ. എത്തുന്പോഴേക്കും, മഴക്കാലമാണെങ്കിൽ‍ കാലും മുഖവും കഴുകാൻ ഉമ്മ ചൂടു വെള്ളം തയ്യാറാക്കിവെച്ചിരിക്കും. കാസ (ഭക്ഷണം കഴിക്കുന്ന പ്ലേറ്റ്) നിറച്ചും കഞ്ഞിയും, പിഞ്ഞാണം നിറയെ കറിയും വിളന്പിവെച്ച് കാത്തിരിക്കുന്നുണ്ടാവും ഉമ്മ. ഹോ! അത് വയറ് നിറച്ചും കഴിച്ചേ കളിക്കാൻ പോവൂ. ഉമ്മയുടെ ഭക്ഷണ കാര്യം അപ്പോഴും കഷ്ടത്തിലായിരിക്കും. ഇങ്ങിനെ വയറുമുറുക്കെക്കെട്ടി മക്കളെ പോറ്റിയവരായിരുന്നു അക്കാലത്തെ മിക്ക അമ്മമാരും. അമ്മാവന്മാരും, ഉമ്മൂമ്മയും മറ്റും അടങ്ങുന്ന വലിയ കുടുംബത്തിലെ പണികളെല്ലാം ഉമ്മതന്നെ ചെയ്യുകയും വേണം. വീട്ടിൽ‍ ആദ്യം എഴുന്നേൽ‍ക്കുന്നതും അവസാനം ഉറങ്ങുന്നതും ഉമ്മയായിരുന്നു. ഉമ്മയ്ക്ക് നേരം പുലർ‍ന്നത് മുതൽ‍ പിടിപ്പതുപണിയുണ്ട്. മുറ്റമടിക്കണം, ഭക്ഷണം ഉണ്ടാക്കണം. വിറക് ശേഖരിക്കണം, ഓലക്കൊടി ചിക്കിയെടുത്ത് കെട്ടി വെക്കണം, ഊതിയുള്ള തീ അടുപ്പ് കത്തിക്കണം കണ്ണിൽ‍ പുക കയറും, നിലം അടിച്ചുവാരണം, അലക്കണം, എനിക്കും അമ്മാവന്മാർ‍ക്കും, ചിരട്ടക്കരി ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഇസ്തിരി ഇടണം. അമ്മിമേൽ‍ അരിയും, പറങ്കിയും അരച്ചെടുക്കണം, അകലെയുള്ള കിണറിൽ‍ നിന്ന് വെള്ളം കോരിക്കൊണ്ടുവരണം, നോക്കണേ ഇത്രയും പണിയുമെടുത്ത് വയറുനിറച്ച് ഉണ്ണാനും കുടിക്കാനുമില്ലാതെ അരവയറുമായി കഴിഞ്ഞ ഉമ്മയെ ഓർ‍ക്കുന്പോൾ‍.... കണ്ണുനിറയും....

ഏതാണ്ട് എഴുപതാണ്ടുകൾ‍ക്ക് മുന്പ് ജനിച്ചവരെല്ലാം അമ്മമാരെ ആദരിക്കുന്നവരും സ്‌നേഹിക്കുന്നവരുമായിരുന്നു. എന്റെ ഉമ്മയ്ക്ക് വയ്യാതായപ്പോൾ‍ പണ്ട് കുഞ്ഞായിരിക്കുന്പോൾ‍ എങ്ങിനെയൊക്കെ എന്നെ പരിചരിച്ചുവോ, അതുപോലെ തിരിച്ചു നൽ‍കാനും പറ്റി എന്നതിൽ‍ കൃതാർ‍ത്ഥനാണ് ഞാൻ. കുളിമുറിയിൽ‍ കാലിടറി ഉമ്മ വീണപ്പോൾ‍ എടുത്ത് തോളിലേറ്റി മുറിയിലെത്തിച്ചുകിടത്തി. വേദനയുള്ള ഭാഗം തടവിക്കൊണ്ടിരുന്നു. പനിയും മറ്റും വന്നപ്പോൾ‍ ഉമ്മ എന്നെ മാറോടടുക്കിപ്പിടിച്ച് മന്ത്രിച്ചൂതാൻ കൊണ്ടുപോയ പോലെ, ഉമ്മയെ താങ്ങിപ്പിടിച്ച് വണ്ടിയിലിരുത്തി ആശുപത്രിയിൽ‍ അഡ്മിറ്റ് ചെയ്തു പരിചരിച്ചു. അസുഖം കൂടിക്കൂടി വന്നപ്പോൾ‍ കുളിമുറിയിലെത്തിച്ച് ശരീരം ശുദ്ധിവരുത്തി. പണ്ട് എന്നെ കവുങ്ങിന്‍ പാളയിൽ‍ കിടത്തി എണ്ണതേച്ച് കുളിപ്പിച്ചതും, പനിമാറിയാൽ‍ സൂര്യപ്രകാശമേൽ‍പ്പിച്ച ചൂടുവെള്ളത്തിൽ‍ അരയാൽ‍ മരത്തിന്റെ തോൽ ചെത്തിയിട്ട് അതുപയോഗിച്ച് മേലാകെ തേച്ച് കുളിപ്പിച്ചതും ഓർ‍ത്തുപോയി ഉമ്മയെ കുളിപ്പിക്കുന്പോൾ‍. കുളിയും കഴിഞ്ഞ് ഉടലാകെ തോർ‍ത്തിക്കൊടുത്തു ഡ്രസ്സിടീച്ച് മുറിയിലേക്ക് കൊണ്ടു വന്ന് കിടത്തിയപ്പോൾ‍− ഒരുമ്മതാ മോനേ എന്ന് ഉമ്മ പറഞ്ഞപ്പോൾ‍− ആ ചുളിവുവീണ മുഖത്ത്− അമർ‍ത്തിയൊരു മുത്തം കൊടുത്തപ്പോൾ‍ കുഞ്ഞുനാളിൽ‍ ദേഹമാകെ മുഖമുരുമ്മി ഉമ്മ തന്നത് ഓർ‍ത്തുപോയി ആ നിമിഷം.

ഇക്കാലത്തെ മക്കളോ? ഈ ചിത്രം നോക്കൂ.... താലോലിച്ച് വളർ‍ത്തിയ, അമ്മിഞ്ഞപ്പാലൂട്ടിയ, താരാട്ടുപാടി ഉറക്കിയ അമ്മയെ തെരുവോരങ്ങളിൽ‍ തള്ളിയിട്ട് കടന്നുകളയുന്നു. ഈ ചിത്രത്തിൽ‍ കാണുന്ന അമ്മ ഊർ‍ജ്ജ സ്വലയായ ഒരമ്മയായിരുന്നു. മലപ്പുറം ഇസ്ലാമിക് പബ്ലിക്ക് സ്‌കൂളിലെ അധ്യാപികയായ വത്സ ടീച്ചറായിരുന്നു. ഇവർ‍ മക്കളും ബന്ധു ജനങ്ങളുമൊക്കെ ഉണ്ടായിട്ടും ആ ടീച്ചറമ്മയെ തന്പാനൂർ‍ റയിൽ‍വേ േസ്റ്റഷൻ പരിസരത്ത് കൊണ്ടു തള്ളിയതാണ്. ആ േസ്റ്റഷൻ പരിസരത്തെ ചെടികളിൽ‍ നിന്നും എന്തൊക്കെയോ പൊട്ടിച്ചു തിന്നുകൊണ്ട് വിശപ്പടക്കാൻ പാടുപെടുകയാണ് അവർ‍. ആ കാഴ്ച ‘വിദ്യ’ എന്നു പേരായ മനസ്സലിവുള്ള ഒരു പെൺകുട്ടി കാണുന്നു. അവർ‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുന്നു. ഭക്ഷണം കഴിക്കുന്പോൾ‍ വിവരങ്ങൾ‍ ചോദിച്ചു മനസ്സിലാക്കിയ വിദ്യ ഞെട്ടിപ്പോയി പോലും. ഭക്ഷണം കഴിച്ച് വിശപ്പടക്കിയത് മലപ്പുറം ഇസ്ലാമിക് പബ്ലിക്ക് സ്‌കൂളിൽ‍ പഠിപ്പിച്ചിരുന്ന കണക്ക് ടീച്ചറായിരുന്നു. ടീച്ചറുടെ കണക്കുകളൊക്കെ തെറ്റിപ്പോയി. ജന്മം നൽ‍കിയ, നൊന്തു പ്രസവിച്ച മാതാവിനെ തെരുവോരത്ത് ഉപേക്ഷിച്ചു പോവും താൻ വളർ‍ത്തിയ മക്കളെന്ന് അവർ‍ കണക്കുകൂട്ടിയില്ല. സ്വന്തം സുഖസൗകര്യങ്ങൾ‍ തേടിപ്പോകുന്ന ഇക്കാലത്തെ മക്കളെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ‍ പിഴക്കാതിരിക്കാൻ നമുക്ക് തുടങ്ങേണ്ടിയിരിക്കുന്നു, പുതിയൊരു ജീവിത ശൈലി. അതിനുള്ള ആർ‍ജ്ജവം ഇപ്പോഴെ കരുതിവെക്കാം.

വിദ്യ എന്ന പെൺ‍കുട്ടി വത്സ ടീച്ചറുടെ സമ്മതത്തോടെ ചിത്രം ഫേസ് ബുക്കിൽ‍ പോസ്റ്റ് ചെയ്തതോടെ പഠിപ്പിച്ചിരുന്ന വിദ്യാർ‍ത്ഥികളും നാട്ടുകാരും തിരിച്ചറിഞ്ഞു. മണിക്കൂറുകൾ‍ക്കുള്ളിൽ‍ ടീച്ചർ‍ക്ക് സംരക്ഷണം നൽ‍കാൻ അവർ‍ തയ്യാറാവുകയും ചെയ്തു. സന്മനസ്സുള്ളവരും സമൂഹത്തിലുണ്ട്. അത്തരം സന്മനസ്സുള്ള വിദ്യ എന്ന പെൺ‍കുട്ടിയുടെ കണ്ണിൽ‍ ഈ ദുരിതക്കാഴ്ച പെട്ടില്ലായെങ്കിൽ‍... ഏതോ തെരുവ് തെണ്ടിയെന്ന് കരുതി ആരാലും ശ്രദ്ധിക്കപ്പെടാതെ അവർ‍ എങ്ങിനെയെങ്കിലും ജീവൻ ത്യജിക്കുമായിരുന്നു. വേദനതോന്നി ഈ ചിത്രങ്ങൾ‍ ശ്രദ്ധയിൽ‍പെട്ടപ്പോൾ‍. അവരുടെ ചിത്രം കണ്ടപ്പോൾ‍ ഉമ്മയെ ഓർ‍ത്തുപോയി.

ഇപ്പോഴത്തെ മക്കളെന്തേ ഇത്ര നിഷ്ടൂരമായ ഹൃദയമുള്ളവരായിമാറി. എവിടെയോ തകരാറ് സംഭവിച്ചിട്ടുണ്ട്. വളർ‍ത്തുന്നതിൽ‍ വന്ന അതിലാളനയാണോ? സുഹൃത്തുക്കളെ പോലെ പെരുമാറുന്നതുകൊണ്ടാണോ? ഒളിച്ച് വെക്കാതെ എന്തും തുറന്ന് പറയാമെന്ന അവസ്ഥ ഉള്ളതുകൊണ്ടോ? അച്ഛനമ്മമാരുടെ ഡ്യൂട്ടിയാണ് മക്കളെ വളർ‍ത്തേണ്ടത് എന്ന തത്വം മക്കൾ‍ സൂക്ഷിക്കുന്നതുകൊണ്ടോ? പഴയ ഭയഭക്തി ബഹുമാനങ്ങൾ‍ തിരിച്ച് പിടിക്കാൻ രക്ഷിതാക്കൾ‍ തയ്യാറാവണം. വീട്ടിലെ അവസാന വാക്ക് അച്ഛന്റേതാവണം. മക്കളുമായി ഡിസ്റ്റൻസ് കീപ്പ് ചെയ്യാൻ രക്ഷിതാക്കൾ‍ കഴിവുനേടണം. മാതാപിതാക്കൾക്ക് വയ്യാതായാൽ‍ ശ്രദ്ധിക്കേണ്ടത്, പരിചരിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന ധാർ‍മ്മിക ബോധം കുട്ടികളിൽ‍ ചെറുപ്പം മുതലേ വളത്തിക്കൊണ്ടുവരണം.

 

You might also like

Most Viewed