ശരി­കൾ­ക്ക് സ്ഥാ­നചലനം സംഭവി­ക്കു­ന്പോൾ...


ധനേഷ് പത്മ

രളജനത വലിയൊരു പ്രതീക്ഷകൾക്ക് പുറത്ത് കയറ്റി ഇരുത്തിയാണ് ഇടതു സർക്കാരിനെ ഭരിക്കാൻ നിയോഗിച്ചിരുന്നത്, അതല്ലെങ്കിൽ അങ്ങനെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ഇടതു സർക്കാർ ഭരിക്കാൻ കസേരയിൽ കയറിയത്. എല്ലാം ശരിയാക്കും എന്നതായിരുന്നു അവരുടെ പ്രഥമ വാഗ്ദാനം. വളരെയധികം കുത്തഴിഞ്ഞു കിടന്ന ഒരു ഭരണത്തിൽ നിന്ന് എല്ലാം ശരിയാക്കാൻ സമയമെടുക്കുക സ്വാഭാവികം മാത്രം. പക്ഷെ ശരിയാക്കാനുള്ള ശ്രമങ്ങൾ പോലും ഇല്ലെന്ന് മാത്രമല്ല തെറ്റായ കാര്യങ്ങൾ നിരന്തരം സംഭവിക്കുകയും അതിനോടനുബന്ധിച്ച് സർക്കാർ ഇതിനോടകം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു കഴിഞ്ഞു. 

ജനാധിപത്യ ഭരണവും സ്വേച്ഛാധിപത്യ ഭരണവും തമ്മിലുള്ള വ്യത്യാസം നമുക്കെല്ലാം അറിയാവുന്നതാണ്. ജനാധിപത്യ ഭരണത്തിൽ ജനങ്ങൾ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി അഹോരാത്രം പ്രയത്നിക്കാൻ പ്രാപ്തരായവരെ തിരഞ്ഞെടുത്ത് ഭരണകർത്താക്കളാക്കുന്നു. എന്നാൽ സേച്ഛാധിപത്യ ഭരണത്തിൽ ഭരണകൂടത്തിന്റെ അധികാരങ്ങൾ തന്നിൽതന്നെ നിക്ഷിപ്തമാക്കി ഒരൊറ്റയാൾ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് നിലനിൽക്കുന്നത്. സ്വേച്ഛാധിപതികൾക്ക് ആരാധകർ ഏറെയാണ്. അവർക്കെതിരെ ആരോപണങ്ങൾ ഉയർന്നാൽ ആരാധകരായ അനുയായികൾ രോഷാകുലരാകും. അതിപ്പോൾ മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും സ്ഥിതി ഒരേപോലെതന്നെ.

കേരളം ഒരു സ്വേച്ഛാധിപത്യ ഭരണത്തിലേയ്ക്ക് തരംതാഴുന്നുണ്ടോ എന്ന് വിശകലനം ചെയ്താൽ ചില കാര്യങ്ങളിൽ സർക്കാർ എടുക്കുന്ന നയങ്ങൾ അത്തരത്തിൽ സംശയം ഉളവാക്കുന്നതാണ്. ഏറ്റവും അവസാനമായി അതിന് ചൂണ്ടികാണിക്കാൻ കഴിയുന്നത് ഗതാഗത മന്ത്രി തോമസി ചാണ്ടിയുടെ പടിയിറക്കവും. ഹൈക്കോടതിയുടെ വിശദീകരണ പ്രകാരം കളക്ടറും മന്ത്രിയും സർക്കാരിൽ ഉൾപ്പെടുന്നതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇന്നാട്ടിലെ ജനാധിപത്യ സെറ്റപ്പിൽ പ്രോട്ടോകോളിന്റെ ഏത് തട്ടിൽ വെച്ച് അളന്നാലും ഐഎഎസ് എന്ന മൂന്നക്ഷരത്തേക്കാൾ തൂക്കവരും ജനപ്രതിനിധിക്ക് എന്ന് ഒരു സിനിമയിൽ പറഞ്ഞതായി ഓർക്കുന്നുണ്ട്. അങ്ങനെയൊരു ധാരണ തന്നെയാണ് മന്ത്രിമാർക്കും പലപ്പോഴായും ഉണ്ടായി കണ്ടിട്ടുള്ളത്. ജനപ്രതിനിധികൾ അവരുടെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്പോൾ അത് കണ്ടെത്താനും അതിനെതിരെ നടപടിയെടുക്കാനും ഒരു കളക്ടർ തയ്യാറാകുന്പോൾ അങ്ങനെയൊരു റിപ്പോർട്ടിൻമേൽ ഹൈക്കോടി നടപടികൾ ഉണ്ടാകുന്പോൾ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കളക്ടറുടെ റിപ്പോർട്ടും മന്ത്രിയുടെ പ്രവർത്തിയും ഒരേ തട്ടിൽ അളക്കുന്നത് എത്രകണ്ട് വിശ്വാസയോഗ്യമാണ്? മന്ത്രിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കൂടി പറയുന്പോൾ ഇന്ന് ഇടതു സർക്കാരിന് സംഭവിച്ച ഏറ്റവും ദൂഷ്യമായ  പ്രവർത്തനത്തിന്റെ നേർരേഖയായി മാത്രമാണ് അതിനെ കാണാൻ കഴിയുക. 

കേരളത്തിൽ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയും നിയമവ്യവസ്ഥയെ കുറിച്ച് അവർക്കുള്ള അറിവും പരിശോധിച്ചാൽ അത് വളരെ മോശമായൊരു വിവരണമാകും. അത്തരത്തിൽ മന്ത്രിമാർക്ക് നിയമങ്ങളെ കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് മന്ത്രിമാർ അവരുടെ അനുയായികളായി നിയമോപദേശകരെ നിയമിക്കുന്നത്. എങ്കിൽപിന്നെ നിയമങ്ങളെല്ലാം അറിയാവുന്ന മികച്ച വിദ്യാഭ്യാസമുള്ളൊരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തുകൂടെ എന്ന് ചോദിച്ചാൽ അതൊരു ശരിയായ ചോദ്യമാണുതാനും. ഒന്നര വർഷത്തെ ഇടതു ഭരണത്തിനിടെ തോമസ് ചാണ്ടിയുൾപ്പടെ മൂന്ന് മന്ത്രിമാരാണ് രാജിവെച്ച് പുറത്ത് പോയത്. ബന്ധുനിയമന വിവാദത്തിൽ ഇപി ജയരാജനും ഫോണവിളി വിവാദത്തിൽ എകെ ശശീന്ദ്രനും കായൽ കയ്യേറ്റ വിവാദത്തിൽ തോമസ് ചാണ്ടിയുമാണ് ആ മൂന്ന് പേർ. ഇതിൽ ആദ്യ രണ്ട് മന്ത്രിമാർക്ക് നേരെ വിവാദപരമായ വിഷയങ്ങളിൽ ആരോപണമുണ്ടായപ്പോൾ മുഖ്യമന്ത്രി ‍‍ഞൊടിയിടയിൽ ആക്ഷനെടുത്തെന്നും അവർ പെട്ടന്ന് തന്നെ രാജിവെക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രിയുടെ ഫാൻസ് പറഞ്ഞ് പരത്തിയിരുന്നു. മുഖ്യമന്ത്രി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതൊരു നല്ല ഭരണത്തിന്റെ കാതലായ പ്രവർത്തനമായി കണക്കാക്കാം.

പക്ഷെ തോമസ് ചാണ്ടി വിഷയത്തിൽ അത്തരത്തിലൊരു നടപടി മുഖ്യമന്ത്രി എടുത്തില്ലെന്നുമാത്രമല്ല, തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുന്നതായി ചിലരെങ്കിലും ആക്ഷേപമുന്നയിക്കുന്പോൾ അതിൽ ചില കാര്യങ്ങൾ സത്യമെന്ന് തോന്നിപ്പിക്കുന്നതാണ്. കാരണം സിപിഐയുടെ ഉറച്ച നിലപാടുകളാണ് തോമസ് ചാണ്ടിയുടെ തെറ്റായ പ്രവർത്തിയെ തുടർന്ന് രാജിയിലേയ്ക്ക് നയിച്ചത്. രാജിവെച്ച് വീട്ടിലെത്തിയ തോമസ് ചാണ്ടി പറ‍‍ഞ്ഞത് മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ്. ഇങ്ങനൊരു വെളിപ്പെടുത്തൽ ഉണ്ടാകുന്പോൾ മുഖ്യൻ ഒരു സംരക്ഷകന്റെ വേഷം എടുത്തണിഞ്ഞതായി മാത്രമാണ് കാണാൻ സാധ്യമാകുന്നത്. മാത്രവുമല്ല ആദ്യ രണ്ട് മന്ത്രിമാർക്കെതിരെ അദ്ദേഹം ‍ഞൊടിയിടയിൽ ആക്ഷനെടുത്തെന്ന പ്രചരണത്തിലെ വിശ്വാസവും നഷ്ടമാകുന്നു. അവരെയൊന്നും നിലനിർത്താൻ പോന്ന പഴുതുകൾ ഇല്ലെന്ന് മാത്രമല്ല വ്യക്തമായ തെളിവുകൾ അതിനൊരു വിലങ്ങുതടിയാകുകയും ചെയ്തിരിക്കാം.

തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോൾ തന്നെ പുറത്തുവന്ന ട്രോളാണ് ആ തക്കസമയം തോമസ് ചാണ്ടി തീരുമാനിക്കുമെന്ന്. അതിലൊരു ശരിയുണ്ടുതാനും. ഹൈക്കോടതി പരാമർശങ്ങൾ പുറത്തു വന്ന ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ തോമസ് ചാണ്ടി അന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. സിപിഐ മന്ത്രിമാർ പക്ഷെ ആ യോഗം ബഹിഷ്കരിച്ചു. അതൊരു നല്ല നടപടിയാണ്. കേവലം ഒരു ആരോപണം നേരിടുന്ന മന്ത്രിയായിരുന്നെങ്കിൽ അത്തരത്തിലൊരു യോഗത്തിൽ പങ്കെടുക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ല. മാത്രവുമല്ല അത്തരം ആരോപണങ്ങൾ നേരിടാത്ത ഒരു മന്ത്രിയേയും നമുക്ക് കാണാനും അറിയാനും കഴിയുകയുമില്ല. ഇത് പക്ഷെ ഹൈക്കോടതി പരാമർശങ്ങൾ വളരെ രൂക്ഷമായി ഉണ്ടായ സാഹചര്യത്തിൽ നടപടി ഉടൻ കൈകൊണ്ട് സർക്കാരിന്റെ മുഖച്ഛായ രക്ഷിക്കുന്നതോടൊപ്പം ജനങ്ങളോടുള്ള വിശ്വാസ്യത മുഖ്യമന്ത്രി കാത്തു സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. ഒരു മന്ത്രി നിയമം ലംഘിച്ചെന്ന് വ്യക്തമാകുന്പോൾ കൂടിയാലോചനകൾക്ക് ശേഷം ആ മന്ത്രിയുടെ ഇഷ്ടത്തിന് കാര്യങ്ങൾ അനുവദിച്ച് കൊടുക്കുന്നത് വിശ്വാസ്യയോഗ്യമായ ഒരു നടപടിയല്ല. സിപിഐ ഇത്ര കടുപ്പിച്ചൊരു നിലപാടെടുത്തില്ലായിരുന്നെങ്കിൽ സിപിഎമ്മിന്റെ സംരക്ഷണത്തിൽ തോമസ് ചാണ്ടി സുപ്രീം കോടതി വിധിവരെ കാത്തിരിക്കുമായിരുന്നു. 

മന്ത്രിയെന്ന നിലയിൽ തോമസ് ചാണ്ടി നടത്തിയ നിയമലംഘനമാണ് ഏറ്റവും ഭയത്തോടെയും ആശങ്കയോടെയും നമ്മൾ നോക്കികാണേണ്ടത്. അതിനെതിരെ ആലപ്പുഴ ജില്ലാ കളക്ടർ അനുപമ എടുത്ത നടപടിയും മാധ്യമങ്ങൾ ചെയ്ത ഇൻവസ്റ്റിഗേഷൻ സ്റ്റോറിയുമെല്ലാം പൊതു ജനങ്ങളോട് ചിലർക്കെങ്കിലും പ്രതിബദ്ധതയുണ്ടെന്ന് കാണിച്ചു തരുന്നതാണ്. പക്ഷെ പലപ്പോഴും ശരികൾക്ക് സ്ഥാനചലനം സംഭവിക്കാറാണ് പതിവ്. പൊന്നാനിയിലെ മാറഞ്ചേരി സ്വദേശി അനുപമ കേരളത്തിന് സുപരിചിതയായത് നിറപറ കറിപൗഡറിൽ മായമുണ്ടെന്ന് കണ്ടെത്തിയതിലും അതിനെതിരെ നടപടിയെടുക്കുകയും ചെയ്തതോടെയാണ്. സംസ്ഥാനത്തെ ഭക്ഷ്യവകുപ്പ് മേധാവിയായി സേവനമനുഷ്ടിച്ചു പോന്ന അനുപമ വൃത്തിയായി അവരുടെ ജോലി ചെയ്തു പോന്നിരുന്നു. ശരിയുടെ പക്ഷത്ത് നിന്ന് അവർ കറിപൗഡറിൽ മായമുണ്ടെന്ന് കണ്ടെത്തി. പക്ഷെ ആ ശരിയ്ക്ക് സ്ഥാന ചലനം സംഭവിച്ചു. അവർക്ക് സ്ഥലമാറ്റവും സ്ഥാനമാറ്റവും ഉണ്ടായി. പിന്നീട് ആലപ്പുഴ ജില്ലാകളക്ടറായി നിമയനം. ഇതെങ്ങനെ സർക്കാർ അറിവോടെയല്ലാതെ നടക്കുന്നു എന്നത് കാതടച്ചിരിക്കുന്ന ജനങ്ങളായ നമുക്ക് മനസ്സാലാൻ ഏറെ ബുദ്ധിമുട്ടാണ്.

ആലപ്പുഴ ജില്ലാ കളക്ടാറായി എത്തിയ അനുപമ അവിടെയും തന്റെ സിവിൽ സർവ്വീസ് പദവി ശരിയായി തന്നെയാണ് വിനിയോഗിച്ചത്. ഓഗസ്റ്റ് 11ന് വന്നൊരു മാധ്യമറിപ്പോർട്ടിൽ തുടങ്ങിയ അന്വേഷണം ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചെന്ന തരത്തിലുള്ള ഒരു സത്യമായ റിപ്പോർട്ട് സമർപ്പിക്കൽവരെ കൊണ്ടെത്തിച്ചു. ഉപഗ്രഹ ചിത്രങ്ങൾ സഹിതമാണ് തോമസ് ചാണ്ടിയുടെ നിയമലംഘനത്തെ ചൂണ്ടികാണിച്ച് അനുപമ റിപ്പോർട്ട് തയ്യാറാക്കിയത്. ശേഷം സർക്കാർ തലത്തിലുണ്ടായ ഈ നടപടിയെ സർക്കാരിൽ തന്നെയുള്ള മന്ത്രി ചോദ്യം ചെയ്യുന്നു. റിപ്പോർട്ട് റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുന്നു. സർക്കാരിനെതിരെ സർക്കാർ തന്നെ നൽകുന്ന ഈ ഹർജി അസാധാരണമാണെന്ന് കോടതി നിരീക്ഷിച്ചപ്പോഴാണ് മന്ത്രിക്ക് യഥാർത്ഥത്തിൽ സർക്കാർ എന്താണെന്ന് പോലും മനസ്സിലാകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അനുപമയ്ക്ക് നിരന്തരം വക്കീൽ നോട്ടീസും ഭീഷണി കത്തുകളും ലഭിച്ചതിൽ ഏറെ കുറവൊന്നും ഉണ്ടായിക്കാണില്ല, മാടന്പികൾ ഉണ്ടാകുന്പോൾ അവർക്ക് കയ്യാളുകളും ഉണ്ടാകുന്നത് സാധരണമാണല്ലോ.

കളക്ടറുടെ ജോലി അവർ വൃത്തിയായി ചെയ്ത് മുന്നോട്ട് പോകുന്പോൾ പലപ്പോഴും അത് പലർക്കും രസിക്കാതെ വരും. മുൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഇത്തരത്തിൽ ചെയ്ത ഒരു ശരിയായ പ്രവർത്തിയുടെ ഫലം ആ ശരിക്ക് സ്ഥാന ചലനം സംഭവിച്ചുകൊണ്ടാണ്  കലാശിച്ചത്. മൂന്നാർ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടർ എടുത്ത ഒഴിപ്പിക്കൽ നടപടികൾ അദ്ദേഹത്തിന്റെ സ്ഥാനചലനത്തിൽ കൊണ്ടെത്തിച്ചു. അതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിച്ചാൽ ശരികൾക്ക് എപ്പോഴും സ്ഥാന ചലനം സംഭവിക്കുന്ന നാടാണ് നമ്മുടേതെന്ന് കരുതേണ്ടി വരും. തെറ്റും ശരിയും വിലയിരുത്തുന്നത് മാറി വലിയ തെറ്റും ചെറിയ തെറ്റുമായി കണക്കാക്കപ്പെടുന്ന സമൂഹത്തിൽ യഥാർത്ഥ ശരികൾ ഇടക്കെങ്കിലും ഉണ്ടാകുന്നുണ്ടെന്നതിലാണ് ആശ്വാസം...

You might also like

Most Viewed