പുതിയ പുന്നപ്ര വയലാർ സമരഭൂമിക !


ഇ.പി അനിൽ

epanil@gmail.com

കേരളത്തിന്റെ ഭൂപ്രകൃതിയിലും രാഷ്ട്രീയ മണ്ധലത്തിലും വലിയ സംഭാവനകൾ നൽകിയ ആലപ്പുഴ ജില്ല രണ്ടു മൂന്നു മാസങ്ങളായി വാർത്തയിൽ ഇടം നേടി വരുന്നത് ടൂറിസം-കായൽ-രാഷ്ട്രീയ (അഹിത) വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. ഒരു കാലത്തെ കേരളത്തിന്റെ ഭക്ഷ്യ കലവറ, തിരുവിതാം കൂറിൽ കമ്യൂണിസ്റ്റു പാർട്ടിക്കു മേൽവിലാസം ഉണ്ടാക്കി കൊടുത്ത കയർ-കർഷക തൊഴിലാളികളുടെ നാട് ഇന്നറിയപ്പെടുന്നത് പഴയ കാലത്തെ പാരന്പര്യത്തിന്റെ തണലിലല്ല.

കേരളത്തിന്റെ മുഖ്യ ഭഷ്യ വിളകൃഷിയായ നെല്ല്, സംസ്ഥാനത്തെ എറ്റവും പ്രധാന നാണ്യവിളയായ തേങ്ങ, നാടിന്റെ വൻ തൊഴിൽ സാധ്യതയായ കയർ, കൈത്തറി, ആധുനിക വ്യവസായ സ്ഥാപനങ്ങൾ  എല്ലാം പ്രതിസന്ധിയിലാണ്. പന്പ, മീനച്ചിലാർ, മണിമലയാർ തുടങ്ങിയ പ്രധാന മൂന്നു നദികളും അതിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന വേന്പനാട്ടു കായലും നാളിതുവരെയില്ലാത്ത പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്നു. നെതർലാൻഡു കഴിഞ്ഞാൽ കടൽനിരപ്പിനും താഴെ സ്ഥിതി ചെയ്യുന്ന കര പ്രദേശം, രാഷ്ട്രീയമായും പരിസ്ഥിതികമായും തിരിച്ചടിയിലാണ്. കര വഴിയുള്ള യാത്രകൾ സജീവമാകുന്നതിനും മുന്പ് രാജ്യാന്തര കച്ചവടക്കാരും യാത്രികരും വന്നു പോയിരുന്ന ആലപ്പുഴ മലയാളക്കരയുടെ സാന്പത്തിക തലസ്ഥാനമായിരുന്നു. ആലപ്പുഴ ജില്ലയുടെ കാർഷിക വിഭവമല്ലാത്ത ഇഞ്ചിയും കുരുമുളകും ആലപ്പുഴയുടെ പേരിലാണ് ലാേക മാർക്കറ്റിൽ അറിയപ്പെട്ടത്.

കേരളത്തിലെ ആദ്യകാല ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രധാനപ്പെട്ടവയും ബുദ്ധമത ദേവാലയങ്ങളും ജില്ലയിൽ വ്യാപകമാകുവാൻ കാരണം വൈദേശികരുമായി നാടിനുണ്ടായിരുന്ന കച്ചവട ബന്ധങ്ങളിലൂടെയാണ്. പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും പണ്ടകശാലകൾ ഇവിടെ സ്ഥാപിച്ചു. തിരുവിതാംകൂറിലെ ആദ്യ കോടതികളിൽ ഒന്ന് മാവേലിക്കരയിൽ പ്രവർത്തനം തുടങ്ങി. നാട്ടിലെ ആദ്യ പോസ്റ്റാപ്പീസ് ടെലഗ്രാം ആപ്പീസ് കയർ വ്യവസായശാല ഒക്കെ പ്രവർത്തനം തുടങ്ങിയ ആലപ്പുഴയിൽ നിന്ന് ആദ്യത്തെ തൊഴിലാളി യൂണിയനും  ആദ്യ രക്തസാക്ഷിയും ഉണ്ടായി. (അബു) 

ഗുജറാത്തി, മറാട്ട, രാജസ്ഥാനികളും ആലപ്പുഴ യിൽ കച്ചവടക്കാരായി താമസിച്ചു. വൈദേശിക കച്ചവടക്കാരുമായുള്ള നാടിന്റെ ബന്ധം ആലപ്പുഴയിലെ കുറച്ചാളുകളെ ആധുനിക ചരക്കു കൈമാറ്റക്കാരാക്കി. ചതുപ്പുനിലങ്ങളും കായലുകളും നിറഞ്ഞ ആലപ്പുഴ നെൽകൃഷിയുടെയും തെങ്ങുകളുടെയും നാടായത് സ്വഭാവികമാണ്. ആദ്യകാല കച്ചവടക്കാരായ സന്പന്നർ കാർഷിക രംഗത്തും ശ്രദ്ധ പതിപ്പിച്ചു. കേരളം പണ്ടു മുതൽ അനുഭവിക്കുന്ന ഭക്ഷ്യകമ്മിയെ മുന്നിൽ കണ്ട് 18ാം നൂറ്റാണ്ടിലെ തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസനാണ് ആലപ്പുഴയെ പ്രധാന തുറമുഖ പട്ടണമാക്കി വളർത്തി എടുത്തത്. കായലുകൾ നിറഞ്ഞ പ്രദേശത്ത് കനാലുകൾ നിർമ്മിച്ച് മലന്പ്രദേശങ്ങളിൽ നിന്നുള്ള ചരക്കുകൾ (കോട്ടയം, ചങ്ങനാശ്ശേരി) കെട്ടുവള്ളങ്ങളിൽ ആലപ്പുഴ എത്തി വിദേശത്തേയ്ക്ക് കയറ്റി അയക്കുവാൻ മാർഗ്ഗങ്ങൾ ഒരുക്കിയ ധർമ്മരാജയുടെ ഉദ്യോഗസ്ഥൻ രാജ്യത്തിന്റെ കച്ചവടത്തിലൂടെയുള്ള വരുമാനം വർദ്ധിപ്പിച്ചു.

നെൽകൃഷി വ്യാപിപ്പിക്കുവാൻ 1865 മുതൽ പാട്ടവിളന്പരത്തിന്റെ ഭാഗമായി കായൽ നികത്തി കൃഷി നടത്തുവാൻ ശ്രമങ്ങൾ ആരംഭിച്ചു. പട്ടിണി സാർവ്വത്രികമായ നാട്ടിൽ വിശപ്പടക്കുവാൻ അവസരം ഒരുക്കുന്ന തൊഴിലും നെല്ല് ഉൽപ്പാദനം വർദ്ധിപ്പിക്കുന്ന മാർഗ്ഗവും ഒരുപോലെ സ്വാഗതാർഹമായ പ്രവർത്തനമായി വിലയിരുത്താം. 250 ഹെക്ടർ കായൽ നികത്തി കൊണ്ട് കായൽ കൃഷിക്ക് തുടക്കം കുറിച്ച പള്ളി താനം കുടുംബം വ്യവസായ അടിസ്ഥാനത്തിൽ നെൽ കൃഷി നടത്തിയ ആദ്യ കൃഷി വലന്മാരിൽപ്രധാനികളാണ്. രണ്ടാം ഘട്ട കായൽ നികത്തലിന് മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന മോട്ടോറുകൾ പ്രവർത്തിപ്പിച്ച് കൂടുതൽ കാര്യക്ഷമമായ രീതിയിൽ പാടങ്ങൾ ഒരുക്കി എടുത്തു. 1903ലെ മദ്രാസ് കായൽ നികത്തൽ വിരുദ്ധ നിയമം മൂലം രണ്ടാം ഘട്ട നിലം നികത്തൽ അതേവർഷം അവസാനിപ്പിച്ചു. 1912ൽ കായൽ നികത്തുവാൻ നിയമം അനുവദിച്ചപ്പോൾ പുതുതായി 12000ഏക്കർ കായൽ നികത്തി കൃഷി യോഗ്യമാക്കി. ഇംഗ്ലീഷ് അക്ഷര മാലകൾ കൊണ്ട് സൂചിപ്പിക്കുന്ന A മുതൽ ഡസനിലധികം ബ്ലോക്കുകൾ നിലവിൽ വന്നു. 1940നു ശേഷം നേരിട്ട ഭക്ഷ്യക്ഷാമത്തെ ചെറുക്കുവാൻ കൂടുതൽ ഭക്ഷണം ഉണ്ടാക്കുന്ന പദ്ധതിക്കായി കായൽ നികത്തലുകളെ സർക്കാർ പ്രോത്സാഹിപ്പിച്ചു. അത് പിൽക്കാലത്ത് ആലപ്പുഴ ഉൾപ്പെടുന്ന തീരങ്ങളിൽ ഉണ്ടാക്കി വരുന്ന ദുരന്തങ്ങൾ എത്രയോ രൂക്ഷമായി മാറിക്കഴിഞ്ഞു. 

വ്യാപകമായ നെൽകൃഷിയും ഡച്ചുകാരുടെ സഹായത്താൽ ശാസ്ത്രീയമായി മാറിയ നാളീകേര കൃഷിയും ആലപ്പുഴയെ മലയാളക്കരുയുടെ സാന്പത്തിക തലസ്ഥാനമാക്കി. രണ്ടാം ലോകയുദ്ധം തിരുവിതാം കൂറിലും വലിയ ദുരിതങ്ങൾ വിതച്ചു. പട്ടിണിമൂലം പകുതിക്കടുത്ത് ജനങ്ങൾ മരണപ്പെട്ടു. കയർ തൊഴിലാളികളും കർഷകരും പട്ടിണിക്കു കാരണമായ പൂഴ്‌ത്തിവെപ്പിനെതിരെ സമരംചെയ്യാൻ സജ്ജരായി. വടക്കേ മലബാറിൽ കർഷകരും കർഷക തൊഴിലാളികളും ഭക്ഷ്യ ക്ഷാമത്തിനെതിരെയുള്ള സമരത്തിൽ പങ്കാളിയായപ്പോൾ ആലപ്പുഴയിൽ ഫാക്ടറി തൊഴിലാളികളും കർഷക തൊഴിലാളികളും പ്രക്ഷോഭം ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആവേശത്തോടെ കണ്ട തൊഴിലാളികളെ കൂടുതൽ അസ്വസ്ഥമാക്കുന്നതായിരുന്നു തിരുവിതാംകൂർ രാജഭരണതിന്റെ നിലപാടുകൾ. 1946 ഒക്ടോബർ 25ന് തിരുവിതാംകൂർ രാജാവിന്റെ ജന്മനാളിൽ ജനങ്ങൾ കൃഷിഭൂമി പിടിച്ചെടുത്ത് ഭൂമിക്കു മുകളിൽ ജനങ്ങളുടെ അവകാശത്തെ ഉറപ്പിച്ചു. ശ്രീ സി.പിയുടെ പട്ടാളം തൊട്ടടുത്ത ദിവസം ഒക്ടോബർ 26ന് പുന്നപ്രയിൽ എത്തി തൊഴിലാളികളെ വെടിവെച്ചു. 500നടുത്തു തൊഴിലാളികളാണ് അവിടെ രക്തസാക്ഷികളായത്. തൊട്ടടുത്ത ദിവസം വയലാറിലും പട്ടാളം ജനങ്ങളെ വെടിവെച്ചു വീഴ്ത്തി. സ്വതന്ത്ര ഇന്ത്യയിൽ നിന്നു വിട്ട് നിൽക്കുവാൻ ശ്രമിച്ചു വന്ന തിരുവിതാംകൂർ ഭരണക്കാരുടെ ഉദ്യോഗ പ്രമുഖനെ വെട്ടി കൊലപ്പെടുത്തുവാൻ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മണി നടത്തിയ ശ്രമത്തെ അതിജീവിച്ച സി.പി സ്ഥാനം ഒഴിഞ്ഞ് കേരളത്തിൽ നിന്നും രക്ഷപെട്ടു. അങ്ങനെ സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയത്തിന്റെ വക്താക്കൾ പരാജയം സമ്മതിച്ച് ഇന്ത്യൻ യൂണിയനിൽ ചേരുവാൻ നിർബന്ധിതമായി. നിരക്ഷരരായ തൊഴിലാളികൾ അവകാശങ്ങൾക്കൊപ്പം ദേശീയതയുടെ സംരക്ഷക്കായി നടത്തിയ സമരം അവരുടെ രാഷ്ട്രീയ സ്വാധീനം വർദ്ധിക്കുവാൻ ഇടയുണ്ടാക്കി.

1956ലെ സംസ്ഥാന രൂപീകരണവും തുടർന്നുണ്ടായ ഒന്നാം ഇഎംഎസ് മന്ത്രിസഭയും ആലപ്പുഴയ്ക്ക് പ്രത്യേക പരിഗണന നൽകി. 57ൽ തന്നെ ആലപ്പുഴ ജില്ലാ രൂപീകരണം നടന്നു. 57ലെ ഭൂപരിഷ്കരണം വലിയ ചലനങ്ങൾ ഉണ്ടാക്കിയ ആലപ്പുഴയിലെ വൻകിട കായൽ മുതലാളിമാരുടെ പാടങ്ങൾ കൂടിയാന്മാരായ കർഷകർക്കു ലഭിച്ചു. കയർ മേഖല, ചെത്തുതൊഴിൽ രംഗം കൂടുതൽ ആനുകൂല്യങ്ങൾ നേടുവാൻ വിജയിച്ചു. പുതിയ വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ കമ്യൂണിസ്റ്റു സർക്കാർ താൽപര്യം കാണിച്ചു.

കേരളത്തിന്റെ നെൽകൃഷിക്കുണ്ടായ പിന്നോട്ടടിയുംനാളീകേര രംഗത്തിനുണ്ടായ പ്രതിസന്ധികളും ആലപ്പുഴയുടെ കാർഷിക രംഗത്ത് തിരിച്ചടികൾക്ക് ഇടയുണ്ടാക്കി. പാരിസ്ഥിതികമായി ആലപ്പുഴ ജില്ല പുതിയ പ്രശ്നങ്ങളിൽ പെട്ടു. തോട്ടം കൃഷിയിൽ വ്യാപകമായിഉപയോഗിക്കുവാൻ തുടങ്ങിയ കീടനാശിനികളും കളനാശിനികളും ജില്ലയിൽ എത്തിച്ചേരുന്ന മൂന്നു നദികളുടെ ഡെൽറ്റാ പ്രദേശങ്ങളെ വിഷലിപ്തമാക്കി. കൃഷിയെ സംരക്ഷിക്കുവാൻ ലക്ഷ്യം വെച്ചു തുടങ്ങിയ തോട്ടപ്പള്ളി സ്പിൽവെയും തണ്ണീർമുക്കം ബണ്ടും ജലചംക്രമണത്തിന്റെ സ്വഭാവത്തിൽ ഉണ്ടാക്കിയ മാറ്റം പുതിയ പ്രശ്നങ്ങൾ വരുത്തിവെച്ചു. ലോകത്തെ അത്ഭുത പ്രതിഭാസമായ ചാകരയുടെ ശക്തിയിലുണ്ടായ കുറവ് മത്സ്യബന്ധന രംഗത്ത് വരുമാനക്കുറവുണ്ടാക്കി. ഉൾനാടൻ മത്സ്യ/കക്കാ ലഭ്യതയിലും തിരിച്ചടിയുണ്ടായി. വിവിധ രംഗത്തെ പിന്നോട്ട്പോക്കിന് പരിഹാരമായി എടുത്തുകാണിക്കുവാൻ കഴിയുന്ന മാറ്റം ടൂറിസം രംഗത്തു മാത്രമാണ് ഉണ്ടായത്. ഇന്ത്യൻ ടൂറിസം മാപ്പിൽ ആലപ്പുഴയുടെ കെട്ടുവള്ളവും ഭക്ഷണവും പുതിയ സാധ്യതകളായി നിലവിലുണ്ട്. എന്നാൽ അതു നിലനിർത്തണമെങ്കിൽ കുട്ടനാട് പഴയ കാല കാർഷിക ഗ്രാമ പ്രൗഡിയിലേയ്ക്കു മടങ്ങിപോകേണ്ടതുണ്ട്. നെൽകൃഷി ലാഭകരമാകുന്ന തരത്തിൽ സർക്കാർ സാന്നിദ്ധ്യമുണ്ടാകണം. അതിന് പ്രധാനമായി നെൽപ്പാടങ്ങൾ, കുളങ്ങളും പുഴകളും നിലനിർത്തൽ, കെട്ടുവള്ളങ്ങൾ വരുത്തുന്ന കായൽ മലിനീകരണം, നിയന്ത്രിക്കൽ, കീടനാശിനി നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൈ കൊള്ളേണ്ട ഗൗരവതരമായ സമീപനങ്ങളാണ് ഉണ്ടാകേണ്ടത്. അതിന് ആലപ്പുഴയുടെ ചരിത്ര സൃഷ്ടാക്കളായ തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ സംഘടനകൾ പരാജയപ്പെട്ടാൽ അത് ജനങ്ങളിൽ വലിയ തരത്തിൽ അവ മതിപ്പിന് കാരണമാകും. ആലപ്പുഴയുടെ ചരിത്രം സൃഷ്ടിച്ച കർഷിക തൊഴിലാളികളുടെയും പരന്പരാഗത തൊഴിലാളികളുടെയും ദൈനംദിന ജീവിത വിഷയങ്ങളെ മറന്നു പോകുന്ന ഇടതുപക്ഷ പാർട്ടി അവർ വളർന്നു വന്ന ചുറ്റുപാടുകളെയും അവരുടെ ജീവവായുവായി കഴിഞ്ഞ നാളുകളിൽ അണിനിരന്ന സമര സഖാക്കളെയും ‘വഴിയിൽ ഉപേക്ഷിക്കുകയാണ് എന്നു പറയേണ്ടി വരുന്ന അവസ്ഥ രാഷ്ട്രീയ ലോകത്തിന് ആശാവഹമായിരിക്കുകയില്ല.

You might also like

Most Viewed