ഇന്ത്യയുടെ ചാച്ചാജി...


സ്വന്തം ലേഖകൻ

വംബർ 14, ഇന്ന് ശിശുദിനമാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന ഉറച്ചവിശ്വാസമുണ്ടായിരുന്ന ജവഹർലാൽ നെഹ്്റുവിന്റെ ജൻമദിനമാണ് ശിശുദിനമായി ഇന്ത്യ ആചരിച്ചു പോരുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്്റു കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട ചാച്ചാജിയായിരുന്നു. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ ഒരു പന്ത് മരപ്പൊത്തിൽ പോയതും പന്തെടുക്കാൻ കഴിയാതിരുന്ന കുട്ടികൾക്കിടിയിലേയ്ക്ക് നെഹ്റു എത്തിയതും കുട്ടികൾക്ക് പന്തെടുക്കാൻ ഉപായം പറഞ്ഞുകൊടുത്തതുമായ വളരെ പരിചിതമായൊരു കഥയിലൂടെ സ്കൂൾ തലം മുതൽക്ക് തന്നെ രാജ്യത്തെ ഓരോ കുട്ടിയും അവരുടെ ചാച്ചാജിയെ അറിഞ്ഞു പോന്നിരുന്നു. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന്റെ കാലഘട്ടത്തിൽ വിദ്യാഭ്യാസരംഗത്ത് നവീനമായ ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. അതുപോലെ തന്നെ പ്രാഥമികവിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങൾതോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമ്മിച്ചു. കുട്ടികൾക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന ഒരു പരിപാടിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു. വയോജനവിദ്യാഭ്യാസത്തിനും, തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിനും പ്രാമുഖ്യം നൽകി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം തുടങ്ങിയത് നെഹ്റു ഇന്ത്യയെ നയിച്ചിരുന്ന കാലത്താണ്.

ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു ശ്രീ പണ്ധിറ്റ് ജവഹർലാൽ നെഹ്റു. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്്റു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്റുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.

വിദേശ വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്്റു അലഹബാദ് കോടതിയിൽ അഭിഭാഷകനായാണ് ഉദ്യോഗം ആരംഭിച്ചത്. ഇക്കാലയളവിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തോടും താൽപര്യമുണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്്റു താൽപര്യപ്പെട്ടത്. തന്റെ മാർഗ്ഗദർശി കൂടിയായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ (മഹാത്മാ ഗാന്ധി) അനുഗ്രഹത്തോടെ നെഹ്റു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി. ബ്രിട്ടനിൽ നിന്നും ഇന്ത്യക്കു പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ജവഹർലാൽ ഉറക്കെ പ്രഖ്യാപിച്ചു. ഇടതുപക്ഷപരമായ കോൺഗ്രസ്സിന്റെ നയങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.

സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിൽ 1930കളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽ നിന്നു നയിച്ചത് കോൺഗ്രസ്സും അതിന്റെ തലവനായിരുന്ന ജവഹർലാൽ നെഹ്റുവുമായിരുന്നു. സ്വാതന്ത്രം നേടിയ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു നെഹ്്റു. ഗാന്ധി തൻ്റെ രാഷ്ട്രീയ പിൻഗാമിയായി നെഹ്റുവിനെ കണ്ടുതുടങ്ങിയ 1941ൽ തന്നെ നേതൃത്വത്തിന്റെ വിഷയത്തിൽ തീരുമാനമായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി തീർക്കാനുള്ള ഒരു പദ്ധതി നെഹ്്റു ആവിഷ്കരിച്ചു. സാമൂഹിക, സാന്പത്തിക, രാഷ്ട്രീയ രംഗത്ത് നവീകരണപദ്ധതികൾ നെഹ്റു നടപ്പിലാക്കുകയുണ്ടായി. നെഹ്റുവിന്റെ നേതൃത്വകാലത്ത് കോൺഗ്രസ്സ് ഒരു വൻ രാഷ്ട്രീയപാർട്ടിയായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വിജയം കൈവരിച്ചു. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ പ്രചാരം എന്നിവയിലെല്ലാം നെഹ്റുവിന്റെ ദീർഘവീക്ഷണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും കാണാവുന്നതാണ്. കോ
ളനി വാഴ്ചയിൽ നിന്നും ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും സ്വേഛാധിപത്യത്തിന്റെ പിടിയലമർന്നപ്പോഴും ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് ജവഹർലാൽ നെഹ്റുവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ്.

മതസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിറം, ജാതി എന്നീ വേർതിരിവുകളില്ലാതെ നിയമം എല്ലാവർക്കും ഒരേ പോലെ നടപ്പാക്കുക, കർഷകരുടെ താൽപര്യങ്ങളെ സംരക്ഷിക്കുക, തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ എന്നീ ദുരാചാരങ്ങൾ ഉന്മൂലനം ചെയ്യുക, വ്യവസായങ്ങൾ ദേശസാത്കരിക്കുക, എല്ലാറ്റിനുമുപരി മതനിരപേക്ഷയായ ഇന്ത്യ എന്നിവയായിരുന്നു നെഹ്റുവിന്റെ ദർശനത്തിലുള്ള ഭാവി ഇന്ത്യ. ഫാസിസത്തിന്റെ ഒരു കാലഘട്ടത്തിൽ ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കൂടെ നിൽക്കാനാണ് ജവഹർലാൽ നെഹ്റു തീരുമാനിച്ചത്. കൂടാതെ ഇന്ത്യയുടെ സാന്പത്തിക നയങ്ങൾ രൂപപ്പെടുത്താൻ ദേശീയ ആസൂത്രണ കമ്മീഷനെ നിയമിച്ചു. എന്നാൽ 1947ലെ ഇന്ത്യാ വിഭജനം മൂലം അദ്ദേഹത്തിന്റെ പല നയങ്ങളും നടപ്പാക്കപ്പെടാതെ പോയി. രാജ്യത്തിന്റെ സാന്പത്തികസുരക്ഷക്ക് മുൻഗണന നൽകിയ നെഹ്റു 1951ൽ ആദ്യത്തെ പഞ്ചവത്സരപദ്ധതി അവതരിപ്പിച്ചു. ഇതിനായി ദേശീയ ആസൂത്രണ കമ്മീഷനും രൂപീകരിച്ചു. വ്യവസായ മേഖലയിലും കാർഷിക മേഖലയിലും രാജ്യത്തിന്റെ നിക്ഷേപം ഈ പദ്ധതിയിലൂടെ ഉറപ്പാക്കി. കൂടാതെ കൂടുതൽ വ്യവസായം തുടങ്ങാനും അതിലൂടെ രാജ്യത്തിന് വരുമാന നികുതി വർദ്ധിപ്പിക്കാനും പഞ്ചവത്സരപദ്ധതിയിലൂടെ ലക്ഷ്യമിട്ടു. നെഹ്റുവിന്റെ നേതൃത്വത്തിൽ ഒരു ഭൂപരിഷ്കരണത്തിനുള്ള പദ്ധതിതന്നെ തയ്യാറാക്കി. ആവശ്യത്തിലധികം ഭൂമികൈവശം വെച്ചിരിക്കുന്ന ജന്മികളിൽ നിന്നും, ഭൂമി പിടിച്ചെടുത്ത് വ്യാവസായിക കാർഷിക ആവശ്യത്തിനായി വിനിയോഗിക്കുന്നതിനു വേണ്ടി വിതരണം ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. ഭൂമി ജന്മികളിൽ നിന്നും പിടിച്ചെടുത്തെങ്കിലും യഥാർത്ഥ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സഹകരണാടിസ്ഥാനത്തിലുള്ള കൃഷി എന്ന വിപ്ലവകരമായ ആശയംപോലും ജന്മികളുടെ ഇടപെടൽ മൂലം നെഹ്റുവിന് ഉപേക്ഷിക്കേണ്ടി വന്നു. ജന്മികൾ കോൺഗ്രസ്സിലെ ഒരു വിഭാഗത്തെ സ്വാധീനിച്ച് നെഹ്റുവിന്റെ നീക്കങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. കാർഷികരംഗത്ത് നവീന ആശയങ്ങൾ നടപ്പിലാക്കാൻ വേണ്ടി കാർഷികസർവ്വകലാശാലകൾ നെഹ്റുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇവിടെ ഇന്ത്യയുടെ സാഹചര്യങ്ങൾക്കുതകിയ വിത്തിനങ്ങളും മറ്റു കാർഷികഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ തുടങ്ങി. എന്നാൽ മോശം കാലാവസ്ഥ ഇത്തരം നീക്കങ്ങൾക്കെല്ലാം വിലങ്ങുതടിയായി മാറി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നീ നിലയിൽ ജവഹർലാൽ നെഹ്റു ആധുനിക ഇന്ത്യയുടെ സർക്കാർ, രാഷ്ട്രീയ സംസ്കാരം ഇവ വിദേശ നയത്തിന്റെ സഹായത്തോടെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായിട്ടുള്ള നെഹ്റുവിന്റെ നടപടികൾ വളരെ പ്രശംസ നേടിയിട്ടുണ്ട്. നെഹ്റുവിന്റെ വിദ്യാഭ്യാസ നയങ്ങൾ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് കാരണമായിട്ടുണ്ട്.

അലഹബാദിലെ കാശ്മീരി പണ്ധിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്റുവിന്റേയും, ഭാര്യ സ്വരുപ്റാണി തുസ്സുവിന്റേയും മകനായാണ് ജവഹർലാൽ ജനിച്ചത്. ഇവർക്കു ജനിച്ച മൂന്നു മക്കളിൽ മുതിർന്ന ആളായിരുന്നു ജവഹർ. അമൂല്യരത്നം എന്നാണ് ജവഹർ എന്ന അറബിവാക്കിന്റെ അർത്ഥം. ലാൽ എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം. നെഹ്റു എന്നത് യഥാർത്ഥ കുടുംബപ്പേരല്ല. കാശ്മീരിലെ കൗൾ കുടുംബമാണ് നെഹ്റുവിന്റേത്. എന്നാൽ ഡൽഹി വാസത്തിനിടയിൽ തലമുറകൾക്കു മുന്പ് ലഭിച്ചതാണ് നെഹ്റു എന്ന കുടുംബപ്പേര്. നഹർ എന്ന പേർഷ്യൻ ഭാഷയിൽ നിന്നാണ് നെഹ്റു എന്ന നാമം ഉണ്ടായത്. ഔറംഗസീബ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ കാശ്മീരിൽ നിന്നും ഡൽഹിയിലേയ്ക്കു കുടിയേറിപ്പാർത്ത നെഹ്റുവിന്റെ മുൻതലമുറക്കാരിൽ രാജ് കൗൾ എന്ന വ്യക്തിയാണ് പിന്നീട് പേരിനൊപ്പം നെഹ്റു എന്ന് ഉപയോഗിക്കാൻ തുടങ്ങിയത്.

സംഭവബഹുലമല്ലാത്ത കുട്ടിക്കാലം എന്നാണ് നെഹ്റു തന്റെ ബാല്യകാലത്തെക്കുറിച്ച് വിശേഷിപ്പിക്കാറുണ്ടായിരുന്നത്. മോത്തിലാൽ തന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിച്ചിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജവഹർലാൽ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ പോയി. ഇംഗ്ലണ്ടിലെ ഹാരോസ്കൂൾ, കേംബ്രിഡ്ജ്‌ −ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു നെഹ്റുവിന്റെ സർവ്വകലാശാലാ വിദ്യാഭ്യാസം.

കുട്ടികളോടുള്ള സ്നേഹവും, അവരുടെ ക്ഷേമത്തിനും, വിദ്യാഭ്യാസത്തിനുമായി ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് നെഹ്റുവിന്റെ ജന്മദിനം ഭാരതത്തിൽ ശിശുദിനമായി ആചരിച്ചു പോരുന്നത്. അതിനുപുറമെ നെഹ്റുവിനോടുള്ള ആദരപൂർവ്വം പൊതുസ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച സർവ്വകലാശാലകളിലൊന്നായ ഡെൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല, മുംബൈയിലെ ആധുനിക തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ട് എന്നിവ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണത്തിനോടുള്ള ആദരവായിട്ട് രാജ്യം നാമകരണം ചെയ്തതാണ്. നെഹ്റു അധികാരത്തിലിരുന്നപ്പോൾ താമസിച്ചിരുന്ന ഡെൽഹിയിലെ തീൻ മൂർത്തി ഭവൻ എന്ന വീട് ഇപ്പോൾ ഒരു മ്യൂസിയമായി സംരക്ഷിച്ചു പോരുന്നു. ഇന്ത്യ യശ്ശസോടെ തലയുയർത്തി നിൽക്കുന്നിടത്തോളം നെഹ്റു ഇന്ത്യയുടെ ചാച്ചാജിയായി നിലനിൽക്കും...

You might also like

Most Viewed