വാ­ക്പോ­രി­ന്റെ­ വാ­രം...


വി.ആർ. സത്യദേവ് 

sathya@dt.bh

രിൽ പ്രധാനമാണ് വാക്പോര്. പോരാട്ടങ്ങൾക്ക് ഉശിരുപകരാനും പോരാളികളെ ആവേശഭരിതരാക്കാനും വലിയ കഴിവുള്ളവരായിരുന്നു എല്ലാക്കാലത്തെയും നായകന്മാർ. വാക്കുകൾ കൊണ്ടു തന്നെ പലപ്പോഴും എതിരാളികൾക്ക് മേൽ ആധിപത്യം നേടാനും ചിലപ്പോഴെങ്കിലും എതിരാളികളെ കീഴടക്കാനും കഴിഞ്ഞവരുണ്ട്. അതുകൊണ്ടൊക്കെത്തന്നെയാണ് ആധുനികകാലത്തും വാക്പോരിന് പ്രസക്തിയേറുന്നത്. ലോകശക്തികളും അവയുടെ നായകന്മാരുമൊക്കെ ഇക്കാര്യത്തിൽ ബദ്ധശ്രദ്ധാലുക്കളാണ്. ശീതയുദ്ധ കാലത്ത് അമേരിക്കയുടെയും റഷ്യയുടെയും പക്ഷങ്ങളിൽ നിന്നുള്ള പ്രസ്താവനകൾക്ക് തീവ്ര നാശശേഷിയുള്ള ആയുധങ്ങളുടെ ശക്തിയുണ്ടായിരുന്നു. അമേരിക്കയും ഇറാഖിന്റെ നായകൻ സാക്ഷാൽ സദ്ദാം ഹുസ്സൈൻ തിക്രിതിയുമായും ഇത്തരം വാക്പോര് ഒരുകാലത്തു പതിവായിരുന്നു. 

വർത്തമാനകാലത്ത് ഈ പോരിൽ മുന്പിലുള്ളത് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നായകൻ കിം ജോംഗ് ഉന്നുമാണ്. എതിരാളികൾ നാക്കിന് എല്ലില്ലാത്തവരാകുന്പോൾ വാക്പോരുകളുടെ രൂക്ഷതയേറുന്നു. ട്രംപിന്റെയും കിമ്മിന്റെയും കാര്യമാകുന്പോൾ എല്ലില്ലാഴിക എന്നയിടത്ത് നാക്കിന് ബെല്ലും ബ്രേക്കും ഇല്ല എന്നതാകുന്ന് അവസ്ഥ. എന്താണ്, എപ്പോഴാണ് ഇരുവരും മൊഴിയുക എന്നു പറയാനാവില്ല. പറയുന്ന ശൈലിയാവട്ടെ പച്ച മലയാളത്തിൽ പറഞ്ഞാൽ പരത്തറയും.

രണ്ട് പേരും അടിസ്ഥാനപരമായി വാടാ പോടാ ശൈലിക്കാരാണ്. രണ്ട് ലോകരാഷ്ട്രങ്ങളുടെ നായകന്മാരാണ് തങ്ങൾ എന്നതൊക്കെ മറന്നാണ് രണ്ട് പേരുടെയും പരസ്പര അഭിസംബോധനയും ഇകഴ്ത്തലും. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശത്രുത വർദ്ധിച്ചതോടെ ഇരുവരും തമ്മിലുള്ള വാക്പോരിന്റെ നിലവാരവും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പു കുത്തിയിരിക്കുന്നു. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ 12 ദിവസത്തെ ദക്ഷിണേഷ്യൻ സന്ദർശനം പൂർത്തിയാവുകയാണ്. സന്ദർശനത്തിനിടെ ഇരുവരും നടത്തിയ പ്രസ്താവനകൾ പരിഗണിക്കുന്പോൾ ഇതെന്തു ലോക രാഷ്ട്രീയം എന്നു പരിതപിച്ച് അറിയാതെ മൂക്കത്തു വിരലു വച്ചു പോകും. 

മലയാള കാവ്യസരണിയിൽ പുതുവഴികൾ വെട്ടിത്തുറന്ന പ്രശസ്ത കവി അയ്യപ്പപണിക്കർ സാറെഴുതിയ മോഷണം എന്ന പ്രശസ്തമായൊരു കവിതയുണ്ട്. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ... താൻ കള്ളനെന്നു വിളിച്ചില്ലേ... എന്നു തുടങ്ങുന്നതാണ് കവിത. ആക്ഷേപ ഹാസ്യത്തിനുള്ള ഉത്തമോദാഹരണമാണ് ആ കവിത. കവിതയിലെ ചോദ്യം ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതാണ് പ്രസിഡണ്ട് ട്രംപിന്റെ പുത്തൻ ചോദ്യം. താൻ ഉത്തരകൊറിയൻ നായകനെ കുള്ളനെന്നും പൊണ്ണത്തടിയനെന്നും ഒന്നും വിളിച്ച് അധിക്ഷേപിച്ചില്ലല്ലോ എന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ ട്വീറ്റുകളിലുള്ളത്. അയ്യപ്പപ്പണിക്കരുടേത് ആക്ഷേപ ഹാസ്യമായിരുന്നിടത്ത് സംഗതി ട്രംപിലെത്തുന്പോൾ ശുദ്ധ ആക്ഷേപം മാത്രമാകുന്നു. ഡാ തടിയാ എന്നോ ഡാ കുള്ളാ എന്നോ ഒക്കെ ഉത്തരകൊറിയൻ ഏകാധിപതിയെ മുഖത്തു നോക്കി വിളിക്കുക തന്നെയാണ് ട്രംപ്. ഇക്കാര്യത്തിൽ ട്രംപിനെ നമുക്കങ്ങ് കുറ്റം പറയാനുമാവില്ല. ലോകം മുഴുവൻ ഓടിച്ചാടി നടന്നു ലോകത്തെതന്നെ ഉള്ളം കൈയിലിട്ട് അമ്മാനമാടുന്ന അതിശക്തനായ നേതാവിനെ അത്തരത്തിലാണ് ഉത്തര കൊറിയക്കാർ പരിഹസിച്ചത്. ട്രംപ് അടുത്തിട നടത്തിയ പ്രസ്താവനകളെ കിഴവന്റെ ഭ്രാന്തജൽപ്പനങ്ങൾ എന്നായിരുന്നു കൊറിയ വിശേഷിപ്പിച്ചത്. 

കൊറിയൻ പ്രദേശത്ത് ആണവായുധപ്രയോഗം നടത്തേണ്ടി വരുന്ന സാഹചര്യമാണ് തന്റെ പ്രസ്താവനകളിലൂടെ ട്രംപ് നടത്തുന്നത് എന്നായിരുന്നു കമ്യൂണിസ്റ്റ് കൊറിയയുടെ ആരോപണം. ഭീതിയുണ്ടാക്കുമെങ്കിലും ഇതും ചിരിക്കാൻ വഴിവയ്ക്കുന്ന പ്രസ്താവന തന്നെയാണ്. അമേരിക്കയെ ഭൂമുഖത്തു നിന്ന് ഇല്ലാതാക്കുമെന്നും ആ രാജ്യത്തെ ചാരമാക്കാൻ ഭൂഖണ്ധാന്തര ആണവ മിസൈലുകളയക്കുമെന്നും ഒക്കെ നിരന്തരം ഭീഷണി മുഴക്കുന്ന രാജ്യമാണ് ട്രംപിന്റെ ഭീഷണികളെക്കുറിച്ച് പരാതി പറയുന്നത്. വികൃതിക്കാരൻ കുട്ടിയുടെ ജൽപ്പനങ്ങളായേ ഇതിനെയും വിലയിരുത്താനാവൂ. ട്രംപ് തങ്ങളുടെ തൊട്ടയൽരാഷ്ട്രമായ ദക്ഷിണ കൊറിയയിൽ കാലുകുത്തിയാൽ എന്തു സംഭവിക്കുമെന്നു പറയാനാവില്ല എന്നതായിരുന്നു ട്രംപിന്റെ ദക്ഷിണേഷ്യൻ സന്ദർശന വാർത്ത വന്നതു മുതലിങ്ങോട്ടുള്ള ഉത്തരകൊറിയക്കാരുടെ ഭീഷണി. ഈ ഭീഷണികളെ അവഗണിച്ചായിരുന്നു ട്രംപ് ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ പറന്നിറങ്ങിയത്. കൊറിയൻ പ്രശ്നത്തിൽ അമേരിക്കയുടെ ഇളക്കമില്ലാത്ത പിന്തുണ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. ഉത്തരകൊറിയൻ ഭീഷണികൾക്കു മുന്പിൽ ചഞ്ചലപ്പെടില്ല എന്ന് ആവർത്തിച്ചു വ്യക്തമാക്കാനും ട്രംപിനായി. പ്രവചനാതീതമാണ് പലപ്പോഴും ഉത്തരകൊറിയൻ നിലപാടുകളും നടപടികളും. അതുകൊണ്ടു തന്നെ എന്തും സംഭവിക്കാം എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലെ സ്ഥിതി. എന്നാൽ വലിയ വാചകങ്ങൾക്കും നിയന്ത്രണമില്ലാത്ത ആയുധ പരീക്ഷണങ്ങൾക്കുമപ്പുറം വഴിവിട്ടൊരു കടന്നാക്രമണത്തിന് കിം ഭരണകൂടം എളുപ്പത്തിൽ മുതിരില്ല എന്നും ട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനം വ്യക്തമാക്കി.

കിമ്മിനും ഉത്തര കൊറിയയ്ക്കുമെതിരായ നീക്കങ്ങളിൽ വലിയ നേട്ടമുണ്ടാക്കാൻ ട്രംപിനായില്ല എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ ആരോപിക്കുന്നു. എന്നാൽ ഉത്തര കൊറിയയുടെ ഏക ചങ്ങാതിയായ ചൈനയെ വിശ്വാസത്തിലെടുക്കാൻ ട്രംപിനായി. കുറഞ്ഞപക്ഷം ട്രംപിന്റെ വാക്കുകൾ നൽകുന്ന സൂചന അതാണ്. വലിയ ശത്രുത നിലനിന്നിരുന്ന ചൈനയുടെ നായകനെക്കുറിച്ച് കലവറയില്ലാത്ത പ്രശംസയാണ് ചൈനീസ് സന്ദർശനത്തിനൊടുവിൽ എയർഫോഴ്സ് വണ്ണിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് നടത്തിയത്. ആധുനിക ചൈനയുടെ സ്ഥാപകൻ സാക്ഷാൽ മാവോ സെ ദോംഗിനു തുല്യനായ നേതാവാണ് ചൈനീസ് നായകൻ ഷി ജിൻപിംഗെന്നാണ് ട്രംപ് പറഞ്ഞത്. അടുത്തിടെ ചേർന്ന 19ാം പാർടി കോൺഗ്രസ് ഷിയുടെ പേരും തത്വശാസ്ത്രവും ഉൾപ്പെടുത്തി രാഷ്ട്രത്തിന്റെ ഭരണഘടന പരിഷ്കരിച്ചിരുന്നു. പാർടിയിലും രാഷ്ട്രത്തിനു മേലും ഷിയുടെ സ്വാധീനം അരക്കിട്ടുറപ്പിക്കുന്നതാണ് ഈ നടപടി. വാസ്തവത്തിൽ അമേരിക്ക മുന്നോട്ടു വെയ്ക്കുന്ന ജനാധിപത്യ ദർശനങ്ങൾക്ക് കടക വിരുദ്ധമാണ് ഈ നടപടികൾ. ഇതെല്ലാം മറന്നാണ് അളവില്ലാത്ത പ്രശംസകൊണ്ട് ഷിയെ ട്രംപ് അഭിഷേകം ചെയ്യുന്നത്. എങ്ങിനെയും കൊറിയൻ പ്രശ്നത്തിൽ ഷിയുടെ പിന്തുണ ഉറപ്പാക്കുക എന്നതാണ് ട്രംപിന്റെ നിലപാട്. തത്വശാസ്ത്രങ്ങൾക്കും പരന്പരാഗത വൈരത്തിനുമൊന്നും അതിനിടയിൽ സ്ഥാനമില്ല. ഇക്കാര്യത്തിൽ ഷിയുടെ വിശ്വാസം നേടാൻ കുറച്ചൊക്കെ ട്രംപിനു കഴിഞ്ഞിട്ടുമുണ്ട്. ഉത്തരകൊറിയൻ നിരായുധീകരണ വിഷയത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡണ്ട് ഷിയുടെ ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് പറയുന്നു. ചൈന ഇതു നിരാകരിച്ചിട്ടില്ല. എന്നാൽ ചൈനയുടെ വാക്ക് വിശ്വസിക്കാമോ എന്ന വലിയൊരു ചോദ്യം ബാക്കി നിൽക്കുകയാണ്. 

വിയറ്റ്നാമിൽ നടക്കുന്ന ഏഷ്യ പസഫിക് ഉച്ചകോടിക്കായാണ് പ്രധാനമായും പ്രസിഡണ്ട് ട്രംപ് മേഖലയിലെത്തിയത്. അതിന് ഉത്തരകൊറിയൻ പ്രശ്ന പശ്ചാത്തലത്തിൽ പ്രസക്തി ഏറുകയും ചെയ്തു. കൊറിയൻ മണ്ണിൽ കാലുകുത്തി ഉത്തരകൊറിയക്കെതിരെ അതിശക്തമായ മുന്നറിയിപ്പു നൽകാനും ദക്ഷിണകൊറിയയ്ക്കും ഇപ്പാനുമുള്ള പിന്തുണ പ്രഖ്യാപിക്കാനും ട്രംപിനായി. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗിൽ നിന്നുള്ള സൗഹാർദ്ദ പൂണ്ണമായ സമീപനവും ട്രംപിന്റെ നേട്ടം തന്നെ. ഇതിനൊപ്പം വിലപ്പെട്ടതാണ് വിയറ്റ്നാം സന്ദർശനത്തിനിടെ അദ്ദേഹം റഷ്യൻ നായകൻ വ്ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ച. ആറു വർഷമായി തുടരുന്ന സിറിയൻ പ്രശ്നത്തിൽ ഗതിമാറ്റമുണ്ടാകുമെന്നു വ്യക്തമാക്കുന്നതാണ് കൂടിക്കാഴ്ചക്കു ശേഷമുള്ള ട്രംപിന്റെ പ്രസ്താവന.സിറിയൻ പ്രശ്നത്തിൽ സായുധ പരിഹാരമല്ല രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാവേണ്ടത് എന്ന കാര്യം ഒടുവിൽ അമേരിക്കയും അംഗീകരിച്ചു. ഇക്കാര്യത്തിൽ അമേരിക്കയും റഷ്യയും ഇതുവരെ രണ്ടു തട്ടിലായിരുന്നു. പ്രദേശത്തെ രക്തച്ചൊരിച്ചിലിന് പതുക്കെയങ്കിലും പരിഹാരമാവും എന്ന പ്രത്യാശയാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിലൂടെ ഉണരുന്നത്.

ഈ സൗഹാർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തര കൊറിയക്കെതിരായ സൈനിക നീക്കങ്ങൾ അമേരിക്ക ശക്തമാക്കുന്ന കാഴ്ചക്കാണ് വാരാദ്യത്തിൽ ലോകം സാക്ഷ്യം വഹിക്കുന്നത്. കൊറിയൻ മേഖലയിൽ ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും സംയുക്തസൈനികാഭ്യാസം തുടങ്ങിക്കഴിഞ്ഞു. അമേരിക്കയുടെ പതിനാലും ദക്ഷിണ കൊറിയയുടെ ഏഴും പടക്കപ്പലുകളാണ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത്. അമേരിക്കയും ജപ്പാനും ചേർന്നുള്ള മറ്റൊരു സംയുക്ത സൈനികാഭ്യാസത്തിനും പ്രദേശം സാക്ഷിയാവുകയാണ്. അമേരിക്കയുടെയും ജപ്പാന്റെയും ഏറ്റവും വലിയ യുദ്ധക്കപ്പലുകൾ സൈനികാഭ്യാസത്തിൽ പങ്കു ചേരുന്നു. വാക്പോരിനപ്പുറമുള്ള പോരും മേഖലയിൽ ശക്തമാവുകയാണ്. സംഘർഷങ്ങൾക്ക് അവസാനമില്ല. 

You might also like

Most Viewed