രാ­ഷ്ട്ര ശി­ൽ‍­പ്പി­യാ­യ മൗ­ലാ­നാ­ അബ്ദു­ൾ‍­കലാം ആസാ­ദ്


ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വവും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും രാഷ്ട്രശിൽ‍പ്പിയുമായ മൗലാനാ അബ്ദുൾ‍കലാം ആസാദിന്‍റെ 127ാം ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്‍റെ പിറന്നാൾ‍ ദേശീയ വിദ്യാഭ്യാസ ദിനമായി രാജ്യം ആചരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും, രാജ്യത്തെ പൗരന്മാരുടെ വൈജ്ഞാനിക പുരോഗതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും പഠിക്കാനും അവയിൽ‍ നിന്ന് പാഠമുൾ‍ക്കൊള്ളാനും ഈ ദിനം രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്യുന്നു.

1888 നവംബർ‍ 11ന് സൗദി അറേബിയയിലെ മക്കയിലാണ് ആസാദ് ജനിച്ചത്. മൗലന അബ്ദുൾ‍ കലാം മുഹിയുദ്ദിൻ അഹമ്മദ് എന്നായിരുന്നു യഥാർ‍ത്ഥ പേര്. സ്വതന്ത്രം എന്ന് അർ‍ത്ഥം വരുന്ന ‘ആസാദ്’ അദ്ദേഹത്തിന്‍റെ തൂലികാ നാമമായിരുന്നു. മുഗൾ‍ ചക്രവർ‍ത്തിയായിരുന്ന ബാബറിന്‍റെ കാലത്ത് ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാനിലെ ഹേറത്തിൽ‍ നിന്നുള്ള ഉലമ ഇസ്ലാമിക പണ്ധിതന്മാരുടെ കുടുംബത്തിന്‍റെ പിന്തുടർ‍ച്ചക്കാരാണ് ആസാദിന്‍റെ കുടുംബം. മദീനയിലെ മുഫ്തി ഷെഖ് മുഹമ്മദ് സ്വഗീറിന്റെ മകൾ ആലിയയാണ് ആസാദിന്റ മാതാവ്. ബംഗാളിൽ താമസിച്ചിരുന്ന ആസാദിന്റെ പിതാവ് മൗലാന ഖയിറുദ്ദീൻ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യ വിട്ട് മക്കയിൽ കുടിയേറിപ്പാർത്തു. അവിടെ വെച്ച് വിവാഹിതനായ അദ്ദേഹം 1890ൽ കൊൽ‍ക്കത്തയിൽ തിരിച്ചെത്തി. പതിമൂന്നാം വയസ്സിൽ‍ ആസാദ് വിവാഹിതനായി. സുലേഖ ബീഗമാണ് അദ്ദേഹത്തിന്‍റെ ഭാര്യ.

ഒരു കുട്ടിയുടെ പ്രഥമ കരിക്കുലം വീടാണ് എന്ന ചൊല്ലിനെ അക്ഷരാർ‍ത്ഥത്തിൽ അന്വർ‍ത്ഥമാക്കിയ വ്യക്തിയാണ് മൗലാനാ ആസാദ്. തത്വശാസ്ത്രം, ജ്യാമിതി, കണക്ക്, ആൾ‍ജിബ്ര തുടങ്ങിയ വിജ്ഞാനീയങ്ങൾ അദ്ദേഹം വീട്ടിൽ നിന്നു തന്നെ കരസ്ഥതമാക്കി. പിതാവും കഴിവുറ്റ അദ്ധ്യാപകരും അദ്ദേഹത്തിന് വിജ്ഞാനം പകർ‍ന്നു നൽ‍കി. ഇംഗ്ലീഷിന്റെ പ്രാധാന്യം പിന്നീട് തിരിച്ചറിഞ്ഞ അദ്ദേഹം അത് സ്വയം പഠിച്ചെടുക്കുകയും ചെയ്തു. പത്രക്കാരനാകാൻ ആഗ്രഹിച്ച അദ്ദേഹം വളരെ ചെറുപ്പത്തിൽ‍ തന്നെ എഴുതിത്തുടങ്ങി. 13ാമത്തെ വയസിൽ‍ സ്വന്തമായി ഒരു ലൈബ്രറിയും വായന ശാലയും വീട്ടിൽ‍ സ്ഥാപിച്ച അദ്ദേഹം 15ാമത്തെ വയസ്സിൽ‍ തന്റെ ഇരട്ടി പ്രായമുള്ള പഠിതാക്കൾ‍ക്ക് അക്ഷരങ്ങളുടെ ഗുരുവാകുകയായിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ശേഷവും ഇന്ത്യയിലെ ഹിന്ദു-−മുസ്ലീം ഐക്യം സാധ്യമാക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മുൻനിര നേതാക്കളിലൊരാളായ വേളയിൽ ഗാന്ധിയുമായി അടുത്തിടപഴകി. തന്റെ പരമമായ ചരിത്രദൗത്യമായി അദ്ദേഹം കണ്ടത് ഹിന്ദു−-മുസ്ലീം ഐക്യവും ഇന്ത്യയുടെ അഖണ്ധതയുമായിരുന്നു. സാമ്രാജ്യത്വത്തിന്റെ ആസൂത്രണക്കുരുക്കിൽ‍പെടാതെ ഇരുസമുദായങ്ങളെയും ദേശീയവിമോചനത്തിൽ‍ ഏകോപിപ്പിച്ചുനിർ‍ത്തേണ്ടത് സർ‍വ്വപ്രധാനമാണെന്ന് ആസാദ് ചിന്തിച്ചു. ഹിന്ദു-−മുസ്ലീം മൈത്രി ഇന്ത്യയുടെ ശാശ്വതമായ മൗലികപ്രശ്‌നമാണെന്നും അത് സ്വാതന്ത്ര്യസമരത്തെ ത്വരപ്പെടുത്തുന്ന ഒരു ഉപാധി മാത്രമല്ല, ലക്ഷ്യം തന്നെയാണെന്നും അദ്ദേഹം വിശ്വസിച്ചു.

ഗാന്ധിജിയുടെ കീഴിൽ‍ സ്വാതന്ത്ര്യത്തിന് വേണ്ടി അണിചേരുന്പോൾ‍ വിശ്വാസപരമായ ധർ‍മ്മം നിറവേറ്റുകയാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “ഞാനൊരു മുസൽ‍മാനാണ്. അതിൽ‍ ഞാൻ അഭിമാനിക്കുന്നു. 1300 കൊല്ലത്തെ ഇസ്ലാമിക പാരന്പര്യം എനിക്ക് പൂർ‍വ്വാർ‍ജ്ജിതമായി കിട്ടിയതാണ്. അതോടൊപ്പം എന്റെ ജീവിതത്തിലെ യാഥാർ‍ത്ഥ്യങ്ങളും എന്നിൽ‍ അടിച്ചേൽ‍പ്പിച്ച മറ്റ് വികാരങ്ങളുമുണ്ട്. ഈ വികാരങ്ങൾ‍ക്ക് ഇസ്ലാമിക പാരന്പര്യം വിരുദ്ധമായി നിൽ‍ക്കുന്നില്ല. അത് എന്നെ മാർ‍ഗ്ഗദർ‍ശനം ചെയ്ത് മുന്പോട്ടു നയിക്കുകയാണ് ചെയ്യുന്നത്. ഒരു ഇന്ത്യക്കാരനായതിൽ‍ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യൻ ദേശീയത എന്ന അവിഭാജ്യ ഏകത്വത്തിന്റെ ഭാഗമാണ് ഞാൻ” ഇന്ത്യയുടെ ചരിത്രത്തിലും ഭാഗധേയത്തിലും ആസാദിന്റെ പ്രസക്തി എന്താണെന്ന് കുറിക്കാൻ ഈ വാക്കുകൾ‍ ധാരാളം.

സ്വതന്ത്ര ഇന്ത്യയിൽ‍ 11 വർ‍ഷത്തോളം ആസാദ് വിദ്യാഭ്യാസ മന്ത്രിയായി വർ‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടിഷ് ഭരണ കാലത്ത് ഇഴഞ്ഞ് നടന്നിരുന്ന ഇന്ത്യൻ സാക്ഷരതയെ പുരോഗതിയിലേയ്ക്ക് വാർ‍ത്തെടുത്തത് അദ്ദേഹമാണ്. 1953ൽ‍ ദേശീയ സംഗീത നാടക അക്കാദമി സ്ഥാപിച്ച ആസാദ്, അതിനടുത്ത വർ‍ഷം തന്നെ കേന്ദ്ര സാഹിത്യ അക്കാദമിയും ലളിത കലാ അക്കാദമിയും സ്ഥാപിച്ചു. ഭാരതത്തിലെ ഓരോ പൗരനും 14 വയസ് വരെ നിർ‍ബന്ധമായും സ്‌കൂളിൽ‍ പോയി പഠിച്ചിരിക്കണമെന്നും ആ പഠനം സൗജന്യമായിരിക്കണമെന്നും കേന്ദ്ര സംസ്ഥാന തലങ്ങളിൽ‍ ഉത്തരവിറക്കി. 1956ൽ‍ യുണിവേർ‍സിറ്റി ഗ്രാന്റ് സിസ്റ്റം (യുജിസി) കൊണ്ട് വന്നത് അദ്ദേഹമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത മുന്നിൽ‍ കണ്ട് ഇന്ത്യയുടെ രണ്ടാം ഭാഷയായി ഇംഗ്ലീഷ് കാണണമെന്ന് നിർദ്‍ദേശം നൽ‍കി. ഓൾ‍ ഇന്ത്യ കൗൺ‍സിൽ‍ ഫോർ‍ ടെക്‌നികൽ‍ എജ്യുക്കേഷന് (എ.ഐ.സി.ടി.യു) വിത്ത് പാകി. 1948 ജനുവരി 16ന് അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനത്തിൽ സംസാരിക്കവെ മൗലാനാ ആസാദ് പറഞ്ഞു, “അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും കരസ്ഥതമാക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും ജന്മാവകാശമാണെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. രാജ്യത്തെ പൗരനെന്ന നിലയ്ക്കുള്ള കടമകളുടെ പൂർ‍ത്തീകരണം ഇത് കൂടാതെ ആർ‍ക്കും സാധ്യമല്ല”.

ഉർ‍ദുവും ഇറാനിയും അറബിയും ഒരു പോലെ കൈകാര്യം ചെയ്ത അദ്ദേഹമാണ് ‘തർ‍ജുമാനുൽ‍ ഖുർ‍ആൻ അറബിയിൽ‍ നിന്നും ഉർ‍ദുവിലേക്ക് ഭാഷാന്തരം ചെയ്തത്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർ‍ത്താവായ അദ്ദേഹത്തിന്റെ ‘ഇന്ത്യ സ്വതന്ത്രയാകുന്നു’ എന്ന രാഷ്ട്രീയ ജീവ ചരിത്രം ഇന്നും പരക്കെ വായിക്കപ്പെടുന്ന പുസ്തകങ്ങളിൽ‍ ഒന്നാണ്.

ഇന്ന് ഇന്ത്യയിൽ കാണുന്ന വിദ്യാഭ്യാസ പുരോഗതിയുടെ മുഖ്യകാരണക്കാരനെ സ്മരിക്കാനും അദ്ദേഹത്തിന്റെ സേവന പ്രവർ‍ത്തനങ്ങളിൽ പ്രചോദനമുൾ‍ക്കൊള്ളാനും നമുക്ക് സാധിക്കേണ്ടതുണ്ട്. മൗലാനാ ആസാദിന്റെ ജീവിതം ഇക്കാര്യത്തിൽ നമുക്ക് മാതൃകയാകട്ടെ.

You might also like

Most Viewed