കണ്ണ് ­വേ­ണം ഇരു­പു­റമെ­പ്പൊ­ഴും...


കൂക്കാനം റഹ്്മാൻ‍ 

‘കണ്ണുവേണം ഇരുപുറമെപ്പൊഴും

കണ്ണുവേണം മുകളിലും താഴെയും’

 കവിവാക്യം കൗമാര പ്രായമെത്തിയ മക്കളെ വളർ‍ത്തുന്പോൾ‍ അമ്മമാരുടെ ശ്രദ്ധയിലുണ്ടാവണം. ഇക്കാലത്ത് മക്കളെ ശ്രദ്ധിക്കാൻ‍ രണ്ടുകണ്ണുപോരാ. അവർ‍ രക്ഷിതാക്കളുടെ കണ്ണുവെട്ടിക്കാനും, കണ്ണുകെട്ടാനും മിടുക്കുകാട്ടുന്നവരുമാണ്. വിവരസാങ്കേതിക വിദ്യമൂലം അറിവും കഴിവും നേടി എന്തും കരഗതമാക്കാൻ‍ കെൽ‍പ്പുനേടിയവരായി മാറി കൗമാരക്കാർ‍. പത്തുവർ‍ഷം മുന്പുവരെ 20−-25 പ്രായക്കാർ‍ പ്രകടിപ്പിച്ചതിന്റെ ഇരട്ടി സാമർ‍ത്ഥ്യമാണ് ഇന്നത്തെ 15-16 വയസ്സുകാർ‍ കൈവരിച്ചിരിക്കുന്നത്.

കൗമാരക്കാർ‍ ചെയ്തുകൂട്ടുന്ന തെറ്റും ശരിയും കണ്ടെത്തുന്നതിന് രക്ഷിതാക്കൾ‍ പ്രാപ്തരല്ലാതായിത്തീർ‍ന്നിരിക്കുന്നു. വഴക്കുപറച്ചിലിൽ‍ നിന്നും, ശിക്ഷയിൽ‍ നിന്നും കുട്ടികൾ‍ വിമുക്തരായിക്കഴിഞ്ഞു. രക്ഷിതാക്കളാകട്ടെ കുഞ്ഞുങ്ങളെ ഭയപ്പെട്ടു കഴിയുന്നു. തങ്ങളുടെ ഭാഗത്തുനിന്നുള്ള പാകപ്പിഴകൾ‍ കൊണ്ട് കുഞ്ഞുങ്ങൾ‍ അപകടത്തിലേയ്ക്ക് എടുത്തുചാടാതിരിക്കാൻ‍ രക്ഷിതാക്കൾ‍ ബദ്ധശ്രദ്ധരാണിന്ന്. എന്നാൽ‍ സ്വന്തം കുട്ടികൾ‍ വരുത്തിവെയ്ക്കുന്ന പ്രയാസങ്ങളുടെ കാരണങ്ങൾ‍ കണ്ടെത്താനോ, പരിഹരിക്കപ്പെടാനോ സാധിക്കാതെ നട്ടം തിരിയുന്ന രക്ഷിതാക്കളാണെങ്ങും.

രക്ഷിതാക്കൾ‍ക്ക് പിടികിട്ടാത്ത പ്രശ്‌നങ്ങളുമായി ഒരേ ക്ലാസിൽ‍ പഠിക്കുന്ന ഒരാൺ‍കുട്ടിയുടെയും പെൺ‍കുട്ടിയുടെയും രക്ഷിതാക്കളെ കണ്ടുമുട്ടാനിടയായി. ഇതിലെ പെൺ‍കുട്ടിയുടെ പ്രശ്‌നം ആദ്യമെടുക്കാം. അനുപമ (യഥാർ‍ത്ഥ പേരല്ല) ഈ വർ‍ഷം പത്താം ക്ലാസിൽ‍ പഠിക്കുകയാണ്. ചിട്ടയായി കാര്യങ്ങൾ‍ മുന്നോട്ടുകൊണ്ടുപോകുന്ന അച്ചടക്കവും നല്ല റിസൽ‍ട്ടും ഉണ്ടാക്കിയെടുക്കുന്ന വിദ്യാലയത്തിലാണ് അനുപമ പഠിക്കുന്നത്. കുട്ടികളെ എങ്ങിനെ വളർ‍ത്തണമെന്ന് കൃത്യമായി അറിയാവുന്ന അച്ഛനും അമ്മയുമാണ് അനുപമയുടേത്. അവർ‍ ഗ്രാമത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർ‍ത്തകരും കൂടിയാണ്.

അനുപമ ഒന്പതാം ക്ലാസുവരെ ഒന്നാം റാങ്കുകാരിയായിരുന്നു. ഈ വർ‍ഷവും അതിൽ‍ മാറ്റമുണ്ടാകില്ലെന്ന് അദ്ധ്യാപകർ‍ക്കും രക്ഷിതാക്കൾ‍ക്കും പൂർ‍ണ്ണബോധ്യമുണ്ട്. അനുപമയ്ക്ക് ആൺ‍പെൺ‍ വ്യത്യാസമില്ലാതെ എല്ലാവരും കൂട്ടുകാരാണ്. രക്ഷിതാക്കളുടെ സാമൂഹ്യബോധം പാരന്പര്യമായി അവൾ‍ക്കും ലഭിച്ചതാവാം. സുഹൃത്തുക്കളുടെ വീടുകളിൽ‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ‍ പങ്കെടുക്കും, കൂട്ടുകൂടി നടക്കും. അതുകൊണ്ടുതന്നെ അനുപമയെ കൂട്ടുകാർ‍ക്കൊക്കെ ഇഷ്ടമാണ്.

വീട്ടിൽ‍ അവളെ കെയർ‍ ചെയ്യേണ്ട പ്രശ്‌നമൊന്നുമില്ല. എങ്കിലും അച്ഛനുമമ്മയും ദിവസം പ്രതി അവളുടെ നോട്ടുബുക്കുകളും മറ്റും പരിശോധിക്കും. മൊബൈൽ‍ ഫോൺ‍ ഉപയോഗിക്കുന്നത് ശ്രദ്ധിക്കും. സ്‌കൂൾ‍ അദ്ധ്യാപകരുമായി നിരന്തരം ബന്ധപ്പെടും. എവിടെയും ഒരു പരാതിയോ, പാകപ്പെഴയോ അനുപമയെക്കുറിച്ച് ആർ‍ക്കും പറയാനുണ്ടായിരുന്നില്ല. 

സ്‌കൂളിൽ‍ നിന്ന് ഓണം വെക്കേഷൻ പഠനയാത്ര സംഘടിപ്പിക്കുന്നുണ്ട്. അതിൽ‍ പങ്കെടുക്കുന്നതിൽ‍ അവൾ‍ക്ക് താൽ‍പര്യമുണ്ട്. രക്ഷിതാക്കളുടെ പൂർ‍ണ്ണസമ്മതത്തോടെ അവൾ‍ പഠന യാത്രയിൽ‍ പങ്കെടുക്കുകയുണ്ടായി. പഠനയാത്രയുടെ അവസാന ദിവസം നാട്ടിലേയ്ക്ക് തിരിക്കുന്നതിന് മുന്പ് ഷോപ്പിങ്ങിനുള്ള അവസരം കൊടുത്തു. എല്ലാവരും പർ‍ച്ചേസിംഗിന്റെ തിരക്കിലായി. കൂട്ടുകാർ‍ക്കും, വീട്ടുകാർ‍ക്കുമുള്ള സമ്മാനങ്ങൾ‍ കയ്യിലുള്ള കാശു തീരുന്നതുവരെ വാങ്ങിക്കൂട്ടുകയായിരുന്നു ഓരോരുത്തരും. അനുപമ നല്ല നല്ല സമ്മാനങ്ങളാണ് തെരഞ്ഞെടുത്തത്. അഞ്ഞൂറു രൂപയിൽ‍ കുറഞ്ഞുള്ള സമ്മാനങ്ങളൊന്നും അവൾ‍ വാങ്ങിയില്ല. ബസ്സിൽ‍ തിരിച്ചെത്തിയപ്പോൾ‍ വാങ്ങിയ സമ്മാനങ്ങളെക്കുറിച്ചായി ചർ‍ച്ച. അനുപമ എട്ടായിരത്തോളം രൂപ വിലയുള്ള സാധങ്ങളാണ് വാങ്ങിയത്.

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും അനുപമയുടെ ഷോപ്പിംഗാണ് എല്ലാവരും അതിശയത്തോടെ സംസാരിച്ചത്. ഈ വിവരം അനുപമയുടെ അമ്മയുടെ ചെവിയിലു
മെത്തി. ഇത്രയും പണം അവൾ‍ക്ക് എങ്ങിനെ കിട്ടി എന്നായി അന്വേഷണം. വീട്ടിൽ‍ നിന്ന് ചെലവിനായി കൊടുത്തത് അഞ്ഞൂറ് രൂപ മാത്രം.

അദ്ധ്യാപകരും കുറച്ചുനാളായി അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ക്ലാസിൽ‍ മുന്പത്തെ പോലെ ശ്രദ്ധയില്ല. ക്ലാസ് ടെസ്റ്റിനൊക്കെ മാർ‍ക്ക് കുറഞ്ഞുപോവുന്നു. അന്വേഷണം പലതരത്തിലേക്കും നീണ്ടു. എന്തു ശ്രമിച്ചിട്ടും പണംകിട്ടിയ വഴി അനുപമ പറയുന്നില്ല. അമ്മാവന്മാർ‍ തന്നു,ബന്ധുക്കൾ‍തന്നു എന്നൊക്കെയാണ് മറുപടി. പക്ഷേ അങ്ങിനെയൊന്നും പണം കിട്ടാൻ വഴിയില്ലെന്ന് അമ്മയ്ക്കും അച്ഛനുമറിയാം.

കുട്ടിയെ വഴക്കുപറഞ്ഞാൽ‍ അപകടമാണ്. ശിക്ഷിച്ചാൽ‍ ബുദ്ധിമുട്ടാണ്. പണം കിട്ടിയ വഴി അറിഞ്ഞേ പറ്റൂ. സ്‌നേഹത്തോടെയും അൽ‍പം ഭീഷണിയിലൂടെയും സത്യം പറയിപ്പിക്കാൻ ശ്രമിച്ചു. കുറ്റപ്പെടുത്തില്ലായെന്നും, ഇതിന്റെ പേരിൽ‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലായെന്നും അമ്മയും അച്ഛനും സ്‌നേഹത്തോടെ പറഞ്ഞപ്പോൾ‍ അവൾ‍ പണം കിട്ടിയ സ്രോതസ്സ് വെളിപ്പെടുത്താൻ തുടങ്ങി.

അത് എന്റെ ക്ലാസിലെ ജംഷീർ‍ (യഥാർ‍ത്ഥ പേരല്ല) തന്നതാണ്. രണ്ട് മാസം മുന്നേ ഒരു ദിവസം 100 രൂപ എന്റെ നോട്ട് ബുക്കിൽ‍ വെച്ചിട്ടുണ്ട് എന്നവൻ പറഞ്ഞു. എന്തിനാണ് വെച്ചത് എന്നാരാഞ്ഞപ്പോൾ‍ ‘അവിടെ നിൽ‍ക്കട്ടെ’ എന്നാണവൻ‍ പറഞ്ഞത്. പിന്നീട് പിന്നീട് അഞ്ഞൂറും ആയിരവുമൊക്കെ വെക്കാൻ തുടങ്ങി. ചോദിക്കുന്പോഴൊക്കെ അവിടെനിൽ‍ക്കട്ടെ എന്നാണവൻ‍ പറയാറ്. അങ്ങിനെ പതിനയ്യായിരത്തോളം രൂപ അവൻ തന്നു കാണും. പണം ഞാൻ വീട്ടിലേയ്ക്ക് കൊണ്ടുപോകാറില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് വിമല (യഥാർ‍ത്ഥ പേരല്ല) യെ ഏൽ‍പ്പിക്കും. അവൾ‍ അത് പുസ്തകത്തിന്റെ പൊതിക്കകത്തായി സൂക്ഷിക്കും.

നീ എന്തിന് പണം സ്വീകരിച്ചു.? അവന് തിരിച്ചു കൊടുക്കാമായിരുന്നില്ലേ? എന്ന അന്വേഷണത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. അവന്റെ വീട്ടിൽ‍ പെരുന്നാളാഘോഷത്തിന് ചെന്നപ്പോൾ‍... ബാത്ത് റൂമിൽ‍ വെച്ച ഒളിക്യാമറയിൽ‍ പതിഞ്ഞ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി. തുക തിരിച്ചു തന്നാൽ‍ ഈ ചിത്രം ഫേസ് ബുക്കിലിടും... എന്നൊക്കെയാണ് പറഞ്ഞത്. പേടി കൊണ്ടാണ് പണം തിരിച്ചു കൊടുക്കാതിരുന്നത്... ഇതുകൂടാതെ ധനാഠ്യനായ അവന്റെ ഒരു സുഹൃത്തിന് എന്നെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തിട്ടുണ്ട്...

നോക്കണേ! പതിനഞ്ചുകാരന്റെ കുബുദ്ധി. അതേ പ്രായത്തിലെ പെൺ‍കുട്ടിയെ ചതിയിൽ‍ പെടുത്താനുള്ള കുതന്ത്രം... അനുപമ സത്യം വെളിപ്പെടുത്തിയതിനാൽ‍ അവളെ പ്രസ്തുത സ്‌കൂളിൽ‍ നിന്ന് ടി.സി വാങ്ങി മറ്റൊരു സ്‌കൂളിൽ‍ ചേർ‍ത്തു. ഈ ചിന്തയിൽ‍ നിന്നും ഭയത്തിൽ‍ നിന്നും അവൾ‍ മാറിയെന്നു പ്രതീക്ഷിക്കാം.

ഇനി ജംഷീറിന്റെ ഭാഗവും അറിയേണ്ടേ? അവന്റെ ഉമ്മയും, ഉപ്പയും, അവനെ ലാളിച്ചു വളർ‍ത്തുകയാണ്. ഏക ആൺതരിയാണ്. അവർ‍ക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസവും പദവിയും ജംഷീറിന് ഉണ്ടാക്കിക്കൊടുക്കണമെന്ന ആഗ്രഹമാണവർ‍ക്ക്. അറേബ്യൻ മണലാരണ്യത്തിൽ‍ വിയർ‍പ്പൊഴുക്കി പാടുപെടുകയാണ് ഉപ്പ. മകൻ നല്ല വഴിക്ക് വളരണേ എന്ന നിത്യപ്രാർ‍ത്ഥനയിലാണ് ഉമ്മ.

ജംഷീറാണ് കഥയിലെ വില്ലനെന്നറിഞ്ഞപ്പോൾ‍ ഉമ്മയുടെ നെഞ്ചിടിപ്പുകൂടി. വിവരം ഉപ്പയെ അറിയിച്ചു. ജംഷീറിന് എങ്ങിനെയാണ് ഇത്രയും പണം കിട്ടിയത് എന്ന അന്വേഷണം തുടങ്ങി. ഉമ്മ ദിവസേന സ്‌കൂളിലേക്ക് പോകാൻ ബസിനും ഭക്ഷണത്തിനുമായി അന്പതുരൂപ മാത്രമെ കൊടുക്കൂ. പിന്നെ എവിടെ നിന്നും അവന് പണം ലഭിക്കാൻ വഴിയില്ല. ഉപ്പയുടെ നിർ‍ബന്ധമാണ് അന്പതുരൂപയിൽ‍ കൂടുതൽ‍ കൊടുക്കാൻ പാടില്ലായെന്നത്. ചില ദിവസങ്ങളിൽ‍ അതിലധികം ചെലവായാൽ‍ അടുത്ത ദിവസം സ്‌കൂളിൽ‍ പോകാൻ പൈസയില്ലാത്തതുകൊണ്ട് അവൻ വിഷമിക്കാറുണ്ടെന്നും ഉമ്മ പറയുന്നു.

ഇനി ജംഷീർ‍ പറയുന്നത് ശ്രദ്ധിക്കണം ‘ഞാൻ അനുപമയ്ക്ക് ഒരു പൈസയും കൊടുത്തിട്ടില്ല. അവൾ‍ രക്ഷപ്പെടാനായി കളവുപറയുന്നതാണ്. എന്നെ കുടുക്കാൻ അവൾ‍ ശ്രമിക്കുകയാണ്. എനിക്ക് ഒരിടത്തുനിന്നും പണം കിട്ടിയിട്ടില്ല. ഞാൻ കൊടുത്തിട്ടുമില്ല. ജംഷീർ‍ ദൈവത്തെ വിളിച്ച് സത്യം ചെയ്യുന്നു. ‘ഉമ്മയും, ഉപ്പയും അത് തന്നെ ആവർ‍ത്തിക്കുന്നു. അവന് ഒരിടത്തുനിന്നും പൈസ കിട്ടാനുള്ള വഴിയില്ല ആ പെൺ‍കുട്ടി കളവുപറയുകയാണോ?...

സത്യം ആരുടെ പക്ഷത്താണ്? ഇപ്പോൾ‍ ആൺകുട്ടി പ്രതികൂട്ടിലാണ്... അവന്‍ പണം വന്ന വഴി പറയാതെ ഒളിച്ചുവെയ്ക്കുകയാണോ? അതോ അനുപമ രക്ഷപ്പെടാനായി ജംഷീറിന്റെ പിടലിക്കുവെച്ചതാണോ?...

You might also like

Most Viewed