വിരട്ടി വരുത്തേണ്ടതല്ല വികസനം
ധനേഷ് പത്മ
ജനങ്ങളുടെ നന്മ ആഗ്രഹിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഒരു നല്ല സർക്കാർ പ്രതിജ്ഞാബന്ധമാണ്. രാജ്യത്തായാലും സംസ്ഥാനത്തായാലും ജനങ്ങളിൽ വ്യക്തമായ ബോധ്യം വരുത്തി വികസനം കൊണ്ടുവരാൻ വിജയിക്കുന്ന സർക്കാരുകൾ നിലനിൽക്കും. പേടിപ്പെടുത്തിയും അടിച്ചൊതുക്കിയും ഇറക്കിവിട്ടും കൊണ്ടുവരുന്ന വികസനത്തിനെതിരെ ജനരോഷമുണ്ടാകുന്നത് നാമെല്ലാം ഒരു ജനാധിപത്യ സമൂഹത്തിൽ ജീവിച്ചുപോരുന്നതുകൊണ്ടാണ്. വികസനം കേന്ദ്രസർക്കാർ നടപ്പാക്കിയാലും സംസ്ഥാന സർക്കാർ നടപ്പാക്കിയാലും അതിന്റെ ഗുണം സാധാരണക്കാനു എത്രമാത്രം ലഭിക്കും എന്നത് അടിസ്ഥാനമാക്കിയാകണം, ഇനി അതുമല്ലെങ്കിൽ സാധാരണക്കാരന് ദോഷം വരരുതെന്നെങ്കിലും ഉറപ്പ് വരുത്തണം.
രാജ്യത്തിന്റെ വികസനവും സുരക്ഷിതത്വവും ലക്ഷ്യമാക്കിയാണ് കറൻസി പിൻവലിച്ചതെന്ന് കേന്ദ്രസർക്കാർ ഇപ്പോഴും ആവർത്തിച്ച് പറയുന്പോൾ, ഒരുവർഷം പിന്നിട്ടിട്ടും രാജ്യം പക്ഷെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. കേന്ദ്രം തന്നെ അത് സമ്മതിക്കുന്നുണ്ടുതാനും. ഒരു പക്ഷെ തുടക്കത്തിൽ ഇത് നല്ലതിനെന്ന് തെറ്റിദ്ധരിച്ചിരുന്നവർ പോലും സാഹചര്യം മനസ്സിലാക്കി അബദ്ധം സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു തുടങ്ങി. ഇന്ത്യയിലെ സിംഹഭാഗം ജനങ്ങളും കടലാസ് പണംകൊണ്ട് നിത്യവൃത്തി ചെയ്തിരുന്ന സമയത്തുള്ള നിരോധനം അവരെ വലിയതോതിൽ പ്രതിസന്ധിയിലാക്കി. ഒരു വികസന പ്രവർത്തനത്തിന് നേതൃത്വം നൽകുന്പോൾ, അതിനൊരു പദ്ധതി തയ്യാറാക്കുന്പോൾ രാജ്യത്തെ ഏറ്റവും ദരിദ്രമായ സമൂഹത്തിന് എന്ത് നേട്ടമുണ്ടാകും എന്ന ചിന്ത ഭരിക്കുന്നവരിൽ ഉണ്ടാകുന്നില്ലെങ്കിൽ ആ പദ്ധതി ഉപേക്ഷിക്കാൻ ഏതൊരു സർക്കാരും തയ്യാറാകേണ്ടതുണ്ട്. ഇല്ലെങ്കിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വികസന പ്രവർത്തനം എങ്ങനെ നടപ്പിലാക്കാം എന്ന് ദീർഘമായ നിരീക്ഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.
വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പരിസ്ഥിതിക്ക് ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്നതാണ് വികസനം (Sustainable development). വിഭവങ്ങളുടെഅമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരുംതലമുറയ്ക്ക് കൂടി പ്രയോജനപ്പെടുത്താൻ സാധിക്കും എന്ന് ഉറപ്പുവരുത്തുന്നു. “ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനം. ഇതാണ് വികസനത്തിനുള്ള ശരിയായ നിർവ്വചനവും.
കേരളത്തിൽ ഗെയിൽ വാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട് (GAIL- Gas Authority of India Limited) കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ ഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്. മൂന്ന് കോടിയിലധികം ജനങ്ങൾ വസിക്കുന്ന കേരളത്തിൽ പൈപ്പ് വഴി വാതകം കൊണ്ടുവന്ന് വീടുകളിൽ എത്തിക്കാൻ സർക്കാർ തലത്തിൽ നീക്കമുണ്ടാകുന്പോൾ, അത് നടപ്പിലാകും വഴി ജനങ്ങൾക്ക് ഗുണം ചെയ്യുന്നതാണെങ്കിൽ ന്യായമായും ജനങ്ങൾ പദ്ധതിയുമായി സഹകരിച്ചേക്കും. എൽഎൻജിയും സിഎൻജിയും തിരിച്ചറിയാൻ കഴിയാത്ത സാധാരണക്കാരെ ചൂഷണം ചെയ്ത് പക്ഷെ ഇത്തരത്തിൽ വികസനം ചെയ്യാൻ സർക്കാർ മുതിരരുത്. തങ്ങളുടെ വീടിന് അരികിലൂടെ പൈപ്പ് വഴി ഗ്യാസ് കടന്നു പോകുന്നതിൽ അവർക്ക് ഭയമുണ്ടെങ്കിൽ, അവരുടെ ഉത്കണ്ഠ സർക്കാർ വകവെയ്ക്കാതിരിക്കുന്നത് ക്രൂരമാണ്.
എൽപിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) യാണ് നിലവിൽ വീടുകളിൽ ഉപയോഗിച്ച് പോരുന്ന വാതകം. വികസനത്തിന്റെ പേരുപറഞ്ഞ് ഇപ്പോൾ വീടുകളിലേയ്ക്ക് വിതരണത്തിന് തയ്യാറെടുക്കുന്ന വാതകം എൽഎൻജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) യാണ്. പ്രകൃതി വാതകം (NG) താരതമ്യേന അപകടം കുറഞ്ഞതും ചെലവു കുറഞ്ഞതുമായ ഊർജ്ജ ശ്രോതസ്സ് ആണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ വീടിനകത്ത് സിലിണ്ടർ വെയ്ക്കുന്നതുപോലും ഭയപ്പാടാടെ നോക്കി കാണുന്ന ജനങ്ങൾക്കിടയിൽ, ഗ്യാസ് വഹിച്ചുകൊണ്ടുപോകുന്ന ലോറികൾക്കടുത്ത് നിൽക്കാൻ ഭയപ്പെടുന്നവർക്കിടയിൽ അവരുടെ വീടിന് വരന്പത്ത് വലിയൊരളവിൽ ഗ്യാസ് വഹിച്ചുകൊണ്ട് പോകുന്ന പൈപ്പ് ലൈൻ വരാൻ പോകുന്നു എന്നറിയുന്പോൾ ഉണ്ടാകുന്ന ഭയത്തെ സർക്കാർ കാര്യമായി തന്നെ ഗൗനിക്കണം.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ റായ്ബലേറിതെർമൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി)പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ 26 പേർ മരിച്ചത് ഈ ഭീതിയുടെ കാരണമായി ഉദാഹരിക്കാം. നീരാവി കടന്നുപോകുന്ന കുഴൽപൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. അപകടത്തിൽ നൂറിലധികം പേർ പരിക്കേറ്റ്, അവയവങ്ങൾ നഷ്ടപ്പെട്ട് ശേഷിച്ച ജീവിതം എന്തെന്ന് പോലുമാറിയാതെ കിടക്കുന്നു. അതുകൊണ്ട് ജനങ്ങളുടെ ഭയം അവരുടെ ജിവനിൽ തന്നെയാണ്. തൊഴിൽ സാധ്യതയും നിത്യോപയോഗത്തിന് കുറഞ്ഞ ചിലവിൽ വാതകവും എല്ലാം വാഗ്ദാനം ചെയ്താലും ജനങ്ങളുടെ ജീവന് പകരമാകില്ലല്ലോ ഇതൊന്നും.
പദ്ധതി ദോഷകരമാണ് എന്ന് ലളിതമായി മനസ്സിലാക്കാൻ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയോട് തമിഴ്നാട് സർക്കാർ കൈകൊണ്ട സമീപനം വലിയൊരു ഉദാഹരണമായി എടുക്കാം. ഈ പദ്ധതി നടപ്പിലായാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണ്ടെത്തിയതോടെ2016ലാണ് പദ്ധതി ഉപേക്ഷിക്കുന്നതായി തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. പദ്ധതി വരുന്നതിലൂടെ സംസ്ഥാനത്തെ മരങ്ങൾ മുറിക്കുന്ന വിഷയത്തിൽ, കൃഷിയിടങ്ങളിലൂടെ പൈപ്പ് കൊണ്ടു പോകുന്നതിൽ സർക്കാരും ജനങ്ങളും കൈകൊണ്ട ജാഗ്രതയാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമായത്. പൈപ്പ്ലൈൻ പദ്ധതി എന്തുകൊണ്ട് കടലിനരികിലൂടെയോ, റെയിൽ ട്രാക്കിനരികിലൂടെയോ കൊണ്ടുപൊയ്ക്കൂട? തമിഴ്നാട് സർക്കാർ ഇങ്ങനൊരു ചോദ്യം ഉന്നയിച്ചിരുന്നതാണ്. ഇതിന് തയ്യാറാകാത്തതിനാലാണ് പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നത്.
കേരളത്തിലും ഇതേ ചോദ്യം ഉന്നയിക്കാവുന്നതാണ്. ജനങ്ങൾ തിങ്ങിപാർക്കുന്നിടങ്ങളിലൂടെയല്ലാതെ ഈപദ്ധതി നടപ്പാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല? 500ലധികം കിലോമീറ്ററോളം നീളം വരുന്ന പൈപ്പ് ലൈൻ ജനവാസ ഇടങ്ങളിലൂടെ കൊണ്ടു പോകുന്നത് വീടുകളിലേയ്ക്ക് വാതകം നൽകുവാനാണെന്നാണ് കേരള സർക്കാരിന്റെ വാദം. പക്ഷെ അത് അവരുടെ സുരക്ഷിതത്വത്തിന് മേൽ ഭീഷണി നിലനിർത്തികൊണ്ടാകുന്പോൾ ഏത് ജനസമൂഹമാണ് അത് പ്രാവർത്തികമാകാൻ അനുകൂല നടപടി കൈകൊള്ളുക?
വീടുകളിൽ ഉപയോഗിക്കേണ്ട വാതകം തന്നെയാണ് പെപ്പുകളിലൂടെ ഒഴുകിയെത്തുന്നതെന്നിരിക്കെ വീടുകളിലേയ്ക്ക് എളുപ്പത്തിൽ വാതകമെത്തിക്കാനാണ് ജനങ്ങൾ വസിക്കുന്നിടത്തിലൂടെ വാതകമെത്തിക്കുന്നത് എന്നത് അടിസ്ഥാന രഹിതമായ ഒരു കാര്യമാണ്. മാത്രമല്ല ജനങ്ങളുടെ ജീവന് പദ്ധതി ഭീഷണിയായേക്കുമെന്ന് അവർ ഭയപ്പെടുന്നുണ്ടെങ്കിൽ ആ പദ്ധതിക്ക് പകരം മറ്റൊരു വഴി ആലോചിക്കാൻ സർക്കാരാണ് മുൻകൈ എടുക്കേണ്ടതും. ഗെയിൽ പദ്ധതി പ്രകാരം 24 ഇഞ്ചോളം വീതിവരുന്ന പൈപ്പിലൂടെ വാതകം ഒഴുകുന്നത് 126ബാർ ശക്തിയിലാണ് (126000 മില്ലിബാർ). വീടുകളിൽ ഉപയോഗിക്കുന്നത് 21 മില്ലിബാർ മാത്രവും. വളരെ ശക്തിയോടെ ഒഴുകുന്ന പൈപ്പിൽ നിന്നും മൂന്നു കേന്ദ്രങ്ങളിലൂടെ വേഗത കുറച്ച് മാത്രമേ വീടുകളിൽ ഉപയോഗത്തിന് വാതകം എത്തിക്കാൻ കഴിയു. അതുകൊണ്ട് ജനസാന്ദ്രതയുള്ള ഇടത്തിലൂടെ പൈപ്പ്ലൈൻ വരുന്നത് വീടുകളിലേയ്ക്ക് എളുപ്പത്തിൽ കണക്ഷനെടുക്കാനാണെന്നത് അവിശ്വസനീയമായ കാര്യമാണ്.
ജനങ്ങളുടെ പ്രശ്നങ്ങളിൽ സർക്കാർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെങ്കിൽ നടപ്പിലാക്കുന്നത് ജനാധിപത്യ പ്രകൃയയിലുള്ള ഭരണമല്ല എന്നതാണ് വ്യക്തമാക്കുന്നത്. പൈപ്പ്ലൈൻ പദ്ധതിയോട് വിയോജിപ്പുള്ളവർ നടത്തിവന്നിരുന്ന സമരത്തിന് നേരെ പോലീസ് നടത്തിയ ആക്രമണം അതുകൊണ്ട് തന്നെ ന്യായീകരിക്കാൻ കഴിയാത്തതാണ്. സമരപ്രവർത്തകരോട് ചർച്ചക്കോ, അവരെ ബോധവൽക്കരിക്കാനോ മുതിരാതെ ലാത്തികൊണ്ട് അടിച്ചൊതുക്കി വികസനം വരുത്തണമെന്ന് ശഠിക്കുന്നതിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സംസ്ഥാനത്ത് ഒരു വികസനം നടപ്പിലാക്കുന്പോൾ, ആ വികസനം ജനങ്ങൾക്ക് ആവശ്യമില്ലെന്ന് അവർ സംഘടിച്ച് പറയുന്പോൾ പിന്നെ എന്തിനാണ് സർക്കാർ ആ പദ്ധതിക്ക് കുടപിടിച്ചുകൊടുക്കുന്നത്?. വികസനം വിരട്ടിയും അടിച്ചേൽപ്പിച്ചും നടപ്പാക്കേണ്ട ഒന്നാണോ?. നഷ്ടപരിഹാരവുമായും ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. രാജ്യത്തായാലും സംസ്ഥാനങ്ങളിലായാലും വികസനം വരുന്പോൾ അത് സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയായിരിക്കും നടപ്പിലാകുക. ദേശീയ പാതയും റെയിലും എല്ലാം പലരുടേയും കിടപ്പാടങ്ങൾ നഷ്ടമാക്കിയതും പലരും ജനിച്ച് വളർന്ന നാട് വിട്ട് മാറിപോകേണ്ടതുമായ സംഭവങ്ങൾ എത്രയോ ഉദാഹരണങ്ങളാണ്. വികസന പ്രവർത്തനങ്ങൾക്ക് കൂടൊഴിഞ്ഞു തരാൻ തയ്യാറാകുന്ന ജനങ്ങൾ പക്ഷെ എവിടെയും എടുത്ത് പറയപ്പെടാറില്ല. വികസന പദ്ധതി നടപ്പാക്കിയ സർക്കാരും അതിന് ചുക്കാൻ പിടിച്ച നേതാക്കൻമാരും മാത്രം വാർത്തകളിലും മറ്റുമായി പേരെടുത്തേക്കും. ഇനി നഷ്ടപരിഹാരം നൽകി ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിൽ അവർക്ക് സാധാരണ ഗതിയിൽ ലഭിക്കാവുന്ന തുകയേക്കാൾ കൂടുതൽ നൽകിയാകണം അവരെ മാറ്റിപാർപ്പിക്കേണ്ടത്. പക്ഷെ മതിപ്പുളവാക്കുന്ന തരത്തിൽ നഷ്ടപരിഹാരങ്ങൾ നൽകാൻ നമ്മുടെ സർക്കാരുകൾ തയ്യാറാകാറില്ലെന്നതാണ് ചരിത്രം.
കേരളത്തിൽ നിത്യോപയോഗ സാധാനങ്ങളുടെ പട്ടികയിൽ ഏറെ മുന്നിൽ തന്നെയാണ് പാചക വാതകം. പക്ഷെ അതിലേക്കാളുപരി കുടിക്കാനുള്ള ശുദ്ധജലം ഇപ്പോഴും ലഭിക്കാത്ത എത്രയോ മേഖലകളുണ്ട്. വാട്ടർ അതോറിറ്റി വഴി ലഭിക്കുന്ന ജലം കുടിക്കാൻ പോലും ഭയമുള്ള ഒരു കാലമാണ് കടന്നുപോകുന്നത്. വലിയൊരളവിൽ ജനങ്ങൾക്കിടയിൽ അസുഖങ്ങൾ വരുന്നത് ജലത്തിൽ നിന്നാണെന്ന് മെഡിക്കൽ സംഘങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്താനാണ് വികസനം നടപ്പിലാക്കുന്നത് എന്ന് വാദിക്കുന്നവർ “ഞങ്ങൾ കുടിവെള്ളമില്ലാതെയാണ് ജീവിച്ചു പോകുന്നത്” എന്ന ജനങ്ങളുടെ വിലാപം കേൾക്കാതെ പോകുന്നതോ, കേൾക്കുന്നില്ലെന്ന് നടിക്കുന്നതോ?...