ഓപിയോയിഡുകളുടെ ദുരന്തം !
ജെ. ബിന്ദുരാജ്
ഇന്ത്യയിൽ നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയ ഡോക്ടർ ജോൺ നാഥ് കപൂർ അമേരിക്കയിലെ അരിസോണയിൽ 2017 ഒക്ടോബർ 24ാം തീയതി അറസ്റ്റ് ചെയ്യപ്പെട്ടു. അമേരിക്കയിലെ കോടീശ്വരന്മാരിൽ ഒരാളായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത ജോൺ കപൂർ ഇൻസിസ് തെറാപ്റ്റിക് ഇൻകോർപറേറ്റഡ് എന്ന മരുന്നു നിർമ്മാണ കന്പനിയുടെ സ്ഥാപകന്മാരിൽ ഒരാളും മുൻ എക്‌സിക്യൂട്ടീവ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. അതീവ ഗുരുതരമായ ഒരു കുറ്റമാണ് അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കപൂറിനു മേൽ ചുമത്തിയിരിക്കുന്നത്. അതീവ വേദന അനുഭവിക്കുന്ന കാൻസർ രോഗികൾക്ക് മാത്രം നൽകേണ്ടുന്ന ഫെന്റാനിൽ എന്ന സ്‌പ്രേ കാൻസർ രോഗികൾക്കു പുറമേ മറ്റു രോഗികൾക്കും നിർദ്ദേശിക്കുന്നതിനായി ഇൻസിസ് വൻതോതിൽ അമേരിക്കയിലെ ഡോക്ടർമാർക്ക് കൈക്കൂലി നൽകിയെന്നും ഈ മരുന്ന് കാൻസർ രോഗികൾ അല്ലാത്തവർക്ക് നൽകുന്പോൾ പണം റീഇംബേഴ്‌സ് ചെയ്യുന്നതിനായി ഇൻഷുറൻസ് കന്പനികളെ, തെറ്റായ വിവരങ്ങൾ നൽകി വഞ്ചിച്ചെന്നുമാണ് കേസ്സ്. അഡിക്ഷൻ ഉണ്ടാക്കുന്ന മരുന്നുകളുടെ ഓവർഡോസ് മൂലം അമേരിക്കയിൽ മരണങ്ങൾ വർദ്ധിച്ചുവരുന്ന സമയത്താണ് മോർഫിനേക്കാളും നൂറു മടങ്ങും ഹെറോയിനേക്കാൾ 50 മടങ്ങും ശക്തിയേറിയ ഫെന്റാനിൽ അമേരിക്കയിലെ രോഗികൾക്ക് നൽകി വന്പൻ ലാഭക്കൊയ്ത്ത് നടത്താൻ ഈ ഇന്ത്യക്കാരന്റെ കുടിലചിന്ത പ്രവർത്തിച്ചത്. അമേരിക്കക്കാരായ സഹപ്രവർത്തകരും ജോൺ കപൂറിനൊപ്പം അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അമേരിക്കയിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ മാനവസ്‌നേഹിയെന്ന നിലയിൽ പേരെടുത്തിരുന്ന ഈ ഇന്ത്യക്കാരന്റെ അറസ്റ്റ് മരുന്നുവിൽപന മാഫിയയുടെ മുഖംമൂടിയാണ് ഇപ്പോൾ ചീന്തിയെറിഞ്ഞിരിക്കുന്നത്.
മരുന്നു വ്യവസായരംഗത്ത് നിലനിൽക്കുന്ന കുത്സിതപ്രവർത്തനങ്ങളുടേയും കച്ചവടതന്ത്രങ്ങളുടേയും നേർച്ചിത്രമാണ് ജോൺ കപൂറിന്റെ അറസ്റ്റോടെ കൂടുതൽ വെളിവായിരിക്കുന്നത്. സ്വാർത്ഥലാഭത്തിനായി എങ്ങനെ ഒരു ജനതയെ മുഴുവൻ ഒരു മരുന്നിന് അടിമപ്പെടുത്തി ലാഭം കൊയ്യാം എന്ന ഈ കച്ചവടതന്ത്രം ഇൻസിസ് എന്ന മരുന്നുൽപാദന കന്പനി മാത്രമായിരിക്കില്ല പയറ്റുന്നതെന്ന് ഉറപ്പാണ്. 2010ൽ തന്നെ ഓപിയോയിഡ് മരുന്നുകളുടെ ഭീകരത അമേരിക്ക തിരിച്ചറിഞ്ഞു തുടങ്ങിയതാണ്. ഓക്‌സികോഡോൺ, ഹൈഡ്രകോഡോൺ, ഫെന്റാനിൽ തുടങ്ങിയ കടുത്ത വേദനസംഹാരികൾ അമേരിക്കയിലെ ഡോക്ടർമാർ കാൻസർരോഗികൾക്കു പുറമേയുള്ളവർക്കും മരുന്നുകുറിപ്പടിയിൽ എഴുതിത്തുടങ്ങിയതോടെയാണ് ഈ മരുന്നുകൾക്ക് പലരും അടിപ്പെട്ടു തുടങ്ങിയത്. ശ്വാസോച്ഛാസത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ഈ മയക്കുമരുന്ന് മന്ദീഭവിപ്പിക്കാൻ തുടങ്ങിയത് ശ്വാസതടസ്സത്തിനിടയാക്കുകയും അങ്ങനെ രോഗികളുടെ മരണം സംഭവിക്കുകയുമായിരുന്നു. 2015ൽ അമേരിക്കയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു ഓപിയോയിഡ് മരുന്നുകളുടെ ഉപയോഗം മൂലം മരണമടഞ്ഞവരെന്നാണ് അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ പറയുന്നത്. 2016ൽ 62,000 അമേരിക്കക്കാരാണ് ഓപിയോയിഡ് ഓവർഡോസു മൂലം മരണപ്പെട്ടത്. 2017ൽ ജൂൺ മാസം വരെ മാത്രം 20,000ത്തിലധികം പേർ ഫെന്റാനിൽ ഉപയോഗം മൂലം കൊല്ലപ്പെട്ടെങ്കിൽ അടുത്ത പത്തു വർഷത്തിനുള്ളിൽ അമേരിക്കയിൽ ഈ മരുന്നുകൾ മൂലം അഞ്ചു ലക്ഷം പേർ കൊല്ലപ്പെടുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
കാൻസർ രോഗികൾക്കു മാത്രം നൽകേണ്ടുന്ന മരുന്നുകൾ എങ്ങനെയാണ് മരുന്നു കന്പനികൾ ഡോക്ടർമാർക്ക് വന്പൻ തുക കൈക്കൂലി നൽകി അവരെക്കൊണ്ട് പ്രിസ്‌ക്രൈബ് ചെയ്യിച്ചതെന്നും അതെങ്ങനെ ഒരു ദേശീയദുരന്തമെന്ന നിലയിലേക്ക് പോലും വളർന്നതെന്നും അമേരിക്കയിലെ ഓപിയോയിഡ് എപിഡെമിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസം തെളിയിക്കുന്നു. മരുന്നു നിർമ്മാണ കന്പനികളും ആശുപത്രികളും ഡോക്ടർമാരും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ടുകൾ എങ്ങനെയാണ് ജനതതിയുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നതെന്ന് ഈ സംഭവവികാസങ്ങൾ തെളിയിക്കുന്നു. അരിസോണയിൽ അറസ്റ്റിലായ ഇന്ത്യൻ ഡോക്ടറായ ഡോക്ടർ ജോൺ കപൂറും കൂട്ടരും മെഡിക്കൽ രംഗത്തെ കച്ചവടമാക്കി മാറ്റിയ മാഫിയകളിൽ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ്. ആശുപത്രികൾ എങ്ങനെയാണ് കച്ചവടം മാത്രമായി ഒതുങ്ങുന്നതെന്നും ആരോഗ്യരംഗത്തെ ഈ കൊള്ള എങ്ങനെയാണ് സാധാരണ മനുഷ്യന്റെ ജീവിതത്തെ അപകടത്തിലാക്കുന്നതെന്നുമായിരുന്നു വിജയ് നായകനായ മെർസൽ എന്ന തമിഴ് സിനിമയുടെ പ്രമേയം. സാധാരണ പ്രസവം പോലും എങ്ങനെ സിസേറിയനാക്കി ആശുപത്രികൾ മാറ്റുന്നുവെന്നും പലവിധ അനധികൃതവും നിയമരഹിതവുമായ പ്രവർത്തനങ്ങളിലൂടെ പണം വാരുന്നുവെന്നും സിനിമ പറഞ്ഞു. ആശുപത്രികൾ മനുഷ്യജീവനെ രക്ഷിക്കുന്നയിടങ്ങൾ എന്ന നിലയിൽ നിന്നും കൊള്ളയിടങ്ങളായി മാറുന്ന കാഴ്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അമിതമായ ലാഭാസക്തി തെറ്റായ പ്രവണതകൾക്ക് വഴിമരുന്നിടുകയാണ് എവിടേയും. കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയെപ്പറ്റി പുറത്തുവരുന്ന വാർത്തകൾ തന്നെ നോക്കുക. കൊച്ചിയിൽ ഇടപ്പള്ളിയിലുള്ള അൽഷിഫാ ഹോസ്പിറ്റൽ ഫോർ പൈൽസിന്റെ മാനേജിങ് ഡയറക്ടർ മെഡിക്കൽ ബിരുദങ്ങളില്ലാതെ രോഗികളെ ചികിത്സിച്ചുവെന്നാണ് ഐഎംഎയുടെ വെളിപ്പെടുത്തൽ. വ്യാജഡോക്ടറായ ഒരാൾ വർഷങ്ങളോളം രോഗികളെ ചികിത്സിച്ചുകൊണ്ടിരുന്നതും അവരെ പലരേയും അപകടകരവും വേദനാജനകവുമായ ജീവിതത്തിലേക്ക് കൊണ്ടെത്തിച്ചതും നിസ്സാരമായ കാര്യമല്ല. കാര്യങ്ങൾ ഇത്തരത്തിലാണെങ്കിൽ സംസ്ഥാനത്തെ എത്രയോ ആശുപത്രികളിൽ ഐഎംഎയിൽ അംഗത്വമുള്ള വ്യാജന്മാർ വിലസുന്നുണ്ടാകും എന്നു ചിന്തിച്ചു നോക്കുക. എന്തിനധികം പറയുന്നു, നമ്മുടെ പല മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും രാത്രി ഡ്യൂട്ടിക്കെത്തുന്നത് നിയമപ്രകാരം ചികിത്സിക്കാൻ അനുവാദമില്ലാത്ത ഹൗസ് സർജന്മാരാണെന്നതാണ് ഭീകരമായ സത്യം.
ആശുപത്രിയും മരുന്നുമാണ് ഇന്ത്യയിലെ പ്രധാന വ്യവസായങ്ങളെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. 50,000 കോടി രൂപയ്ക്കുള്ള മരുന്ന് പ്രതിവർഷം ഇന്ത്യയിലെ മരുന്നുനിർമ്മാതാക്കൾ ആഭ്യന്തര മരുന്നു വിപണിയിൽ എത്തിക്കുന്നുണ്ടെന്നും അതിൽ 6500 കോടി രൂപയ്ക്കുള്ള മരുന്നും ഭക്ഷിക്കുന്നത് മലയാളികളാണെന്നതും ഒരു യാഥാർത്ഥ്യമാണ്. അതായത് 123 കോടി ജനങ്ങളുള്ള ഇന്ത്യയിൽ കേവലം 3 കോടി ജനങ്ങൾ മാത്രമുള്ള കേരളമാണ് ഉൽപ്പാദിപ്പിക്കപ്പെടുന്ന മരുന്നിന്റെ 13 ശതമാനവും അകത്താക്കുന്നത് എന്നു തന്നെ. മരുന്നു കന്പനികളിൽ നിന്നും കമ്മീഷനും സമ്മാനങ്ങളും വിദേശയാത്രകളുമൊക്കെ തരപ്പെടുത്തിക്കിട്ടുന്ന ഡോക്ടർമാരാകട്ടെ യാതൊരു ധാർമ്മികതയുമില്ലാതെ പരമാവധി മരുന്നുകൾ രോഗികൾക്ക് എഴുതി മലയാളിയെ പരമാവധി തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുന്നു. രോഗി പറയുന്ന രോഗലക്ഷണങ്ങൾക്ക് ഓരോന്നിനും മരുന്നെഴുതി രോഗത്തെ ചികിത്സിക്കാതെ, ലക്ഷണങ്ങളെ ചികിത്സിക്കുന്നവരായി മാറിയ ഡോക്ടർമാരും ഇവിടെയുണ്ടെന്ന് പറയാതെ വയ്യ. ഏത് ചെറിയ അസുഖത്തിനും ആന്റിബയോട്ടിക്കുകളേയും വേദനസംഹാരികളേയും കൂട്ടുപിടിക്കുന്ന ഡോക്ടർമാരും ധാരാളം. ചെറിയ ജലദോഷവുമായി എത്തുന്ന കുട്ടിക്കുപോലും അതീവ ശക്തിയുള്ള ആന്റിബയോട്ടിക്കുകൾ അവർ എഴുതി നൽകുന്നു. കുട്ടിയുടെ പിൽക്കാലത്തെ ആരോഗ്യത്തെപ്പറ്റി യാതൊരു തത്വദീക്ഷയുമില്ലാതെ, ഇവ കുഞ്ഞിനു നൽകുന്ന മാതാപിതാക്കളാകട്ടെ കുഞ്ഞിന് പിൽക്കാലത്ത് അതുണ്ടാക്കാനിടയുള്ള വലിയ ഭവിഷ്യത്തുക്കളെപ്പറ്റി അപ്പോൾ ചിന്തിക്കുകയുമില്ല. അതുകൊണ്ടു തന്നെയാണ് 6500 കോടി രൂപയുടെ കേരളത്തിലെ മരുന്നു വിപണിയിൽ ഇന്ന് ആന്റിബയോട്ടിക്കുകളും വേദനസംഹാരികളുമൊക്കെ 75 ശതമാനം വിപണിയും കീഴടക്കിവച്ചിരിക്കുന്നത്. മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും സാന്പിളുകൾ വാങ്ങാനായി ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് അനുവദിച്ചിരിക്കുന്ന തുക പോലും തുലോം തുച്ഛമാണെന്നിരിക്കേ, പരിശോധനയ്ക്കായി വാങ്ങുന്ന മരുന്നുകളുടെ എണ്ണത്തിൽ പോലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. പല മരുന്നുകളുടേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനവും ഈ ലാബുകളിലില്ലെന്നതാണ് മറ്റൊരു സത്യം.
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് സംസ്ഥാനത്ത് വിൽക്കപ്പെടുന്ന 2,64,000 മരുന്നുകളിൽ കേവലം 8000 മരുന്നുകൾ മാത്രമേ പ്രതിവർഷം പരിശോധിക്കാനുള്ള ശേഷിയുള്ളുവെന്നത് കൂടി തിരിച്ചറിയുന്പോഴാണ് മരുന്നു നിർമ്മാതാക്കൾ കേരളത്തെ ഏതെല്ലാം വിധത്തിൽ ചൂഷണം ചെയ്യുന്നുണ്ടാകാമെന്ന് നാം മനസ്സിലാക്കുന്നത്. ഒരു മരുന്നിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുന്പോൾ തന്നെ, ആ മരുന്ന് പരമാവധി കന്പനികൾ സംസ്ഥാനത്ത് വിറ്റഴിച്ചു കഴിഞ്ഞിട്ടുണ്ടാകും.
അരിസോണയിൽ ഡോക്ടർ ജോൺ കപൂറിന്റെ അറസ്റ്റിലേയ്ക്ക് നയിച്ചത് സബ്‌സിസ് എന്ന പേരിൽ ഇൻസിസ് വിപണിയിലിറക്കിയിട്ടുള്ള ഫെന്റാനിൽ മരുന്നാണ്. കാൻസർ രോഗം മൂലം കടുത്ത വേദന അനുഭവിക്കുന്നവർ ഈ സിന്തെറ്റിക് ഓപിയോയിഡ് നാവിനടിയിൽ സ്‌പ്രേ ചെയ്യുകയാണ് ചെയ്യാറുള്ളത്. കാൻസർ രോഗികളല്ലാത്ത മറ്റു പലർക്കും വേദനസംഹാരിയായി ഈ മരുന്ന് ഡോക്ടർമാർ എഴുതി നൽകാൻ ആരംഭിച്ചത് ഇൻസിസ് അവർക്ക് വൻതുക കൈക്കൂലിയായി നൽകാൻ തുടങ്ങിയതിനെ തുടർന്നാണ്. അമേരിക്കയിൽ ഓപിയോയിഡ് പ്രതിസന്ധി വലിയൊരു ആരോഗ്യപ്രശ്‌നമായി മാറിയപ്പോൾ മാത്രമാണ് കന്പനികളുടെ ഗൂഢതന്ത്രങ്ങൾ അമേരിക്കൻ മരുന്നു നിയന്ത്രണ വിഭാഗം അന്വേഷിക്കാൻ ആരംഭിച്ചതെന്നതാണ് വാസ്തവം. ഇന്ത്യയിൽ ഡോക്ടർമാരെ ഇത്തരത്തിൽ നിരീക്ഷിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നും തന്നെയില്ലെന്നതാണ് സത്യം. വില കുറഞ്ഞ ജനറിക് മെഡിസിനുകൾ രോഗികൾക്ക് എഴുതുന്നതിനു പകരം വില കൂടിയ ബ്രാൻഡഡ് മരുന്നുകൾ ഡോക്ടർമാർ രോഗികൾക്ക് കുറിപ്പടിയിൽ എഴുതുന്നത് ഇതിന്റെ സൂചനയാണ്. നമ്മുടെ മരുന്നുകൾ സംബന്ധിച്ച നിയമങ്ങളാകട്ടെ ബ്രാൻഡഡ് മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഇന്ത്യയിലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് നിയമത്തിലെ 65ാം വകുപ്പുപ്രകാരം ഡോക്ടർ എഴുതിയ ബ്രാൻഡഡ് മരുന്നിനു പകരമായി അതിനു തത്തുല്യമായ വില കുറഞ്ഞ ജനറിക് മരുന്ന് നൽകാൻ മരുന്നു കടക്കാരന് അനുവാദമില്ല. ഈ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെങ്കിലും ഡ്രഗ്‌സ് ടെക്‌നിക്കൽ അഡൈ്വസറി കമ്മിറ്റി ഇതിനെ അതിശക്തം എതിർത്തു. ഡോക്ടർമാരാകട്ടെ മരുന്നുകളുടെ രാസനാമം (ജനറിക് നാമം) ഡോക്ടർമാർ മരുന്നുകുറിപ്പടിയിൽ എഴുതണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2014 ഡിസംബറിലെ ഉത്തരവ് പരസ്യമായി ലംഘിക്കുകയുമാണ്. മെഡിക്കൽ രംഗത്തെ ഇത്തരം അനാശാസ്യ പ്രവണതകൾക്കിടയ്ക്ക് ഓപിയോയിഡ് മരുന്നുകൾ ഇന്ത്യയിലും വൻതോതിൽ മരുന്നു കന്പനികൾ വിപണനം ചെയ്യാനും ജനത അതിന് അടിപ്പെടാനുമുള്ള സാധ്യതകൾ വലുതാണ്. അത്തരമൊരു സാഹചര്യത്തെ നാം കീറിമുറിച്ച് ഇന്നേ പരിശോധിച്ചില്ലെങ്കിൽ ഓപിയോയിഡ് മരുന്നുകൾ ഇന്ത്യയിലും അമേരിക്കയേക്കാൾ രൂക്ഷമായി മരണം വിതയ്ക്കുകയും ജനത അതിന് അടിമപ്പെടുത്തുകയും ചെയ്യുമെന്നുറപ്പാണ്. ഇന്ത്യയിലെ ഡോക്ടർമാരെ കൈക്കൂലിയിലൂടേയും കമ്മീഷനിലൂടേയും വിദേശയാത്രാ വാഗ്ദാനങ്ങളിലൂടേയും കൈയ്യിലാക്കാൻ എളുപ്പമാണെന്ന കാര്യം ഇവിടത്തെ മരുന്നു കന്പനികൾക്കും നന്നായി അറിയാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ പ്രിവെൻഷൻ ആന്റ് റിസർച്ചിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 25 ലക്ഷം പേർ കാൻസറിന് അടിപ്പെട്ടിരിക്കുന്നതായാണ് കാണുന്നത്. ഇത്രയധികം പേർ കാൻസർ രോഗത്തിന്റെ ഭീകരത അനുഭവിക്കുകയും ഇതുപോലെ തന്നെ വേദനാജനകമായ അസുഖങ്ങൾ ബാധിച്ചവർക്കും ഓപിയോയിഡ് മരുന്നുകൾ ഇന്ത്യയിൽ വേദനസംഹാരിയെന്ന നിലയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ കാൻസർ ബാധിതരിൽ 16 ലക്ഷം പേർ രോഗത്തെ തുടർന്ന് കഠിനമായ വേദന അനുഭവിക്കുന്നവരാണെന്നാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. അതിൽ തന്നെ ഏറ്റവും കുറഞ്ഞത് 10 ലക്ഷം പേർക്ക് ലോകാരോഗ്യ സംഘടന വേദനസംഹാരികളുടെ കൂട്ടത്തിൽ സ്‌റ്റൈപ്പ് 3 ആയി കണക്കാക്കുന്ന ഓപിയോയിഡുകൾ ആവശ്യപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരേയൊരു ഓപിയോയിഡ് മോർഫിനാണ്. കാൻസർ മൂലം കഠിനമായ വേദന അനുഭവിക്കുന്ന ഒരാൾക്ക് ഒരു ദിവസം 100 മില്ലി ഗ്രാം മോർഫിൻ ആവശ്യമാണെങ്കിൽ 10 ലക്ഷം പേർക്ക് പ്രതിവർഷം 36,500 കിലോഗ്രാം മോർഫിൻ ഇന്ത്യയിൽ വേദനസംഹാരിയായി ആവശ്യമുണ്ട്.
ഇന്ത്യയിൽ ഓപിയോയിഡുകൾ ഉപയോഗിക്കുന്നതിന് നയപരമായ പല പ്രതിസന്ധികളും നേരത്തെ ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാന സർക്കാരുകളോട് നാർകോട്ടിക് രംഗത്തെ പല നിയന്ത്രണങ്ങളും മാറ്റാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് 13 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും നിയമങ്ങളിൽ അയവു വരുത്തിയിരുന്നു. ഇന്ത്യയിൽ മോർഫിന്റെ ഉൽപ്പാദനം ഇന്ത്യയ്ക്കാവശ്യമുള്ളതിനേക്കാൾ തുലോം തുച്ഛമാണെന്നാണ് കണക്കുകൾ പറയുന്നത്. ഉത്തർപ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം കഞ്ചാവ് കൃഷി സർക്കാർ നടത്തുന്നുണ്ടെങ്കിലും നമ്മുടെ സർക്കാരിന്റെ ഓപിയം, ആൽക്കലോയ്ഡ് ഫാക്ടറികൾ ഓപിയോയിഡ് മരുന്നുകൾ നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ പ്രധാനമായും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്. 2000ത്തിനും 2004നുമിടയിൽ ഈ ഫാക്ടറികൾ ഓപിയോയിഡുകളായി വിറ്റത് യഥാർത്ഥത്തിൽ ആവശ്യമുള്ളത്ര ഓപിയോയിഡുകളുടെ 0.4 ശതമാനം മാത്രമാണത്രേ. ഇവിടെയാണ് വിദേശത്തു നിന്നുള്ള കൂടുതൽ ശക്തിയേറിയതും അടിമപ്പെടുത്താൻ സാധ്യതയുള്ളതുമായ ഓപിയോയിഡുകൾ ഇന്ത്യയിൽ വിപണനത്തിനെത്താനുള്ള സാധ്യത തെളിയുന്നത്. ഫെന്റാനിൽ പോലുള്ള അതീവ ശക്തിയേറിയ ഓപിയോയിഡ് സ്‌പ്രേകൾ മരുന്നുവിപണിയിലേക്ക് എത്തപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്.
അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാലായിരത്തോളം അനധികൃത വെബ്‌സൈറ്റുകൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് അംഗീകൃതമല്ലാത്ത, അപകടകരമായ ഓപിയോയിഡുകൾ അടക്കമുള്ള മരുന്നുകൾ നിർബാധം വിപണനം ചെയ്യുന്നതായി 2017 ജനുവരിയിൽ ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ഫാർമസികളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടാണ് ഈ കച്ചവടം തകൃതിയായി അരങ്ങേറുന്നതെന്നും ഗുജറാത്തിലെ സൂറത്താണ് ഇതിന്റെ പ്രഭവകേന്ദ്രമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. നാർകോട്ടിക് സൈക്കോട്രോപിക് ഗണത്തിൽപ്പെടുന്ന പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുള്ള മരുന്നുകൾ ഇന്ത്യയിൽ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് നിയമത്തിനു കീഴിലും നാർകോട്ടിക് ഡ്രഗ്‌സ് ആന്റ് സെക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിനു കീഴിലും നിയന്ത്രിതമായി മാത്രമേ വിപണനം ചെയ്യാനാകൂവെന്ന ചട്ടങ്ങൾ വിദേശത്തു നിന്നുമെത്തുന്ന പാഴ്‌സലുകൾ പരസ്യമായി ലംഘിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഫെന്റാനിൽ ഉപയോഗിക്കുന്ന സബ്‌സിസ് പോലുള്ള സ്‌പ്രേകൾ ഇന്ത്യയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന സംശയം വർദ്ധിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് ഓപിയോയിഡുകൾ യഥാർത്ഥ ഉപയോഗത്തിനല്ലാതെ ഉപയോഗിക്കുന്പോൾ ഉണ്ടാകുന്നതെന്ന് അമേരിക്കയിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഇന്ത്യക്കാരനായ ഒരു ഡോക്ടറാണ് ഓപിയോയിഡ് വിപണനത്തിന് അമേരിക്കയിൽ ചുക്കാൻ പിടിച്ചിരുന്നതെന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുമുണ്ട്. ഓപിയോയിഡുകളുടെ ദുരന്തത്തിലേക്ക് ഇന്ത്യ വീഴാതിരിക്കണമെങ്കിൽ ഈ മരുന്നുകളുടെ വിപണന കാര്യത്തിൽ നാം അതീവ ജാഗ്രത വെച്ചുപുലർത്തേണ്ടതുണ്ട്. സർക്കാർ ഇക്കാര്യത്തിൽ ഉണർന്നെഴുന്നേൽക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് ഡോക്ടർ ജോൺ കപൂറിന്റെ അറസ്റ്റ് നമ്മെ ഓർമ്മിപ്പിക്കുന്നത്.