രക്തസാക്ഷിയായ amemJ
സിസ്റ്റർ റാണി മരിയ, ഇന്ത്യയിൽ ആദ്യമായി വാഴ്ത്തപ്പെടുന്ന രക്തസാക്ഷിയായ വനിത. രക്തസാക്ഷിയായ മാലാഖ എന്ന് പറയുന്നതാകും അതിലും ഉചിതം. “ഞാൻ എപ്പോൾ വേണമെങ്കിലും മരിക്കാം. അതെനിക്കൊരു പ്രശ്നമല്ല. കർത്താവിനുവേണ്ടി മരിക്കുന്നതിൽ എനിക്ക് ദുഃഖമോ വേദനയോയില്ല. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുക എന്നത് മാത്രമാണ് എന്നിൽ അർപ്പിതമായ ജോലി” -സിസ്റ്റർ റാണി മരിയയുടെ വാക്കുകളാണിത്. ഇന്ദോറിലെ കത്തോലിക്കാ സഭാ ആസ്ഥാനത്ത് സിസ്റ്റർ റാണി മരിയയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരിക്കുന്നു. തന്നിൽ അർപ്പിതമായ കർത്തവ്യങ്ങൾ ദൈവഹിതമെന്നോണം ചെയ്ത് തീർത്ത മലാഖ...
എറണാകുളം പെരുന്പാവൂരിനടുത്ത് പുല്ലുവഴി വട്ടാലിൽ പൈലി-ഏലീശ്വ ദന്പതിമാരുടെ ഏഴു മക്കളിൽ രണ്ടാമത്തെ പുത്രി. മേരിക്കുഞ്ഞ് എന്നായിരുന്നു സിസ്റ്ററുടെ വിളിപ്പേര്. തിരിച്ചറിവ് വന്ന കാലം തൊട്ട് സന്ന്യാസ ജിവതത്തോടായിരുന്നു സിസ്റ്റർക്ക് താൽപര്യം. ബിഷപ്പ് മാർ സെബാസ്റ്റ്യൻ മാങ്കുഴിക്കരയിൽനിന്ന് സഭാവസ്ത്രം സ്വീകരിച്ച മേരികുഞ്ഞ് അങ്ങനെ സിസ്റ്റർ റാണി മരിയയായി.
എറണാകുളം പ്രൊവിൻസിൽനിന്ന് ഭോപാൽ പ്രൊവിൻസിലേക്ക് മാറിയ അവർ ഇന്ദോറിൽനിന്ന് ഏകദേശം 50 കിലോമീറ്ററോളം അകലെയുള്ള ഉദയ് നഗറിലെ പാവപ്പെട്ട കർഷകരുടെ ഇടയിലാണ് പ്രവർത്തിച്ചത്. ജന്മിമാരിൽനിന്ന് പണം കടംവാങ്ങി കൃഷി ചെയ്ത് ജീവിക്കുന്ന ഗ്രാമീണർക്ക് സിസ്റ്റർ ഒരമ്മയും അത്താണിയുമായി മാറുകയായിരുന്നു. ഒരിക്കലും കടംവീട്ടാൻ കഴിയാത്ത പാവപ്പെട്ട കർഷകരുടെ ജീവിതം ജന്മിമാരുടെ കാൽക്കീഴിലായിരുന്നു.
അടിമപ്പണിയിൽനിന്ന് അവരെ മോചിപ്പിക്കാൻ സിസ്റ്റർ അവരുടെ ഇടയിലേയ്ക്ക് നേരിട്ടിറങ്ങി. ബാങ്കുകളിൽനിന്ന് അവർക്ക് വായ്പയെടുത്ത് നൽകി. കൃഷിയിൽനിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ബാങ്കിൽ നിക്ഷേപിക്കാൻ അവരെ പഠിപ്പിച്ചു. സ്വയം തൊഴിലിൽ അവരെ പരിശീലിപ്പിച്ചു. അവരുടെ കുട്ടികൾക്ക് ഏകാധ്യാപകവിദ്യാലയം സ്ഥാപിച്ച് അറിവു പകർന്നു. കുട്ടികൾ തയ്യലും മറ്റുമായി സ്വയം തൊഴിലിലേക്കിറങ്ങിത്തുടങ്ങി. ജന്മികളിൽനിന്നുള്ള വായ്പയെടുക്കൽ ഗ്രാമീണർ നിർത്തി.
ഭോപ്പാലിൽ വെച്ച് 1995 ഫെബ്രുവരി 25-ന് സമുന്ദർ സിങ് എന്ന വാടകക്കൊലയാളിയാലാണ് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തിയത്. ഉയദ് നഗറിൽനിന്ന് കേരളത്തിലേയ്ക്ക് വരാനുള്ള യാത്രയിലാണ് സിസ്റ്റർ രക്തസാക്ഷിത്വം വരിക്കുന്നത്. ഉദയ് നഗറിൽനിന്നുള്ള ബസ് യാത്രക്കിടെ സിസ്റ്റർ യാത്ര പുറപ്പെട്ട ബസ്സിൽ കൊലപാതകം ആസൂത്രണം ചെയ്ത് സമുന്ദർ സിങ് എന്ന ഗുണ്ടയും സഹായികളായി ജീവൻ സിങ്ങും ധർമേന്ദ്ര സിങ്ങും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ സമുന്ദർ സിങ് ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെടുകയും ബസിൽനിന്ന് ചാടിയിറങ്ങിയ അയാൾ െെകയിലുണ്ടായിരുന്ന തേങ്ങ നടുറോഡിൽ എറിഞ്ഞു പൊട്ടിക്കുകയും അതിന്റെ കഷണങ്ങൾ യാത്രക്കാർക്കെല്ലാം വിതരണം ചെയ്യുകയും ചെയ്തു. ഇതെല്ലാം കണ്ടിരുന്ന സിസ്റ്റർ അയാളോട് ചോദിച്ചു: സമുന്ദർ നീ ഇന്ന് വലിയ ആഹ്ലാദത്തിലാണല്ലോ... എന്താണ് കാര്യം എന്ന്. ഞാൻ നിങ്ങളെ കൊല്ലാൻ പോകുകയാണെന്ന് പറഞ്ഞ് സുമന്ദർസിങെന്ന ഗുണ്ട സിസ്റ്ററെ കുത്തുകയായിരുന്നു.
സിസ്റ്ററുടെ വിയോഗം ഗ്രാമവാസികളെ സങ്കടത്തിലാക്കി. അവർ പ്രതിഷേധവുമായി രംഗത്തുവന്നു. മൂന്നാംദിവസം കൊണ്ട് തന്നെ പോലീസ് സമുന്ദർ സിങ്ങിനെയും ഇതിനുപിന്നിൽ പ്രവർത്തിച്ച ജീവൻ സിങ്ങിനെയും അറസ്റ്റു ചെയ്തു. തെളിവില്ലെന്ന കാരണത്താൽ ജന്മിയെ പിന്നീട് വെറുതെ വിട്ട കോടതി സമുന്ദറിനെ ജയിലിലേക്കയച്ചു. 25,000 രൂപയ്ക്കാണ് താൻ കൊല ചെയ്തതെന്നാണ് പിന്നീട് സമുന്ദർ വെളിപ്പെടുത്തിയത്.
ഇന്ന് സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ടവളായി മാറുന്പോൾ സിസ്റ്റർ റാണി മരിയയുടെ സഹോദരി സിറ്റിൽ സെൽമിയുടെ ശ്രമങ്ങളുടെ ഫലമായി ജയിൽമോചിതനായ സമുന്ദർ സിംഗ് ഒരു കർഷകനായി ജീവിതം നയിക്കുകയാണ്. തന്റെ തെറ്റുകളെല്ലാം സിസ്റ്ററിന്റെ മാതാവിനോട് സമുന്ദർ ഏറ്റുപറഞ്ഞിരുന്നു... തന്റെ കൊലപാതകിയോട് പോലും പൊറുക്കാൻ സിസ്റ്ററിന് കഴിയുമായിരുന്നു എന്ന് തന്റെ സഹോദരിയിലൂടെ സിസ്റ്റർ റാണി മരിയ വ്യക്തമാക്കിതരുന്നു.
മരണശേഷം 2005 ജൂൺ 29നായിരുന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനമുണ്ടാകുന്നത്. കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ കാർമ്മികത്വത്തിൽ ഉദയനഗറിൽ എട്ടാം ചരമവാർഷിക ദിനത്തിലായിരുന്നു ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മരണശേഷം അഞ്ചുവർഷം കാത്തിരിപ്പു കാലമാണ്. സംഭവത്തോടുള്ള വൈകാരിക ആഭിമുഖ്യം ഇല്ലാതാകാനും കാര്യങ്ങൾ സമചിത്തതയോടെ നോക്കിക്കാണാനും അവസരം നൽകുന്നതിനാണ് ഈ വർഷങ്ങൾ.
അഞ്ചുവർഷത്തിനകം ‘സാങ്തോറം മാർത്തർ’ എന്ന ഗ്രന്ഥത്തിലെ നിബന്ധനകൾക്കു വിധേയമായി പ്രാദേശിക സഭയ്ക്കു നാമകരണ നടപടികൾ തുടങ്ങാം. ഈ പ്രക്രിയയ്ക്കു പ്രാദേശിക അനുമതി നൽകിയതു മുൻ ബിഷപ് ജോർജ് ആനാത്തിലാണ് ചരിത്ര, ദൈവശാസ്ത്ര കമ്മിഷനുകളാണ് ഈ ഘട്ടത്തിൽ ഇടപെടുക. ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ ക്രോഡീകരിക്കുകയാണ് ചരിത്ര കമ്മിഷന്റെ ദൗത്യം. വ്യക്തിത്വവും ധാർമ്മികതയും വിലയിരുത്തുന്ന ചുമതലയാണ് ദൈവശാസ്ത്ര കമ്മിഷന്റേത്. എഴുത്തുകളും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളും ഇതിനായി പരിശോധിക്കും. ജോലിചെയ്ത രൂപതകളിൽ നിന്ന് ഇതിനായി തെളിവ് ശേഖരിച്ചു. 64 സാക്ഷ്യങ്ങൾ രേഖപ്പെടുത്തി.
പ്രാദേശിക സഭ 10 വാല്യങ്ങളായി സമർപ്പിച്ച രേഖകൾക്കു വത്തിക്കാൻ പ്രാഥമിക അംഗീകാരം നൽകിയത് 2009ലാണ്. നാമകരണത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നതിനു 2010ൽ സിസ്റ്റർ ബെൻസിയെ ‘എക്േസ്റ്റണൽ കൊലാബറേറ്റർ’ ആയി നിയമിച്ചു. വത്തിക്കാനിലെ ദൈവഗണ വിഭാഗത്തിന്റെ ഗഹനമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ദൗത്യവും ഭരമേറ്റു. മൂന്നു കാര്യങ്ങളാണ് ആദ്യം കണ്ടെത്തേണ്ടിയിരുന്നത്. ഒന്ന്: ഭൗതിക രക്തസാക്ഷിത്വത്തിന്റെ വിശദാംശങ്ങൾ. രണ്ട്: ഔപചാരിക രക്തസാക്ഷിത്വം. മൂന്ന്: വ്യക്തി, സ്വതന്ത്ര മനസ്സോടെ ധൈര്യമായി പ്രശ്നങ്ങളെ നേരിട്ടോ? വിശ്വാസത്തിനു വേണ്ടിയായിരുന്നു രക്തസാക്ഷിത്വമെന്നു തെളിയിക്കേണ്ടതു മൂന്നാംഘട്ടത്തിലാണ്.
സിസ്റ്റർ റാണി മരിയയുടെ നാമകരണ പ്രക്രിയയ്ക്കു മേൽനോട്ടം വഹിക്കാൻ വത്തിക്കാനിലെ വിശുദ്ധഗണ വിഭാഗം ‘റിലേറ്റർ’ ആയി നിയോഗിച്ചതു ഡാനിയൽ ഓൾട്സിനെയാണ്. കൊലാബറേറ്ററായി നിയോഗിച്ചതു ജുവാനോ ജോസപ്പെ കാലിഫനോയെയും. മദർ തെരേസയുടെയും ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും നാമകരണ പ്രക്രിയ പൂർത്തിയാക്കിയതു കാലിഫനോയാണ്.
രേഖകളുടെ വിമർശനാത്മക പരിശോധന നിർവഹിച്ചത് ഒൻപതു പേരടങ്ങിയ കമ്മിഷൻ. ഒട്ടേറെ കാര്യങ്ങളിൽ പുനർവിലയിരുത്തലുകൾ വേണ്ടിവന്നു. രക്തസാക്ഷിത്വത്തിന്റെ സ്വഭാവമെന്ത് എന്ന വിലയിരുത്തലായിരുന്നു അതിൽ മുഖ്യം. ഘാതകനു വിശ്വാസപ്രമാണങ്ങളോട് അന്ധമായ എതിർപ്പുണ്ടായിരുന്നില്ലെങ്കിലും റാണി മരിയയുടെ രക്തസാക്ഷിത്വം അചഞ്ചല വിശ്വാസത്തിന്റെ ഫലമെന്നു കമ്മിഷനു ബോധ്യപ്പെട്ടു. സിസ്റ്ററിന്റെ രക്തസാക്ഷിത്വം തന്നെ വിശ്വാസ സംരക്ഷണത്തിനായുള്ള അദ്ഭുതമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് ധന്യ (വെനറബിൾ) പദവിക്കൊപ്പം വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവിയിലേക്ക് അവർ ഉയർത്തപ്പെട്ടു.