ആർക്കായി ഈ സ്വരുക്കൂട്ടൽ...
വൽസ ജേക്കബ്
മനുഷ്യൻ ജീവിക്കുന്നത് എന്തിന്? അവന്‍റെ ജീവിത ലക്ഷ്യം എന്താണ്? മരണക്കിടക്കയിൽ നിന്നും പുറകോട്ടൊന്നു തിരിഞ്ഞു നോക്കിയാൽ ജീവിതം വിജയമോ പരാജയമോ എന്നു പറയാൻ നമ്മുടെ ആധാരം എന്താണ്. നേടിയെടുത്ത ആസ്തിയോ?, പല ബാങ്കുകളിലെ നിക്ഷേപങ്ങളോ? വാങ്ങിച്ചു കൂട്ടിയ ഭൂസ്വത്തോ? മക്കളുടെ നേട്ടങ്ങളോ? വഹിച്ചിരുന്ന സ്ഥാനമാനങ്ങളോ? നേടിയെടുത്ത അറിവുകളോ? പലർക്കും അതിന്റെ അളവുകോലും മാനദണ്ധവും വ്യത്യസ്തമാകും. എങ്കിലും ഇന്ന് നമ്മുടെ ചുറ്റുപാടും നടക്കുന്ന ജീവിത സംഭവങ്ങൾ ഇങ്ങനെ ഒരു ചിന്തയിലേയ്ക്ക് എത്തിച്ചു.
മൂല്യം നഷ്ടപ്പെട്ട, ആത്മാർത്ഥത ചോർന്ന ഒരു സമൂഹമാണ് മിക്കയിടത്തും ഇന്ന് നമുക്ക് ഇടപെടേണ്ടി വരുന്നത്. അതിനിടയിൽ നന്മ കരുതി ജീവിക്കുന്നവരും, കരുതലിന്‍റെ കൈത്താങ്ങു നൽകുന്നവരും, പ്രതിഫലം ഇച്ഛിക്കാതെ പ്രവർത്തിക്കുന്നവരും ഈ ലോകത്തെ താങ്ങി നിർത്തുന്നു. ഒട്ടു മിക്ക മനുഷ്യരും പണത്തിലാണ് ജീവിതത്തിന്റെ അടിസ്ഥാനം കാണുന്നത്. പണമുണ്ടെങ്കിൽ എന്തും ആകും, അത് ഇട്ടു മൂടാൻ ഉണ്ടാക്കുകയാണ് അവരുടെ ജീവിത ലക്ഷ്യം. ഒരിക്കൽ വിദ്യാഭ്യാസം മനുഷ്യന്റെ ആകമാന വളർച്ചയുടെ അളവുകോലായിരുന്നു. ഇന്ന് പഠനം സാന്പത്തിക നേട്ടം ലക്ഷ്യം വെച്ച് ഒരു തിരഞ്ഞെടുപ്പായി മാറി. മൂല്യാവബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നൂറിൽ നൂറ് വിജയം എന്നത് മാർക്കിൽ മാത്രം ഒതുങ്ങി. സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള, മൂല്യം ഉയർത്തിക്കാട്ടുന്ന ഒരു തലമുറയ്ക്ക് വഴിയൊരുക്കാൻ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കഴിയുന്നില്ല. അതും കച്ചവടവും ലാഭവും ഉള്ള ഒരു ബിസിനസ്സ് സംരംഭമായി.
സമൂഹത്തിൽ ഇന്ന് കാണുന്നത് അന്യന്‍റെ കയ്യിലേതു കൂടി സ്വന്തമാക്കാനുള്ള നെട്ടോട്ടമാണ്. എങ്ങനെയും, ഏതുവിധേനയും, എവിടേയും സാന്പത്തിക നേട്ടം. അത് ചെറിയ സംഘടനയിലും, ജോലി സ്ഥലത്തും, കൂട്ടായ്മകളിലും, സ്ഥാപനങ്ങളിലും, രാഷ്ട്രീയത്തിലും ഒന്നുപോലെ. അന്യന് അപകീർത്തി വരുത്തിയും, അപമാനവാക്കുകൾ തൊടുത്തും, ഏതു വിധേനയും ലക്ഷ്യം നേടിയെടുക്കാൻ എത്ര വൃത്തികെട്ട കളി കളിക്കാനും ഇന്ന് മനുഷ്യന് നാണമില്ലാതായിരിക്കുന്നു. പ്രതികരിക്കാൻ കഴിയാത്തവരെ, അതിനുള്ള പിൻബലം ഇല്ലാത്തവരെ പ്രതിരോധിക്കാൻ ആരും വരില്ലെന്നറിഞ്ഞു കൊണ്ടുതന്നെ അവരെ പിച്ചിച്ചീന്താൻ ഇവർക്ക് യാതൊരു മടിയുമില്ല. അന്യന്‍റെ മുതലും പൊതു സ്വത്തും വെട്ടിപ്പിടിക്കുന്നതിനും കൈയ്യിട്ടു വാരുന്നതിനും യാതൊരു സങ്കടവും ഇവർക്കില്ല. നേതൃത്വം പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം ആയി മാറിയ ഒരു കാലഘട്ടത്തിലാണ് നാം ഇന്ന്. എവിടേയും പണമെറിഞ്ഞു സ്ഥാനം നേടിയെടുത്ത്, ആരും ചോദിക്കാൻ ഇല്ലാത്ത, കണക്കുകളിൽ തിരിമറി കാണിക്കാൻ പറ്റുന്നിടങ്ങളിൽ നിന്നും ആവത് സ്വരൂപിക്കാനുള്ള തരം താണ പ്രവർത്തനങ്ങൾ ആണ് ഇന്ന് രാഷ്ട്രീയത്തിലും മറ്റ് മേഖലകളിലും കാണുന്നത്. അതിന് ഉദ്യോഗസ്ഥ തലത്തിലുള്ളവരെയും കൂട്ടുപിടിച്ച് പ്രവർത്തിക്കുന്പോൾ, ആത്മാർത്‍ഥതയോടെ പ്രവർത്തിക്കുന്ന ഒരു നല്ല ശതമാനം ഉദ്യോഗസ്ഥർക്ക് പേർ ദോഷത്തിനും ജോലിയിലുള്ള താൽപര്യത്തിനും, മാനസീക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. അതിലുപരി ആരും സഹായിക്കാൻ ഇല്ല എന്ന തോന്നലിൽ സാധാരണ മനുഷ്യർ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു. എന്നാൽ മാന്യതയുടെ മുഖം മൂടിയണിഞ്ഞു, കപടഹൃദയരായ, ചതിയും കാലുമാറ്റവും സന്ദർഭങ്ങക്കനുസരിച്ച് കൂടേക്കൊണ്ടുനടക്കുന്ന ഇവർക്കെതിരെ പ്രതികരിക്കാനോ, പ്രതിരോധിക്കനോ സാധാരണക്കാർക്ക് കഴിയാത്തതുകൊണ്ട്, ഇവർ വിലസി നടന്ന് അന്യന്‍റെ കണ്ണുനീരിന്റെ ഫലം കയ്യിട്ട് വാരുന്നത് വെണ്ണീർ കയ്യിലെടുക്കുന്നതിന് തുല്യമെന്ന് അറിയുന്നില്ല. നിസ്സഹായന്‍റെ വിയർപ്പും ചോര നീരാക്കിയുള്ള പ്രവർത്തനവും നിലനിർത്തുന്നിടത്ത് നിന്ന് കൊണ്ടുപോകുന്ന ഓരോ ചില്ലിക്കാശിനും നിലവിളിയുടെ ശബ്ദമുണ്ടെന്ന് ഓർക്കുന്നില്ല. ഈ കണ്ണീരിന്‍റെ, വിയർപ്പിന്‍റെ ചില്ലിത്തുട്ടുകൾ തലമുറകൾക്കായി കരുതി െവയ്ക്കുന്പോൾ ഒന്നോർക്കുന്നത് നല്ലത്. “മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവർ ധനം സന്പാദിക്കുന്നു; ആര് അനുഭവിക്കും എന്നറിയുന്നില്ല...”