ജീവിക്കാൻ ഞങ്ങൾക്കറിയാം ഞങ്ങളെ തടയേണ്ടതില്ല...
കൂക്കാനം റഹ്്മാൻ
ലോകമെന്പാടും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന കാലമാണിത്. സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന സമീപനമാണ് ഇന്ത്യൻ ഭരണകൂടവും അനുവർത്തിക്കുന്നത്. വിദ്യാഭ്യാസത്തിലും, സംസ്‌കാരത്തിലും ഉയർന്നു നിൽക്കുന്നു എന്നഭിമാനിക്കുന്ന കേരളത്തിലെയും സ്ഥിതി വിഭിന്നമല്ല. ഏത് ഭക്ഷണം കഴിക്കണമെന്നും, ഏത് തരം വസ്ത്രം ധരിക്കണമെന്നും ആരെ സ്‌നേഹിക്കണമെന്നും, ആശയങ്ങൾ ഏത് സ്വീകരിക്കണമെന്നും വ്യക്തിയാണ് തീരുമാനിക്കേണ്ടത്. സ്‌നേഹിക്കാനും, പ്രണയിക്കാനും, വിവാഹം കഴിക്കാനും ഉള്ള സ്വാതന്ത്ര്യവും വ്യക്തിക്കുണ്ട്. പ്രണയത്തിന് ജാതിയും, മതവും, രാഷ്ട്രീയവും ഒന്നും തടസ്സമല്ല. മതത്തിൽ വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ, മതം മാറുകയോ ആർക്കും എപ്പോൾ വേണമെങ്കിലും ആകാം. തിരുത്തി തിരിച്ചു വരികയും ചെയ്യാം. ഇതെല്ലാം വ്യക്ത്യാധിഷ്ഠിതമാണ്. നാൾക്കുനാൾ മതാന്ധത മനുഷ്യരിൽ കുത്തിവെയ്ക്കാനാണ് വിപ്ലവ വീര്യമുള്ള കേരളത്തിലും വിരുദ്ധശക്തികൾ ശ്രമിക്കുന്നത്.
രാഷ്ട്രീയ− സാമൂഹ്യ− സാംസ്‌കാരിക പ്രവർത്തകർ ഉണർന്നു പ്രവർത്തിച്ചിട്ടും ഇതിന് ഒരയവു വരുന്ന അവസ്ഥ കാണുന്നില്ല. മതംമാറ്റത്തിനും ഏതെങ്കിലും ഒരു മതത്തിലേക്ക് ആകൃഷ്ടരാകാനും മുന്പിൽ നിൽക്കുന്നത് സ്ത്രീകളാണ് എന്നുള്ളതും ചിന്തയ്ക്ക് വിധേയമാക്കേണ്ട കാര്യമാണ്. വർത്തമാന കാലഘട്ടത്തിലേക്ക് മാത്രം നമുക്കൊന്ന് കണ്ണോടിച്ചു നോക്കാം. പ്രമുഖ സാഹിത്യകാരി മാധവിക്കുട്ടിയാണ് ഇസ്ലാം മതം സ്വീകരിച്ച് ഈ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. എല്ലാ തരത്തിലും ഉയർച്ചയുടെ ഉത്തുംഗശൃംഗത്തിൽ വിരാജിച്ച വ്യക്തിയായതിനാൽ അവർക്കെതിരെ വാളെടുത്ത് ഉറഞ്ഞുതുള്ളാൻ ഹിന്ദു തീവ്രവാദികൾ ശ്രമിച്ചില്ല. എങ്കിലും ലൗജിഹാദ് എന്ന പുതിയ സംജ്ഞ നൽകി, നിരവധി ആരോപണങ്ങൾക്ക് അവർ വിധേയയായി.
നിശ്ചയദാർഢ്യവും സമൂഹത്തിന്റെ അംഗീകാരവും ഉള്ള തലയെടുപ്പുള്ള വ്യക്തിത്വത്തിന്റെ ഉടമയായ അവർ അതൊക്കെ അതിസമർത്ഥമായി തള്ളിക്കളഞ്ഞു. ഇപ്പോഴിതാ കോട്ടയം ജില്ലക്കാരിയായ അഖില അശോക്, കാസർകോട് ജില്ലക്കാരിയായ ആതിര, എറണാകുളം ജില്ലക്കാരിയായ ശ്വേത ഹരിദാസ് എന്നീ സ്ത്രീകൾ ഇസ്ലാം ആശ്ലേഷിച്ചു. അതവരുടെ ഇഷ്ടം, അവരുടെ വിശ്വാസം, അതിനെന്തിന് സമൂഹം ഇടപെടണം? പതിനെട്ടുവയസ്സുതികഞ്ഞാൽ ഏത് കാര്യത്തിലും സ്വതന്ത്ര തീരുമാനമെടുക്കാൻ ഇന്ത്യൻ പൗരന് അവകാശമുണ്ട്. ആ അവകാശത്തെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലതാനും.
എന്റെ കൊച്ചു ഗ്രാമമായ കരിവെള്ളൂരിൽ വ്യത്യസ്ത വിഭാഗത്തിൽ പെട്ടവർ വിവാഹിതരായി സസുഖം കുടുംബജീവിതം നയിച്ചു വരുന്നുണ്ട്. പാർട്ടി ഗ്രാമമായതിനാലാവാം അതെക്കുറിച്ചു ഉൽക്കണ്ഠയോ, പരാതിപ്പെടലോ, ഒന്നും ഉണ്ടായില്ല. ബൗദ്ധിക നിലവാരം ഉയർന്ന പ്രദേശങ്ങളിലൊന്നും മതം മാറ്റമോ, വ്യത്യസ്ത മത വിശ്വാസികളുടെ വിവാഹമോ ഒന്നും പ്രശ്‌നമാകുന്നേയില്ല. നാട്ടുകാരൊക്കെ കാദൃച്ചായെന്ന് വിളിക്കുന്ന ബീഡി തൊഴിലാളി എൻ അബ്ദുൾ ഖാദർ സ്‌നേഹിച്ച് വിവാഹം കഴിച്ചത് തന്പായിയെയാണ്. രണ്ടുപേരും മതവും മാറിയില്ല. പേരും മാറിയില്ല. അവർക്ക് മക്കളും കൊച്ചുമക്കളും ഒക്കെയായി സുഖസുന്ദരമായി ജീവിച്ചു വരുന്നു. ബദറുന്നീസ ടീച്ചറും, ഗിരീഷ്മാഷും സ്‌നേഹിച്ചു വിവാഹിതരായവരാണ്. ആ വിവാഹത്തെ ലൗജിഹാദെന്നോ, നിർബന്ധിച്ച് മതം മാറ്റിയതാണെന്നോ ഉള്ള പരാതി ഉണ്ടായില്ല. ബദറുന്നീസയും, ഗിരീഷും കുടുംബ ജീവിതം നയിക്കുന്നു. കരിവെള്ളൂരിലെ തന്നെ അനീസയും സുധാകരനും വിവാഹം കഴിഞ്ഞ് കുടുംബജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.
അഖില അശോകൻ എന്ന ഇരുപത്തിമൂന്നുകാരി യുവതി ജഹാൻ എന്ന് പേരായ മുസ്ലീം യുവാവിനെയാണ് വിവാഹം ചെയ്തത്. ഹാദിയ ആയി മാറിയ അഖിലയെ ഹൈക്കോർട്ട് നിർദേശ പ്രകാരം അച്ഛൻ അശോകന്റെ വീട്ടിലാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് മാറിമാറി നടന്നു കൊണ്ടിരിക്കുന്നു. മുസ്ലീം തീവ്രവാദ സംഘത്തിന്റെ ഇടപെടലുണ്ടോ ഈ പ്രണയത്തിനും വിവാഹത്തിനും പിന്നിലെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ അതോറിറ്റി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രണയിക്കാനും വിവാഹിതരാവാനും വരെ സ്വാതന്ത്യമില്ലാത്ത ഒരവസ്ഥയിലേക്ക് ഇന്ത്യക്കാർ തള്ളപ്പെടുകയാണ്. സ്‌നേഹിക്കപ്പെടുന്നത്, ഇസ്ലാം വിഭാഗത്തിൽപെട്ട വ്യക്തിയാണെങ്കിൽ ഉടനെ ആരോപണം ഇസ്ലാമിക് േസ്റ്ററ്റ് വിഭാഗത്തിന്റെ കയ്യുണ്ട് ഇതിന് പിന്നിൽ എന്ന് വെളിപാട് പൂണ്ട് നടക്കുന്നവർ നിരവധിയുണ്ടിവിടെ.
കാസർകോട് ജില്ലയിലെ ആതിര എന്ന ഇരുപത്തിമൂന്നുകാരി പിജി വിദ്യാർത്ഥിനി ആയിഷയായി മാറി. അവൾ പേര് മാറ്റി തലമറച്ച് നടക്കാൻ തുടങ്ങി. സഹപഠിതാക്കളായ മുസ്ലീം പെൺകുട്ടികളുടെ ജീവിത ശൈലിയും വിശ്വാസങ്ങളും ആതിര ഇഷ്ടപ്പെട്ടു. ഇസ്ലാം മതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ അവൾ തയ്യാറായി. പ്രായപൂർത്തിയായ ഒരു ഇന്ത്യൻ പൗരന് ഇതിനൊക്കെ അവകാശമുണ്ട്. ഇതറിഞ്ഞപ്പോൾ പലർക്കും ഹാലിളകി. പ്രശ്‌നമായി. ഇപ്പോൾ അവൾ പഴയ ആതിര തന്നെയായി മാറി. ഈ മാറ്റം ഇഷ്ടപ്പെട്ട് സ്വയം സന്നദ്ധമായി ചെയ്തതല്ല. പിന്നിൽ ബല പ്രയോഗമുണ്ട്, ഭീഷണിയുണ്ട്, നിർബന്ധമുണ്ടായിട്ടുണ്ട്.
ശ്വേതാഹരിദാസ് എന്ന ഇരുപത്തിനാലുകാരി റിന്റോ ഐസക്ക് എന്ന വ്യക്തിയെ സ്‌നേഹിച്ചു. അവർ വിവാഹിതരായി. മത തീവ്രവാദികൾ അവരെയും വെറുതെ വിട്ടില്ല. ശ്വേതയെ തിരുവനന്തപുരത്തുള്ള ശിവശക്തി യോഗാവിദ്യാസെന്ററിൽ പ്രവേശിപ്പിച്ചു. കടുത്ത മർദ്ദനത്തിന് വിധേയമാകേണ്ടി വന്നു എന്ന് ശ്വേത തുറന്നടിച്ചു. റിന്റോ ഐസക്കിന്റെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് സ്ഥാപന ഡയറക്ടർ ഭീഷണിപ്പെടുത്തിയും− സ്ഥാപനത്തിൽ എല്ലുമുറിയെ പണിയെടുപ്പിച്ചും ശ്വേതയുടെ മനംമാറ്റത്തിന് ശ്രമിക്കുന്നു എന്നാണറിയാൻ കഴിഞ്ഞത്. ഇതേ സ്ഥാപനത്തിൽ ആതിരയെ കണ്ടുവെന്നും ശ്വേത കൂട്ടിച്ചേർത്തു.
ക്രൂരമായ ശാരീരിക− മാനസിക പീഡനങ്ങൾക്കൊടുവിൽ സ്വമനസ്സാലെ ആശ്ലേഷിച്ച മത വിശ്വാസത്തിൽ നിന്ന് അവളും പിന്മാറിയതായിരിക്കാം. ഇതുപോലെ നൂറ് കണക്കിന് പ്രണയ വിവാഹങ്ങൾ നടക്കുന്നു. മതവിശ്വാസം മാറുന്നു. ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെട്ട് മനുഷ്യരെ പരസ്പര വിദ്വേഷത്തിനും പോരടിക്കുന്നതിനും ഇടപെടുന്നവരെയാണ് കരുതിയിരിക്കേണ്ടത്. ഇതോർക്കുന്പോഴാണ് ഗുരുനിത്യചൈതന്യ യതി സരസമായി പറഞ്ഞ കാര്യം ശ്രദ്ധയിൽ വന്നത്.
ജനിക്കുന്നെങ്കിൽ ഹിന്ദുവായി ജനിക്കണം. വിശ്വാസിയാകാനും അവിശ്വാസിയാകാനും ഒക്കെ സ്വാതന്ത്ര്യം അതിലുണ്ട്. ആരും നമ്മെ നിയന്ത്രിക്കാൻ വരില്ല. ജീവിക്കുന്നെങ്കിൽ ഇസ്ലാമായി ജീവിക്കണം. നല്ല ഭക്ഷണം, നല്ല വസ്ത്രം ജീവിതത്തോട് പ്രസന്നമായ സമീപനം. അത് കൊള്ളാം. മരിക്കുന്നെങ്കിൽ ക്രിസ്ത്യാനിയായി മരിക്കണം. എല്ലാവർക്കും സ്‌പെഷൽ ശവപ്പെട്ടി കിട്ടും. നല്ല ചന്തത്തിൽ മരിച്ചു കിടക്കാം. പുതുവസ്ത്രമെല്ലാം നല്ല മൊഞ്ചോടെ അവർ ഒരുക്കും. ആദ്യത്തെ രണ്ടു ഭാഗ്യം എനിക്കുണ്ടായി. മൂന്നാമത്തേതും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ഇങ്ങിനെ മതങ്ങളെ കാണുന്ന മഹൽ വ്യക്തികൾ ഇന്നും ഉണ്ടായിരുന്നെങ്കിൽ...