മൂന്നര കോടി മലയാളികളുടെ കേരളം...


ഇ.പി അനിൽ

epanil@gmail.com 

 

രളത്തിന്റെ 62ാം പിറന്നാൾദിനം മൂന്നേകാൽ കോടി മലയാളികളുടെ ജീവിതത്തിൽ നിരവധി ചോദ്യങ്ങൾ തങ്ങളുടെ നാടിനെ പറ്റി ഉയർത്തുന്നുണ്ട്. വ്യക്തിയുടെ പിറന്നാളുകൾ ഉയർത്തുന്ന ഉത്സവ പ്രതീതിക്കു പകരം നിരവധി വിമർശനങ്ങളും നിർദ്ദേശങ്ങളും ഉൽകണ്ഠകളും പങ്കുവെക്കുന്നതാണ് ഒരു നാടിന്റെ ജന്മദിന ആഘോഷങ്ങൾ. 21ാം നൂറ്റാണ്ടിലെ കേരളീയ സമൂഹത്തിൽ തങ്ങൾ അനുഭവിക്കുന്ന ഇന്നത്തെ ജീവിത നിലവാരത്തെ പറ്റിയും മറ്റും പല വിധേനയും വാചാലമാകുന്നവർ കഴിഞ്ഞ കാല നാടിന്റെ അവസ്ഥയെ പറ്റി മനസ്സിലാക്കുവാൻ ബാധ്യസ്തമാണ്. ഒപ്പം വരും കാലത്തെ കേരളത്തെ കുറിച്ച് അവരുടെ സ്വപ്നങ്ങൾ പങ്കു വെയ്ക്കുവാൻ അവർ താൽപ്പര്യം കാട്ടാതിരിക്കില്ല.

കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് കാൽ നൂറ്റാണ്ടു മുന്പ് തന്നെ നാടിന്റെ രാഷ്ട്രീയ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച ശ്രീ ഏലംകുളത്ത് മനയിൽ ശങ്കരൻ നന്പൂതിരിപ്പാട് ആദ്യം യോഗക്ഷേമ സഭയിലും പിന്നീട് കോൺഗ്രസിലും സോഷ്യലിസ്റ്റു പാർട്ടിയിലും 1930 കളുടെ അവസാനം മുതൽ കമ്യൂണിസ്റ്റു പാർട്ടിയിലും ചേർന്നു നിന്നു കൊണ്ട് മലയാള നാടിനെ പറ്റി  വെച്ചു പുലർത്തിയ അഭിപ്രായങ്ങൾ ഇന്നും പ്രസക്തമാണ്. അദ്ദേഹത്തിനൊപ്പം വി.ടി ഭട്ടതിരിപ്പാട്, പ്രേംജി, അബ്ദുൾ റഹ്മാമാൻ തുടങ്ങിയവർ പങ്കു വെച്ച സ്വപ്നങ്ങൾക്ക് ഇന്നും ഇവിടെ സ്ഥാനമുണ്ട്.

1946ൽ സഖാവ് ഇഎംസ് എഴുതിയ ഒന്നേകാൽ കോടി മലയാളികൾ എന്ന പേരിൽ 60 പേജോളം വരുന്ന പുസ്തകത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്ന മൂന്ന് താരതമ്യേന വലിയ രാജ്യങ്ങളുടെ ഐക്യത്തെ പറ്റി വിശദീകരിച്ചു. സ്വഭാവികമായും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആവേശത്തോടെ ജനങ്ങൾ പങ്കാളികളായതും അതിലൂടെ ഉയർന്നു വന്ന കമ്യൂണിസ്റ്റു പാർട്ടിയുടെ പുതിയ ഇന്ത്യയെ പറ്റിയുള്ള സ്വപ്നങ്ങളും വ്യക്തമാക്കപ്പെട്ടു. രണ്ടാം ലോകയുദ്ധം വരുത്തിവെച്ച പട്ടിണിമരണം, കർഷക പ്രക്ഷോഭം, ക്വിറ്റിന്ത്യാ സമരം തുടങ്ങി രാജ്യത്തിന്റെ രാഷ്ട്രീയരംഗം പ്രക്ഷുപ്തമായിരുന്നു. ഒന്നര നൂറ്റാണ്ടു നടന്ന സ്വതന്ത്ര്യ സമരം വിജയിക്കുന്ന ഘട്ടത്തിൽ രാജ്യം രണ്ടായി വെട്ടി മുറിക്കപ്പെട്ട സംഭവം ദേശ സ്നേഹികളെ വല്ലാതെ നിരാശരാക്കി. കേരളത്തെ സംബന്ധിച്ച് യുദ്ധവും വിഭജനവും കലാപവും നാടിനെ ബാധിച്ചില്ല എങ്കിലും പട്ടിണിയും തൊഴിൽ രാഹിത്യവും പാരമ്യതയിലായിരുന്നു. അതിന്റെ ഭാഗമായി മലബാറിൽ ഉണ്ടായ കർഷക സമരങ്ങൾ, പുന്നപ്ര വയലാർ സമരം തുടങ്ങിയവ ആധുനിക കേരള രാഷ്യട്രീയത്തിന് പുതിയ മുഖം നൽകി. 

കേരളത്തിൽ വൈകിയാണെങ്കിലും തുടങ്ങിയ നവോത്ഥാന വിപ്ലവം, സ്വാതന്ത്ര്യ സമരങ്ങൾ തുടങ്ങിയവ അവിശ്വസനീയമായ മാറ്റങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിന് ഉണ്ടാക്കി കൊടുത്തത്. അതിന് പ്രധാനമായ കാരണമായത് സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഉണ്ടായ ഇടതുധാരയുടെ വർദ്ധിച്ച സ്വാധീനമായിരുന്നു. മുസ്ലീംലീഗ് എന്ന പാർട്ടി മലബാറിൽ ഉണ്ടായിരുന്നു എങ്കിലും വടക്കേ ഇന്ത്യയിലെതുപോലെയുള്ള ഹൈന്ദവ മതമൗലികത കേരള രാഷട്രയത്തിന് ഭീഷണിയായിരുന്നില്ല. ഇതു കൊണ്ടു തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ ഗുണപരമായ ചർച്ചകൾക്ക് കൂടുതൽ ഇടം ലഭിച്ചു. സോഷ്യലിസം, കൃഷിഭൂമി കർഷകന്, റേഷൻ, സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ജാതി വിരുദ്ധ സമരങ്ങൾ, മതനിരപേക്ഷത തുടങ്ങിയ പുരോഗമന ആശയങ്ങൾ ശക്തമായി ജനങ്ങളെ സ്വാധീനിച്ചു. പിൽക്കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ മാതൃകകൾ തീർക്കുവാൻ കഴിഞ്ഞ കേരളം, 50 വർഷങ്ങൾക്കു മുന്പ് സ്വപ്നം കണ്ട വിഷയങ്ങളിൽ എത്ര മാത്രം വിജയിച്ചു എന്നറിയുവാൻ ഇന്നു നമ്മൾക്ക് താൽപര്യമുണ്ടാകും. കോൺഗ്രസ്സ് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി, മറ്റ് പാർട്ടികൾ ഉയർത്തിയ മുദ്രാവാക്യങ്ങളോടും സമരങ്ങളോടും ഇന്ന് അതേ പാർട്ടികൾ അവലംബിക്കുന്ന സമീപനങ്ങൾ പരിശോധിക്കേണ്ടതാണ്. അതിൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റു പാർട്ടിയുടെ പരമോന്നത പദവി അലങ്കരിച്ച ഇഎംഎസ് 1946ൽ എഴുതി പ്രസിദ്ധീകരിച്ച ഒന്നേകാൽ കോടി മലയാളികൾ എന്ന പുസ്തകത്തെ മുൻനിർത്തിയുള്ള അന്വേഷണം കേരളീയരും പ്രത്യേകിച്ച് കമ്യൂണിസ്റ്റു പാർട്ടിയും ഇന്നെത്തിപ്പെട്ട അവസ്ഥയെ കൂടുതൽ അറിയുവാൻ സഹായിക്കും.

ഇഎംഎസ് തന്റെ പുസ്തകത്തിൽ ബ്രിട്ടീഷ് ഭരണം മലയാളിക്കു മുകളിൽ അടിച്ചേൽപ്പിച്ച ദുരന്തങ്ങൾ  വിവരിക്കുന്നുണ്ട്. ഉണ്ണാനരിയില്ല, ഉടുക്കാൻ തുണിയില്ല, വിളക്കിനു മണ്ണെണ്ണയില്ല, ചികിത്സിക്കാൻ മരുന്നില്ല, ഒപ്പം കോളറ, വസൂരി, മലേറിയ തുടങ്ങിയ അസുഖങ്ങൾ മലയാളികളെ കൊന്നു തള്ളി. മലബാറിൽ മാത്രം 30000 മരണവും തിരുവിതാംകൂറും കൊച്ചിയും കൂടി കൂട്ടിയാൽ ഒരു ലക്ഷം മരണം 1943ലെ കോളറയും 44ലെ വസൂരിയും കൂടി നാട്ടിൽ ഉണ്ടാക്കി. ഒപ്പം 120 ലക്ഷം ആളുകളിൽ 4% (5 ലക്ഷം) 6 വർഷത്തിനുള്ളിൽ തൊഴിൽ തേടി പോയതായി ഇഎംഎസ് പുസ്തകത്തിൽ വിവരിച്ചു. ബംഗാൾ ഒഴിച്ചു നിർത്തിയാൽ മറ്റൊരിടത്തും ഉണ്ടാകാത്ത ദുരന്തം കേരളത്തെ വേട്ടയാടി എന്ന് വ്യക്തമാണ്. 1940 കളിൽ കേരളത്തിന്റെ ശരാശരി ആയുർദൈർഘ്യം 40 വയസ്സിനു താഴെ മാത്രമായിരുന്നു. 

കമ്യൂണിസ്റ്റ് നേതാവ് വൈദേശിക ഭരണത്തെ പറ്റി പൊതുവായി പുസ്തകത്തിൽ പറഞ്ഞ വരികൾ വളരെ പ്രസക്തമാണ്. ‘നമ്മുടെ പഴയ സാമൂഹിക ഘടനയിലും സാന്പത്തിക വ്യവസ്ഥയിലും സംസ്കാരത്തിലും നമുക്കഭിമാനിക്കത്തക്കതും വിലമതിക്കത്തക്കതുമായി എന്തെല്ലാമുണ്ടായിരുന്നുവോ അതെല്ലാം നശിപ്പിക്കപ്പെട്ടു. യൂറോപ്യൻ സംസ്കാരത്തിന്റെ നന്മകൾ വേണ്ടവണ്ണം പങ്കുവെക്കുവാൻ പുറം തിരിയുക. ജാതി ജന്മി നാടുവാഴിത്തത്തെ പ്രോത്സാസാഹിപ്പിക്കുക’  എന്ന പണിയാണ് സായിപ്പന്മാർ നടപ്പിലാക്കിയത്. അത് കേരളത്തിന്റെയും നട്ടെല്ലൊടിച്ചു.

കേരളം രാജ്യത്തെ എറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ളവരുടെ നാടായി. സാക്ഷരതയിൽ ബിരുദധാരികളുടെ എണ്ണത്തിൽ, സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ (പ്രൈമറി-ഉന്നത) തുടങ്ങി ഏറ്റവും കൂടുതൽ പണം വിദേശത്തു പോയി സന്പാദിക്കുന്നവരുടെ മലയാള നാട്, ഇന്ത്യയിലെ ഏറ്റവും നല്ല കച്ചവടകേന്ദ്രമായി പരിവർത്തിക്കപ്പെട്ടു. രാഷ്ട്രീയ നേതൃത്വങ്ങൾ, മത-ജാതി സംഘടനകൾ ഒക്കെ ഈ വിഷയങ്ങളിൽ പ്രധാന പങ്കുവഹിച്ചു. 50 വർഷം പിന്നിട്ട കേരളം നേടിയ നേട്ടങ്ങൾ, അതിന്റെ ഭാവി, പരാജയപ്പെട്ട രംഗം, തിരിച്ചടികൾ അവയോട് പാർട്ടികളും മറ്റും കൈക്കൊള്ളുന്ന സമീപനങ്ങൾ മൂന്നേകാൽ കോടി മലയാളിയുടെ വരുംകാല ജീവിതത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളാണ്.

ഒന്നേകാൽ കോടി മലയാളികൾ എന്ന പുസ്കത്തിലെ പ്രധാനപ്പെട്ട നിരീക്ഷണം തകരുന്ന കൈ തൊഴിലിനെ പറ്റിയും കൃഷി വ്യവസായങ്ങളെ പറ്റിയുമാണ്. അവിടുത്തെ പ്രധാന വില്ലന്മാർ വൈദേശിക ഭരണവും അതു കഴിഞ്ഞാൽ ജാതി ജന്മി നാടുവാഴികളും കേരളത്തിനു പുറത്തു നിന്നും പണം എത്തിച്ച് കച്ചവടം ചെയ്യുന്ന മാർവാടി, സേട്ട്, പട്ടാണി, കൊങ്ങിണി തുടങ്ങിയ ആളകളും ആണെന്നു വിശദമാക്കുന്നു. കേരളീയരുടെ ഇടയിൽ പണി ചെയ്യുന്നവർക്ക് ഭൂമി ഇല്ല എന്നിരിക്കെ ഭൂമിയുടെ ഉടമകൾ ഇത്തിക്കണ്ണികളായി പ്രവർത്തിച്ചു. തൊഴിലാളികളും (കർഷക, കൈത്തൊഴിൽ) സന്പന്നരും തമ്മിലുള്ള അന്തരം 1:60 ആണ്. ഇത്തരം അവസ്ഥയിൽ വളരെ വലിയ സാന്പത്തിക പൊളിച്ചെഴുത്തില്ലാതെ കേരളത്തിന് മുന്നേറാൻ കഴിയില്ല എന്ന് കമ്യൂണിസ്റ്റു പാർട്ടി നേതാവ് വ്യക്തമാക്കി. ഒരു വശത്ത് ശക്തി പ്രാപിച്ച സാംസ്കാരിക സാമൂഹിക മുന്നേറ്റം അതിന്റെ തുടർച്ചയായി ഉണ്ടാകേണ്ട രാഷ്ട്രീയ മുന്നേറ്റം ഇവയിലൂടെ മാത്രമെ ഒരു നാട്ടിൽ പരിവർത്തനങ്ങൾ സാധ്യമാകൂ. അതിന്റെ ഭാഗമായി കമ്യൂണിസ്റ്റു പാർട്ടിയുടെ മലബാറിലെയും അതിന്റെ തുടർച്ചയായി തിരുകൊച്ചിയിലേയും വളർച്ചയെ കാണേണ്ടതുണ്ട്.

ഇഎംഎസ് തന്റെ പുസ്തകത്തിൽ കേരളത്തിന്റെ ശത്രുക്കൾ ആരൊക്കെ എന്ന് അക്കമിട്ടു നിരത്തിയതിനൊപ്പം കോൺഗ്രസ്സ് പാർട്ടി കൈക്കൊണ്ട പിൻതിരിപ്പൻ നിലപാടുകളെ തുറന്നു കാട്ടി. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് താഴെ പറയും പ്രകാരം വിശദമാക്കി.

ആധുനിക കേരളത്തിന്റെ വിമോചനത്തിനായി

1. യൂ­റോ­പ്യൻ മു­തലാ­ളി­മാ­രു­ടെ­ സ്വത്തു­ക്കൾ കണ്ടു­കെ­ട്ടി­ പൊ­തു­ സ്വത്താ­ക്കണം. (പ്രതി­ഫലം കൊ­ടു­ത്തു­കൊ­ണ്ട്)
2. ഇരു­ന്പ്, കൽ­ക്കരി­, വൈ­ദ്യു­തി­ മു­തലാ­യ മൗ­ലി­ക വ്യവസാ­യങ്ങൾ പൊ­തു­ മേ­ഖലയി­ൽ
3. മറ്റു­ വ്യവസാ­യങ്ങൾ സർ­ക്കാർ നി­യന്ത്രണത്തി­ൽ
4. മു­തലാ­ളി­മാ­രു­ടെ­ ആദാ­യത്തിന് കർ­ശന നി­യന്ത്രണം
5. ജീ­വി­ക്കു­വാൻ കൂ­ലി­, 40 മണി­ക്കൂർ ആഴ്ചയിൽ ജോ­ലി­.
6. സാ­മൂ­ഹി­ക ഇൻ­ഷു­റൻ­സ്, തൊ­ഴി­ലാ­ളി­ സംഘടനാ­ അവകാ­ശങ്ങൾ അംഗീ­കരി­ക്കൽ.
മു­കളിൽ പറഞ്ഞ കാ­ര്യങ്ങൾ നടപ്പി­ലാ­ക്കാ­നാ­യി­ കമ്യൂ­ണി­സ്റ്റ് പാ­ർ­ട്ടി­യെ­ മു­ൻ­നി­ർ­ത്തി­ ഇഎംസ് 11 കാ­ര്യങ്ങൾ അക്കമി­ട്ടു­ നി­രത്തി­. അവ ഇപ്രകാ­രമാ­ണ്.
1. ബ്രി­ട്ടീഷ് മലബാർ, കൊ­ച്ചി­, തി­രു­വി­താംകൂർ മൂ­ന്നും കൂ­ടി­ ചേ­രു­ന്ന ഇന്ത്യ.
2. യൂ­റോ­പ്യൻ മു­തലാ­ളി­മാ­രു­ടെ­ കൈ­വശം നി­ൽ­ക്കു­ന്ന റബ്ബർ, ചാ­യ മു­തലാ­യ തോ­ട്ടങ്ങൾ നമ്മു­ടെ­ സ്വത്താ­യി­ തീ­രും.
3. തരി­ശു­നി­ലങ്ങൾ കൃ­ഷി­ ചെ­യ്യു­ക, ഭക്ഷ്യ വി­ളയിൽ സ്വയം പര്യാ­പ്തത.
4. പശ്ചി­മഘട്ട കാ­ടു­കൾ കു­റേ­ കൂ­ടി­ ശാ­സ്ത്രീ­യമാ­യ രീ­തി­യിൽ വളർ­ത്തു­ക. അനു­ബന്ധ വ്യവസാ­യം
5. വൈ­ദ്യു­തി­ ഉൽ­പ്പാ­ദനം കൂ­ട്ടൽ.
6. കപ്പൽ­വ്യവസാ­യം
7. മത്സ്യ വ്യവസാ­യം, എണ്ണ വ്യവസാ­യം, ഇരു­ന്പു­ വ്യവസാ­യം നടപ്പിൽ വരു­ത്തു­ക
8. കൃ­ഷി­യി­ലൂ­ടെ­ വ്യവസാ­യത്തി­ലൂ­ടെ­ വൻ തൊ­ഴിൽ സാ­ധ്യത. പു­റത്തു­ തൊ­ഴിൽ എടു­ക്കു­ന്നവർ­ക്ക് നാ­ട്ടിൽ മടങ്ങി­ വരു­വാൻ അവസരം.
9. സാ­ങ്കേ­തി­ക വി­ദ്യാ­ഭ്യാ­സം മെ­ച്ചപ്പെ­ടു­ത്തി­ കൂ­ടു­തൽ തൊ­ഴിൽ അവസരം.
10. ശാ­സ്ത്ര കൃ­ഷി­, വ്യവസാ­യം, സയൻ­സ് രംഗം ഇവയു­ടെ­ വളർ­ച്ചയി­ലൂ­ടെ­ നവ കേ­രള സംസ്കാ­രത്തി­ന്റെ­ ഉയർ­ച്ച.
11. മു­കളിൽ പറഞ്ഞ പ്രവർ­ത്തനങ്ങളി­ലൂ­ടെ­ ജാ­തി­ കോ­ട്ടകൾ തകർ­ന്ന് മറ്റനാ­ചാ­രങ്ങളും അന്ധവി­ശ്വാ­സങ്ങളും നശി­ക്കൽ.

രൂപീകരിക്കുവാൻ പോകുന്ന കേരളത്തിന്റെ ഭാവിയെ പറ്റി ഇഎംഎസ് മുന്നോട്ടുവെച്ച ആശയങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട് എന്നത് അന്ന് അദ്ദേഹം കൂടി നയിച്ച പാർട്ടി കൈകൊണ്ട ശരിയായ രാഷ്ട്രീയ നിലപാടിനെ ഓർമ്മിപ്പിക്കുന്നു. കേരള രൂപീകരണത്തിലൂടെ സംസ്ഥാനത്ത് ആദ്യമായി അധികാരത്തിൽ എത്തിയ ഇഎംഎസ് നേതൃത്വം കൊടുത്ത കമ്യൂണിസ്റ്റു മന്ത്രിസഭയും കമ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സമ്മേളനവും (തൃശൂർ 1956) ഒന്നേകാൽ കോടി മലയാളികൾ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെ ഗൗരവതരമായി കണ്ടതായി മനസ്സിലാക്കാം. (ഭൂപരിഷ്ക്കരണ വിഷയത്തിൽ ആദ്യ മന്ത്രിസഭ, പ്ലാന്റേഷൻ വിഷയത്തിലെ പഴയ നിലപാടുകളിൽ വിട്ടുവീഴ്ചക്കു തയ്യാറായി എന്ന് ശ്രദ്ധിക്കുമല്ലൊ).

57ലെ മന്ത്രിസഭയ്ക്കു ശേഷം വന്ന കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് മുന്നണിഭരണം കേരളത്തിന്റെ പൊതുക്ഷേമ രംഗത്ത് മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ മെച്ചപ്പെട്ട അവസ്ഥയിൽ എത്തി എന്നാശ്വസിക്കാം. എന്നാൽ സാന്പത്തിക സുസ്ഥിരത നേടുവാൻ കഴിയാത്ത കേരളത്തിൽ ഒരു വശത്ത് വളരുന്ന സർക്കാർ സേവന രംഗം (കാര്യക്ഷമതയിൽ പിന്നോട്ടു കുതിക്കുന്ന), തളരുന്ന കാർഷിക പരന്പരാഗത മേഖല, ഭക്ഷ്യ കമ്മി, വളരുവാൻ മടിച്ച വ്യവസായം, വർദ്ധിക്കുന്ന ജീവിതശൈലീ രോഗം, എല്ലാ രംഗങ്ങളിലും ഊഹ മൂലധനത്തിന്റെ കൈകടത്തൽ ഒക്കെ കേരളത്തിന്റെ സാമൂഹിക വിപ്ലവ ചരിത്രത്തിൽ തിരിച്ചടികൾ ഉണ്ടാക്കുകയാണ്.

കേരളം ഭരിച്ചു കൊണ്ടിരിക്കുന്നതും ദേശീയ രാഷ്ട്രീയത്തിൽ എക്കാലത്തും പ്രതിപക്ഷ വിമർശനങ്ങൾ ഉയർത്തി വന്ന കമ്യൂണിസ്റ്റു പാർട്ടി കേരളം ഇന്നു നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധിയെ വേണ്ട വിധം ഗൗരവതരമായി കാണുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും സാമൂഹിക സുരക്ഷയുള്ള നാടായി കേരളം അറിയപ്പെടുവാനുള്ള പ്രധാന കാരണം സാന്പത്തിക അന്തരത്തിലെ കുറവായിരുന്നു. സാന്പത്തികമായി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഏറ്റവും ആരോഗ്യകരമായി അനുഭവപ്പെട്ട 80 കളിലെ കേരളത്തിന്റെ വികസന സൂചികയിൽ നാട് സന്പന്ന രാജ്യങ്ങൾക്കൊപ്പം നില ഉറപ്പിച്ചു. എന്നാൽ ഇന്ന് കേരളത്തിന്റെ എല്ലാ രംഗങ്ങളിലും നടക്കുന്ന സന്പത്തിന്റെ കേന്ദ്രീകരണം (ഭൂമിയുടെ, വീടുകളുടെ, സ്വർണ്ണത്തിന്റെ അങ്ങനെ പലതിന്റെയും) നാട്ടിൽ പിൻതിരിപ്പൻ ആശയങ്ങളുടെ മാത്രമല്ല ക്രിമിനൽ സംഘങ്ങളുടെ വളർച്ചക്ക് ഇടം നൽകുന്നു. 

വർഗ്ഗീയത പ്രകടിപ്പിക്കുന്നതിലും മതവിദ്വേഷം പ്രചരിപ്പിക്കുന്നതിലും അതിന്റെ മറവിൽ മാനവിക മൂല്യങ്ങളെ നിഷേധിക്കുന്നതിലും  വിമുഖത്ത ഇല്ലാത്തവരുടെ സ്വാധീനം വർദ്ധിച്ചു. (മതാതീത) പ്രണയ വിവാഹവും ആവിഷ്ക്കാര സ്വാതന്ത്ര്യത്ര്യവും ഭീഷണിയിലാണ്. സദാചാര ഗുണ്ടകൾ സജ്ജീവമായി. റിയൽ എേസ്റ്ററ്റു വ്യവസായം, പ്രകൃതിനശീകരണത്തെ മാനിക്കാത്ത വികസന സമീപനം തുടങ്ങിയ വിഷയങ്ങളിൽ ഇടതു പാർട്ടികൾ പോലും പ്രതിസ്ഥാനത്തെത്തി. ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിൽ നിരാശ പടരുന്നു. മൂല്യാധിഷ്ടിത രാഷട്രീയത്തെ കൈവിടുവാൻ എല്ലാ നേതാക്കളും തയ്യാറായിക്കഴിഞ്ഞു. 

3.45 കോടി  മലയാളികൾ താമസിക്കുന്ന കേരളത്തിന്റെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. തകർന്ന പശ്ചിമഘട്ടം’ കാലം തെറ്റിയ മഴ, മരിച്ചു കൊണ്ടിരിക്കുന്ന നദികൾ, മണ്ണിട്ടു നിരത്തിയ നെൽപ്പാടങ്ങൾ. തുറമുഖവും വിമാനത്താവളങ്ങളും ടോൾ പാതകളും ഹൈപ്പർ മാർക്കറ്റുകളും സ്വപ്ന പദ്ധതികളായി തീരുന്ന അവസ്ഥ, വിദ്യാഭ്യാസ, ആരോഗ്യ കച്ചവട സ്ഥാപനങ്ങൾ, ഉയർന്ന രോഗാതുരത, അപകടരമായ മദ്യ ഉപഭോഗം, വർദ്ധിക്കുന്ന ചൂതാട്ടം, തെറ്റായ പാർപ്പിട വാഹന സങ്കൽപം, ശാസ്ത്ര പുരോഗതിയിൽ ജീവിച്ച് അന്തവിശ്വാസങ്ങളിൽ അഭയം തേടുന്നവർ, വർഗ്ഗീയതയുടെ വർദ്ധിച്ച സ്വാധീനം. കേരളത്തെ പറ്റിയുള്ള കഴിഞ്ഞ കാല രാഷ്ട്രീയ സ്വപ്നങ്ങളിൽ ഇത്തരം അവസ്ഥയിലേയ്ക്ക് നാട് എത്തപ്പെടും എന്നാരും പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊരു കേരളം സാധ്യമാകണമെങ്കിൽ നമ്മുടെ രാഷ്ട്രീയക്കാരെങ്കിലും ഇഎംഎസും കേളപ്പനും വി.ടി ഭട്ടതിരിപ്പാടും കണ്ട മൂല്യാധിഷ്ഠിത  രാഷ്ട്രീയ തീരുമാനങ്ങൾ  നടപ്പിലാക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു.

You might also like

Most Viewed