രാ­ഷ്ട്രീ­യത്തി­ന്റെ­ ബാ­ലപാ­ഠങ്ങൾ


ജെ. ബിന്ദുരാജ്

 

ട്ടയം മാന്നാനം കെഇ കോളേജിലെ പന്ത്രണ്ട് വിദ്യാർത്ഥികൾ അവിടുത്തെ പ്രിൻസിപ്പാളിനെ ഘൊരാവോ ചെയ്തത് ഏതെങ്കിലുമൊരു അന്യായത്തെ പ്രതിരോധിക്കാനായല്ല, മറിച്ച് തീർത്തും അന്യായവും നിയമവിരുദ്ധവുമായ ഒരു ആവശ്യം അംഗീകരിച്ചു കിട്ടുവാൻ വേണ്ടിയാണ്. കൈയൂ

ക്കുകൊണ്ട് നിയമത്തെ അട്ടിമറിക്കാം എന്നു വ്യാമോഹിച്ചവരാണ് അവർ. എന്താണ് അവരുടെ ആവശ്യമെന്നല്ലേ? പരീക്ഷയ്ക്കിരിക്കാൻ വേണ്ട ക്ലാസ്സിലെ മിനിമം ഹാജർ നില ഇല്ലാതിരുന്ന അവർ തങ്ങൾക്ക് പരീക്ഷയ്ക്കിരിക്കാൻ വേണ്ട ഹാജർ നില ഉണ്ടാക്കി നൽകണമെന്നാണ് പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടത്. സർവ്വകലാശാല നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് തങ്ങളെ സംരക്ഷിക്കാനാണ് ഇടതു വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ (എസ്എഫ്ഐ) ഈ പന്ത്രണ്ടു പേരും ആവശ്യപ്പെട്ടതെന്ന് വ്യക്തം. കഴിഞ്ഞ ഒക്ടോബർ നാലിന് രണ്ടര മണിക്കൂറോളം സമയം പ്രിൻസിപ്പാളിനെ ഘൊരാവോ ചെയ്യുന്പോൾ തങ്ങളുടെ സംഘടനയെയാണ് സ്വാർത്ഥലാഭത്തിനായി ദുരുപയോഗം ചെയ്യുന്നതെന്ന് ഇവർക്ക് നന്നായി അറിയുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് കോളേജ് മാനേജ്‌മെന്റിന്റെ പരാതിയിൽ ഈ വിദ്യാർത്ഥികളെ പോലീസ് എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ഹൈക്കോടതി ഒക്ടോബർ 20ാം തീയതി ചോദിച്ചത്. പരീക്ഷയ്ക്കു മുന്പുള്ള പഠന ലീവായതിനാൽ കുട്ടികളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യേണ്ടെന്ന് മാനുഷിക പരിഗണന നൽകി തീരുമാനിച്ചുവെന്നാണ് പോലീസ് അതിനു മറുപടി നൽകിയത്. കുട്ടികൾ പഠിക്കാനാണ് കോളേജിൽ പോകുന്നതെന്നും തങ്ങളുടെ കുട്ടികൾ എന്താണ് പഠനത്തിനു പകരം അവിടെ കാട്ടിക്കൂട്ടുന്നതെന്നും രക്ഷിതാക്കൾ മനസ്സിലാക്കുവാനായി കുട്ടികളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുന്നതിൽ അപാകതയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കുട്ടികളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തു.

പക്ഷേ, കാന്പസ് രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി തുടർച്ചയായി നടത്തിയ രണ്ടാമത്തെ വിമർശനമായാണ്  ഇതിനെ രാഷ്ട്രീയനേതാക്കൾ പൊതുവേ നോക്കിക്കണ്ടത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവേയെപ്പോലുള്ളവർ അത്തരമൊരു വിധിന്യായം ശരിയല്ലെന്നും കോടതിക്ക് അത്തരമൊരു ഉത്തരവിടാൻ അവകാശമില്ലെന്നും നിയമപ്രക്രിയയിൽ കേസ്സ് ഒരു കോടതി പരിഗണിക്കുന്പോൾ മാത്രമേ ഇത്തരമൊരു ഉത്തരവ് നൽകാൻ പാടുള്ളുവെന്നുമാണ് വ്യക്തമാക്കിയത്. അതവിടെ നിൽക്കട്ടെ, അതിനു തൊട്ടുമുന്പുള്ള ആഴ്ചയിലാണ് കോളേജുകളിൽ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്നും അത്തരം പ്രവർത്തികളിലേർപ്പെടുന്നവരെ പുറത്താക്കാൻ കോളേജിനാകുമെന്നും വിദ്യാർത്ഥികൾ സമരങ്ങളും പ്രതിഷേധങ്ങളും നടത്തുന്നത് അനുവദിക്കാനാവില്ലെന്നുംവിദ്യാർത്ഥി പ്രതിഷേധങ്ങളും സമരങ്ങളും മറ്റു വിദ്യാർത്ഥികൾക്ക് പഠനത്തിന് ദോഷമുണ്ടാക്കാത്ത വിധം മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും കോടതി ആവശ്യപ്പട്ടത്. കൊച്ചിയിൽ പ്രതിഷേധത്തിന് മറൈൻ ഡ്രൈവ് കോടതി നിർദ്ദേശിക്കുകയും ചെയ്തു. അതിലും വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തെ കോടതി ഉന്മൂലനം ചെയ്യാൻ ഉദ്ദേശിക്കുകയാണെന്നും കോടതിയുടെ ഈ നിലപാട് ജനാധിപത്യ
വിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമായ ഉത്തരവാണ് കോടതിയുടേതെന്നും രാഷ്ട്രീയക്കാരടക്കം പലരും അഭിപ്രായപ്പെടുകയും ചെയ്തു. മനുഷ്യാവകാശ പ്രവർത്തകയും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ ഇന്ദിരാ ജയ്‌സിംഗാങ്ങാകട്ടെ ഒരുപടി കൂടി മുന്നോട്ടുപോയി കെഇ കോളേജിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കിരിക്കാൻ വിചിത്രമായ ഒരു ന്യായീകരണവുമായി രംഗത്തുവന്നു ‘ഹാജർ നിലയല്ല, വിദ്യാർത്ഥികളുടെ പെർഫോമൻസ് ആണ് പരീക്ഷയ്ക്കിരിക്കാൻ മാനദണ്ധമാക്കേണ്ടത്’ എന്നായിരുന്നു അത്. നിയമവിരുദ്ധമായ ഒരു കാര്യം ചെയ്ത വിദ്യാർത്ഥികളെ സംരക്ഷിക്കാൻ കോടതിയുടെ നിലപാടിനെ വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരായ നിലപാട് എന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളായിരുന്നു ഇവയെല്ലാം തന്നെയെന്ന് ഉറപ്പ്. 

കാന്പസ്സിൽ രാഷ്ട്രീയം വേണ്ടെന്ന അഭിപ്രായം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരാൾക്കും ഉണ്ടാവില്ലെന്നുറപ്പ്. കാരണം നമ്മുടെ നേതാക്കൾ ഏതെങ്കിലുമൊരു ദിവസം പെട്ടെന്ന് പൊട്ടിമുളച്ച് ഉണ്ടാകുകയും അവർ നമ്മളെ നയിക്കാൻ തുടങ്ങുകയും ചെയ്യുന്നവരാണെന്ന് കരുതാൻ നിർവാഹമില്ല. വംശാധിപത്യത്തെ തുടർന്നും പണാധിപത്യത്തെ തുടർന്നുമൊക്കെ അത്തരം നേതാക്കന്മാർ കേരളത്തിലും ഇന്ത്യയിലുമൊക്കെ പിറവിയെടുക്കാറുണ്ടെങ്കിലും അത് അപൂർവ്വമായ കാഴ്ച മാത്രമാണ്. രാഹുൽ ഗാന്ധി മുതൽ തോമസ് ചാണ്ടി വരെയുള്ളവർ ആ ഗണത്തിൽ പെടുമെങ്കിലും ഇരുത്തവും കരുത്തും വന്ന നേതാക്കളായി അവരാരും മാറാത്തത് ജനപക്ഷത്തു നിന്നും സംസാരിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് അവർക്കില്ലാത്തതു കൊണ്ടാണ്. കാരണം അവർക്ക് ഒരു സാധാരണക്കാരന്റെ വിചാരഗതികൾക്കും വിഷമതകൾക്കുമൊപ്പം മനസ്സു ചലിപ്പിക്കാനാവില്ലെന്നതു തന്നെ. രാഷ്ട്രീയബോധവും രാഷ്ട്രബോധമെല്ലാം ഒരുവനിൽ രൂപപ്പെടേണ്ടത് വിദ്യാർത്ഥിയായിരിക്കുന്ന കാലയളവിൽ തന്നെയാണ്. തങ്ങൾ ജീവിക്കുന്ന പരിസരങ്ങളിലെ അസമത്വങ്ങൾക്കെതിരെയും അനീതിക്കെതിരെയും ശബ്ദിച്ചുകൊണ്ടും സഹജീവികളുടെ ദുഃഖങ്ങളിൽ പങ്കാളിയായിക്കൊണ്ടുമാണ് ഒരു സമൂഹജീവിയെന്ന നിലയിൽ ഒരുവൻ വളർന്നുവരേണ്ടതും രാഷ്ട്രീയപ്രവർത്തനത്തിലേക്ക് കടന്നുവരേണ്ടതും. ഹോർമോൺ നൽകി വളർത്തി വലുതാക്കാൻ കഴിയുന്ന ഒരു ബ്രോയിലർ കോഴിയല്ല രാഷ്ട്രീയപ്രവർത്തകൻ എന്നു സാരം. സമൂഹത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിയാനുള്ള ശേഷിയും നീതിയും അനീതിയുമേതെന്ന് തിരിച്ചറിയാനുള്ള വിവേകവും അസമത്വങ്ങൾക്കെതിരെ പടപൊരുതാനുള്ള ശക്തിയും അവനുണ്ടാകണം. അവന്റെ നിലപാടുകൾക്കനുസരിച്ച് ഏതു പ്രസ്ഥാനമാണോ നിലകൊള്ളുന്നത് ആ പ്രസ്ഥാനത്തിന്റെ ഭാഗമായി അവനു പ്രവർത്തിക്കാനും അതല്ല എങ്കിൽ സ്വന്തം നിലയിൽ ഒരു പ്രസ്ഥാനം രൂപപ്പെടുത്താനോ അവനു കഴിയണം. താൻ വിശ്വസിക്കുന്ന പ്രസ്ഥാനം തെറ്റു ചെയ്യുകയാണെന്ന് ഉറച്ച ബോധ്യമുള്ള സമയത്ത് ആ പ്രസ്ഥാനത്തിനുള്ളിലെ തിരുത്തൽ ശക്തിയായി മാറാനോ ആ പ്രസ്ഥാനം ഉപേക്ഷിക്കാനോ  ഉള്ള മനസ്സും അവനുണ്ടായിരിക്കണം. ഒരു മാതൃകാ രാഷ്ട്രീയപ്രവർത്തകനിൽ നിന്നും യഥാർത്ഥത്തിൽ ജനത ആവശ്യപ്പെടുന്നത് ഇതൊക്കെയാണ്. അങ്ങനെ നോക്കുന്പോൾ സമൂഹത്തിന്റെ ഏതെങ്കിലുമൊരു മേഖലയിൽ നിന്നും രാഷ്ട്രീയത്തെ മാറ്റിനിർത്തുന്നത് ഒട്ടും അഭികാമ്യമായ കാര്യമായി തോന്നുകയില്ല. മറ്റേതൊരു സ്ഥലത്തെന്ന പോലെ കാന്പസ്സിലും രാഷ്ട്രീയപ്രവർത്തനം ആവശ്യമാണ്. നേതൃഗുണമുള്ള നേതാക്കളെ വാർത്തെടുക്കാൻ കാന്പസ്സുകൾക്കുള്ള കഴിവ് നമുക്കറിയാവുന്നതുമാണല്ലോ. പതിനെട്ടു വയസ്സു പൂർത്തിയായവർക്ക് വോട്ടവകാശമുള്ള നാട്ടിൽ കാന്പസ്സിൽ രാഷ്ട്രീയം വേണ്ടെന്ന് പറയുന്നത് ശുദ്ധ മഠയത്തരവുമാണ്. സ്വാതന്ത്ര്യപ്രാപ്തിക്കു മുന്പ്  ദാദാഭായ് നവറോജിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം മുതൽ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമാകാൻ വിദ്യാർത്ഥികളോടുള്ള ഗാന്ധിയുടെ ആഹ്വാനം വരെ നീളുന്നു അത്. സ്വാതന്ത്യാനന്തര ഇന്ത്യയിലാകട്ടെ ഏതൊരു വിപ്ലവത്തിനും അടിയന്തരഘടകങ്ങളിലൊന്നായിരുന്നു വിദ്യാർത്ഥികളുടെ പിന്തുണയും പങ്കാളിത്തവും. ജയപ്രകാശ് നാരായണൻ കാലഘട്ടത്തിലാകട്ടെ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ അതിന്റെ ഏറ്റവും ശക്തവും സുദൃഢവുമായ മേഖലകളിലെത്തുകയും ചെയ്തു. കേരളത്തിൽ സ്വാതന്ത്ര്യാനന്തരം വിദ്യാർത്ഥി രാഷ്ട്രീയം സമൂഹത്തിൽ ആദ്യമായി ഇടപെടുന്നത് 1959ലെ വിമോചന സമരകാലത്തും ഒരണസമര കാലത്തും  നാം കണ്ടതുമാണ്. 

മേൽപറഞ്ഞത് മാതൃകാപരമായ രാഷ്ട്രീയപ്രവർത്തനത്തെപ്പറ്റിയാണ്. ഇന്ന് കാന്പസ്സുകളിൽ പക്ഷേ അത്തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനമാണോ നിലനിൽക്കുന്നത് എന്നതാണ് ചോദ്യം. കോടതിക്കു മുന്നിൽ വസ്തുതകളായി എത്തിയ വിവരങ്ങളെല്ലാം തന്നെ കാന്പസ്സിലെ രാഷ്ട്രീയപ്രവർത്തനമെന്നത് രാഷ്ട്രീയപാർട്ടിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനകളിലൂടെ നടത്തുന്ന ഗുണ്ടായിസവും ഫാസിസവുമാണെന്നാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്. പാർട്ടിഗ്രാമങ്ങളുണ്ടാക്കുന്നതുപോലെ, തങ്ങളുടെ അനുയായിവൃന്ദത്തെ സൃഷ്ടിക്കാൻ ജനാധിപത്യവിരുദ്ധവും അക്രമാസക്തവുമായ അന്തരീക്ഷം കാന്പസ്സുകളിൽ സൃഷ്ടിക്കുന്ന സംഘടനകളാണ് ഇന്ന് അവിടെ ആധിപത്യം പുലർത്തുന്നത്. നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളിലേക്ക് ആളെക്കൂട്ടുന്നതിനുള്ള പരിശീലനക്കളരി പോലെയായി മാറിയിരിക്കുന്നു അവ. ജനാധിപത്യപരമായ നിലപാടുകൾ ഉയിരെടുക്കേണ്ടുന്ന കാന്പസ്സുകൾ ആയുധക്കൂന്പാരങ്ങളായും ഗുണ്ടകളുടെ വിളയാട്ട കേന്ദ്രങ്ങളായും മാറിയിരിക്കുന്നു. എതിർപക്ഷ രാഷ്ട്രീയത്തേയും ചിന്താധാരയേയും ഉൾക്കൊള്ളാനും അവയുടെ പ്രശ്‌നങ്ങളും പഠിക്കുകയും അതിനെ വിമർശിക്കുകയും ചെയ്യുന്നതിനു പകരം അവയെ അടിച്ചില്ലാതാക്കാനാണ് കുട്ടി നേതാക്കൾ ശ്രമിക്കുന്നത്. ക്രിയാത്മകമായ സംവാദങ്ങൾ നടക്കേണ്ടയിടങ്ങൾ ചോരചീന്തുന്നയിടങ്ങളായി അധഃപതിച്ചിരിക്കുന്നു. ഭാവിയിൽ തങ്ങൾക്ക് എംഎൽഎയോ മന്ത്രിയോ ഒക്കെ ആകാനുള്ള കളരി മാത്രമാണ് കാന്പസ്സിലെ രാഷ്ട്രീയമെന്നാണവർ ധരിച്ചുവെച്ചിരിക്കുന്നത്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ ഈ കുട്ടി രാഷ്ട്രീയനേതാക്കളെ എങ്ങനെ തങ്ങളുടെ സ്വാർത്ഥലാഭങ്ങൾക്കായി ചൂഷണം ചെയ്യാമെന്നാണ് നോക്കുന്നത്... രാഷ്ട്രീയലാഭത്തിനായുള്ള അനാവശ്യ സമരങ്ങളിലേയ്ക്ക് അവരെ വലിച്ചിഴയ്ക്കുകയും തെരുവിൽ പോലീസിന്റെ തല്ലുകൊള്ളിക്കുകയും എന്തിന് രക്തസാക്ഷികളെ ഉണ്ടാക്കാനും വരെ അവർ ഉപയോഗിക്കപ്പെടുന്നു. പല കാന്പസ്സുകളിലും രാഷ്ട്രീയപാർട്ടികൾ ദുർബലരായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കാന്പസ്സുകളിൽ പ്രവർത്തിക്കാൻ പോലും അനുവദിക്കാതെ അവരെ കായികമായി നിശ്ശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. അതാകട്ടെ, ആ പ്രസ്ഥാനത്തിന്റെ അപ്രമാദിത്വത്തിനും തെറ്റായ കാര്യങ്ങൾക്കും പിന്തുണ ഉറപ്പാക്കുന്നതിനുള്ള എളുപ്പവഴിയായി മാറ്റപ്പെടുകയും ചെയ്യുന്നു.

പൊന്നാനി എംഇഎസ് കോളേജിൽ ഒരു വിദ്യാർത്ഥിസമരം നടന്നുവരികയാണിപ്പോൾ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ചില നാമനിർദ്ദേശ പത്രികകൾ തിരസ്‌കരിക്കപ്പെട്ടതിനെ തുടർന്ന് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാളിന്റെ മുറിയും മറ്റു കെട്ടിടങ്ങളും നശിപ്പിക്കുകയും തുടർന്ന് മൂന്നു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ചൂണ്ടി കാണിച്ച് 11 വിദ്യാർത്ഥികളെ പുറത്താക്കാനും 15 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചതോടെയാണ് സമരം ഉടലെടുക്കുന്നത്. 2017 ഓഗസ്റ്റ് ആദ്യവാരത്തിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. തെരഞ്ഞെടുപ്പു കാര്യത്തിൽ പത്രിക നിരസിച്ചതിൽ ക്രമക്കേടു നടന്നിട്ടുണ്ടെങ്കിൽ അത് നിയമപരമായി ചോദ്യം ചെയ്യുന്നതിനു പകരം അക്രമം അഴിച്ചുവിടാനാണ് വിദ്യാർത്ഥി നേതാക്കൾ ശ്രമിച്ചതെന്നതിനാൽ ഈ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന ആവശ്യം ഒരു കാരണവശാലും ന്യായീകരിക്കാനാകുന്നതല്ല. കോളേജിന് വരുത്തിയിട്ടുള്ള നഷ്ടം നികത്താൻ ഈ വിദ്യാർത്ഥികൾ തയ്യാറാകുന്നപക്ഷം അതേപ്പറ്റി മാനേജ്‌മെന്റിന് പുനരാലോചിക്കാവുന്നതാണെന്നു മാത്രം. കഴിഞ്ഞയാഴ്ചത്തെ കോടതി വിധിയെ തുടർന്ന്, മാനേജ്‌മെന്റ് കോടതിയലക്ഷ്യക്കേസ്സ് ഫയൽ ചെയ്തതിനെ തുടർന്ന് കാന്പസ്സിനുള്ളിൽ സമരം ചെയ്തിരുന്ന വിദ്യാർത്ഥികൾ ഇപ്പോൾ തങ്ങളുടെ സമരപ്പന്തൽ അടുത്തുള്ള കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡ് പരിസരത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. ഈ സമരത്തെ പക്ഷേ തിരുവനന്തപുരം ലോ അക്കാദമി സമരവുമായി താരതമ്യം ചെയ്യാനാകില്ല. ലോ അക്കാദമിയിൽ വിദ്യാർത്ഥികൾ സമരം ചെയ്തത് അവിടത്തെ പ്രിൻസിപ്പാളായ ലക്ഷ്മി നായരുടെ അപ്രമാദിത്തത്തിനും തെറ്റായ പ്രവൃത്തികൾക്കുമെതിരെയായിരുന്നു. ഒരു ട്രസ്റ്റായി ആരംഭിച്ച കോളേജ് പിന്നീട് എങ്ങനെ ഒരു കുടുംബസ്വത്തായി മാറിയെന്നും അനധികൃതമായി പല കാര്യങ്ങൾ ലോ അക്കാദമിയിൽ നടക്കുന്നുണ്ടെന്നും അതേ തുടർന്ന് ബോധ്യപ്പെട്ടു. കോലിയക്കോട് മാഫിയയുടെ നിയന്ത്രണത്തിലുള്ള ഈ കോളേജിലെ സമരം ഒത്തുതീർപ്പാക്കാൻ അന്ന് ഭരണമുന്നണി എസ്എഫ്ഐയെ ചട്ടുകമാക്കി ഉപയോഗിക്കുന്ന നിർലജ്ജമായ കാഴ്ചയും നാം കണ്ടതാണ്. 

വിദ്യാർത്ഥി രാഷ്ട്രീയം അതിന്റെ ഏറ്റവും മോശപ്പെട്ട പ്രവണതകൾ ഇന്ത്യയിലേയും കേരളത്തിലേയും കാന്പസ്സുകളിൽ പലവട്ടം പ്രകടമാക്കിയതാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. 1980കൾ മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലേയ്ക്ക് കാലുഷ്യത്തിന്റേയും അക്രമത്തിന്റേയും വിളവെടുപ്പ് തുടങ്ങിയിരുന്നു. ഖാലിസ്ഥാൻ പ്രശ്‌നത്തിന്റെ സമയത്ത് ലുധിയാനയിലെ പഞ്ചാബ് അഗ്രികൾചർ യൂണിവേഴ്‌സിറ്റിയിൽ മുൻ ഒളിന്പിക്‌സ് ഹോക്കി താരവും യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് വെൽഫെയർ പ്രോഗ്രാമിന്റെ ഡയറക്ടറുമായ പൃഥിപാൽ സിംഗിനെ കാന്പസ്സിലെ അക്രമരാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ കൊല ചെയ്തതിൽ ആരംഭിക്കുന്നു അത്. 1996ൽ കേരളത്തിൽ ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തമ്മിലുള്ള കശപിശയെ തുടർന്ന് മൂന്നു വിദ്യാർത്ഥികൾ പുഴയിൽ ചാടുകയും അവരെ കരയ്ക്കുകയറാൻ അനുവദിക്കാതെ കരയിൽ നിന്നും കല്ലെറിയുകയും ചെയ്ത് കൊല ചെയ്ത സംഭവം നമുക്ക് മറക്കാറായിട്ടില്ല. 2007ൽ ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിലുണ്ടായ എബിവിപി-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ അതിനിടയിൽപ്പെട്ട് ചങ്ങനാശ്ശേരി പോലീസ് േസ്റ്റഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കൊല്ലപ്പെട്ടതും വിവിധ വിദ്യാർത്ഥി സംഘർഷങ്ങളിൽ കെഎസ്യു, എബിവിപി, എസ്എഫ് ഐ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽപ്പട്ടെവർ കൊല്ലപ്പെട്ടതുമൊക്കെ ഉദാഹരണങ്ങൾ. ഒരണ സമരം തൊട്ട് പ്രീഡിഗ്രി ബോർഡ് സമരം വരെയും സ്വാശ്രയകോളേജ് സമരം മുതൽ മാനേജ്‌മെന്റുകളുടെ തെറ്റുകൾക്കെതിരെയുള്ള സമരം വരേയും എത്രയോ വിദ്യാർത്ഥി സമരങ്ങളാണ് നാം കണ്ടത്. ഭരണമുന്നണിക്കെതിരെ വിദ്യാർത്ഥി സമരങ്ങളെ തിരിച്ചുവിടുന്ന തന്ത്രമാണ് ഏതൊരു കാലത്തും വിവിധ മുന്നണികൾ അവലംബിച്ചുപോന്നിരുന്നത്. കുട്ടനാട്ടിലെ വിദ്യാർത്ഥികളുടെ ബോട്ട് കൂലി ഒരണയായി നിലനിർത്തണമെന്നാവശ്യപ്പെട്ട് ഇഎംഎസ്സിന്റെ കാലത്ത് വിദ്യാർത്ഥികൾ ആരംഭിച്ച സമരം കോൺഗ്രസ് ഏറ്റെടുക്കുന്നതും ഇടതു സർക്കാർ സമരത്തിനു മുന്നിൽ മുട്ടുമടക്കുന്നതും കാലം കണ്ടതാണ്. ഇത്തരത്തിൽ ഭരണമുന്നണിക്കെതിരെ ജനവികാരം ശക്തിപ്പെടുത്താനോ രാജിയിലേക്ക് എത്തിക്കാനോ ഒക്കെയാണ് വിദ്യാർത്ഥി സമരങ്ങളെ രാഷ്ട്രീയ നേതൃത്വങ്ങൾ ഉപയോഗിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്കു വേണ്ടത്, കക്ഷിരാഷ്ട്രീയമല്ല രാഷ്ട്ര നിർമ്മാണത്തിനുതകുന്ന രാഷ്ട്രീയമാണെന്ന ഗാന്ധിയൻ വചനങ്ങളെല്ലാം അപ്രസക്തമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. 

കാന്പസ്സിൽ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധിയെ പക്ഷേ ഇക്കാരണങ്ങൾ കൊണ്ടൊന്നും അംഗീകരിക്കാനാവില്ല. പ്രത്യേകിച്ചും പുതിയകാലത്ത് വിദ്യാർത്ഥികളെ വർഗീയമായി ചേരിതിരിക്കാനും സംഘർഷങ്ങളുണ്ടാക്കാനുമൊക്കെ ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്ന കാലത്ത്. ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പും ആശയപ്രചാരണവും കാന്പസ്സുകളിലുണ്ടാകാത്തപക്ഷം മതജാതി വെറികളിലേയ്ക്ക് പുതിയ തലമുറ ആഴ്ത്തപ്പെടാനുള്ള സാധ്യതകളേറെയാണ്. എബിവിപിയും കാന്പസ് ഫ്രണ്ടുമൊക്കെ അഴിച്ചുവിടുന്ന വർഗീയഭൂതങ്ങൾ നാളത്തെ തലമുറയെത്തന്നെ ശിഥിലമാക്കാൻ പോന്നതാണ്. ഇതിനുപുറമേയാണ് സ്വാശ്രയ മാനേജ്‌മെന്റുകൾ നടത്തുന്ന അനീതികൾ. ഇവയ്‌ക്കെതിരെ പ്രതികരിക്കുന്ന വിദ്യാർത്ഥികൾ മർദ്ദനങ്ങൾക്കിരയാകുകയും മരണപ്പെടുകയും ചെയ്യുന്നതു വരെ നാം കണ്ടതാണ്. അരാഷ്ട്രീയമായ കാന്പസ്സുകളിൽ റാഗിങ്ങു കൊഴുക്കുമെന്നതിന്റെ തെളിവാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന റാഗിങ്ങിന്റെ പേരിലുള്ള കൊടുംപീഡനങ്ങൾ.  സ്വാശ്രയകോളെജുകളുടെ വരവോടെ കേരളത്തിൽ റാഗിങ് സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് കഴിഞ്ഞ വർഷം യുജിസി പുറത്തിറക്കിയ റിപ്പോർട്ട് തന്നെ പറയുന്നു. 34 റാഗിങ് കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളം ഇന്ന് ഇന്ത്യയിൽ റാഗിങ് വിഷയത്തിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു. 

വിദ്യാർത്ഥികളെ എക്കാലത്തും ഭരണകൂടങ്ങളും വ്യവസ്ഥിതികളും ഒരു ശല്യമായിട്ടു തന്നെയാണ് കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എക്കാലത്തും വിദ്യാർത്ഥി സംഘടനകളിലൂടെ അവരെ തങ്ങളുടെ വശത്താക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഇവരുടെ കീഴിലുള്ള വിദ്യാർത്ഥി രാഷ്ട്രീയം ഇപ്പോഴും കാന്പസ്സിലെ യഥാർത്ഥ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിൽ നിന്നും ഒരുപാട് അകലെയാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ നമ്മുടെ നിലവാരക്കുറവും സർക്കാർ കോളേജുകളുടെ ശോച്യാവസ്ഥയുമൊന്നും അവരുടെ പരിഗണനാവിഷയം പോലുമായി മാറുന്നില്ല. കാലത്തിനൊത്ത കോഴ്‌സുകൾ കൊണ്ടുവരാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനോ നിലവിലുള്ള പാഠ്യപദ്ധതികൾ കാലത്തിനൊത്ത് നവീകരിക്കാനോ അവർ അക്കാദമിക് രംഗം കൈകാര്യം ചെയ്യുന്നവരോട് ആവശ്യപ്പെടുന്നുപോലുമില്ല. തങ്ങൾക്ക് അവശ്യം വേണ്ട കാര്യങ്ങൾക്കായി സമരം ചെയ്യുന്നതിൽ നിന്നും അവർ പിന്നോക്കം പോകുകയും പലപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെ പിണിയാളുകളായി മാത്രം ഒതുക്കപ്പെടുകയും ചെയ്യുന്നു. വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ അവയുടെ ഭരണഘടന പ്രകാരം രാഷ്ട്രീയ പാർട്ടികളുടെ പോഷകസംഘടനകളല്ലെന്നാണ് വയ്‌പെങ്കിലും യാഥാർത്ഥ്യം അതിൽ നിന്നും വളരെയകലെയാണെന്ന് കോടതിക്കു ബോധ്യപ്പെട്ടതാണ് ഇപ്പോൾ കാന്പസ് രാഷ്ട്രീയത്തിനെതിരെ ഉണ്ടായിരിക്കുന്ന വിധിന്യായം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനങ്ങളായി നിലകൊള്ളാനുള്ള ആർജവം അവർ കാണിച്ചാൽ ഈ നിരോധനത്തിനു തന്നെ പ്രസക്തിയില്ലാതാകും. രാഷ്ട്രീയം ഏതെങ്കിലുമൊരു പ്രത്യേക കാലയളവിൽ പൗരനിലേക്ക് സംക്രമിക്കപ്പെടേണ്ട ഒന്നല്ലെന്ന് കോടതിയും കക്ഷിരാഷ്ട്രീയത്തിന് ബലി കൊടുക്കേണ്ടതല്ല തങ്ങളുടെ അവകാശങ്ങളെന്ന് വിദ്യാർത്ഥികളും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

You might also like

Most Viewed