സ്മാ­രക ശി­ലകൾ­ക്കി­ടയിൽ പ്രി­യപ്പെ­ട്ട കു­ഞ്ഞി­ക്ക...


ഇസ്മായിൽ പതിയാരക്കര 

അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ വേദനയിലാഴ്ത്തിക്കൊണ്ട് ഒരു വിയോഗം കൂടി. മധുരോദായകമായ ഭാവനയുടെ മറ്റൊരു ലോകത്തിലേക്ക് അതിഭാവുകത്വത്തിന്റെ അകന്പടിയോടെ മലയാളിയെ കൈപിടിച്ചു കൊണ്ടുപോയ പ്രിയ കഥാകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള കൂടി മരണത്തിന്റെ താഴ്്വാരത്തിലേക്ക് പടിയിറങ്ങിപ്പോയിരിക്കുന്നു.

വായനയുടെ വിശാലമായ ലോകത്തിലേക്ക് എത്തിനോക്കുന്നതിനു മുന്പ് തന്നെ ഞാൻ അടുത്തറിഞ്ഞ വ്യക്തിത്വമായിരുന്നു പുനത്തിൽ. വടകര എടോടിയിൽ അദ്ദേഹം നടത്തിയിരുന്ന ക്ലിനിക്കിൽ ചെറുപ്പകാലത്ത് ഒരു സ്ഥിരം സന്ദർശകനായിരുന്നു ഞാൻ എന്നു പറഞ്ഞാൽ പോലും അതിൽ അതിശയോക്തിയില്ല. കാരണം അക്കാലത്ത് ഞാനൊരു നിത്യരോഗിയായിരുന്നു. കൂടാതെ എന്റെ ബാപ്പയുടെ ഉമ്മയ്ക്ക് വളരെയധികം വിശ്വാസമുള്ള ഒരു ഭിഷഗ്വരൻ കൂടിയായിരുന്നു അദ്ദേഹം. 

“കുഞ്ഞോള്ളാനെ ഒന്നു കണ്ടാത്തന്നെ ‘ബരത്തം’ (രോഗം) പൗതി (പകുതി) മാറിയ പോലാ” എന്ന് അവർ പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. പിന്നീട് വായനയുടെ ലോകത്തിലേക്ക് കടന്നപ്പോഴാണ് കുഞ്ഞബ്ദുള്ള എന്ന കുറിയ മനുഷ്യൻ എഴുത്തിന്റെ ലോകത്തെ വലിയൊരു വ്യക്തിത്വമായിരുന്നുവെന്ന കാര്യം വ്യക്തമാകുന്നത്.

1940 ഏപ്രിൽ 30ന് വടകര മടപ്പള്ളിക്കടുത്തുള്ള കാരക്കാട് ജനിച്ച അദ്ദേഹത്തിന്റെ പല കൃതികളിലും നാടും പരിസരങ്ങളും നാട്ടുകാരും വളരെ മനോഹരമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. വിശിഷ്യാ സ്മാരകശിലകളിൽ പ്രധാനമായും. അറക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ജനങ്ങളുടെയും കഥപറയുന്ന പ്രസ്തുത കൃതി ഭൂമാത്മകമായ ഭാവനയുടെ വിവരണാതീതമായ അനുഭവതലങ്ങൾ തന്നെയാണ് അനുവാചക ഹൃദയങ്ങളിൽ നിറക്കുന്നത്. 

തലശ്ശേരിയിൽ കൊപ്രയും വിറ്റ് പാതിരാത്രിയിൽ കാരക്കാട്ടേക്ക് മടങ്ങുന്ന കാര്യസ്ഥൻ വഴിക്ക് കുഞ്ഞിപ്പള്ളി എന്ന സ്ഥലത്ത് ഉത്സവ പ്രതീതിയുളവാക്കുന്ന ആൾക്കൂട്ടത്തെ കണ്ട് കാളവണ്ടി നിർത്തി അതിൽ ഭാഗഭാക്കാകുന്നതും അവിടെയുള്ള ഒരു കടയിൽ പണപ്പൊതി മറന്നു പോകുന്നതും പിന്നീട് ഒരു സ്ഥലത്ത് ഉറങ്ങിപ്പോകുന്നതും വളരെ മനോഹരമായി അറബിക്കഥയുടെ ആഖ്യാനശൈലിയിലാണ് കഥാകാരൻ വരച്ചിടുന്നത്.

പിറ്റേന്ന് ഉണർന്നു നോക്കിയപ്പോളാണ് താനിന്നലെ കിടന്നത് ശ്മാശനത്തിലാണെന്ന് മനസിലാകുന്നത്. പിറ്റേന്ന് മന്ത്രവാദിയായ മൊല്ലാക്കയുടെ അടുത്തുപോയി കാര്യങ്ങൾ അവതരിപ്പിച്ചപ്പോഴാണ് തലേന്ന് രാത്രി ചെന്നു പെട്ടത് ജിന്നുകളുടെ ഉത്സവത്തിലാണെന്ന് കാര്യസ്ഥനു ബോധ്യപ്പെടുന്നത്.

പണം നഷ്ടപ്പെട്ടു പോവുകയൊന്നും ഇല്ല. അടുത്ത വർഷം ഇതേ സമയത്ത് പോയി ഇന്നലെ ഇവിടെ വെച്ചു മറന്ന പണം തിരികെ തരണമെന്നു പറഞ്ഞാൽ മതിയെന്നും മൊല്ലാക്ക വ്യക്തമാക്കുന്നുണ്ട്. വടകരയിലും പരിസര പ്രദേശങ്ങളിലുമായി പരന്നു കിടക്കുന്ന വാമൊഴി മിത്തുകളിൽ ഒന്നു മാത്രമാണിത്. രാത്രികളിൽ പ്രായമുള്ളവർ അയവിറക്കിയിരുന്ന ഇത്തരം അപസർപ്പക കഥകൾ വളരെ വിദഗ്ദ്ധമായാണ് പുനത്തിൽ സ്മാരകശിലകളിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്.

1976−−77 കാലഘട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ധശയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ റിയലിസത്തിന്റെയും ആധുനികതയുടെയും ഇടയിലെ നേ‍‍‍‍‍‍‍‍ർവരന്പിലൂടെയുള്ള ഒരു ആഖ്യാന ശൈലിയാണ് കുഞ്ഞബ്ദുള്ള സ്വീകരിച്ചിരുന്നത്. ഇന്നും ഏറ്റവുമധികം വായനാസുഖം നൽകുന്ന പുസ്തകങ്ങളിലൊന്നു കൂടിയാണ് സ്മാരകശിലകൾ.  നവഗ്രഹങ്ങളുടെ തടവറ, അലിഗഡിലെ തടവുകാരൻ, കത്തി, മരുന്ന് തുടങ്ങി അദ്ദേഹത്തിന്റെ രചനകളിലോരൊന്നും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു.

വായനക്കാർക്ക് മുഷിയാത്ത ആഖ്യാനശൈലി തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നും വ്യത്യസ്തത പുലർത്താൻ ശ്രമിച്ചിരുന്ന അദ്ദേഹം മുഖ്യധാരാ എഴുത്തുകാർ അവജ്ഞയോടെ മാത്രം കണ്ടിരുന്ന പൈങ്കിളി വാരികകൾക്കു വേണ്ടിയും നോവൽ എഴുതാൻ സന്നദ്ധമായി എന്നതാണ്. കാപട്യമേതുമില്ലാത്ത തുറന്നു പറച്ചിലുകൾ പലപ്പോഴും അദ്ദേഹത്തെ വിവാദത്തിൽ കൊണ്ടു ചാടിച്ചിരുന്നുവെങ്കിലും സാഹിത്യകാരൻ എന്ന നിലയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സിദ്ധിയെ ബഹുമാനത്തോടെ മാത്രമേ വിമർശകർക്കു പോലും നോക്കിക്കാണാൻ കഴിയൂ എന്നത് തന്നെയാണ് പരമാർത്ഥം.

മാതൃഭൂമി ആരോഗ്യമാസികയിൽ ‘മരുന്നും മന്ത്രവും’എന്ന പേരിൽ ചികിത്സാനുഭവങ്ങൾ എഴുതിയിരുന്നപ്പോൾ ആരോഗ്യപരിപാലന രംഗത്തെ പുഴുക്കുത്തുകളെ തുറന്നു കാണിക്കാനും ഒപ്പം ഭിഷഗ്വര സമൂഹത്തിൽ ചിലരുടെ പണത്തോടുള്ള ആർത്തിയുടെ കഥകൾ തുറന്നെഴുതാനും അദ്ദേഹത്തിനു മടിയേതുമില്ലായിരുന്നു.

താൻ കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചവരിലധികവും നാട്ടിൻപുറങ്ങളിൽ കണ്ടുമുട്ടിയവരായിരുന്നുവെന്ന് ‘കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ’ എന്ന രചനയിലൂടെ അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. 

ചുരുക്കത്തിൽ മലയാളിയുടെ കാപട്യത്തിൽ പൊതിഞ്ഞ സദാചാര ബോധത്തെ കുത്തിക്കീറി അതിനു മുകളിൽ കയറി നിന്ന് അട്ടഹസിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന പ്രിയപ്പെട്ടവരുടെ കുഞ്ഞിക്ക ഓർമ്മയാകുന്പോൾ ബാക്കിയാകുന്നത് അദ്ദേഹത്തിന്റെ പ്രണയിനികളായ പുസ്തകങ്ങൾ മാത്രം. എഴുത്തുകാരൻ മണ്ണടിച്ചു പോയാലും മരിക്കാതെ നിലനിൽക്കുന്ന അക്ഷരക്കൂട്ടങ്ങൾ.

പിൻകുറി: ‘തേൻതുള്ളി’ എന്ന സിനിമയുടെ നിശ്ചല ഛായാഗ്രഹകനും വടകരയിലെ ‘അൽഫ സ്റ്റുഡിയോ’ ഉടമയുമായിരുന്ന അശോകേട്ടനാണ് പുനത്തിലിന് എന്നെ പരിചയപ്പെടുത്തിയത്. അത്യാവശ്യം എഴുതും എന്ന് പറഞ്ഞ അശോകേട്ടനെ നോക്കാതെ ഗൗരവത്തിൽ എന്റെ മുഖത്തു നോക്കി ഏതെല്ലാം പുസ്തകങ്ങൾ വായിച്ചിട്ടുണ്ടന്നായി പുനത്തിൽ. എന്റെ ശുഷ്കമായ വായനാനുഭവം കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം പറ‍ഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ പറ്റിപ്പിടിച്ചു കിടക്കുന്നു. “ഇന്ധനം നിറക്കാതെ എങ്ങനെയാ വണ്ടിയോടിക്കുക ആദ്യം മതിയാവോളം ഇന്ധനം നിറക്കൂ എന്നിട്ടാലോചിക്ക് വണ്ടി ഓടിക്കണോ വേണ്ടയോ എന്ന്”. പുനത്തിൽ എന്ന പ്രതിഭയ്ക്ക് ഏഴുതി പൂർത്തിയാക്കാൻ പറ്റാതെ പോയ സ്വപ്നമായിരുന്നു യാ അയ്യുഹന്നാസ് എന്ന നോവൽ ഏ ജനങ്ങളെ ഏന്നാണ് അതിന്റെ വാക്കർത്ഥം. അവസാന കാലത്ത് എന്തൊക്കെയോ അദ്ദേഹത്തിന് പറയണമെന്നുണ്ടായിരുന്നിരിക്കാം പ്രിയപ്പെട്ട ജനങ്ങളോട്, അനിവാര്യമായ മരണം അതിനു സമ്മതിച്ചില്ല. 

പ്രിയ എഴുത്തുകാരാ വിട...

You might also like

Most Viewed