ആൺമേധാവിത്വത്തിന് അറുതി വരുത്താനുള്ള തന്റേടം സ്ത്രീകൾ നേടിക്കഴിഞ്ഞു
കൂക്കാനം റഹ്മാൻ
ചെറുപ്പക്കാരികൾക്ക് ഇക്കാലത്ത് ‘ഗമ’ കൂടിക്കൂടി വരികയാണ്. ഞങ്ങളുടെ തീരുമാനമാണ് അന്തിമമെന്നും, അതനുസരിച്ചേ കാര്യങ്ങൾ നീങ്ങൂ എന്ന് ശാഠ്യം പിടിക്കാനും അവർ തയ്യാറായിക്കഴിഞ്ഞു. വിവാഹം കഴിക്കാൻ പെൺകുട്ടികളെ ലഭിക്കാതെ പുരുഷന്മാർ വിഷമിക്കാൻ തുടങ്ങിയെന്നും അവർ മനസ്സിലാക്കി കഴിഞ്ഞു. സമൂഹത്തിൽ ഡിമാന്റ് കൂടിയ ഒന്നായി ഞങ്ങൾ മാറിയിട്ടുണ്ടെന്നും കരുതി അഹങ്കരിക്കാൻ തുടങ്ങിക്കഴിഞ്ഞു. വാസ്തവത്തിൽ ചെറുപ്പക്കാരികളുടെ ചിന്ത യഥാർത്ഥമാവുകയാണ്. ഓരോ പ്രദേശത്തും പെണ്ണന്വേഷിച്ചു നടക്കുന്ന പുരുഷന്മാരുടെഎണ്ണം വർദ്ധിച്ചു വരുന്നതായാണ് മനസ്സിലാവുന്നത്. അനുയോജ്യമായ വധുവിനെ കണ്ടെത്താൻ പറ്റുന്നില്ല. മുൻകാലങ്ങളിൽ പെണ്ണിന്റെ ഗുണകണങ്ങൾ അറിഞ്ഞതിനുശേഷമേ പുരുഷൻ വിവാഹാലോചനയുമായി ചെല്ലാറുള്ളു. ഇന്ന് പെൺകുട്ടികൾ അവളുടെ ആഗ്രഹങ്ങൾക്കും, മോഹങ്ങൾക്കും അനുസരിച്ച പുരുഷനെ കിട്ടുമെങ്കിൽ മാത്രമെ സമ്മതം മൂളുന്നുള്ളു.
പ്രീമാരിറ്റൽ കൗൺസിലിംഗ് ക്ലാസിൽ സംസാരിക്കവേ നിങ്ങളുടെ സങ്കൽപ്പത്തിലുള്ള ഭർത്താവ് എങ്ങിനെയുള്ള ആളായിരിക്കണം? എന്നാരാഞ്ഞപ്പോൾ കിട്ടിയ വിവരങ്ങളാണ് ഇങ്ങിനെ: താടിവളർത്തിയ ആളാവണം, ഇന്നത്തെ മോഡേൺ ഹെയർൈസ്റ്റൽ ഉണ്ടാവണം, അൽപം ലഹരി ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല, കയർത്തു സംസാരിക്കാനും കലപില കൂട്ടാനുമുള്ള ത്രാണി ഉണ്ടാവണം, സ്വന്തമായി വീടുവെച്ചിരിക്കണം, വരുമാനമുള്ള ഒരു ജോലി ഉണ്ടാവണം, ഭാര്യക്ക് പൂർണ്ണ സ്വാതന്ത്ര്യം കൊടുക്കുന്ന ആളാവണം ഇങ്ങിനെ നീണ്ടുപോകുന്നു പെൺകുട്ടികളുടെ സങ്കൽപ്പത്തിലുള്ള ഭർത്താക്കന്മാർ.
ഒരു പെൺകുട്ടി ഏറ്റവും പ്രധാനമായി ചൂണ്ടിക്കാട്ടിയത് വിവാഹത്തിനുമുന്പ് രക്തപരിശോധന നടത്തിയ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കണമെന്നാണ്. പെൺകുട്ടികൾ ഉയർന്നിരിക്കുന്നു. ചിന്തകളും ആഗ്രഹങ്ങളും മറച്ചു വെയ്ക്കാതെ തുറന്നടിക്കാൻ അവർ തയ്യാറായിക്കഴിഞ്ഞു. ഇഷ്ടപ്പെട്ട പുരുഷനെ അവർ കണ്ടെത്താൻ തുടങ്ങി. അങ്ങിനെ കണ്ടെത്തിയ വ്യക്തിയെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച് അംഗീകാരം വാങ്ങാനുള്ള കഴിവും അവർ ആർജ്ജിച്ചു കഴിഞ്ഞു. പ്രണയിച്ച ചെറുപ്പക്കാരനുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ വീട്ടുകാർ പ്രതിബന്ധം നിൽക്കുകയാണെങ്കിൽ അതിനുള്ള പ്രതിവിധിയും ബുദ്ധിപൂർവ്വം നടപ്പാക്കാൻ പെൺകുട്ടികൾക്കാവുന്നുണ്ട്. ഒളിച്ചോട്ടം പ്രയാസമുണ്ടാക്കുമെന്ന് അവർക്കറിയാം. വീട്ടുകാരെ വിഷമത്തിലാക്കാതെ, നാട്ടുകാരെക്കൊണ്ട് പറയിക്കാതെ കാര്യമെങ്ങിനെ സാധിക്കാമെന്നും സമർത്ഥമായി പെൺകുട്ടികൾ നടപ്പാക്കാൻ പഠിപ്പിച്ചു. അതിനുള്ള ക്ഷമയും, നടപടിക്രമങ്ങളും എല്ലാം അവർ സൂക്ഷമമായി പ്രാവർത്തികമാക്കി വിജയിപ്പിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒന്നുരണ്ട് സംഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ്.
പെൺകുട്ടി എംബിഎക്കാരിയാണ്. അവൾക്കൊരു അഫയർ ഉണ്ട്. എങ്ങിനെയും ഒഴിവാക്കാൻ പറ്റില്ല. അന്യമതക്കാരനാണ് ഒപ്പം പഠിച്ചവരാണ്. പരസ്പരം വാക്കുകൊടുത്തതാണ്. ഈ വിവാഹത്തിന് വീട്ടുകാർ ഒരിക്കലും സമ്മതം മൂളില്ല. ആയിടയ്ക്ക് ബാംഗ്ലൂരിൽ എഞ്ചിനിയറായി ജോലി ചെയ്യുന്ന ചെറുപ്പക്കാരൻ പെണ്ണാലോചിച്ചു വരുന്നു. എല്ലാം കൊണ്ടും അനുയോജ്യൻ. റിട്ടയർ ചെയ്ത സർക്കാരുദ്യോഗസ്ഥരുടെ ഏകമകൻ. രക്ഷിതാക്കൾ വാക്കുകൊടുത്തു. നിർവ്വാഹമില്ലാതെ പെൺകുട്ടിയും വിവാഹത്തിന് സമ്മതിക്കുന്നു. പക്ഷേ അവളുടെ മനസ്സ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം മെനയുകയായിരുന്നു. വിവാഹ നിശ്ചയം ഗംഭീരമായി നടന്നു. നൂറ് കണക്കിന് ആളുകൾ ക്ഷണിതാക്കളായെത്തി. മോതിരം പരസ്പരം കൈമാറി. രണ്ട് മാസം കഴിഞ്ഞുള്ള തീയ്യതി വിവാഹത്തിനായി നിശ്ചയിക്കപ്പെട്ടു. സന്തോഷപൂർവ്വം വിവാഹ നിശ്ചയത്തിന് പരിസമാപ്തിയായി. അവർ പരസ്പരം സംസാരിക്കുകയും ആശയങ്ങളും ആഗ്രഹങ്ങളും കൈമാറിക്കൊണ്ടിരിക്കുകയും ചെയ്തു. ചെറുപ്പക്കാരൻ ബാംഗ്ലൂരിലും പെൺകുട്ടി നാട്ടിലുമാണ്. അതുകൊണ്ട് തന്നെ ഫോൺ മുഖേനയുള്ള സംസാരവും, വാട്‌സ് അപ്പ് മെസേജും, ഫെയ്‌സ്ബുക്ക് സന്ദേശങ്ങളും കൈമാറിക്കൊണ്ടിരുന്നു. അവരുടെ വിവാഹം നടക്കാതെ പോകാനുള്ള തന്ത്രം പെൺകുട്ടിക്കറിയാം.
നിശ്ചയം നടന്നാൽ അഭിപ്രായങ്ങൾ പറയാൻ പറ്റും. അതിലൂടെ സൂത്രത്തിൽ അവനെ ഇതിൽ നിന്ന് തെറ്റിപ്പിക്കണം. വിവാഹത്തിന് ഇനി ഒരു മാസം മാത്രമെ ബാക്കിയുള്ളു. ആയിടയ്ക്ക് പെൺകുട്ടി വാട്‌സ് അപ്പിലൂടെ അയച്ച മെസ്സേജ് ഇപ്രകാരമായിരുന്നു. ‘എനിക്ക് ചെറുപ്പം മുതലേ മാനസികമായ ചില അസ്വാസ്ഥ്യങ്ങളുണ്ട്. വീട്ടുകാർക്കെല്ലാം അക്കാര്യമറിയാം. അത് മറച്ചു വെക്കുന്നത് ശരിയല്ലല്ലോ? അതുകൊണ്ടാണ് തുറന്ന് പറയുന്നത്. നമ്മുടെ ജീവിതത്തിൽ ഇത് പ്രയാസമുണ്ടാക്കില്ലേ? ആലോചിക്കൂ.’ ഇത് പോരെ ഒരു ചെറുപ്പക്കാരന്റെ മനസ്സ് മാറാൻ. മെസ്സേജ് കിട്ടിയപ്പോൾ മുതൽ അവൻ അങ്കലാപ്പിലാണ്. ഉടനെ വീട്ടിലേക്ക് തിരിച്ചു. വീട്ടുകാരെ മെസ്സേജ് കാണിച്ചു. ചർച്ച ചെയ്തു. ബന്ധുക്കളെ അറിയിച്ചു. എങ്ങിനെയും വിവാഹവുമായി മുന്നോട്ടു പോവാൻ കഴിയില്ലെന്ന തീരുമാനത്തിലെത്തി. ഇരു വീട്ടുകാരും ഒന്നിച്ചിരുന്നു. സമവായത്തിലെത്തി. പരസ്പരം നൽകിയ സ്വർണ്ണാഭരണങ്ങൾ കൈമാറി വളരെ ശുഭകരമായി അതിൽനിന്ന് ഇരുവരും പിന്മാറി. പെൺകുട്ടി ചെയ്തത് നട്ടാൽ മുളയ്ക്കാത്ത കളവാണ്. സ്വകാര്യമായി ഒരു ഡോക്ടറെ കണ്ട് മാനസികാസ്വാസ്ഥ്യത്തിനുള്ള മരുന്നിന്റെ കുറിപ്പ് സംഘടിപ്പിച്ചു. അത് തെളിവായി ഹാജരാക്കി എത്ര ബുദ്ധിപരമായാണ് കാര്യങ്ങൾ ചെയ്തതെന്ന് നോക്കൂ. അവളുടെ വീട്ടുകാർക്കും ഇതെല്ലാം കേട്ട് അന്പരന്ന് നിൽക്കാനെ കഴിഞ്ഞുള്ളൂ. ഇനിയും അവൾ കാത്തു നിൽക്കും. സ്‌നേഹിച്ച, ഇഷ്ടപ്പെട്ട ചെറുപ്പക്കാരനുമായി വിവാഹ ബന്ധത്തിലേർപ്പെടും തീർച്ച.
സർക്കാർ ഉദ്യോഗസ്ഥനും വിവാഹിതനുമായ ഒരു ചെറുപ്പക്കാരനെ അയാളുടെ ഭാര്യ വട്ടം കറക്കുന്നത് കാണുന്പോൾ പ്രയാസം തോന്നുന്നു. വിവാഹത്തിനുമുന്പ് ഇരു വീട്ടുകാരും പരസ്പരം ചർച്ചചെയ്തും, കാര്യങ്ങൾ മനസ്സിലാക്കിയും ചെയ്താണ് വിവാഹം നടന്നത്. അവൾ കന്പ്യൂട്ടർ എഞ്ചിനിയറിംഗ് കോഴ്‌സ് പൂർത്തിയാക്കിയ വ്യക്തിയാണ്. വിവാഹത്തിനുശേഷം ഒരുമാസം അവൾ ഭർതൃഗൃഹത്തിൽ താമസിച്ചിരുന്നു. ഏതോ ഒരു തുടർ വിദ്യാഭ്യാസ കോഴ്‌സിന് ചേരണമെന്ന അവളുടെ ആഗ്രഹത്തിന് ഭർതൃവീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. അതിന്റെ പേരിൽ അവൾ പിണങ്ങി പോയി. കഴിഞ്ഞ നാലഞ്ച് മാസമായി ഇവർ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. ഭർത്താവ് പലപ്രാവശ്യം അവളെ വീട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. വരാൻ താൽപര്യമില്ല എന്നാണ് അവൾ തുറന്നടിച്ചത്. ഭർത്താവിന്റെ രക്ഷിതാക്കളും ഇടപെട്ടു. പക്ഷെ അവൾക്ക് യാതൊരുകുലുക്കവുമില്ല. എന്നാൽ വിവാഹ ബന്ധം വേർപെടുത്താം എന്ന നിർദ്ദേശം ഭർതൃവീട്ടുകാർ മുന്നോട്ടു വെച്ചു. അതിനും അവൾ തയ്യാറല്ല.
സർക്കാർ ഉദ്യോഗസ്ഥനായ കക്ഷിയെ അൽ‍്പം കളിപ്പിക്കുകയെന്നതാവാം അവളുടെ ലക്ഷ്യം. എന്റെ താൽപര്യം പരിഗണിക്കാത്തവന്റെ കൂടെ ഇനിയില്ല എന്നാണവളുടെ ഉറച്ച നിലപാട്. എനിക്ക് അവനെ ഇഷ്ടമില്ല. പക്ഷേ ഒഴിവാക്കുകയുമില്ല, അവിടെ നിൽക്കട്ടെ. പഴയകാലത്ത് ആണുങ്ങളാണ് ഇത്തരം ഇടപാടുകൾ നടത്താറ്. ഇന്നത് സ്ത്രീകളായി മാറി. ഇനി പെൺകുട്ടികളോടും സ്ത്രീകളോടും ഇടപെടുന്പോൾ ഏറെ ശ്രദ്ധിക്കണം. അവർ മാനസികമായും മറ്റും ശക്തി നേടിക്കഴിഞ്ഞു. ആണ്‍മേധാവിത്വത്തിന് അറുതിവരുത്താനുള്ള തന്റേടവും അവർ കൈവരിച്ചിരിക്കുന്നു.