പുതപ്പിനടിയിലുണ്ടായിട്ടും എന്നെ തിരിച്ചറിയാതിരുന്ന ചങ്ങാതി


എം. മുകുന്ദൻ

ൽഹിയിൽ വെച്ച് പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി അറുപതുകളിലാണ് സൗഹൃദം ആരംഭിക്കുന്നത്. അന്ന് ഞാൻ ഡൽഹിയിലും കുഞ്ഞബ്ദുള്ള അലിഗഢിലും. കുഞ്ഞബ്ദുള്ള ആദ്യമായി ഡൽഹിയിൽ എന്നെ കാണാൻ വരുന്പോൾ ഞാൻ പനിപിടിച്ച് മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. ഞാൻ ഈർക്കിൽപോലെ മെലിഞ്ഞിട്ടായിരുന്നതുകൊണ്ട് കിടക്കയിൽ നോക്കിയപ്പോൾ കുഞ്ഞബ്ദുള്ള കണ്ടത് ഒരു പുതപ്പു മാത്രമാണ്. അതിനടിയിൽ ചുരുണ്ടുകിടക്കുന്ന എന്നെക്കണ്ടില്ല. അതിനെക്കുറിച്ച് കുഞ്ഞബ്ദുള്ള പല പ്രസംഗങ്ങളിലും പരാമർശിക്കുകയും ഒരിടത്ത് എഴുതുകയും ചെയ്തിട്ടുണ്ട്. 

കുടുംബജീവിതത്തിനും സൗഹൃദങ്ങൾക്കും വലിയ വിലകൽപ്പിക്കുന്ന ആളാണ് ഞാൻ. സ്നേഹബന്ധങ്ങൾക്ക് ഒരു കുപ്പി ബ്രാണ്ടിയുടെ വിലപോലും കൽപ്പിക്കാത്ത ആളാണ് എന്റെ പ്രിയ ചങ്ങാതി. തന്റെ ജീവിതത്തിലൂടെ കുഞ്ഞബ്ദുള്ള അത് തെളിയിച്ചിട്ടുണ്ട്. കോഴിക്കോട്ടെ പണിക്കർറോഡിലെ പത്താമത്തെ നിലയിലുള്ള ബി−10 ഫ്ളാറ്റിൽ വാർദ്ധക്യം വന്ന് പരസഹായം കൂടാതെ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാതെ, ഏകാകിയായി കഴിയുന്ന എന്റെ പ്രിയചങ്ങാതിയെ കണ്ടപ്പോൾ കരച്ചിലടക്കാൻ ഞാനേറെ ബുദ്ധിമുട്ടി. അപ്പോൾ ഞാൻ സ്വയം ചോദിച്ചു, ആരുടെ വഴിയായിരുന്നു ശരി? എന്റേതോ നിന്റേതോ?

കുഞ്ഞബ്ദുള്ളയുടെ ആദ്യകാലകഥകളിലൂടെ അദ്ഭുതത്തോടെയാണ് ഞാൻ കടന്നുപോയത്. അവന്റെ ലളിതമായ ആഖ്യാനവും നർമ്മവും വൈക്കം മുഹമ്മദ് ബഷീറിന്റെ പിൻഗാമിയായി അവനെക്കാണാൻ പലരെയും പ്രേരിപ്പിച്ചിരുന്നു. ഞാനും അങ്ങനെത്തന്നെയാണ് കരുതിയത്.

നമ്മുടെ സാഹിത്യമണ്ധലത്തിലെ ഒരു ബാലൻ തന്നെയാണ് കുഞ്ഞബ്ദുള്ള. വളരെ നല്ല പ്രാക്ടീസുള്ള ഒരു ഡോക്ടറായിരുന്നു അവൻ. കുഞ്ഞബ്ദുള്ളയെപ്പോലെ സ്വന്തം പ്രതിഭയെ ദുർവ്യയം ചെയ്ത മറ്റൊരു എഴുത്തുകാരനെ ഞാനിതുവരെ കണ്ടിട്ടില്ല. 1991−ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി എന്റെ ചങ്ങാതി മത്സരിക്കുന്നുവെന്ന് കേട്ടപ്പോൾ എനിക്ക് ഹൃദയാഘാതം വരുന്നതുപോലെ തോന്നി. കുഞ്ഞബ്ദുള്ള കാണിച്ച ഏറ്റവും വലിയ വികൃതിയായിരുന്നു അത്. ആരെന്തൊക്കെ പറഞ്ഞാലും, ഇനിയും ഒരു വരി എഴുതിയില്ലെങ്കിലും, കത്തിയും ജീവച്ഛവങ്ങളും ക്ഷേത്രവിളക്കുകളും പോലുള്ള കഥകളും സ്മാരകശിലകളും മരുന്നും പോലുള്ള നോവലുകളും എഴുതിയ എന്റെ പ്രിയചങ്ങാതി മലയാളസാഹിത്യത്തിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായി തുടരും...

You might also like

Most Viewed