പുനത്തിൽ കുഞ്ഞബ്ദുള്ള
ഫലിത പ്രയോഗങ്ങൾ വായനയെ എത്ര രസമുള്ളതാക്കും എന്നത് മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തിയ പുനത്തിൽ കുഞ്ഞബ്ദുള്ള തൂലിക താഴെ വെച്ച് വിടപറഞ്ഞിരിക്കുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ തൂലികയിൽ നിന്ന് കടലാസുകളിൽ പരന്ന മഷിയുടെ മണം യഥാർത്ഥ്യങ്ങളുടേതു മാത്രമായിരുന്നു. മലയാള സാഹിത്യത്തിൽ ആധുനികതയ്ക്ക് തുടക്കം കുറിച്ച എഴുത്തുകാരിൽ ഏറെ പ്രമുഖൻ. ചുറ്റുപാടുമുള്ള ജീവിതങ്ങളെ നിരീക്ഷിച്ച് അവരിലെ അടയാളങ്ങൾ കടലാസുകളിലേയ്ക്ക് ഏറെ രസകരമായി പകർത്തിയ എഴുത്തുകരാൻ. ഇന്നിനി ബാക്കിയാകുന്നത് വറ്റിയ മഴികുപ്പിയും ചലിക്കാത്ത പേനയും...
പുനത്തിൽ കുഞ്ഞബ്ദുള്ള നമ്മെ വിട്ടു പോയിരിക്കുന്നു. മലമുകളിലെ അബ്ദുള്ള എന്ന ചെറുകഥയിലൂടെയാണ് മുഖ്യധാര സാഹിത്യ ലോകത്തേയ്ക്ക് പുനത്തിൽ കാലെടുത്തുവെച്ചത്. 1975ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇതിന് ലഭിച്ചു. പിന്നീട് പൂർണ്ണമായും എഴുത്തിന്റെ ലോകത്തിലേയ്ക്ക് എത്തിയ പുനത്തിൽ നോവൽ, ഓർമ്മക്കുറിപ്പുകൾ, യാത്രാവിവരങ്ങൾ തുടങ്ങി എഴുത്തിന്റെ സകല മേഖലകളിലൂടെയും സഞ്ചരിച്ച് സാഹിത്യ ലോകത്ത് തന്റെതായ സ്ഥാനം പിടിച്ചെടുത്തു.
നവഗ്രഹങ്ങളുടെ തടവറ, അലിഗഢിലെ തടവുകാരൻ, സൂര്യൻ, കത്തി എന്നീ രചനകൾ ഏറെ പ്രശ്തമാണ്. സ്മാരക ശിലകൾ എന്ന നോവലാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയെ വായനക്കാരുടെ പ്രിയപ്പെട്ടവനാക്കിയത്. പുനത്തിലിന്റെ ഏറ്റവും മികച്ച കൃതിയായും സ്മാരകശിലയാണ് കണക്കാക്കപ്പെടുന്നത്. നോവൽ സാഹിത്യത്തിനുള്ള 1978−ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980−ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഈ നോവിലിനെ തേടിയെത്തി. സ്മാര ശിലകൾക്ക് ശേഷം പുനത്തിലിന്റെ ശ്രദ്ധേയമായ രചനയാണ് കലിഫ, മരുന്ന്. ഇതിൽ മരുന്ന് 1988−ലെ വിശ്വദീപം പുരസ്കാരവും സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരവും സ്വന്തമാക്കി. കമ്മ്യൂണസത്തിന് ശേഷമുള്ള റഷ്യയിലൂടെയുള്ള യാത്രയുടെ വിവരങ്ങൾ ഇതിവൃത്തമാക്കി എഴുതിയ വോൾഗയിൽ മഞ്ഞുപെയ്യുന്പോൾ എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന് 2001−ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു. ആഖ്യാനശൈലി കൊണ്ട് വ്യത്യസ്തമായ സൂര്യൻ, ദുഃഖിതർക്കൊരു പൂമരം, കന്യാവനങ്ങൾ എന്നീ നോവലുകൾ വായനക്കാരെ ഇരുത്തി വായിപ്പിച്ച പുനത്തിൽ ഇന്ന് നമ്മെ വിട്ട് പോകുന്പോൾ നഷ്ടപ്പെടുന്നത് വായനയുടെ ഒരു പുതിയ അനുഭവമാണ്...