സംവിധാനം ഐ.വി ശശി
ധനേഷ് പത്മ
മലയാളം കണ്ട ഏറ്റവും മികച്ച ചലചിത്ര സംവിധായകൻ ആരെന്ന് ചോദിച്ചാൽ അതിനുത്തരം കെ.ജി ജോർജ്ജ് എന്നാണ്. പക്ഷെ സ്ക്രീനിൽ സംവിധായകന്റെ പേരെഴുതി കാണിക്കുന്പോൾ ആദ്യമായി കയ്യടി വാങ്ങിയ സംവിധായകൻ, അത് ഐ.വി ശശിയായിരുന്നു. മലയാള സിനിമയെ ഒരു സ്ഥിരം പാറ്റേണിൽ നിന്ന് വഴിമാറ്റിവിട്ട് സിനിമാറ്റിക് ശൈലിയെ പൊളിച്ചെഴുതി പച്ചയായ യാഥാർത്ഥ്യങ്ങളെ സ്ക്രീനിലേയ്ക്കെത്തിച്ച സംവിധായകനായിരുന്നു ശ്രീ ഐ.വി ശശി. അദ്ദേഹം കഴിഞ്ഞ ദിവസം നിര്യാതനായപ്പോൾ അവസാനിച്ചത് ഒരു മലയാള സിനിമാ കാലഘട്ടമാണ്. ഭരതനും, പത്മരാജനുമെല്ലാം പച്ചയായ മനുഷ്യ ജീവിതങ്ങൾ സ്ക്രീനിലേയ്ക്ക് പകർത്തിയിട്ടുണ്ടെങ്കിലും അതൊക്കെ വളരെ നല്ല ചിത്രങ്ങളായിരുന്നുവെങ്കിലും ഐ.വി ശശിയെന്ന പേരിനും, അദ്ദേഹത്തിന്റെ സൃഷ്ടികൾക്കും മലയാള സിനിമയിൽ മറ്റൊരിടമുണ്ട്.
ഇന്ന് സിനിമ ഉയർത്തിപ്പിടിച്ചും ചെരിഞ്ഞും ചാഞ്ഞും സഞ്ചരിക്കുന്ന കാമറകൾകൊണ്ട് ചിത്രീകരിച്ചെടുക്കുന്പോൾ ചിത്രീകരണ ശേഷം സ്ക്രീനിൽ എങ്ങനെ ആ ഷോട്ടുകൾ പ്രതിഫലിക്കും എന്ന് ഉടനെ തന്നെ അറിയാനുള്ള സംവിധാനങ്ങൾ ഉണ്ട്. ചിത്രീകരിച്ചവ മോണിറ്ററിൽ കണ്ട് ദൃശ്യങ്ങൾ നന്നായി എന്നുറപ്പു വരുത്തിയ ശേഷമാണ് ഒരു ഷോട്ട് അവസാനിപ്പിക്കുന്നത്. കാലഘട്ടത്തിന്റെ മാറ്റമനുസരിച്ചുള്ള വേഗതയാണെന്ന് പറയാമെങ്കിലും 70−80 കാലഘട്ടത്തിൽ ശശിയെ പോലുള്ള സംവിധായകർ ചിത്രീകരിച്ച ജീവനുള്ള ദൃശ്യങ്ങളിലേയ്ക്ക് ഇപ്പോഴത്തെ സ്ക്രീൻ ചലനങ്ങൾ എത്തുന്നുണ്ടോ എന്നത് സംശയമാണ്. 150ധിലകം ചിത്രങ്ങൾ സംവിധാനം ചെയ്ത ഒരു സംവിധായകന്റെ 100ലധികം ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളാകുന്പോൾ ഈ കാലഘട്ടങ്ങൾ തമ്മിലുള്ള അന്തരം മനസ്സിലാക്കാം. മികച്ച തിരക്കഥകളെ വളരെ മികവോടെ സംവിധാനം ചെയ്തെടുക്കാൻ ഐ.വി ശശിയെന്ന അതുല്യ പ്രതിഭക്ക് കഴിഞ്ഞിരുന്നത് അദ്ദേഹത്തിനുള്ളിലെ ചിത്രകാരന്റെ ജീവനുള്ള കണ്ണുകൾകൊണ്ടായിരുന്നു.
ഇന്ന് മോണിറ്ററുകൾ സ്ക്രീനിലെ ചലനങ്ങളുടെ മികവ് അടയാളപ്പെടുത്തുന്പോൾ ഐ.വി ശശിയെ പോലുള്ള സംവിധായകരുടെ കാലഘട്ടത്തിൽ സംവിധായകന്റെ കണ്ണുകളാണ് ദൃശ്യങ്ങളുടെ പൂർണ്ണതിയിലെ അവസാന വാക്ക്. മോഹൻലാലിനെ പോലുള്ളൊരു നടൻ അദ്ദേഹത്തിന്റെ മരണാനന്തരം “പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരൻ. ഞാനടക്കമുള്ള നടൻമാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാർത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റർക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം.” എന്ന് കുറിക്കുന്പോൾ ഇന്ന് മലയാള സിനിമയിൽ താരോദയങ്ങളായി നിൽക്കുന്നവരൊക്കെ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരുന്നു എന്ന് തന്നെ വേണം കരുതാൻ.
ശശിയേട്ടന്റെ രണ്ടാം ഭാര്യയാണ് താനെന്ന് ഭാര്യ സീമ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ആരെന്ന സംശയം നമുക്കൊക്കെ ഉണ്ടായേക്കാം, അത് സിനിമയാണ്. സിനിമ കഴിഞ്ഞേ ശശിക്ക് മറ്റെന്തുമുണ്ടായിരുന്നുള്ളു. ഏറെ കാലത്തെ കഠിനാദ്ധ്വാനത്തിനും പരിശ്രമത്തിനുശേഷമാണ് ചതിയുടേയും വഞ്ചനയുടേയും കെട്ടുപാടുകളിൽ നിന്ന് നിശ്ചയദാർഢ്യത്തോടെ ഐ.വി ശശിയെന്ന പേര് സ്ക്രീനിൽ എത്തുന്നത്. അതൊരു വലിയ അടായാളമായി മാറിയത് അവളുടെ രാവുകൾ എന്ന സിനിമ മലയാള സിനിമാ ചരിത്രത്തിൽ തന്നെ വലിയൊരു മാറ്റത്തിന് വഴിവെച്ചതോടെയാണ്. അശ്ലീല ചിത്രമെന്നൊരു ഖ്യാതി ആ ചിത്രത്തിനുണ്ടെങ്കിലും അതിലൊരു വലിയ ആശയവും സമൂഹം അറിയേണ്ട പ്രധാനപ്പെട്ടൊരു രാഷ്ട്രീയവും ശ്രീ ഐ.വി ശശി കാണിച്ചു തന്നു. അതൊരു തന്റേടമാണ്. ഒരു പ്രത്യേകതരമാണ് പ്രേക്ഷകന്റെ മനസ്സെന്ന, അതുവരെയുണ്ടായിരുന്ന സിനിമാക്കാരുടെ കാഴ്ചപ്പാടുകൾ മാറ്റിയെഴുതിയ തന്റേടം. പ്രേംനസീറോ മധുവോ പ്രധാന റോളിലില്ലാത്ത സിനിമ സ്വപ്നം കാണാൻ സാധിക്കാത്ത ഒരു കാലത്ത് കെ.പി ഉമ്മറിനെ പ്രധാന കഥാപാത്രമാക്കി ഐ.വി ശശി ആദ്യചിത്രമായ ‘ഉത്സവം’ ഒരുക്കിയതിനെ തന്റേടം എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കാൻ കഴിയുക. ഉത്സവമെന്ന ചിത്രം ഹിറ്റാവുകയും താരപദവിക്കപ്പുറം കഥാപാത്രത്തിന്റെ രൂപഭാവങ്ങൾക്കായിരുന്നു ഈ സംവിധായകൻ പ്രാധാന്യം കൽപ്പിച്ചതെന്ന് സിനിമാ പ്രേമികൾ തിരിച്ചറിയുകയും ചെയ്യുന്നതോടെയാണ് ഐ.വി ശശിയുടെ ചിത്രങ്ങൾക്ക് പ്രിയമേറുന്നത്. നമുക്കൊക്കെ ഏറെ പരിചയമുള്ള സിനിമകൾ ഐ.വി ശശിയിൽ നിന്നുതന്നെയാണ് ഉണ്ടായിട്ടുള്ളത്. 1977ൽ 12 സിനിമകളും 78ലും 79ലും ഒന്പത് വീതം ചിത്രങ്ങളും 80ൽ പത്ത് ചിത്രങ്ങളും സംവിധാനം ചെയ്ത ശശിയെ പോലെ മറ്റൊരു സംവിധായകൻ ഉണ്ടായിട്ടുണ്ടാവില്ല, ഇനി ഉണ്ടാവുകയുമില്ല. ചെയ്ത ചിത്രങ്ങളിൽ മിക്കതും ഹിറ്റുകൾ. ഇണ പോലുള്ള ഒരു ചിത്രം, പ്രമുഖ താരങ്ങളൊന്നുമില്ലാതെ, ഒരു കുഞ്ഞു ജീവിതത്തിൽ സംഭവിച്ചു പോയേക്കാവുന്ന യാഥാർത്ഥ്യങ്ങളെ പ്രധാന പശ്ചാത്തലമാക്കിയൊരുക്കിയപ്പോൾ അതൊരു നല്ല ചിത്രമായി മലയാള സിനിമ അംഗീകരിച്ചു. പക്വതയെത്താത്ത രണ്ട് കുട്ടികളുടെ കഥപറയുന്ന ചിത്രം കണ്ടിറങ്ങുന്പോൾ പ്രക്ഷകന് പക്വമായ ഒരു മനസ്സ് രൂപപ്പെടുത്തികൊടുക്കാൻ ഐ.വി ശശിക്കു കഴിയുന്നു എന്നതാണ് സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തോട് തോന്നുന്ന ആദരവിന് കാരണം.
ശശിയുടെ സിനിമയിൽ ഒരു സ്ഥിരം പ്രേക്ഷകന്റെ നായകസങ്കൽപ്പങ്ങളായിരുന്നില്ല കാണാൻ കഴിഞ്ഞിരുന്നത്. ‘ഇതാ ഇവിടെവരെ’ എന്ന ചിത്രത്തിൽ സോമന്റെ, വിശ്വനാഥൻ അന്നുവരെ മലയാളസിനിമ കണ്ടിട്ടില്ലാത്തവിധം നെഗറ്റീവ് സ്വഭാവമുള്ള നായകനായിരുന്നു. അതുപോലെ മലയാള സിനിമയിൽ അതുവരെയുണ്ടായിരുന്ന നായികാ സങ്കൽപ്പങ്ങൾക്കേറ്റൊരു മുറിവായിരുന്നു അവളുടെ രാവുകളിൽ സീമ ചെയ്ത രാജി എന്ന കഥാപാത്രം. മലയാളചലച്ചിത്രലോകം ഇന്നും വേണ്ടത്ര ഗൗരവത്തിൽ ചർച്ചചെയ്യാൻ മടിക്കുന്ന വളരെ സാമൂഹികപ്രസക്തിയുള്ള ഒരു വിഷയം 40 വർഷങ്ങൾക്ക് മുന്പ് ഐ.വി ശശി തിരഞ്ഞെടുത്ത് സിനിമായാക്കി. ചിത്രത്തിലെ ലൈംഗിക തൊഴിലാളിയായ രാജി എന്ന സീമയുടെ കഥാപാത്രം ചെറിയ ചലനങ്ങളൊന്നുമല്ല അന്ന് മലയാള സിനിമയിൽ ഉണ്ടാക്കിയത്. പിന്നീട് സീമ ഐ.വി ശശിയുടെ ജിവിത സഖിയായി. 1978ൽ ഇറങ്ങിയ അവളുടെ രാവുകൾ പോലുള്ള ഒരു ചിത്രം ഇന്നും ചർച്ചകൾക്ക് വിധേയമാകുന്നു എന്നത് തന്നെയാണ് ഐവി ശശിയെന്ന അതുല്യ സംവിധായകനെ അറിയാനുള്ള എളുപ്പവഴി.
ദേവസുരം എന്ന ചിത്രത്തിൽ മോഹൻലാൽ ചെയ്ത നിലകണ്ഠൻ എന്ന നായക കഥാപാത്രത്തിന് പുറമെ ആ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്ക് സ്ക്രീനിൽ ഐവി ശശി നൽകിയിരിക്കുന്ന പ്രധാന്യം ഒരു സിനിമ നായകന്റേത് മാത്രമല്ല എന്നൊരു വലിയ സത്യമാണ് കാണിച്ച് തരുന്നത്. ചിത്രത്തിലെ ഭാനുവെന്ന നായികാ കഥാപാത്രവും വാര്യരും അപ്പുമാഷും ഗോവിന്ദനും പെരിങ്ങോടനും ശേഖരനുമെല്ലാം ആ സിനിമ മനസ്സിലോർമ്മ വരുന്പോൾ തെളിഞ്ഞുവരുന്ന കഥാപാത്രങ്ങളാണ്. അങ്ങനെ തന്നെയാണ് ശശിയുടെ മറ്റ് എല്ലാ ചിത്രങ്ങളും. മൃഗയയും ഇൻസ്പെക്ടർ ബൽറാമും, ആവനാഴിയും, ഈറ്റയും, അങ്ങടിയും, കരിന്പനയും, മീനും, തുഷാരവും അങ്ങനെ എണ്ണിയാൽ തീരാത്ത ചിത്രങ്ങളിലൂടെ ഒരു ശശി ടച്ച് ആസ്വദിച്ച സിനിമാ പ്രേമിക്ക് ഒരുപക്ഷെ അതിലുപരി ഏത് സിനിമയെ ആസ്വദിക്കാൻ കഴിയുമെന്നത് പറയാൻ കഴിയില്ല. സിനിമ സംവിധായകന്റേത് മാത്രമെന്ന് പറയുന്പോഴും ശശി പലപ്പോഴും അത് എഴുത്തുകാരന്റേയും ഛായാഗ്രാഹകന്റേയും കൂടെയാണെന്ന് ബലപ്പെടുത്തിയിരുന്നു. എംടിയും, ടി. ദാമോദരനും, ആലപ്പി ഷെരീഫും, പത്മരാജനും, ലോഹിദദാസും രഞ്ജിത്തുമെല്ലാം ഐവി ശശിയാക്കായി തൂലിക ചലിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇവരെഴുതിയ കഥാപാത്രങ്ങൾക്കെല്ലാം നിശ്ചയമായ ജീവൻ നൽകിയ ക്രഡിറ്റ് എന്നും ഐ.വി ശശി എന്ന സംവിധായകന് മാത്രം അവകാശപ്പെട്ട അർഹതയാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മെർസൽ എന്ന വിജയ് ചിത്രം കണ്ട് ആസ്വദിച്ച ശേഷമാണ് ഐ.വി ശശി ഇനി തിരിച്ചു വരാത്ത ഒരു ലോകത്തേയ്ക്ക് പോയിരിക്കുന്നത്. അസുഖബാധിതനായിരുന്നിട്ടുപോലും മോഹൻലാലുമൊന്നിച്ചൊരു ചിത്രം ചർച്ചയിൽ ഉണ്ടായിരുന്നു എന്ന് അറിയുന്പോൾ ചലനമറ്റ അദ്ദേഹത്തിന്റെ ദേഹത്ത് പോലും സിനിമയുടെ ജീവൻ അവശേഷിക്കും എന്നതായിരിക്കും യാഥാർത്ഥ്യം. അതുകൊണ്ട്തന്നെ സംവിധാനം ഐ.വി ശശിയെന്ന് ഇനിയും സ്ക്രീനിൽ തെളിയുന്പോൾ കൈയ്യടികൾ ഉയരും... പ്രിയപ്പെട്ട സംവിധായകന് ആദരാഞ്ജലികൾ...