രോ­ഗകാ­രണമോ­ രോ­ഗചി­കി­ത്സയോ­


അന്പിളിക്കല : അന്പിളിക്കുട്ടൻ

ബ്രിട്ടനിൽ ഈയിടെ പുറത്തുവന്ന ഒരു അക്കാഡമിക് പഠന റിപ്പോർട്ട് ഏറെ വിചിത്രമായ ഒരു കാഴ്ചപ്പാട് പുറത്തു കൊണ്ടുവന്നു. ഹെൽപ് മ്യൂസിഷ്യൻസ് യു.കെ എന്ന ഒരു സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ഈ പഠന പ്രകാരം സംഗീതജ്ഞർ മറ്റു സാധാരണക്കാരെ അപേക്ഷിച്ച്‌ മൂന്നിരട്ടി മാനസികാസ്വാസ്ഥ്യത്തിനും വിഷാദരോഗത്തിനും അടിപ്പെടാൻ സാധ്യതയുള്ളവരാണ്. ഒരു സുഹൃത്ത് ഇതിന്റെ സത്യാവസ്ഥയെപ്പറ്റി അഭിപ്രായപ്പെടാൻ ആവശ്യപ്പെട്ടു. ഇതിനെ മുഴുവനായും തള്ളിക്കളയാനാണ് ആദ്യം തോന്നിയത്. എന്നാൽ തുടർവായനയിൽ ഈ പഠനം ഭാരതീയ സംഗീതത്തേയോ അതിന്റെ ശക്തിയേയോ വശ്യതയെയോ പരിഗണിച്ചിട്ട് ചെയ്തതല്ലെന്നു വ്യക്തമായി. അത് പാശ്ചാത്യ സങ്കൽപ്പത്തിലെ വിവിധ സംഗീതശൈലികളുമായി മാത്രം ചേർത്ത് നടത്തിയവയാണ്. ആ സർവ്വേ കേന്ദ്രീകരിച്ചത് രണ്ടായിരത്തിലേറെ യു.കെ സംഗീതജ്ഞരെയാണ്. അവരിൽ എത്രപേർ പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ അഭിരമിക്കുന്നവരെന്ന് വ്യക്തമല്ല.

നമ്മുടേതുപോലെ ഒരു വ്യക്തമായ ശാസ്ത്രീയ അടിത്തറയിലല്ല അവിടങ്ങളിൽ ഇന്ന് കൈകാര്യം ചെയ്യപ്പെടുന്ന സംഗീതരീതികൾ. പാശ്ചാത്യസംഗീതത്തിന്റെ ശാസ്ത്രീയ അടിത്തറ തീർച്ചയായും സവിശേഷവും മൂല്യവത്തുമാണ്. പക്ഷെ പിൽക്കാലത്ത് ഈ രംഗത്ത്  ഉരുത്തിരിഞ്ഞ ചില കാഴ്ചപ്പാടുകൾ തികച്ചും ശാസ്ത്രീയതയിൽ നിന്നും ഏറെ അകന്നുപോയ പല സംഗീതരീതികളെയും സൃഷ്ടിച്ചു. പോപ്പ് സംഗീതത്തിൽ നിന്നും റാപ്പിലേക്കും പിന്നീട് മെറ്റലിലേക്കും അവിടെനിന്നും ഹെവി മെറ്റലിലേക്കുമൊക്കെ വഴിമാറിയൊഴുകി അവിടെ പ്രായോഗിക സംഗീതം. പിന്നീടത് അവിടെനിന്നും വ്യക്തിനിഷ്ടമായ പല ശൈലികളിലേക്കും സൗകര്യമുള്ള ആലാപനവഴികളിലേക്കും കടന്നുപോയി. കാരണം ഒരുമിച്ച് ആടിത്തിമിർക്കാനും മദ്യലഹരിയിൽ ആവേശത്തിന് അകന്പടിയായും, അമിതലഹരിയിലെ മനോവിഭ്രാന്തിക്ക് ഉത്തേജകമായുമൊക്കെ ഉപയോഗിക്കുന്ന സംഗീതരീതിവരെ അവിടെ ആവശ്യമായി. ഇവിടെയാണ് ഇന്ത്യൻ സംഗീതസങ്കൽപ്പം തികച്ചും വ്യത്യസ്തമാകുന്നത്. ഇവിടെ വ്യക്തിയുടെ ഭാവനയ്ക്കും കഴിവുകൾക്കും അനന്തസാധ്യത കൽപ്പിക്കുന്ന ഒരു ശൈലിയാണ് പിന്തുടരുന്നത്. എന്നാൽ സംഗീതസിദ്ധിയുള്ള ഒരു വ്യക്തിക്ക് അയാളുടെ സർഗ്ഗശക്തിയിലൂടെ ചരിക്കാനായി രാഗതാള ആലാപന വൈവിധ്യങ്ങളുടെ ഒരു കലവറതന്നെ നൽകിയിരിക്കുന്നു. ഇവിടെ സംഗീതത്തിലൂടെ ഒരു വ്യക്തി സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്. പൂർവ്വസൂരികളായ സംഗീത ശാസ്ത്രജ്ഞർ അത് ആത്മസാക്ഷാത്ക്കാരത്തിനുള്ള ഉപാധിയായി മാത്രമാണ് കണ്ടിരുന്നത്. എന്നു മാത്രമല്ല സാക്ഷാത്ക്കാരത്തിനും മുക്തിക്കും സംഗീതത്തിലൂടെയല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നും ത്യാഗരാജ സ്വാമികൾ ഉൾപ്പടെയുള്ളവർ അടിയുറച്ചു വിശ്വസിച്ചു.ദൈവം നാദശരീരിയാണെന്നും അതുകൊണ്ടുതന്നെ  എപ്രകാരം രാത്രിയിൽ തിളങ്ങുന്ന രത്നത്തിന്റെ പ്രകാശത്തെ പിന്തുടർന്നു ചെല്ലുന്നവർക്കു യഥാർഥ രത്നം തന്നെ ലഭിക്കുന്നതുപോലെ നാദത്തെ ഉപാസിക്കുന്നവർക്ക് യഥാർഥത്തിൽ ദൈവത്തെത്തന്നെ ലഭിക്കുമെന്നും സംശയരഹിതമായി വിശ്വസിച്ച്‌ അപ്രകാരംതന്നെ ജീവിച്ചവരായിരുന്നു അവരൊക്കെ.

ഇവിടെ പാശ്ചാത്യ പൗരസ്ത്യ സംഗീത ശൈലിയും യഥാർഥ ജീവിതവുമായി തട്ടിച്ചു നോക്കുന്പോൾ ഉള്ള സമീപനപരമായ തികഞ്ഞ വ്യത്യസ്തതയാണ് ചർച്ചാവ്യവിഷയം. ഒരിടത്ത് ഒരു സമൂഹത്തിന്റെയും, അടുത്തിടത്ത് ഒരു വ്യക്തിയുടെയും ആശയസാക്ഷാത്ക്കാരമാണ് ഉണ്ടാകുന്നത്. അതായത് ഭാരതീയരീതി ഈണപദ്ധതിയും പാശ്ചാത്യരീതി ശ്രുതിസംഗമ (ഹാർമോണിക്) പദ്ധതിയുമാണ് അനുവർത്തിക്കുന്നത്.ഇവ തമ്മിലുള്ള സമീപന വൈജാത്യത്തിന്റെ തലം വിപുലമാണെങ്കിലും ഈ രണ്ടു പദ്ധതികൾക്കും ആശയ സാക്ഷാത്ക്കാരത്തിലൂടെ മനസ്സിനെ നിറയ്‌ക്കുവാനാവും. പക്ഷെ സമകാലിക പാശ്ചാത്യശൈലി ശരീരത്തിലൂടെ മനസ്സിൽ കടക്കുന്നതാണ്. അതാണ് അത് രോഗാതുരമാകുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം ആഹ്ലാദ ആഘോഷവേളകളിൽ ശാരീരികമായ ഉത്സാഹം പകരാനുള്ള ഒരു ഉപാധിയല്ല സംഗീതം, മറിച്ച് ജീവിതത്തിന്റെ തണലാണ്. ജീവിതപ്പാച്ചിലിൽ മടുക്കുന്ന മനസ്സിനുള്ള ദാഹജലമാണ്.അത് മാനസികാസ്വാസ്ഥ്യമല്ല മാനസിക ആരോഗ്യമാണ്, ആശ്വാസമാണ് പകരുന്നത്. തെളിവുകൾ ആവശ്യമില്ലാത്ത അനുഭവപരമായ സത്യമാണത്. മാത്രമല്ല സുസ്വര സംഗമം വിവിധ സങ്കലന വൈവിധ്യങ്ങളിലൂടെ മനസ്സിൽ സൃഷ്ടിക്കുന്ന ആവേഗങ്ങൾ അതിലൂടെ ശരീരത്തിൽ ഉൽപ്പാദിതമാകുന്ന പ്രതിപ്രവർത്തനങ്ങളെ വിവിധതരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾക്ക് പ്രതിവിധിയായി ഉപയോഗിക്കാമെന്ന് ഭാരതീയ സംഗീത ശാസ്ത്രജ്ഞർ തെളിയിച്ചതാണ്. സംഗീതചികിത്സ ഇന്ന് ലോകവും ഉൾക്കൊള്ളുന്നു. കൃഷിയിലും കന്നുകാലി വളർത്തലിലും വരെ അതിനു സ്വാധീനം ചെലുത്താനാവുമെന്നു ഇപ്പോൾ പലരും സാക്ഷ്യപ്പെടുത്തുന്നു.

സംഗീതമെന്നത് പ്രകൃതിയിൽ അന്തർലീനമായ ഒരു പ്രതിഭാസമാണ്.അതിന്റെ ആധാരശിലയായ ഏഴു സ്വരങ്ങളുടെ പരമമായ ഉപയോഗമാണ് ഇന്ത്യൻ സംഗീതശൈലി, അത് കർണാട്ടിക്കോ ഹിന്ദുസ്ഥാനിയോ ഇവയുടെ കൈവഴികളോ ഏതുമാകട്ടെ, അഭിവീക്ഷണം ചെയ്യുന്നത്. അതിൽ സംഗീതേതരമായി ഒന്നുമില്ല. ശരീരത്തിന്റെ അകന്പടിയല്ല ശാരീരത്തിന്റെ ഉപയോഗം മാത്രമാണ് അതിനാവശ്യം. ആദ്യം പരാമർശിച്ചപോലുള്ള സർവേകൾ ഒരുകാലത്തും നമ്മുടെ സർഗാത്മകതയുടെ പിന്നാന്പുറങ്ങളെപ്പോലും അതുകൊണ്ടുതന്നെ സ്പർശിക്കുന്നവയല്ല. അവയിൽ ആഗോളമാനം കൽപ്പിക്കുന്നത് മൗഢ്യമാണ്. നിലനിൽപ്പിനായി ശരീരത്തിന്റെകൂടി സഹായം ആവശ്യമുള്ള സംഗീതം ഒരുപക്ഷെ മാനസികമായ അനാരോഗ്യം സൃഷ്ടിച്ചേക്കാം. എന്നാൽ സാക്ഷാത്ക്കാരത്തെ ലക്ഷ്യമാക്കുന്ന മാംസനിബദ്ധമല്ലാത്ത സംഗീതം സ്വാസ്ഥ്യം മനഃശാന്തി എന്നിവ മാത്രമാണ് ലോകത്തിന് നൽകുന്നത്.

You might also like

Most Viewed