ഇന്ത്യൻ ജനതയുടെ പ്രണയകുടീരമേ...
ഇ.പി അനിൽ
epanil@gmail.com
സാമൂഹിക ജീവിതത്തെ പറ്റി മനുഷ്യർ നടത്തുന്ന മനനം ചെയ്യൽ വിവിധ തരത്തിൽ പ്രവർത്തിക്കുന്നു. എല്ലാ ചെയ്തികൾക്കും ഒരു ദർശനം ഉണ്ടായിരിക്കും. (അത് നമ്മൾ മനസ്സിലാക്കുവാൻ പരാജയപ്പെടാറുണ്ട് എന്ന് മാത്രം) ലോകത്തെ ഏതു തിന്മയെയും അതിനു പിന്നിൽ അണിനിരക്കുന്ന ആളുകൾ ന്യായീകരിക്കാറുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും അപലപിക്കപ്പെട്ട ദുരന്തം ഗാന്ധിജിയുടെ കൊലപാതകം ആണെന്ന് സംശയലേശമെന്യേ പറയാം. ഗാന്ധിജിയെ കൊല ചെയ്തത് ചില വ്യക്തികളുടെ സ്വകര്യ താൽപര്യം എന്നതിലും ഒരു ദർശനത്തിന്‍റെ വക്താക്കൾ ആയിരുന്നു എന്ന് അവരെ പിന്തുണക്കുന്നവർ എന്നും സമ്മതിച്ചു തരും. മനുഷ്യരേക്കാൾ വലുത് ദേശീയ സുരക്ഷയാണ് എന്ന വാദം ഉയർത്തി ഗാന്ധിവധത്തെ ന്യായീകരിക്കുന്നവരെ ഇന്ത്യൻ ഭരണ സംവിധാനത്തിൽ നമുക്ക് ഇക്കാലത്ത് കണ്ടുമുട്ടാം.
ഇന്ത്യൻ രാഷ്ടീയം ശക്തമായി വളർന്നു പന്തലിച്ചത് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലൂടെയാണ് എന്ന് നമ്മൾ പറയുന്പോൾ തന്നെ നമ്മുടെ നവോഥാന നായകരിൽ പലരും (രാജാറാം മോഹൻ റോയ്, നാരയണഗുരു) ബ്രിട്ടീഷ് ഭരണത്തെ ചില സാഹര്യങ്ങളിൽ എങ്കിലും ന്യായീകരിക്കുവാൻ തയ്യാറായവരാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായവരിൽ മിക്കവരും ബ്രിട്ടീഷ് വിദ്യാഭ്യസ പരിസരങ്ങളിൽ നിന്നും വളർന്നു വന്നവരും യൂറോപ്യൻ ചരിത്രകാരന്മാരെ മുൻ നിർത്തി ചരിത്രം പഠിച്ചവരും ആണ്. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ശ്രീ അംബേദ്‌കർ ബ്രിട്ടീഷ് ഭരണത്തെ പറ്റി പറഞ്ഞ വാക്കുകൾ നാരായണ ഗുരു തന്‍റെ സന്യാസജീവിതം സാധ്യമാക്കി തന്നതിൽ വിദേശ ഭരണം നൽകിയ സംഭാവനയെ പറ്റി പറഞ്ഞ അഭിപ്രായത്തെ ഓർമ്മിപ്പിക്കുന്നു. (പൂന യുദ്ധത്തിൽ ബ്രിട്ടിഷ്കാർ മറാത്ത രാജാക്കന്മാരെ തോൽപ്പിച്ചില്ലായിരുന്നു എങ്കിൽ തനിക്ക് വിദ്യാഭ്യാസം അസാധ്യമാകുമായിരുന്നു എന്ന്.)
ഇന്ത്യയുടെ ചരിത്രത്തെ സുവർണ്ണ യുഗം (ഹൈന്ദവ ഭരണ കാലം) മുസ്ലിം കാലഘട്ടം, ബ്രിട്ടീഷ് കാലം എന്ന് തിരിച്ച പൗരത്യ ചരിത്ര രീതി രാജ്യത്തെ രാഷ്ട്രീയ ലോകത്തെ മത നിഷ്ഠമായി അടയാളപ്പെടുത്തിയ സമീപനത്തിന്‍റെ ഭാഗമായിരുന്നു. പിൽക്കാലത്ത് ഇന്ത്യൻ രാഷ്രീയത്തിൽ വർഗ്ഗീയത കരുത്തുനേടുന്നതിൽ ബ്രിട്ടീഷ് ചരിത്ര രചന ഭേദപ്പെട്ട പങ്കുവഹിച്ചു. പ്രാചീന കാലത്ത് വിവിധ നാട്ടുരാജ്യങ്ങൾ പരസ്പരം ആക്രമണം നടത്തിയിരുന്നു. അലക്സാണ്ടർ മുതൽ ബ്രിട്ടൻ വരെ ആപണി നടത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഓരോ നാടും വൻ സാന്പത്തിക−സാമൂഹിക ചൂഷണങ്ങൾക്ക് വിധേയമായി. അധിനിവേശം നടത്തിയവരുടെ ലക്ഷ്യങ്ങളിൽ തന്‍റെ മതത്തെ കൂടുതൽ മെച്ചപ്പെടുത്തുവാൻ വേണ്ട ശ്രമങ്ങൾ നടത്തുക എന്ന ലക്ഷ്യവും ഉണ്ടായിട്ടുണ്ട്. മത പ്രചരണമോ അന്യമത ഛേദനമോ മാത്രം അജണ്ടയാക്കി അധിനിവേശ ശക്തികൾ ഒരിടത്തും ചരിത്രം സൃഷ്ടിച്ചിട്ടില്ല.
അലക്സാണ്ടർ അധികാരം പിടിച്ച രാജ്യങ്ങളിൽ അദ്ദേഹത്തെ ആരാധിക്കുന്ന രീതി കടന്നു വന്നു എന്ന വാദം പിൽക്കാലത്ത് ഉണ്ടായി. അലക്സാണ്ടറുടെ ആയുധമായിരുന്ന വേൽ ഒരു പുണ്യമായി കരുതി ആരാധിക്കുന്ന രീതി അദ്ദേഹം എത്തി ചേർന്ന നാടുകളിൽ ഇന്നും ഉണ്ട്. അന്യനാട്ടധികാരുടെ അയൽപ്പക്ക ആക്രമണങ്ങൾ ലക്ഷ്യം വെയ്ക്കുന്നത് കേവലമായ കൊള്ള മാത്രമല്ല അധികാരം സ്ഥാപിച്ച് ജനങ്ങളെ തന്‍റെ അധികാര പരിധിക്കുള്ളിൽ നിർത്തുക എന്ന ലക്ഷ്യവും ഉണ്ട് അതിനു പിന്നിൽ. വിദേശ രാജ്യത്തെ പല സമീപനങ്ങളും പുതിയ ഇടത്തെത്താൻ ഇത്തരം അധികാരവ്യാപനം അവസരം ഉണ്ടാക്കി. ലോകത്ത് ഭാഷകൾ തമ്മിൽ ചേർന്ന് ഭാഷകൾ തന്നെ വളർന്നതും അറിവുകൾ, കണ്ടെത്തലുകൾ ഒക്കെ വ്യാപരിച്ചതും വസ്ത്ര ധാരണവും വിശ്വാസവും ഭക്ഷണവും തുടങ്ങി മരണാനന്തര ചടങ്ങുകൾ വരെ പരസ്പരം ഇഴുകി ചേർന്ന് പുതിയ രൂപത്തിൽ എത്തിയതായി കാണാം. മനുഷ്യ വർഗ്ഗത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ടവർ (നീഗ്രോ, മംഗോളിയൻ, ദ്രാവിഡ, ആസ്ട്ര ലോയിടുകൾ) തമ്മിൽ ഇഴുകി മെച്ചപ്പെട്ട, കൂടുതൽ കരുത്തുള്ള സമൂഹം ഉണ്ടായി. ലോകത്തുണ്ടായ പുരോഗതിയിൽ വിവിധ നാട്ടിലെ ജനങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ വളരെ പ്രധാന പങ്കു വഹിച്ചു.
മലയാള ഭാഷയുടെ വളർച്ചയിൽ അറബി ഭാഷക്കും ദ്രാവിഡ ഭാഷക്കും സംസ്കൃതത്തിനും ഉണ്ടായിരുന്ന സ്ഥാനം മറ്റു നാടുകളുമായുള്ള നമ്മുടെ ആശ്രയത്വത്തിന്് തെളിവായി കാണാം. അന്യ നാട്ടകാരുടെ ജീവിതത്തിലും നമ്മുടെ ശീലങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ ദേവാലയങ്ങളിലുംപൊതുപരിപാടികളിലും കൊടിമരം ഉയർത്തുന്ന രീതിബുദ്ധമത ആചാരത്തിന്‍റെ ഭാഗമാണ്. ആലപ്പുഴ ജില്ലയിൽ സജ്ജീവമായ കുതിര-കാള എടുപ്പുകൾ, (മാതൃകൾ ഉണ്ടാക്കി ക്ഷേത്രത്തിൽ എത്തിക്കുക) ആനക്ക് ഉത്സവത്തിൽ ഉണ്ടായ പ്രാധാന്യം, നാഗാരാധന ഇവയൊക്കെ ബുദ്ധമത ആചാരങ്ങളുടെ ഭാഗമാണ്. ലോകത്തെ ഏറ്റവും പ്രധാന രാജ്യമായി നിലനിൽക്കുന്ന അമേരിക്ക തന്നെ ഇന്നത്തെ രൂപത്തിൽ എത്തിയതിൽ പ്രധാന പങ്കു വഹിച്ചത് മറ്റിടങ്ങളിൽ നിന്നും എത്തിച്ചേർന്ന ആളുകളുടെ സാന്നിദ്ധ്യം കൊണ്ടാണ്.
ലോകാ സമസ്താ സുഖിനോഭവന്തു എന്നും അതിഥി ദേവോഭവ എന്നും ഇന്ത്യൻ പുരാണങ്ങളിൽ നിന്നുംഉദ്ദരിക്കുന്പോൾ അത് അർത്ഥമാക്കുന്നത് അന്യ നാട്ടുകരോടു നമ്മൾ കാട്ടേണ്ട മര്യാദയെയാണ്. ഇന്ത്യയെ ഒന്നര നൂറ്റാണ്ട് അടക്കി ഭരിച്ച ബ്രിട്ടീഷ് ഭരണത്തെ പിൽക്കാലത്ത് ഇന്ത്യ ശത്രുവായി കാണാതിരുന്നതും യുഎന്നിൽ ബ്രിട്ടനോപ്പം നിലയുറപ്പിച്ചതും വ്യത്യസ്ത നാട്ടുകാർ കഴിഞ്ഞ നാളുകളിൽ നടത്തിയ ആക്രമണ-പ്രത്യാക്രമണങ്ങൾ പുതിയ സംഘർഷമാക്കി മാറ്റുവാൻ ആധുനിക രാജ്യ തന്ത്രത്തെ അനുവദിക്കാത്തതിനാലാണ്. ഇത്തരം സമീപനങ്ങൾ രാജ്യത്തിനകത്തും ബാധകമാക്കുക ഒരു ആധുനിക സാമൂഹിക രീതിയായി എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നുണ്ട്.
ഇന്ത്യ എന്ന ലോകത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട രാജ്യത്തിന്‍റെ മഹത്വം അതിന്‍റെ വിശ്വാസ-ഭാഷ −മറ്റ് വൈവിധ്യങ്ങളാൽ കെട്ടി പൊക്കിയതാണ്. യവന− ഹാരപ്പ മോഹൻജോദാരോ− മാജൻ സാംസ്കാരിക കാലഘട്ടം മുതൽ ഇവിടെ എത്തിയ കച്ചവടക്കാരും പിൽക്കാലത്ത് ക്രിസ്താബ്ദം ആദ്യ നൂറ്റാണ്ടിൽ തന്നെ യഹൂദരും ക്രിസ്ത്യാനികളും കച്ചവടത്തിനൊപ്പം നാട്ടിൽ എത്തി നമ്മുടെ സംസ്കാരത്തിൽ ഇഴുകി നിൽക്കുവാൻ താൽപ്പര്യം കാട്ടി. കേരള രാജാക്കന്മാർ മറ്റു നാട്ടുകാരോടും മത വിശ്വാസത്തോടും ആദരവ് കാട്ടുവാൻ പ്രത്യേകം ശ്രദ്ധിച്ചു. കേരളത്തിൽ യഹൂദനായ ജോസഫ് റബാൻ നാട്ടു രാജാവിന്‍റെ പദവി കൊടുത്ത് അംഗീകരിച്ചു. ഇത്തരം അർത്ഥവത്തായ വസ്തുതകളെ കൂടുതൽ ഓർത്തെടുക്കൽ ആധുനിക ജാനധിപത്യത്തിൽ വളരെ പ്രധാനമാണ്.
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ നാളിതുവരെ ഇല്ലാത്ത വെല്ലുവിളികൾ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഉയരുന്നു. രാജ്യത്തെ എല്ലാ സംഭവങ്ങളെയും വിഭാഗീയമായി അതും മത വിദ്വേഷ സംബന്ധിയായി വിലയിരുത്തി കാണുന്ന രീതി കൂടുതൽ കൂടുതൽ പ്രകടമായികൊണ്ടിരിക്കുന്നു. ഇത്തരക്കാർക്ക് ഇന്ത്യ എല്ലാ ഇന്ത്യക്കാരുടെയുമല്ല ഞങ്ങളുടേതു മാത്രമാണ്. ആരാണ് ഈ ഞങ്ങൾ ഒരു പ്രത്യേക മതത്തിന്‍റെ പേരിൽ ഒരു നൂറ്റാണ്ടിൽ അധികമായി രാഷ്ടീയം കളിക്കുന്നവർ, അവർക്ക് ഇന്ത്യയെ പറ്റിയുള്ള സ്വപ്നങ്ങൾ എല്ലാം ബ്രിട്ടീഷുകാർ ചരിത്രത്തിൽ രേഖപ്പെടുത്തിയ സുവർണ്ണ കാലത്തെ പറ്റിയുള്ളതാണ്.
പ്രാചീന ഇന്ത്യയെ ആക്രമിക്കുവാനായി ലോകത്തെ വിവിധ ചക്രവർത്തിമാരിൽ പലരും എത്തിയിട്ടുണ്ട്. മുഗൾ ഭരണത്തിൽ ഒരാൾ ഒഴികെ എല്ലാവരും ഇസ്ലാം മത വിശ്വസികൾ ആയിരുന്നു (അക്ബർ). മുഗൾ ഭരണം നിലവിൽ ഉണ്ടായിരുന്ന വടക്കേ ഇന്ത്യയിൽ (മൂന്നര നൂറ്റാണ്ട്) ഒരിക്കലും ഇസ്ലാം മതം ജനസംഖ്യയിൽ ഒന്നാമത് എത്തിയിട്ടില്ല എന്നതിൽ നിന്നും മുഗളന്മാർ മുൻഗണന നൽകിയത് മത പ്രചരണത്തിനായിരുന്നില്ല എന്ന് വ്യക്തമാകും. (ഇസ്ലാം ഭരണം ഇല്ലാതിരുന്ന കേരളത്തിൽ മുസ്ലിം സമൂഹം 25%).
ഹിന്ദു ക്ഷേത്രങ്ങൾ കൊള്ളയടിക്കലിനു പിന്നിൽ ഹിന്ദു മതത്തെ തകർക്കൽ ആയിരുന്നു ലക്ഷ്യം എന്ന് കാവിനിറമുള്ള ചരിത്രകാരന്മാർ പറയാറുണ്ട് എന്താണ് വസ്തുത? തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രം ഈ വിഷയത്തെ മനസ്സിലാക്കുവാനുള്ള ഉദാഹരണമായി എടുക്കാം. ഖജനാവ് സൂക്ഷിക്കുന്ന ഇടങ്ങളെ ആക്രമിക്കുക എന്നത് ഏതൊരു യുദ്ധ തന്ത്രജ്ഞനും മനസ്സിലാക്കുവാൻ കഴിയുന്ന കാര്യമാണ്. കാശ്മീർ രാജാവ് ഹർഷൻ തന്‍റെ മന്ത്രിമാരിൽ ഒരാളെ, ആക്രമിച്ചു കീഴ്പ്പെടുത്തുന്ന രാജ്യങ്ങളിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചു ഖജനാവിൽ ചേർക്കുവാൻ നിയമിച്ചു. ഇവിടെ ഹിന്ദു മത വിശ്വാസിയായ ഹർഷൻ ക്ഷേത്ര ദ്വംസകൻ ആണെന്ന് പറയുവാൻ കഴിയുമോ? അയാളെ സംബന്ധിച്ച് ദേവാലയങ്ങളിൽ സൂക്ഷിച്ച സ്വത്തുക്കൾ കടത്തുക മാത്രമായിരുന്നു ലക്ഷ്യം. ചരിത്രത്തിൽ ക്ഷേത്രങ്ങൾ, മത ചിഹ്നങ്ങൾ ഒക്കെ തകർത്ത സംഭവങ്ങൾ നമ്മുടെ നാട്ടിൽ വ്യാപകമായി നടന്നിട്ടുണ്ട്. ഇന്ത്യയിൽ തകർത്ത ബുദ്ധമത ദേവാലയങ്ങളുടെ എണ്ണം പതിനായിരങ്ങൾ വരും. കേരളത്തിൽ എത്ര ബുദ്ധ മത ദേവാലയങ്ങൾ ഇന്നു നിലനിൽക്കുന്നു? ബുദ്ധ മത പ്രതിമകളിൽ ഏതെങ്കിലും ഒരു ഭാഗം തകർന്ന രൂപത്തിലാണ് ലഭ്യമാകാറ്. തമിഴ്നാട്ടിലെ കഴിവേറ്റ് ഉത്സവം ബുദ്ധ−ജൈനരെ കൂട്ടമായി കൊലപ്പെടുത്തിയ സംഭവത്തെ ഓർമ്മിപ്പിക്കുന്നു.ഇത്തരം ചരിത്രത്തിൽ സംഭവിച്ച അനിഷ്ട സംഭവങ്ങളെ ഓർത്തെടുത്ത് അതിന്‍റെ ഉത്തരവാദികളായവരുടെ പിൻഗാമികളെ ഭീഷണിപ്പെടുത്തുവാൻ ആളുകൾ തുനിഞ്ഞാൽ അതിനെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്.
ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും പ്രധാന ഭരണകർത്താക്കൾ ആയി അടയാളപ്പെടുത്തിയവരിൽ ഒരാൾ ഒഴികെ മറ്റുള്ളവർ എല്ലാവരും ഹിന്ദു മതത്തിന് പുറത്തുള്ളവർ ആയിരുന്നു. മുഗൾ ഭരണത്തിൽ ഹിന്ദു മത വിരുദ്ധനായി ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയ ഔറംഗസീബ് അന്യ മതക്കാർക്ക് പ്രത്യേകം ചുങ്കം ഏർപ്പെടുത്തിയിരുന്നു. (തിരുവിതാംകൂരിൽ തല −ഏണിക്കരം, ഓടിടുവാൻ, സ്വർണ്ണം അണിയുവാൻ കരം തുടങ്ങിയവ അബ്രഹ്മണർക്ക് ചുമത്തി വന്നു. ജാതി ഇവിടെ കരം കൊടുക്കുവാൻ പരിഗണിച്ചു.) ഹിന്ദു മത വിശ്വാസികളെ ഭരണത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന ഒരു സമീപനവും അദ്ദേഹം സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ അംഗരക്ഷകൻ, ധനകാര്യ മന്ത്രി, ധനകാര്യ ഉപദേഷ്ഠാവ് മുതൽ കാര്യനിർവ്വാഹകരുടെ പട്ടികയിൽ ഹിന്ദുമത വിശ്വാസികൾ നിരവധി ഉണ്ടായിരുന്നു. ഇവരെയാരെയും തന്‍റെ മതത്തിൽ ചേരണമെന്ന് നിബന്ധിച്ചിരുന്നില്ല. രാജ്യത്ത് ആദ്യമായി പശുക്കളെ നിരോധിച്ച അക്ബർ നൽകിയ വിശദീകരണം പിൽക്കാലത്ത് തുടരുവാൻ പിൻഗാമികളായ രാജക്കന്മാർ മറന്നില്ല. ലോകത്തെ രാജാക്കന്മാർ എല്ലാവരും തന്നെ ആർഭാട ജീവിതത്തിൽ കഴിയുവാൻ ഇഷ്ടപ്പെട്ടവരാണ്. അതിൽ പലരും നടത്തിയിട്ടുള്ള വിനോദങ്ങൾ, ജീവിത രീതികൾ രാജവാഴ്ചകളെ വെറുക്കുവാൻ കാരണമാക്കി. സ്വന്തം ഭോഗത്തിന് നൽകിയ മുൻതൂക്കവും അതിനായി സാധാരണക്കാരെ കൊന്നു തള്ളുവാൻ നടത്തിയ ശ്രമങ്ങളും ഫ്യൂഡൽ വിരുദ്ധ കലാപങ്ങൾക്കും തൊഴിലാളി വിപ്ലവങ്ങൾക്കും അവസരം ഒരുക്കി. ഷാജഹാൻ എന്ന രാജാവ് സ്വന്തം ജീവിതത്തിലും ആർഭാടനാകുവാൻ മടിച്ചിട്ടില്ല. നിരവധി ഭാര്യമാർ, (അതിൽ ഹിന്ദു സ്ത്രീകളും ഉണ്ടായിരുന്നു) അദ്ദേഹത്തിന്‍റെ സുഖലോലുപതയ്ക്ക് കരുത്തുനൽകി. അക്ബറും ഹുമയൂണും ഷാജഹാനും ഔറംഗസീബും അവസാനത്തെ രാജാവായി ജനം 1857ൽ ഡൽഹിയിൽ ബ്രിട്ടീഷ് വിരുദ്ധ സമര പ്രതീകമായി വാഴിച്ച ബഹദൂർ ഷായും എല്ലാം കലകളുടെ ഉപാസകർ ആയിരുന്നു. അവർ സംഗീതത്തിനും കവികൾക്കും ചിത്രകാരന്മാർക്കും നൽകിയ അംഗീകാരം പിൽകാലത്ത് കലാലോകത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കി.
ഷാജഹാന്‍റെ ഏറ്റവും പ്രിയപ്പെട്ട ജീവിത പങ്കാളി മരിച്ചപ്പോൾ അദ്ദേഹം പണി കഴിപ്പിച്ച താജ്മഹൽ ലോകാത്ഭുതം ആയി മാറിയത് അതിന്‍റെ നിർമ്മാണത്തിൽ ലോകത്തെ വിവിധ രാജ്യങ്ങളിലെ വാസ്തു കലകളെ അത്ഭുതകരമായി സമന്വയിപ്പിക്കുവാൻ പണികൾക്ക് നേതൃത്വം കൊടുത്ത ശിൽപ്പികൾ നടത്തിയ ശുഷ്കാന്തിയാണ്. അതിൽ ഷാജഹാൻ എന്ന കലാ ഉപാസകൻ എടുത്ത താൽപര്യവും അതിനായി മാറ്റിവെച്ച പണവും ഒരു പ്രധാന ഘടകം തന്നെയായിരുന്നു. യമുന എന്ന നദിയുടെ വിശാലമായ കരയിൽ, നദിയുമായി ഇഴുകി ചേർന്ന്, വിശാലമായ നീലാകാശം കാണുമാറ്, കാൽ നൂറ്റാണ്ട് എടുത്ത് പണി കഴിപ്പിച്ച താജ്മഹൽ ഡച്ച്, പേർഷ്യൻ, ഇറ്റാലിയൻ, ചൈനീസ് കലകളുടെ സംഗമ ഇടമാണ്.
ചരിത്ര പ്രധാനമായ നിരവധി നിർമ്മാതികൾ നമ്മുടെ രാജ്യത്തുണ്ട്. ലോകത്തെ ഇത്തരം 230ലധികം നിർമ്മിതികളിൽ 36 എണ്ണത്തെ ലോക പുരാവസ്തു വിഭാഗം പ്രത്യേകം ഇടം നൽകി ആദരിക്കുന്നു. അത് പണികഴിപ്പിച്ച ആൾ ആര്, അത് പങ്കുവെച്ച സന്ദേശം എന്ത് എന്ന് നോക്കിയല്ല ചരിത്ര സംഭവങ്ങളെ, നിർമ്മിതിയെ അടയാളപ്പെടുത്തുന്നത്. ഡൽഹിയിലെ വളരെ പ്രസിദ്ധമായ കുത്തബ്മീനാർ കുത്തബ്ദീൻ എന്ന രാജാവ് ഡൽഹിക്ക് മുകളിൽ നേടിയ അധികാര കുത്തകയുടെ അടയാളമായി പണിഞ്ഞതാണ്. പ്രസ്തുത രാജാവിനെ പിൽക്കാലത്ത് പരാജയപ്പെടുത്തിയവർ പഴയ വിജയ സ്തൂപം തകർക്കുവാൻ മുതിർന്നില്ല. അതിന്‍റെ പേരോ അതിന്‍റെ ചരിത്രമോ മാറ്റി എഴുതിയില്ല.
ബ്രിട്ടീഷ് ഭരണം ഇന്ത്യൻ ജനതയെ എത്രമാത്രം തകർത്തെറിഞ്ഞു എന്ന വിഷയത്തിൽ സംശയം ഉള്ളവർ രാജ്യത്ത് കുറവായിരിക്കും. അവരുടെ ഭരണത്തലവൻ വൈശ്രോയിക്കായി പണിത കെട്ടിടത്തിൽ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതി താമസിക്കുന്നു. നമ്മുടെ പാർലമെന്റ് മന്ദിരം പണിതത് ഇന്ത്യക്കാരെ കൂട്ടകൊലകൾ നടത്തിയ സായിപ്പന്മാർ തന്നെ. തിരുവനന്തപുരത്തെ വി.ജെ.ടി ഹാളും കന്നിമേര ചന്തയും പഴയ കാലത്തിന്‍റെ ഓർമ്മകൾ പങ്കുവെയ്ക്കുന്നു. കൊൽക്കത്തയുടെ അടയാളമായ പാലവും ഡൽഹിയിലെ ചെങ്കോട്ടയും ആരാണ് പണിഞ്ഞത്?
താജ്മാഹൽ തേജ് മഹൽ ആയി വിളിക്കണമെന്ന് ഇന്ത്യയിലെ പ്രധാന പാർട്ടിയുടെ എംഎൽഎ പറയുന്നതും അതിനു പിന്തുണയുമായി കത്യാർ എത്തിയതും ശിവ ക്ഷേത്രത്തിനു മുകളിൽ പണിത ശവ കുടീരമാണ് താജ് മഹൽ എന്ന് അവർ പറയുന്നതും അയോധ്യ എന്നനാട്ടിലെ ബാബറി മസ്ജീദിനെ ആർഎസ്എസ് ഒരിക്കൽ കൂടി തീവ്രമായി പരിചയപ്പെടുത്തിയ (1948ൽ തന്നെ ആർഎസ്എസ് കുതന്ത്രങ്ങൾ ഒരുക്കിത്തുടങ്ങിയിരുന്നു.) സംഭവവുമായി ബന്ധിപ്പിച്ച് ഓർക്കേണ്ടതുണ്ട്.
ഉത്തർപ്രദേശ് ഇന്നു ഭരിക്കുന്ന സന്യാസി(?) 1991ൽ അവിടം ഭരിച്ച കല്യാൺ സിംഗ് അല്ല. മുസ്ലിംകൾ രാജ്യം വിടുക എന്ന് പരസ്യമായി പറയുകയും ആർഎസ്എസിനെ വെല്ലുന്ന വർഗ്ഗീയ ആക്രമണങ്ങൾ നടത്തി കുപസിദ്ധി നേടിയ ഒരു സംഘടനയുടെ രക്ഷകനാണ്. ഭാരതമെന്നു കേട്ടാൽ അഭിമാനിതമാകണം അന്തരംഗം എന്ന കവി വചനം എവിടേയോ നഷ്ടപെടുന്നു എന്ന് പറയുവാൻ നിർബന്ധിതമാകുന്ന ദേശിയ സാഹചര്യങ്ങൾ ആരെയും ഉൽകണ്ഠപ്പെടുത്തേണ്ടതുണ്ട്.