അധികാര മാറ്റങ്ങളും തുടർച്ചയും
വി.ആർ. സത്യദേവ്
sathya@dt.bh
പ്രക്ഷോഭങ്ങളുടെ കൂത്തരങ്ങ് ഈ വാരവും കാറ്റലോണിയ തന്നെയാണ്. സ്പെയിനിന്റെ വ്യാവസായിക, സാന്പത്തിക ഹൃദയ ഭൂമിയായ കാറ്റലോണിയ. ലോക ഫുട്ബോളിന്റെ തന്നെ സുപ്രധാന ഇടങ്ങളിലൊന്നായ ബാഴ്സസോണ തലസ്ഥാനമായ കാറ്റലോണിയ. സ്പാനിഷ് അധികാരച്ചങ്ങലകളിൽ നിന്നും കെട്ടുപൊട്ടിച്ച് സ്വതന്ത്ര പരമാധികാര രാഷ്ട്രമാകാനുള്ള കാറ്റലോണിയൻ ജനതയുടെ തീവ്രാഭിലാഷങ്ങളുടെ പ്രകടനങ്ങൾക്കാണ് ലോകമിപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
കാറ്റലോണിയൻ പ്രാദേശിക സർക്കാരിന്റെ പ്രസിഡണ്ട് കാർലസ് പ്യുജിമോണിന്റെ നായകത്വത്തിലാണ് സ്വതന്ത്ര രാഷ്ട്ര രൂപീകരണ നീക്കങ്ങൾ മുന്നേറുന്നത്. ഇതിന്റെ ഭാഗമായി ഈമാസം ഒന്നിന് കാറ്റലോണിയയിൽ ജനഹിത പരിശോധനയും അരങ്ങേറി. കാറ്റലോണിയൻ രാഷ്ട്ര രൂപീകരണത്തെ എന്തു വിലകൊടുത്തും എതിർത്തില്ലാതാക്കുമെന്നതാണ് സ്പാനിഷ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഈ നിലപാടിലൂന്നി കടുത്ത നടപടികളാണ് പ്രധാനമന്ത്രി മരിയ റജോയ് കാറ്റലോണിയൻ പ്രശ്നത്തിൽ കൈക്കൊണ്ടു പോരുന്നത്.
വിമോചന ശ്രങ്ങളുടെ ഭാഗമായി നടന്ന ഹിതപരിശോധന സ്പാനിഷ് കേന്ദ്രസർക്കാർ വിലക്കിയിരുന്നു. രാജ്യത്തെ പരമോന്നത കോടതിയും ഹിതപരിശോധന നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ദേശീയ ഭരണകൂടത്തിന്റെ വിലക്കുകൾക്ക് പക്ഷേ കാറ്റലോണിയൻ സർക്കാർ പുല്ലുവിലയാണ് കൽപ്പിച്ചത്. വിലക്കു ലംഘിച്ചു നടന്ന ഹിതപരിശോധനയിൽ 90 ശതമാനമാൾക്കാർ രാഷ്ട്ര രൂപീകരണത്തെ അനുകൂലിക്കുന്നു എന്നതാണ് കാർലസ് പ്യൂജിമോണിന്റെ നായകത്വത്തിലുള്ള കാറ്റലോണിയൻ സർക്കാരിന്റെ നിലപാട്.
ഈ സാഹചര്യത്തിൽ കാറ്റലോണിയക്കുമേൽ പിടിമുറുക്കാനാണ് ദേശീയ സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കാറ്റലോണിയുടെ സ്വയംഭരണാവകാശം എടുത്തുകളയാനും റജോയ് സർക്കാർ നീക്കമാരംഭിച്ചു കഴിഞ്ഞു. 2015ലെ പൊതു തെരഞ്ഞെടുപ്പിൽ 43 ശതമാനം വോട്ടുകൾ നേടിയ യൂണിയനിസ്റ്റ് കക്ഷി ഹിതപരിശോധനയിൽ നിന്നും വിട്ടു നിന്നിരുന്നു. ഇതാണ് ദേശീയ നേതൃത്വത്തിന്റെ വലിയ പ്രതീക്ഷ. സ്പെയിൻ ഒറ്റക്കെട്ടായി നിൽക്കാൻ ഈ ജനവിഭാഗം ദേശീയ സർക്കാരിന് അനുകൂലമായ നിലപാടെടുക്കുമെന്നാണ് റജോയ് സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ കാർലസ് പ്യുജിമോണിന്റെ വർദ്ധിച്ചു വരുന്ന ജനപ്രീതിയും കാറ്റലോണിയൻ പ്രതിപക്ഷത്തെ ഇതര കക്ഷികളുടെ നിലപാടും പരിശോധിച്ചാൽ ഒരു സ്വതന്ത്ര കാറ്റലോണിയ യാഥാർത്ഥ്യമാകുന്ന കാലം അതി വിദൂരമല്ലെന്നു വേണം വിലയിരുത്താൻ.
സ്പാനിഷ് മണ്ണിൽ അധികാരത്തർക്കം കലശലാവുന്പോൾ ജപ്പാന്റെ മണ്ണിൽ പ്രധാനമന്ത്രി ഷിൻസോ ആബേ അധികാരം അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. കാലാവധി പൂർത്തിയാകും മുന്പു പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ എന്തായാലും ഷിൻസോ ആബെയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ അധോഗതി വരില്ല എന്നുറപ്പായിരുന്നു. അവസാന ഫലങ്ങൾ പുറത്തു വന്നിട്ടില്ല എങ്കിലും ആബെ നില മെച്ചപ്പെടുത്തും എന്ന വ്യക്തമായ സൂചനകളാണ് പുറത്തു വരുന്നത്. ഉത്തരകൊറിയൻ ഭീഷണി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആ ബെ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.
കൊറിയൻ പ്രശ്ന പരിഹാരത്തിന് കൂടുതൽ ശക്തമായ വിദേശ, നയതന്ത്ര നിലപാടുകൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അതിനു കൂടുതൽ ശക്തമായ ജനപിന്തുണ വേണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തവണ ആബെ തിരക്കിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിൽ അദ്ദേഹം പൂർണ്ണമായും വിജയിക്കുകയും ചെയ്തിരിക്കുന്നു. ഇതോടേ യുദ്ധാനന്തര ജപ്പാനേ ഏറ്റവും കാലം നയിച്ച പ്രധാനമന്ത്രിയെന്ന വിശേഷണമാണ് ആബെയെ കാത്തിരിക്കുന്നത്. ആഗോള രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള അമേരിക്കൻ പ്രസിഡണ്ടിന്റെ പൂർവ്വേഷ്യൻ സന്ദർശന വേളയിൽ ജപ്പാൻ പ്രധാനമന്തിയായി കൂടുതൽ കരുത്തോടേ താൻ തന്നെ ഉണ്ടാവണമെന്ന ആബെയുടെ ആഗ്രഹവും ഇതോടേ സാദ്ധ്യമാകുന്നു.
തെരഞ്ഞെടുപ്പിൽ ആബെയുടെ പാർട്ടി മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉറപ്പാക്കിക്കഴിഞ്ഞു. അപ്രതീക്ഷിതമായെത്തിയ ലാൻ ചുഴലിക്കൊടുങ്കാറ്റുമൂലമാണ് ഏതാനും ഇടങ്ങളിലെ വോട്ടണ്ണൽ വൈകിയത്. ലാനിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. തെരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി ആഞ്ഞു വീശുമെന്ന് പ്രഖ്യാപിച്ചിരുന്ന ടോക്യോ ഗവർണർ യൂറീകോ കോയീകോ തെരഞ്ഞെടുപ്പിൽ പക്ഷേ തകർന്നടിഞ്ഞു. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനേ കോയീകോയുടെ പ്രതീക്ഷാ പാർട്ടിക്കു കഴിഞ്ഞുള്ളൂ. ഫലത്തിൽ ഇത് ആബെയുടെ വിജയത്തിളക്കം കൂട്ടാൻ വഴിവെച്ചു. തെരഞ്ഞെടുപ്പിൽ തിളങ്ങുന്ന നേട്ടം കൈവരിച്ച ആബെയെ ആദ്യം അഭിനന്ദിച്ചവരിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമുണ്ട്. ഉത്തരകൊറിയൻ വിഷയത്തിൽ ഇരു രാജ്യങ്ങളും കൂടുതൽ ശക്തമായ നടപടികളിലേയ്ക്കു നീങ്ങാനുള്ള സൂചനകളാണ് ഇതൊക്കെ നൽകുന്നത്.
ലോകക്രമത്തിൽ കാര്യമായ മാറ്റമൊന്നുമുണ്ടാക്കുന്നതല്ലെങ്കിൽ കൂടി ശ്രദ്ധേയമായൊരു അധികാരമാറ്റമാണ് ദ്വീപരാഷ്ട്രമായ ന്യൂസിലാൻഡിൽ ഈ വാരം നടന്നത്. സിരിമാവോ ബന്ധാരനായികെ, മാർഗരറ്റ് താച്ചർ, ഇന്ദിരാ പ്രിയദർശിനി തുടങ്ങി ലോകത്തെ വനിതാ പ്രധാനമന്ത്രമാരുടെ നിരയിലേക്ക് ഒരാൾകൂടി കടന്നു വരുന്നു. ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി അവരോധിതയാകുന്നത് ജസീന്ത ആർഡേണെന്ന 37 കാരിയാണ്. ന്യൂസീലാൻഡിന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയാവും ജസീന്തയെന്ന സുന്ദരിയായ രാഷ്ട്രീയക്കാരി. രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാരിലൊരാളാണ് രണ്ടു പതിറ്റാണ്ടായി പാർലമെൻ്റംഗമായ ജസീന്ത. മധുരപ്പതിനേഴിലാണ് ജസീന്ത ആദ്യമായി ന്യൂസിലാൻഡ് പാർലമെൻറിന്റെ പടി ചവിട്ടുന്നത്. ഇക്കഴിഞ്ഞ ഓഗസ്തിൽ ലേബർ പാർട്ടിയുടെ പരമോന്നത നേതാവായി. കുടിയേറ്റ വിരുദ്ധ നിലപാടുകാരായ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജസീന്തയ്ക്ക് പ്രധാനമന്ത്രി പദവിയിലേക്കുള്ള വഴിതെളിഞ്ഞത്.
കൂട്ടുകക്ഷി സർക്കാരിനായുള്ള നിരവധി ചർച്ചകൾ നടക്കുന്നതിനിടെ അതിനാടകീയമായി ന്യൂസീലാൻഡ് ഫസ്റ്റ് പാർടി നേതാവ് വിൻസ്റ്റൺ പീറ്റേഴ്സ് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടേ പ്രധാനമന്ത്രിമോഹവുമായി നിർണ്ണായ നീക്കങ്ങൾ നടത്തിവന്ന നാഷണൽ പാർട്ടി നേതാവ് ബിൽ ഇംഗ്ലീഷിന്റെ സാദ്ധ്യതകൾ പൂർണ്ണമായും ഇല്ലാതായി. ഉപാധികളൊന്നും മുന്നോട്ടു വെയ്ക്കാതെയാണ് പീറ്റേഴ്സ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
37ാമത്തെ വയസ്സിൽ ന്യൂസീലാന്റിനെ നയിച്ച എഡ്വേഡ് സ്റ്റാഫോഡാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ജസീന്തയിലേക്ക് ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിപദവിയെത്തുന്നത് ആഗോള രാഷ്ട്രീയത്തിൽ ഒരു മാറ്റവുമുണ്ടാക്കിയേക്കില്ല. എന്നാൽ യുവ ജനതയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതു തന്നെയാണ് ആ അധികാര നേട്ടം. പ്രതീക്ഷകളാണല്ലോ നമ്മളെ മുന്നോട്ടു നയിക്കുന്നത്.