മനുഷ്യപക്ഷത്തു നിന്ന കവി
രാമത്ത് ഹരിദാസ്
കവി എ. അയ്യപ്പൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒക്ടോബർ 21ന് ഏഴു വർഷം തികഞ്ഞിരിക്കുന്നു. വടകരയിലെ സാംസ്കാരിക പ്രവർത്തകൻ, ഒഡേസ സത്യനുമായുള്ള അടുപ്പമാണ് കവി എ.അയ്യപ്പനെ നേരിൽ കാണാനും കൂടുതൽ അറിയാനും അവസരമുണ്ടായത്.
“വാക്കും അർത്ഥവും കഴിഞ്ഞുള്ള കവിയുടെ വിരലടയാളമാണ് കവിത” എന്ന് കവിതയെ നിർവചിച്ച ഉജ്വല പണ്ധിതനൊന്നുമല്ലാത്ത, വൻകിട മാധ്യമങ്ങളാൽ വാഴ്ത്തപ്പെടാത്ത ഒരു കവി ഇവിടെ ഉണ്ടായിരുന്നു.
കവിത ജീവിതവും ശ്വാസനിശ്വാസങ്ങളും രക്തവും മരണവുമായിരുന്ന ഈ കവിക്ക് വർത്തമാന ലോകത്തോടു കലഹത്തിന്, പ്രതിഷേധത്തിന് ഈ കവി കവിതയെ ആയുധമാക്കി. കവിത പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും അടയാളപാത്രമാക്കി ഈ കവി മാറ്റിത്തീർത്തു.
“പാപം പുരണ്ട വാക്കുകൾ
കൂരന്പുകളാകയാൽ
പരിത്യജിച്ചു പോയല്ലോ
ബാല്യകാല സഖിയെന്നെ”
എന്ന് കവി പാടുന്പോൾ പ്രണയതിരസ്കാരത്തിന്റെ ശബ്ദം ഈ കവിതയിൽ നിന്ന് നാം കേൾക്കുന്നു. മനസ്സിലും ഹൃദയത്തിലും വ്രണവ്യഥയുടെ കൂരന്പുകൾ പതിക്കുന്നു. അവിവാഹിതനായ ഈ കവി എന്നും പ്രണയപക്ഷത്തായിരുന്നു, ഒപ്പം മനുഷ്യപക്ഷത്തും. കവി എ. അയ്യപ്പൻ മരണത്തിലേയ്ക്ക് പറന്നകന്ന് ഒരു വിനോദയാത്ര പോലെ പോയ്പ്പോയപ്പോഴും അയ്യപ്പന്റെ പോക്കറ്റിൽ ഏറ്റവും പുതിയ കവിതയുണ്ടായിരുന്നു. ആ കവിത തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത ജഡങ്ങളിൽ നിന്ന് അയ്യപ്പൻ എന്ന വലിയ കവിയെ തിരിച്ചറിയുവാൻ ഒരു ഡോക്ടറെ സഹായിച്ചു. കവിത മൃതദേഹം തിരിച്ചറിയുവാനുള്ള സഹായക പത്രവുമാണെന്ന് അന്ന് നാം തിരിച്ചറിയുകയുമുണ്ടായി.
ഒരു കവിയുടെ ദുരന്തം അത് മലയാള കാവ്യലോകത്തിന്റെ ദുരന്തം കൂടിയാണ്. തിരുവനന്തപുരം നഗര ഹൃദയഭാഗത്ത് മരിച്ചു കിടന്ന അയ്യപ്പനെ തിരിച്ചറിയുവാൻ ‘പോക്കറ്റിലെ’ കവിത വേണ്ടിവന്നു. മദിരാശിയിൽ ആശാൻ പുരസ്കാരം ഏറ്റുവാങ്ങുവാൻ െറയിൽവേ േസ്റ്റഷനിലേയ്ക്ക് പോയ കവിയാണ് അജ്ഞാത ശരീരമായി തെരുവിൽ കിടന്നത്. തെരുവിൽ അലഞ്ഞ ജനകീയനായ കവിയായിരുന്നു അയ്യപ്പൻ. ജനഹൃദയ നൊന്പരങ്ങളെ തൊട്ടറിഞ്ഞ കവി, സ്നേഹത്തിന്റെ കയ്യൊപ്പ് ചാർത്തി തന്ന കവി, തെരുവിൽ മരിച്ചു കിടന്നവനെക്കുറിച്ച് അപകടത്തിൽ പെട്ട് മരണപ്പെട്ടവനെ കുറിച്ച് അയ്യപ്പൻ എഴുതിയിട്ടുണ്ട്.
“കാറപകടത്തിൽ പെട്ട് മരിച്ച
വഴിയാത്രക്കാരന്റെ ചോരയിൽ ചവിട്ടി
ആൾക്കൂട്ടം നിൽക്കേ, മരിച്ചവന്റെ
പോക്കറ്റിൽ നിന്നും പറന്ന അഞ്ചു
രൂപയിൽ ആയിരുന്നു എന്റെ കണ്ണ്.”
തെരുവിലെ മരണത്തിലും പണാസക്തിയുടെ മനസുമായി നിൽക്കുന്ന മനുഷ്യരെ പരിഹസിക്കുകയായിരുന്നു അയ്യപ്പൻ എന്ന കവി. ജീവിച്ചിരിക്കുന്നവർക്ക് വായ്ക്കരി തന്നിട്ട് മരിച്ചവൻ എന്നെഴുതിയതിലൂടെ അയ്യപ്പൻ എന്ന മഹാനായ കവി പ്രതിഷേധ ജ്വാലകൾ സൃഷ്ടിച്ച രക്തസാക്ഷിത്വത്തെ അനുസ്മരിപ്പിക്കുന്നു.
അയ്യപ്പൻ തന്നെ എഴുതുന്ന വരികൾ വായിക്കുക. കാവ്യപൂർവ്വ ജീവിതത്തെ കുറിച്ച് “അമ്മ മരണക്കിടക്കയിൽ ആയിരുന്നപ്പോൾ ഞാൻ ഇങ്ക്വിലാബ് സിന്ദാബാദിന്റെ ആൾക്കൂട്ടത്തിലായിരുന്നു. സഹപാഠികൾ, അദ്ധ്യാപകർ പറയുന്ന നോട്ടു പകർത്തുന്പോൾ ക്ലാസ് മുറിയിലിരുന്ന് ഞാൻ കഥയെഴുതി കവിതയെഴുതി, ചിത്രം വരച്ച്, ഒരു കവി ജനിക്കുകയായിരുന്നു. ആ ക്ലാസ് റൂമിൽ എന്റെ കവിതകളെല്ലാം ഒന്നിച്ചു വെച്ചാൽ ഒരാത്മകഥ വായിച്ചെടുക്കാം.” എന്നു കൂടി അയ്യപ്പൻ എഴുതി. തീർത്തും ശരിയാണ് അയ്യപ്പന്റെ കവിതകൾ. അയ്യപ്പന്റെ ഹൃദയത്തിൽ നിന്ന് അരുവി പോലെ വന്നിറങ്ങി മലയാളികളുെട മനസുകളെ പിടിച്ചുലച്ച ആത്മകഥ തന്നെ.
“വൃത്തശാസ്ത്രം പഠിച്ചവനേ നല്ല ഗദ്യം കൈവരൂ, വൃത്തിഹീനമായ ജീവിതത്തിൽ നിന്ന് വിശുദ്ധമായ ശാദ്വലത്തിലേക്ക് വരാൻ ശ്രമിക്കുന്നത് കവിതയിലൂടെയാണ്. ശിരസിൽ ഉന്മാദവും രക്തത്തിൽ മദ്യവുമുള്ളതു കൊണ്ട് ഞാൻ ആരെയും കാത്തിരിക്കുന്നില്ല. എനിക്കു വേണ്ടി തുറന്നിരിക്കുന്ന വാതിലില്ല” എന്ന് അയ്യപ്പൻ എഴുതി. പക്ഷെ ചില വാതിലുകളെങ്കിലും അയ്യപ്പൻ എന്ന കവിക്ക് വേണ്ടി എന്നും തുറന്ന് കിടന്നു. അയ്യപ്പനെ കാണുന്പോൾ ഓടിമറയുന്നവരും വാതിൽ കൊട്ടിയടച്ചവരും ഉണ്ടാകാം. എങ്കിലും അവർ ഹൃദയസ്പൃക്കായ അനുസ്മരണ കുറിപ്പുകൾ എഴുതിയത് ഒരു ഫലിതവുമാകാം. പക്ഷേ അയ്യപ്പന്റെ കവിതാലാപനത്തിനു വേണ്ടി, നവ കവിതകൾക്കായി വാതിൽ തുറന്നിട്ടിരിക്കുന്ന മലയാളികൾ എത്രയെത്ര... ഇങ്ക്വിലാബ് സിന്ദാബാദിന്റെ കൂട്ടത്തിലായിരുന്നു താനെന്ന് അയ്യപ്പൻ പറയുന്നുണ്ട്. അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷന്റെ പ്രതിനിധിയായി സ്കൂൾ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അയ്യപ്പന്റെ വിജയാഘോഷ വേളയിലായിരുന്നു അച്ഛന്റെ ശവഘോഷയാത്രയെന്നും ഈ കവി എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുമായും നേതാക്കന്മാരുമായും അടുത്ത ബന്ധമുണ്ടായിരുന്ന കവി അയ്യപ്പൻ പാർട്ടി മുഖപത്രമായ ‘ജനയുഗ’ത്തിൽ പ്രൂഫ് റീഡറായിരുന്ന കാലവും ഗൃഹാതുരത്വത്തോടെ എഴുയിട്ടുണ്ട്. “തെറ്റിയോടുന്ന സെക്കൻ്റ് സൂചി” എന്ന പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട മറ്റു പല കാര്യങ്ങളിലും സത്യമെത്ര, മിഥ്യയെത്ര, ഭാവനയെത്ര എന്നത് മറ്റൊരു കാര്യം. ചിലതൊക്കെ അയ്യപ്പന്റെ ഫലിതങ്ങൾ, ഭാവനാ സൃഷ്ടികൾ.
പിന്നീട് പല മഹാപ്രതിഭകളുടെയും സങ്കേതമായി മാറിത്തീർന്ന ‘അക്ഷരം’ മാസികയുടെ ആസ്ഥാനത്തിന്റെ നടത്തിപ്പുകാരനും പത്രാധിപരായും അയ്യപ്പൻ വളർന്നു ‘മുതിരുകയായിരുന്നു’ എന്ന് പറയുന്നതായിരിക്കും ശരി. നിന്റെ പ്രേമത്തിന്റെ ചിഹ്നമെന്താണ് എന്ന് കവിതയിലൂടെ ആരാഞ്ഞ അയ്യപ്പൻ പ്രണയത്തെയും പ്രണയനൈരാശ്യത്തെയും പ്രണയഭംഗത്തെയും വ്യത്യസ്ത നിലകളിൽ നിർവചിച്ച കവിയാണ്. വജ്രശോഭയുടെ തിളക്കവും സൂചിമുന തുന്പിന്റെ വേദനയും ഉരുൾപൊട്ടലിന്റെ കാഠിന്യവും അയ്യപ്പന്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നത് പ്രണയഭംഗത്തിന്റെ ജീവിതാനുഭവം കൊണ്ടു കൂടിയാണ്.
“സ്വേദവും ചോരയും കണ്ണീരും നിറഞ്ഞ സ്വാദാണെനിക്ക് പ്രേമം.” എന്നെഴുതിയ കവി ഗ്രാഫിന്റെ കണ്ണികളിലൂടെ വരച്ച രേഖകൾ പ്രണയത്തിന്റെതായിരുന്നു...