നഗ്നമാ­യ ബലാ­ത്­സംഗങ്ങൾ!


ജെ. ബിന്ദുരാജ്

 

പ്രയപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമാണെന്ന് കഴിഞ്ഞയാഴ്ച സുപ്രീം കോടതി വിധിച്ചപ്പോൾ രാജസ്ഥാനിലെ മെഹമ്മൂദ് നഗറിലെ ചെറിയൊരു ഗ്രാമത്തിലെ ഇരുപത്തിയഞ്ചുകാരിയായ റോഷ്‌നിയുടെ കണ്ണുകൾ തിളങ്ങിയിരിക്കണം. കാരണം കഴിഞ്ഞ കുറെയേറെ വർഷങ്ങളായി രാജസ്ഥാനിലെ വിവിധ ഗ്രാമങ്ങളിൽ നടക്കുന്ന ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കുന്നതിനായി കിണഞ്ഞു പരിശ്രമിക്കുന്നവരാണ് ആ യുവതി. അതിനു പിന്നിൽ ഒരു കഥയുമുണ്ട്. കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്ടപ്പെടുകയും തുടർന്ന് അമ്മ ഉപേക്ഷിക്കുകയും ചെയ്ത റോഷ്‌നിയെ വളർത്തിയത് മുത്തച്ഛനും മുത്തശ്ശിയുമാണ്. എത്രയും വേഗം പേരക്കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാനുള്ള ശ്രമങ്ങൾ അതുകൊണ്ടു തന്നെ അവർ വളരെ ചെറുപ്പത്തിലേ ആരംഭിച്ചു. പന്ത്രണ്ടു വയസ്സിലായിരുന്നു ആദ്യ വിവാഹശ്രമം. എന്നാൽ വിദ്യാഭ്യാസത്തിൽ സമർത്ഥയായ റോഷ്‌നി അവരുടെ ആ ശ്രമം കൂട്ടുകാരുടേയും നാട്ടുകാരുടേയും പിന്തുണയോടെ ചെറുത്തു. പന്ത്രണ്ടാം ക്ലാസിലെത്തിയതോടെ വീണ്ടും വിവാഹം കഴിപ്പിക്കാനുള്ള ശ്രമമായി. രക്ഷിതാക്കൾ ചില മർദ്ദനമുറകളും പരീക്ഷിച്ചു. ഇതേതുടർന്ന് ഒരു സന്നദ്ധ സംഘടനയുടെ രക്ഷാകർത്വത്തിലായി റോഷ്‌നിയുടെ ജീവിതം. ഇന്ന് റോഷ്‌നി സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയശേഷം ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകയാണ്. രാജസ്ഥാനിൽ നടക്കുമായിരുന്ന ഏതാണ്ട് പന്ത്രണ്ടിലധികം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹങ്ങൾ ഇവരുടെ നേതൃത്വത്തിൽ തടയപ്പെടുകയും ആ കുട്ടികളെ അക്ഷരാർത്ഥത്തിൽ രക്ഷിക്കുകയും ചെയ്തിരിക്കുന്നു. 

റോഷ്‌നിയെപ്പോലുള്ള ലക്ഷക്കണക്കിനു പെൺകുട്ടികളുടെ സ്വപ്‌നങ്ങൾക്ക് ജീവൻ പകർന്ന വിധിന്യായമായിരുന്നു 2017 ഒക്ടോബർ 11ന് രാജ്യത്തെ പരമോന്നത നീതിപീഠം നടത്തിയത്. വിവാഹിതയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം ബലാൽംഗത്തിന്റെ പരിധിയിൽ വരില്ലെന്ന ഐ പി സിയിലെ 375 (2) വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്. പ്രസ്തുത വകുപ്പ് ശൈശവ വിവാഹത്തെ നിയമാനുസൃതമാക്കി മാറ്റുകയും അതുവഴി പെൺകുട്ടിയ്ക്ക് സ്വന്തം ശരീരത്തിനുമേലുള്ള അവകാശത്തെ സർക്കാർ ബലി നൽകുകയാണെന്നും ആ കാടൻ വ്യവസ്ഥയിലൂടെ ബലാത്സംഗത്തിന് സർക്കാർ നിയമപരിരക്ഷ നൽകുകയാണെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ. 15 വയസ്സിനു മേലെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കാൻ നിയമത്തിൽ ഇളവു വരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ നിരീക്ഷിച്ചു. 2013ലെ ക്രിമിനൽ നിയമ ഭേദഗതിയിൽ ബലാൽസംഗത്തെപ്പറ്റി പറയുന്ന ഐപിസി 375ൽ നൽകിയിട്ടുള്ള ഇളവാണ് കോടതി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി തീർപ്പു കൽപിച്ചത്. ഈ വകുപ്പു പ്രകാരം 18 വയസ്സിൽ താഴെയുള്ളതും എന്നാൽ പതിനഞ്ചു വയസ്സിനു മുകളിലുള്ളതുമായ ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാൽസംഗമായി കണക്കാക്കപ്പെട്ടിരുന്നില്ല. വിവാഹപ്രായം പതിനെട്ട് ആണെന്നിരിക്കേ, പെൺകുട്ടികളെ ചെറിയ പ്രായത്തിൽ വിവാഹം ചെയ്ത് അയക്കുന്നതിൽ ഇളവു നൽകിയത് പെൺകുട്ടികളുടെ അവകാശങ്ങൾക്കുനേരെയുള്ള കടന്നുകയറ്റമാണെന്നാണ് ജസ്റ്റിസ് ദീപക് ഗുപ്ത വിധിന്യായത്തിൽ എഴുതിയത്. നിയമത്തിൽ ഇത്തരത്തിൽ ഇളവു നൽകുന്നത് പ്രായപൂർത്തിയാകാത്ത കൂടുതൽ കൂടുതൽ പെൺകുട്ടികളെ വിവാഹത്തിലേക്ക് നയിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാകുന്നില്ലെന്നും വിധിന്യായം പറയുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്‌സോ നിയമവും വിവാഹിതയായ പെൺകുട്ടിയുടെ മനുഷ്യാവകാശം സംബന്ധിച്ച നിയമങ്ങളും കുട്ടികളെ സംബന്ധിച്ച മറ്റു നിയമങ്ങളുമൊക്കെ പഠിച്ചശേഷമാണ് ജസ്റ്റിസ് മദൻ ബി ലോകൂറും ദീപക് ഗുപ്തയും ഈ വിധിന്യായത്തിലെത്തിയത്. 

ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങൾ മൂലം പതിനെട്ടു വയസ്സിൽ താഴെയുള്ള നിരവധി പെൺകുട്ടികൾ വിവാഹിതരാകുന്നുണ്ടെന്നും 18 വയസ്സിനു താഴെയുള്ള, വിവാഹശേഷമുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കപ്പെട്ടാൽ പല ക്രിമിനൽ കേസ്സുകളും ഈ വിഷയത്തിൽ ഫയൽ ചെയ്യപ്പെടുമെന്നും 18 വയസ്സിനു മുന്പ് വിവാഹിതയായ പെൺകുട്ടികളുടെ വിവാഹജീവിതം തകർക്കപ്പെടാൻ അത് ഇടയാക്കുമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള വാദം. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന്റെ മറപറ്റിയുള്ള ബലാൽസംഗത്തെ ന്യായീകരിക്കാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രായപൂർത്തിയാകാതെ പെൺകുട്ടികളെ വിവാഹം ചെയ്തുവിടുന്നത് ഒരു യാഥാർത്ഥ്യമാണ്. രാജസ്ഥാനിലെ ബാമറിൽ നിന്നുള്ള ഒരു പത്തൊന്പതുകാരി തന്റെ വിവാഹം നടന്നത് തനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണെന്നും അതിനാൽ വിവാഹബന്ധം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഏതാനും മാസങ്ങൾക്കു മുന്പ് കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയുടെ ഈ വിധിന്യായം പുറത്തുവരുന്നതിന് ഒരാഴ്ച മുന്പാണ് ആ വിവാഹം റദ്ദുചെയ്തുകൊണ്ടുള്ള കോടതിവിധിയുണ്ടായത്. 

2014ലെ യൂണിസെഫ് റിപ്പോർട്ട് പ്രകാരം ലോകത്തു നടക്കുന്ന ശൈശവ വിവാഹങ്ങളിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്ന് കണ്ടെത്തപ്പെട്ടിരുന്നു. ഇന്ത്യയിൽ പ്രായപൂർത്തിയാകാതെ വിവാഹിതരായ 3.38 കോടി പേരുണ്ടെന്നാണ് 2011ലെ സെൻസസ് തെളിയിച്ചത്. ഇവരിൽ വലിയൊരു ശതമാനം പേർ ലൈംഗിക അതിക്രമത്തിന് വിധേയരായിട്ടുണ്ടൈന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേ വ്യക്തമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ 18നും 29 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള 46 ശതമാനം സ്ത്രീകളും 18 വയസ്സിൽ താഴെയാണ് വിവാഹിതരായിട്ടുള്ളതെന്നും സർവേ പറയുന്നുണ്ട്. 

ഏറ്റവുമധികം ശൈശവ വിവാഹങ്ങൾ നടക്കുന്ന ഇന്ത്യൻ സംസ്ഥാനം ജാർക്കണ്ധ് ആണെങ്കിലും ഇന്ത്യയിൽ സമീപകാലത്ത് ശൈശവ വിവാഹ നിരക്ക് ഏറ്റവുമധികം ഉയർന്ന ഏക സംസ്ഥാനം കേരളമാണ്. എന്തിനധികം പറയുന്നു, കേരളത്തിൽ കഴിഞ്ഞ ആറുമാസക്കാലയളവിൽ കേരളത്തിലെ ചൈൽഡ്‌ലൈനിന് ഏറ്റവുമധികം ശൈശവ വിവാഹ പരാതികൾ ലഭിച്ചിട്ടുള്ള സ്ഥലം മലപ്പുറമാണ്. 2017ൽ മാത്രം എഴുപതോളം ശൈശവ വിവാഹ പരാതികൾ! 2017 ഫെബ്രുവരി മാസത്തിൽ മാത്രം കരുവാരക്കുണ്ടിൽ പത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹമാണ് ചൈൽഡ് ലൈൻ ഇടപെട്ട് തടഞ്ഞത്. അതിൽ രണ്ട് 15 വയസ്സുകാരികളും എട്ട് പതിനാറു വയസ്സുകാരികളുമാണ് ഉണ്ടായിരുന്നത്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്‌മെന്റ് സർവീസസിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവർഷക്കാലത്ത് കേരളത്തിൽ ഓരോ വർഷവും ശരാശരി 600 ശൈശവവിവാഹങ്ങൾ നടന്നിട്ടുള്ളതായാണ് കാണുന്നത്. 2615 ശൈശവവിവാഹങ്ങളുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് നിൽക്കുന്പോൾ 308 ശൈശവ വിവാഹങ്ങളുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 77 വിവാഹങ്ങളുമായി തൃശ്ശൂർ മൂന്നാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്. മുസ്ലിം സമുദായത്തിനിടയിൽ മാത്രമല്ല ഹിന്ദുക്കൾക്കിടയിലും ആദിവാസി സമൂഹത്തിനിടയിലും ശൈശവ വിവാഹം ധാരാളമായി കണ്ടുവരുന്നുണ്ടെന്നാണ് അവർ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം തൊടുപുഴയിൽ അമ്മ ആത്മഹത്യാ ഭീഷണി മുഴക്കി പതിനാലു വയസ്സുകാരിയെ രണ്ടാനച്ഛന്റെ ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും പിന്നീട് പെൺകുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെട്ട് ജനങ്ങളുടെ സഹായത്തോടെ പരാതി നൽകിയതും വാർത്തയായിരുന്നു. കോഴിക്കോട് നൈനാംവളപ്പുകാരിയായ പതിനാറുകാരിയെ വീട്ടുകാരും പള്ളിക്കമ്മറ്റിയും ചേർന്ന് നിർബന്ധിച്ച് വിവാഹം നടത്തിയതായും പരാതി ഉയർന്നത് നാം കേട്ടതാണ്. പ്രായപൂർത്തിയാകുന്നതിനു മുന്പുള്ള പ്രസവങ്ങൾ ഉയർന്ന മാതൃമരണ നിരക്കിനും ശിശുമരണനിരക്കിനും ഇടയാക്കിയിട്ടുണ്ടെന്ന് വിവിധ സംഘടനകൾ നടത്തിയ വിവരങ്ങളും വെളിപ്പെടുത്തുന്നു. ബാലികാവധുക്കൾ പല വീടുകളിലും അടിമസമാനമായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്നും അവർക്ക് കുടുംബങ്ങളിൽ പരിഗണന ലഭിക്കുന്നില്ലെന്നും സർവേ പറയുന്നു. ശൈശവ വിവാഹങ്ങൾ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ഗുരുതരമായ പ്രശ്‌നങ്ങൾക്കിടയാക്കുമെന്നത് ഒരു യാഥാർത്ഥ്യമാണെങ്കിലും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒട്ടുമിക്കവയും ഇപ്പോഴും ശൈശവ വിവാഹങ്ങൾക്കെതിരെ നിയമനിർമ്മാണമൊന്നും തന്നെ നടത്തിയിട്ടില്ലെന്നതാണ് സത്യം. 

ഇന്ത്യയിൽ കർണാടകയിൽ മാത്രമേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേയും ആൺകുട്ടിയുടേയും വിവാഹം നിലനിൽക്കില്ലെന്ന് നിയമ ഭേദഗതി ചെയ്തിട്ടുള്ളു. കർണാടക സർക്കാരിനെ ഈ നിയമത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾ പിന്തുടരണമെന്നും ബലാത്സംഗ നിയമത്തിവൽ ഇളവ് പറയുന്ന വ്യവസ്ഥ റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിൽ സുപ്രീം കോടതി ആവശ്യപ്പെട്ടു. ശൈശവ നിരോധന നിയമത്തിനു കീഴിൽ നിലവിലുള്ള വ്യവസ്ഥകൾ ഇത്തരം വിവാഹങ്ങൾക്ക് പെൺകുട്ടികളിൽ സമ്മർദ്ദം ചെലുത്തുന്ന മാതാപിതാക്കളെ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്നും കുറെക്കൂടി കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ശൈശവ വിവാഹം 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലൂടെ നിരോധിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഭൂരിപക്ഷം പേർക്കും അറിയാമെങ്കിലും തങ്ങളുടെ പരന്പരാഗത രീതികളും ചട്ടങ്ങളുമെല്ലാം നിയമസംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കുമൊക്കെ മേലെയാണെന്നും വിശ്വസിക്കുന്ന ഒരു കൂട്ടർ ഇന്ത്യയിലുണ്ട്. ഒരു കുട്ടി വിവാഹിതയാണെങ്കിലും അല്ലെങ്കിലും അവൾ കുട്ടി തന്നെയാണെന്നാണ് ഐപിസി 375−ാം വകുപ്പിലെ അപാകത പരിഹരിച്ചുകൊണ്ട് സുപ്രീം കോടതി പ്രസ്താവിച്ചിട്ടുള്ളതെന്നത് ഏറെ പ്രസക്തമാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് തടയിടുന്നതിനായി പോസ്‌കോ നിയമം കൊണ്ടുവന്നിട്ട് അഞ്ചു വർഷം പിന്നിട്ട വേളയിലാണ് സുപ്രീം കോടതിയുടെ ഈ പുതിയ വിധിന്യായം ഏറെ പ്രസക്തമാകുന്നത്. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമാണെന്നും 10 വർഷം വരെ കഠിന തടവ് ലഭിക്കുന്നതുമാണെന്ന പോസ്‌കോ നിയമത്തിലെ മൂന്നാം വകുപ്പ് ഐപിസി 375ാം വകുപ്പിന് സമാനമാണെന്നും പോസ്‌കോ പ്രകാരവും ഐപിസി പ്രകാരവും അതിന് ഒരേ ശിക്ഷ തന്നെയാണ് നൽപ്പെടുന്നതെന്നും കോടതി സമർത്ഥിച്ചു. ഭരണഘടനയുടെ 14, 15, 21 വകുപ്പുകളുടെ ലംഘനമാണ് ഐപിസിയുടെ 375 (2) വകുപ്പെന്നും അതുകൊണ്ടു തന്നെ അത് റദ്ദാക്കപ്പെടേണ്ടതാണെന്നും ന്യായാധിപന്മാർ വ്യക്തമാക്കി. 2006−ലെ ശൈശവ വിവാഹ നിരോധന നിയമവും പോസ്‌കോ നിയമവും ജുവനൈയിൽ ജസ്റ്റിസ് ആക്ടും 18 വയസ്സിൽ താഴെയുള്ള ഒരാളെ കുട്ടി എന്നാണ് വിശേഷിപ്പിക്കുന്നതെന്നിരിക്കേ, അതിൽ നിന്നും വിവാഹബന്ധത്തെ മുൻനിർത്തി ഐപിസി 375−ൽ ഒഴിവാക്കലുണ്ടായത് ഒരിക്കലും ന്യായീകരിക്കാനാകുന്ന കാര്യമല്ല. വിവാഹത്തിന്റെ മറപറ്റി കുട്ടികളെ ലൈംഗിക കച്ചവടത്തിന് ഉപയോഗിക്കാനുള്ള സാധ്യതകൾ വളരെ വലുതായിരുന്നു. അതിനാണ് ഇപ്പോൾ തടയിട്ടിരിക്കുന്നത്. ശൈശവ വിവാഹ നിയമത്തിലെ ചില പ്രശ്‌നങ്ങളും സുപ്രീം കോടതി ഈ വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാതെ വിവാഹം കഴിപ്പിച്ചയക്കപ്പെട്ട പെൺകുട്ടിയുടെ ചുമലിൽ തന്നെയാണ് ആ വിവാഹത്തിൽ നിന്നും മോചിതയാകാനുള്ള ശ്രമങ്ങളുമെന്നതാണ് അതിൽ പ്രധാനം. പെൺകുട്ടിക്ക് പ്രായപൂർത്തിയായി രണ്ടു വർഷത്തിനുള്ളിൽ അഥവാ 20 വയസ്സിനുള്ളിൽ തന്നെ അവൾ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ പരാതി നൽകണമെന്നതാണ് വിചിത്രമായ കാര്യം. 20 വയസ്സിനുശേഷം പരാതി നൽകിയാൽ വിവാഹം കോടതി അസാധുവാക്കുകയില്ല. 

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് ലോകത്തെ പല രാഷ്ട്രങ്ങളും പല പ്രായമാണ് നിയമാനുസൃതമായി നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കയിൽ 16നും പതിനെട്ടിനുമിടയിലുമിടയിലാണ് അതെങ്കിൽ ജപ്പാനിൽ 13 വയസ്സും ചൈനയിൽ 14 വയസ്സും ബ്രിട്ടനിൽ 15 വയസ്സും ജർമ്മനിയിൽ 16 വയസ്സുമാണ്. രക്ഷിതാക്കളുടെ അനുമതിയോടെ വിവാഹം കഴിക്കാൻ അമേരിക്കയിലും ചൈനയിലും കുറഞ്ഞ പ്രായപരിധി പറഞ്ഞിട്ടില്ലെങ്കിലും ജപ്പാനിൽ ഇത് പുരുഷന്മാർക്ക് 18ഉം സ്ത്രീകൾക്ക് 16ഉം ആണ്. ബ്രസിൽ, ബ്രിട്ടൻ, ജർമ്മനി, സ്‌പെയിൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ആണിനും പെണ്ണിനും 16 വയസ്സാണ് അനുവദനീയമായ വിവാഹപ്രായം. അങ്ങനെ നോക്കുന്പോൾ പെൺകുട്ടിക്ക് വിവാഹപ്രായമായി ഇന്ത്യയിൽ 18 വയസ്സും ആൺകുട്ടിക്ക് 21 വയസ്സും ബാധകമാക്കിയത് ശരിയായ നടപടിയല്ലെന്നു തോന്നാം. എന്നാൽ ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനവും തൊഴിൽ സംവിധാനവുമൊക്കെ വച്ചുനോക്കുന്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഒരു ആണിനോ പെണ്ണിനോ ഉണ്ടാകുന്നത് ഈ പ്രായത്തിലാണെന്നു മനസ്സിലാക്കാം. 

പക്ഷേ സവിശേഷമായ പല പ്രശ്‌നങ്ങളും അടങ്ങിയിട്ടുള്ള ഒരു സമസ്യയാണ് പ്രായപൂർത്തിയ്ക്കായുള്ള പ്രായം. ആർത്തവാരംഭത്തോടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നാണ് ഷരിയ നിയമത്തിൽ പറഞ്ഞിട്ടുള്ളത്. പല വികസിത രാഷ്ട്രങ്ങളും ആ കാഴ്ചപ്പാട് തന്നെയാണ് പിന്തുടരുന്നതെന്നതാണ് വേറെ കാര്യം. പക്ഷേ ജീവിതശൈലിയുടേയും ഭക്ഷണശീലങ്ങളുടേയും മാറ്റം കൊണ്ട് ചെറുപ്രായത്തിൽ തന്നെ ഋതുമതിയാകുന്നത് ഇന്ന് സാധാരണയായ കാര്യമാണ്. എട്ടും പത്തും വയസ്സിൽ ഋതുമതിയാകുന്ന എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ വിവാഹത്തിലേക്ക് എത്തിക്കണമെന്ന് ശഠിക്കുന്നതിന് ഒരു പരിഗണനയും നൽകിക്കൂടാ എന്നതാണ് വാസ്തവം. പ്രായപൂർത്തിയായതിന് മതപരമായ നിയമസംഹിതകൾ പറഞ്ഞുവയ്ക്കുന്ന കാടത്തത്തെ ഒരിക്കലും പരിഷ്‌കൃതസമൂഹങ്ങൾ അംഗീകരിക്കാൻ പാടുള്ളതല്ല. മാനസികമായും ശാരീരികമായും വിവാഹബന്ധത്തിന് പെൺകുട്ടി പ്രാപ്തയാകുന്ന ഘട്ടത്തിൽ മാത്രമേ അവളുടെ വിവാഹം നടത്താൻ പാടുള്ളു. അതല്ലാത്തപക്ഷം കടുത്ത മാനസികപ്രശ്‌നങ്ങളും ശാരീരിക ബുദ്ധിമുട്ടുകൾക്കും പെൺകുട്ടി വിധേയയാകാനുള്ള സാധ്യതകൾ വലുതാണ്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഒരൊറ്റ സ്ത്രീയെ ഒരു കുടുംബത്തിലെ പലരും ലൈംഗികതൃപ്തിക്കായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന സത്യം ഈ ലേഖകൻ നേരിട്ടറിഞ്ഞ് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അങ്ങനെയുള്ള കുട്ടികളിൽ പലരും പ്രായപൂർത്തിയാകാതെ വിവാഹിതരായവരുമാണ്. തങ്ങൾക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമത്തെ ചെറുക്കാൻ പോലുമാകാതെ നിശ്ശബ്ദമായി സഹിക്കുകയാണ് ആ പെൺകുട്ടികൾ പലരും ചെയ്തുകൊണ്ടിരിക്കുന്നത്. പല പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹബന്ധങ്ങളും കടുത്ത ലൈംഗിക അതിക്രമങ്ങളാണെന്നതാണ് വാസ്തവം. തങ്ങളുടെ ശരീരത്തിനുമേൽ തങ്ങൾക്കുള്ള അവകാശം തിരിച്ചറിയാൻ പോലും കഴിയാത്തവരായി അവർ മാറിയിരിക്കുന്നു. 

എന്നിരുന്നാലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് പെൺകുട്ടിക്ക് 18 വയസ്സും ആൺകുട്ടിക്ക് 21 വയസ്സും നിശ്ചയിച്ചിരിക്കുന്നതിൽ അപാകതകളുണ്ടെന്ന് പറയുന്നവരുണ്ട്. ഇന്നത്തെ കാലത്ത് കുട്ടികൾ തമ്മിൽ ലൈംഗികമായി ബന്ധപ്പെടാനുള്ള സാധ്യതകൾ ഏറെയുണ്ട്. സെക്‌സിനെപ്പറ്റി അറിയേണ്ടുന്നതിലധികം കാര്യങ്ങൾ അറിയുന്നതുകൊണ്ടുള്ള ഒരു പ്രശ്‌നമാണത്. പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള പരസ്പരസമ്മതത്തോടെയുള്ള ശാരീരികബന്ധം അതുകൊണ്ടു തന്നെ ബലാൽസംഗത്തിന്റെ പരിധിയിൽ പെടുത്തുന്നതിൽ ചില നീതികേടുകളുണ്ട്. പരസ്പര സമ്മതത്തോടെ ലൈംഗികമായി ബന്ധപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ അഞ്ചു വയസ്സിൽ താഴെ മാത്രമേ പ്രായവ്യത്യാസമുള്ളുവെങ്കിൽ അതൊരു കുറ്റകൃത്യമായി കണക്കാക്കരുതെന്നാണ് പുതിയകാലത്തിന്റെ പശ്ചാത്തലത്തിൽ പലരും ആവശ്യപ്പെടുന്നത്. അതല്ലാത്തപക്ഷം നന്നേ ചെറുപ്പത്തിലേ കോടതിയും കേസ്സുമൊക്കെയായി നടക്കേണ്ട അവസ്ഥയിലേക്ക് പ്രണയിതാക്കൾ വീഴാനിടയുണ്ട്.

വിവാഹത്തെ ലൈംഗികതയുടെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്നതിന്റെ പ്രശ്‌നങ്ങൾ സമൂഹത്തിലുടനീളം നിലനിൽക്കുന്നുണ്ട്. സാമൂഹികഘടനയിൽ കുടുംബം എന്ന വ്യവസ്ഥിതി യാഥാർത്ഥ്യമാണെങ്കിലും അതിന്റെ നിലനിൽപ് വരുംകാലത്ത് ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളും വലുതാണ്. ബന്ധങ്ങളിലുണ്ടാകുന്ന സങ്കീർണമായ പ്രശ്‌നങ്ങളും സമസ്യകളും സ്വാതന്ത്ര്യാഭിവാഞ്ഛയുമൊക്കെ ഭാവികാലത്ത് കുടുംബ സങ്കൽപത്തെ തകിടം മറിച്ചേക്കാം. സന്താനോൽപാദനം, കുഞ്ഞിന്റെ പരിപാലനം, പങ്കാളിയുടേയും കുഞ്ഞിന്റേയും സംരക്ഷണം എന്നൊക്കെയുള്ള ആശയഗതികൾ പുതിയ ചിന്തകൾക്ക് വഴിമാറിയേക്കാം. വ്യവസ്ഥിതിയോടുള്ള കലഹങ്ങൾ ഏതൊരു സമൂഹത്തിലും യാഥാർത്ഥ്യമാണെന്നിരിക്കേ, കുടുംബ സങ്കൽപത്തിലുള്ള വിള്ളലുകൾ പലവിധ വിചാരണകൾക്കും ഇടയാക്കിയേക്കും. വിവാഹമെന്ന സങ്കൽപം സ്ത്രീജീവിതത്തെ അടിമത്തത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന ഒരു ധാരണ ശക്തമാകുന്ന കാലം കൂടിയാണിത്. കടിഞ്ഞാണില്ലാത്ത ലൈംഗിക ബന്ധങ്ങൾക്ക് അറുതി വരുത്തുകയെന്ന നിലയ്ക്കാകാം ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് വിവാഹമെന്ന കരാർ സമൂഹം മുന്നോട്ടുവച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. എന്നാൽ വിവാഹബന്ധത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യതയില്ലാതായതോടെ ആ ബന്ധത്തിന്റെ അടിസ്ഥാനപരമായ ആണിക്കല്ലു തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. മതത്തിന്റെ കടുത്ത വേലിക്കെട്ടുകളാകട്ടെ സ്ത്രീയെ എങ്ങനെ വിവാഹബന്ധത്തിൽ കൂടുതൽ കൂടുതൽ അടിമപ്പെടുത്താമെന്ന് ചിന്തിച്ചുകൊണ്ടുമിരിക്കുന്നു. 

പ്രായപൂർത്തിയാകാതെ പെൺകുട്ടികളെ വിവാഹബന്ധത്തിലേക്ക് തള്ളിവിടുന്ന മതങ്ങൾക്കും സമൂഹങ്ങൾക്കുമുള്ള മുന്നറിയിപ്പാണ് പ്രായപൂർത്തിയാകാത്ത വധുവുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കുമെന്ന സുപ്രീം കോടതിയുടെ തിരുത്തൽ. പരിഷ്‌കൃത സമൂഹത്തിൽ പാലിക്കപ്പെടേണ്ട അവശ്യം വേണ്ട കാര്യങ്ങളിലൊന്നാണ് ശൈശവ വിവാഹത്തിനെതിരെയുള്ള കടുത്ത നീക്കങ്ങൾ. ആ അർത്ഥത്തിൽ ഈ വിധിന്യായം പെൺകുട്ടിയുടെ ശരീരത്തിനുമേലുള്ള അവളുടെ അവകാശത്തെ ഊട്ടിയുറപ്പിക്കാനും സ്ത്രീ സമൂഹത്തെ കൂടുതൽ ശാക്തീകരിക്കാനുമാണ് സഹായിക്കുക. തീർത്തും സ്വാഗതാർഹമായ ഒരു കാര്യമാണത്!

You might also like

Most Viewed