വാർദ്ധക്യം കുറ്റമാണോ ?
കൂക്കാനം റഹ്്മാൻ
വയോജനങ്ങൾ പലതും പഠിക്കാനുണ്ട്. പുതിയലോകത്ത് ജീവിക്കാൻ പലകാര്യത്തിലും കരുതലുകൾ ഉണ്ടാവണം. മക്കൾ വീട്ടിൽ ഇല്ലാതാകുന്പോഴത്തെ ശൂന്യതയും അവർ വീട്ടിലുണ്ടാകുന്പോഴത്ത കലാപങ്ങളുടെ സങ്കടവും ഇന്നത്തെ സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്.
സെക്രട്ടേറിയേറ്റിൽ അണ്ടർ സെക്രട്ടറി പദവിയിലിരുന്ന് വിരമിച്ച ഒരു സുഹൃത്തിന്റെ അനുഭവം കേട്ടു. ‘ഞങ്ങൾക്ക് ഒരേയൊരു മകളാണ്. അവളെ കെട്ടിച്ചു. ഭർത്താവ് േസ്റ്ററ്റിലാണ്. അവളും കൂടെപ്പോയി. ഞങ്ങൾ തനിച്ചായി. ആദ്യം ഒരു ചെറിയ വീടായിരുന്നു. മകൾ വലുതായപ്പോൾ വീടും വലുതാക്കി.
മകൾക്കു രണ്ടു കുട്ടികളുണ്ട്. അവരെ എടുത്ത് താലോലിക്കാൻ മോഹം തോന്നും. പക്ഷേ വർഷത്തിലൊരിക്കൽ പറന്നുവരും. ഒരു മാസം അടിപൊളിയായിരിക്കും. പിന്നീട് അവർ തിരിച്ചു പറക്കും. വീട്ടിലെ ഏകാന്തത ഭയപ്പെടുത്തുന്നു. പകൽ നേരങ്ങളിൽ എന്തെങ്കിലും ഒച്ചയും തട്ടും മുട്ടുമൊക്കെ ഉണ്ടാവും. രാത്രിയാണ് ഏകാന്തത. ഞാനും ഭാര്യയും പരസ്പരം മുഖത്തോടുമുഖം നോക്കിയിരിക്കും. അവൾ ചിലപ്പോൾ ദുഃഖം കൊണ്ട് കരയുന്നത് കാണാം. അപ്പോൾ എനിക്കും കരച്ചിൽ വരും. ജോലിയുളള സമയത്താണെങ്കിൽ ഓഫീസിലെ കാര്യങ്ങൾ ഭാര്യയോട് സംസാരിക്കാനുണ്ടാവും. ഇപ്പോൾ ഒരു കാര്യവും സംസാരിക്കാനില്ല. മോളുടെ വിദ്യാഭ്യാസകാലത്തും മറ്റും വീട്ടിൽ എന്നും ശബ്ദമയമായിരുന്നു. അതൊക്കെ ഓർക്കുന്പോൾ സങ്കടം തോന്നും. രാത്രിയായാൽ കള്ളന്മാരെയാണ് വേറൊരു പേടി. ഉറക്കത്തിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ പിന്നെ ഉറങ്ങാതെ ചെവികൂർപ്പിച്ച് കിടപ്പാണ്. വീട്ടുകാരെ ബന്ദിയാക്കി കൊളളയടിച്ചതും, ദേഹോപദ്രവം വരുത്തി കവർച്ച നടത്തുന്നതും മറ്റും വായിച്ചറിഞ്ഞ ഭയമാണ് ഉളളിൽ എപ്പോഴും. എല്ലാ സുഖസൗകര്യങ്ങളുമുണ്ട് വീട്ടിൽ. കാറുണ്ട്, അത്യാധുനിക ഇലക്‌ട്രോണിക്ക് ഉപകരണങ്ങളെല്ലാം വീട്ടിലുണ്ട്. ഇപ്പോൾ കിട്ടുന്ന പെൻഷൻ കനത്തതാണ്. മകളും അയച്ചുതരും. ഇതെല്ലാമുണ്ടായിട്ടും സന്തോഷമില്ലാത്ത ജീവിതം നയിക്കേണ്ടിവരുന്നു.
മകളെയും, മരുമകനെയും കൊച്ചുമക്കളെയും കന്പ്യൂട്ടറിൽ കാണാം. വർത്തമാനം പറയാം. പക്ഷേ അവർ തിരക്കുപിടിച്ചവരല്ലേ. എന്നും സംസാരിക്കാൻ പറ്റുമോ? അതവർക്ക് ശല്യമാവില്ലേ? ചുരുക്കത്തിൽ മരിച്ചാൽ മതിയെന്നുണ്ട്. ഞങ്ങൾക്ക് പ്രത്യേകിച്ച് അസുഖമൊന്നുമില്ല. ആത്മഹത്യ ചെയ്യില്ല. പെട്ടെന്നങ്ങ് പോയാൽ മതിയെന്ന് ആഗ്രഹിച്ചുപോകുന്നു. ഒറ്റയ്ക്ക് കഴിയുന്പോൾ വീർപ്പുമുട്ടുന്നു. മിണ്ടാനും പറയാനും ആളില്ലെങ്കിൽ പിന്നെ എന്തുജീവിതം?’
ഇതൊക്കെ കേട്ടു ഞാൻ മിണ്ടാതിരുന്നു. മിക്ക വൃദ്ധജനങ്ങളും അനുഭവിക്കുന്ന പ്രശ്‌നമാണിത്. മക്കളുണ്ടായി. പഠിപ്പിച്ചു. മിടുക്കരാക്കി. അവർ സ്വയം ജീവിതം തേടി പറന്നകന്നു പോയി. ഇവിടെ ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ട് ജീവിതശൈലിയിൽ മാറ്റം വരുത്തിയേ പറ്റു. മക്കളെയോ, മറ്റുളളവരെയോ എന്നും ആശ്രയിച്ചുകഴിയുന്ന സമീപനം മാറ്റണം. സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തി നേടണം. നോക്കാനും പരിചരിക്കാനും മക്കളുണ്ടെങ്കിലും അത് സ്‌നേഹപൂർവ്വം നിരാകരിച്ചു കൊണ്ടുളള വാർദ്‍ധക്യകാല ജീവിതശൈലി സ്വീകരിക്കണം. എങ്കിൽ ഒറ്റപ്പെടലിൽ ദുഃഖിക്കേണ്ടി വരില്ല. ഇങ്ങനെയൊക്കെയാണ് സംഭവിക്കുകയെന്ന് മുൻകൂട്ടിക്കണ്ട് പ്ലാൻ ചെയ്യണം. വാർദ്‍ധക്യത്തിലെത്തിയ ഒരമ്മയെ കണ്ടു. അവർ പറയുന്നതും മക്കളെക്കുറിച്ചുതന്നെ. ‘രണ്ടുമക്കളുണ്ട്. രണ്ടും ആണ്‍മക്കളാണ്. താലോലിച്ചു പോറ്റിവളർത്തി. വിവാഹിതരായി. രണ്ടുപേരും വീടുവെച്ചു പ്രത്യേകം പ്രത്യേകം താമസമായി.
എന്റെ കൈവശമുണ്ടായിരുന്ന ഭൂമി ഇരുവർക്കും ഭാഗിച്ചുകൊടുത്തു. ഇളയമകന്റെ കൂടെയാണ് ഇപ്പോൾ കഴിയുന്നത്. എല്ലാം എന്റേതുതന്നെ. പക്ഷേ വീട്ടിൽ ഒരു സ്വാതന്ത്ര്യവുമില്ല. ഒരു മുറിയിൽ ഞാൻ കഴിഞ്ഞുകൊള്ളണം. ഭക്ഷണ സമയമായാൽ എടുത്തു കഴിച്ചോളാൻ പറയും. മകനും മരുമകളും പേരമക്കളും ഒന്നും സംസാരിക്കാറില്ല. ഞാനൊരധികപ്പറ്റാണെന്ന് എനിക്കു തോന്നാൻ തുടങ്ങി. അടുക്കളയിൽ ചെന്ന് എന്തെങ്കിലും സഹായിക്കാമെന്നുവെച്ചാൽ മരുമകൾ തൊട്ടതിനൊക്കെ കുറ്റം പറയും. ഒരു പണിയും ചെയ്യാതിരുന്നാൽ വെട്ടിവിഴുങ്ങാൻ വരും എന്ന പരാതിയും കേൾക്കണം.
ഒന്നും രണ്ടും പറഞ്ഞ് വഴക്കാകും. പിന്നെ ഭക്ഷണം കഴിക്കില്ല. അടുത്ത ദിവസം മൂത്ത മകന്റെ വീട്ടിലേയ്ക്ക് ചെല്ലും. അവിടെ ചെല്ലേണ്ടതാമസം. എപ്പോഴാണ് തിരിച്ചു പോക്ക് എന്നാവും അന്വേഷണം. അവിടെയും ആരും മിണ്ടുകയും പറയുകയും ചെയ്യില്ല. അവർ ഭക്ഷണം കഴിക്കാനും സിനിമ കാണാനും പുറത്തുപോകും. വെറുതെ ഒരന്വേഷണം പോലും നടത്തില്ല. ഇതൊക്കെ സഹിക്കാൻ രണ്ടോ മൂന്നോ ദിവസത്തിനകം തിരിച്ച് ഇളയവന്റെ അടുത്തേയ്ക്ക് തന്നെ! ജീവിക്കണമെന്നേ തോന്നുന്നില്ല. എന്തുചെയ്യാം? എല്ലാം കൈവിട്ടുപോയി.’ എല്ലാവരും അടുത്തുണ്ട്. പക്ഷേ സേന്താഷവും പരിചരണവും നൽകാൻ ആരുമില്ല.
ഇത്തരം സന്ദർഭങ്ങളിൽ മക്കൾ വീട്ടിൽ ഇല്ലായിരുന്നെങ്കിൽ എന്നു ആശിച്ചു പോവില്ലേ? അവർ അവസാനം പറഞ്ഞതാണ് പ്രശ്‌നം. കയ്യിലുള്ള ഭൂമി മക്കൾക്ക് വീതിച്ചു നൽകി. ഇനിയൊന്നും ഇവരിൽ നിന്ന് കിട്ടാനില്ല. രണ്ടു മക്കളില്ലേ. രണ്ടാളും ഒരേ പോലെ ശ്രമിക്കേണ്ടതല്ലേ? ഇതാണ് മക്കളുടെ ചിന്ത.
ഇവിടെ ഈ മാതാവിന് സന്തതികളുടെ സ്വാർത്ഥതയും സ്‌നേഹ ശൂന്യതയും തിരിച്ചറിയാൻ പറ്റാതെ പോയി. അങ്ങനെയുള്ളവർക്ക് ഉള്ള മണ്ണും പണവും പൂർണ്ണമായി വിട്ടുകൊടുക്കുന്നവർ പിന്നീട് സങ്കടപ്പെടേണ്ടി വരും. മരണശേഷം മാത്രം മക്കൾക്ക് കിട്ടാവുന്ന ഒരുപങ്ക് കൈവശം വെക്കാമെങ്കിൽ സാന്പത്തിക സുരക്ഷയുടെ ബലമെങ്കിലും ഉണ്ടാവും.
വാർദ്ധക്യ കാലത്ത് ചുറ്റുപാടുമുള്ളവരോട് നല്ല ബന്ധം സ്ഥാപിക്കണം. അവരുമായി ആശയവിനിമയം നടത്തണം. എങ്കിൽ സ്വയം അനുഭവിക്കുന്ന പ്രയാസങ്ങൾ അയൽക്കാരുമായി പങ്കിടാം. അപ്പോൾ അവരും സഹായത്തിനുണ്ടാകും വയസ്സായതുകൊണ്ട് അതിനൊന്നും വയ്യായെന്ന നിലപാടു മാറ്റണം. മക്കളുടെ അവഗണനയും, പീഡന സാഹചര്യവും ചെറുത്തു തോൽപ്പിക്കാൻ ഇത്തരമൊരു കരുത്ത് തുണയാകും.
ആശ്രയിച്ചുജീവിക്കാനും സന്തതികളുടെ പരിചരണത്തിന്റെ സംതൃപ്തി നുകർന്നു കഴിയാനുള്ള ആഗ്രഹങ്ങൾ വാർഗദ്‍ധക്യത്തിലെത്തുന്പോൾ കൂടുതലുണ്ടാവും. വാർദ്‍ധക്യത്തെ നേരിടാൻ സ്വയം കരുത്തു നേടേണ്ട കാലമാണ് ഇന്നത്തേത്. അതോർത്തുകൊണ്ട് ജീവിച്ചാൽ പ്രശ്‌നരഹിതമായ വാർദ്‍ധക്യ ജീവിതം നയിക്കാനാവും തീർച്ച.