വി എസ്സിനെപ്പോലെ വി എസ് മാത്രം...


ധനേഷ് പത്മ

രളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നല്ല കമ്യൂണിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒരേ സ്വരത്തിൽ ഒരൊറ്റ ഉത്തരമേ ഉള്ളു. വിഎസ് അച്യുതാനന്ദൻ. കേരളത്തിന്റെ മുൻമുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ 94ാം ജന്മദിനമാണിന്ന്. കേരളം ഏറെ ആദരപൂർവ്വം വിളിക്കുന്ന സഖാവ് വിഎസ്സിന് പിറന്നാൾ ആശംസകൾ.

ജനമനസ്സുകളിൽ വിഎസ് അച്യുതാനന്ദൻ ഒരു വികാരമായി കുടികൊള്ളുന്നത് അദ്ദേഹത്തിന്റെ നിലപാടുകളും പ്രവർത്തനശൈലിയും കൊണ്ട് മാത്രമാണ്. സ്വന്തം പാർട്ടിയിൽ പോലും തനിക്ക് അഭിപ്രായവ്യത്യാസമുണ്ടായാൽ അത് തുറന്ന് പറയാൻ വിഎസ് എന്നും മടികാണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പാർട്ടിയിലെ അച്ചടക്കലംഘനത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾക്ക് അദ്ദേഹത്തിന് നിന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ പാർട്ടിയിൽ അദ്ദേഹം അച്ചടക്കം ലംഘിക്കുന്ന ആളാണെങ്കിൽ ജനങ്ങൾക്കിടയിൽ അദ്ദേഹം അച്ചടക്കത്തിനും നീതിക്കും വേണ്ടി പോരാടുന്ന, കൈയുയർത്തുന്ന ധീരസഖാവാണ്.

1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷണൽ കൗൺസിൽ യോഗത്തിൽ നിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആളാണ് വി.എസ് അച്യുതാനന്ദൻ. പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായി വിലയിരുത്തപ്പെടുന്ന വിഎസ്, സമരത്തീച്ചൂളയിൽ വാർത്തെടുത്ത തന്റെ ജീവിതം തന്നെയാണ്് അതിന് ഉദാഹരണമായി കാണിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് വിഎസ്സിനെ ശ്രദ്ധേയനാക്കുന്നത്. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ. കോൺഗ്രസ് ഭരണകാലത്ത് കേരള നിയമസഭയിൽ വിഎസ്സിന്റെ ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും  മുന്പിൽ പലപ്പോഴും സർക്കാറിന് മുട്ടുവിറച്ചിട്ടുണ്ടെന്നത് സത്യം.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ പ്രവർത്തനാരംഭം മുതൽ തിരുത്തൽ ശക്തിയായാണ് വിഎസ് അറിയപ്പെടുന്നത്. 1980കളിൽ പാർട്ടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താൻ ശ്രമം നടത്തിയപ്പോൾ അതിനെ ഉൾപ്പാർട്ടിവേദികളിൽ അതിനിശിതമായി എതിർത്തവരിലൊരാളാണ് അച്യുതാനന്ദൻ. ബദൽ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നൽകിയവരെ പിന്നീട് പാർട്ടിയിൽ നിന്നു പുറത്താക്കി. 2006ൽ സി.പി.എമ്മിന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ.കരുണാകരൻ കോൺഗ്രസ് വിട്ട് രൂപവത്കരിച്ച ഡി.ഐ.സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദൻ ശക്തമായി എതിർത്തിരുന്നു. രൂക്ഷമായ എതിർപ്പിനെത്തുടർന്ന് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വെയ്ക്കുകയും ചെയ്തിരുന്നു. 

പുതിയ കാലഘട്ടത്തിലും സമരമുഖങ്ങൾക്ക് വിഎസ്സിന്റെ ഛായ പലപ്പോഴും കാണാറുണ്ട്. ഈയിടെ നടന്ന, നമുക്ക് മറക്കാൻ കഴിയാത്ത മൂന്നാർ സമരത്തിൽ പോലും തൊണ്ണൂറുവയസ്സ് പിന്നിട്ട വിഎസ് സമരപന്തലിലെത്തി സമരക്കാർക്കൊപ്പം നിന്നത് പ്രായം തളർത്താത്ത, വിഎസ് എന്ന സമരനേതാവിന്റെ മനക്കരുത്ത് വെളിവാക്കുന്നതാണ്. അതുകൊണ്ടാണ് പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവായും അവരുടെ പ്രിയ സഖാവായും വിഎസ് മാറിയത്. അനീതിയെയും അഴിമതികളെയും എതിർക്കുന്ന സാധാരണ ജനങ്ങളുടെ സംരക്ഷകനായി വിഎസ്സിനെ നെഞ്ചിലേറ്റുന്നവരും ഏറെയാണ്.

1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി രാമസ്വാമി അയ്യരുടെ പോലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാന്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു വിഎസ്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും വിഎസ് അനുഭവിച്ചിട്ടുണ്ട്. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുന്പേ വി.എസ് പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുന്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒന്പതു പേരിൽ ഒരാളായിരുന്നു വിഎസ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ് മാത്രം. പി.കൃഷ്ണപിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്നാണ് അച്യുതാനന്ദൻ ജനകീയനായത്. പാർട്ടിക്കകത്ത് എ.കെജിയുടെ പിൻഗാമിയെന്ന് വിഎസ് അറിയപ്പെട്ടു. 

ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായത് ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി.എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ.വി പത്രോസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു.

പുന്നപ്രയിൽ നിരവധി ക്യാന്പുകൾക്ക് വിഎസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വളണ്ടിയർ ക്യാന്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാന്പുകളുടെ ചുമതലയാണ് വിഎസ്സിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ അടക്കം നിരവധി പോലീസുകാർ മരിച്ചതും ദിവാൻ സി.പിയുടെ ഉറക്കംകെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വിഎസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിന് അന്ന് വിഎസ് ഇരയായിട്ടുണ്ട്. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്ത് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇഎംഎസ്സും കെ.വി പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി.എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. ശേഷം പാലാ ആശുപത്രിയിൽ പോലീസുകാർ വിഎസ്സിനെ കൊണ്ട് വന്നു ഉപേക്ഷിക്കുകയായിരുന്നു. ഇത്തരം കൊടിയ പീഢനങ്ങളൊന്നും തളർത്താതെ കൈമുഷ്ടി ചുരുട്ടി പിടിച്ച് മുന്നോട്ട് നയിച്ച ജീവിതമാണ് അദ്ദേഹത്തെ ഈ 94ാം വയസ്സിലും പ്രസന്നവദനനാക്കുന്നത്.

വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രിഹാത്തവർ കുറവായിരിക്കും. 2006ൽ അത് സംഭവിച്ചു. അന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. 2006 മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി പുറത്തിറക്കിയതോടെ കേരളജനത ഒന്നടങ്കം ആഗ്രഹിച്ച മുഖ്യമന്ത്രികസേരയിൽ അദ്ദേഹം ഇരുന്നു.

ഒരു പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നതിന് ഇന്ന് സമൂഹത്തിൽ ചൂണ്ടികാണിച്ച് തരാൻ കഴിയുന്ന വ്യക്തിത്വത്തിനുടമായാണ് ശ്രീ വിഎസ്. രാഷ്ട്രീയ കോലഹലങ്ങളും സമരങ്ങളുമെല്ലാം അവനവന് ഗുണത്തിന് വേണ്ടിയെന്ന തരത്തിലേയ്ക്ക് തരംതാഴ്ന്ന കാലഘട്ടത്തിൽ പുതിയ തലമുറ മാതൃകയാക്കേണ്ടത്  വിഎസ്സിനെയാണ്. അങ്ങനെ മാതൃകയാക്കാൻ, യഥാർത്ഥ കമ്മ്യൂണിെസ്റ്റവിടെയേന്ന് ചോദിച്ചാൽ ചൂണ്ടികാണിക്കാൻ വിഎസ് ഇനിയും വർഷങ്ങളോളം ജീവിക്കട്ടെ... ഹാപ്പി ബെർത് ഡേ കോംറേഡ്...

You might also like

Most Viewed