ഹർത്താൽ അതെന്തിനായിരുന്നു ?
ഫിറോസ് വെളിയങ്കോട്
ജനങ്ങൾ ഒന്നുകൂടെ ബുദ്ധിമുട്ടി, കുറേ പേർക്ക് വേദനകളും, കൂടെ ആശുപത്രിയിൽ ഒരു ചികിത്സയും, പതിവുപോലെ ചോദിക്കട്ടെ എന്തിനായിരുന്നു ഹർത്താൽ ? ഈ ഹർത്താൽ കൊണ്ട് നാം എന്തു നേടി? കഴിഞ്ഞ പത്തു മാസത്തിനിടയിലെ നൂറാമത്തെ ഹർത്താലാണെത്രെ ഇത്.എന്തിനെതിരെ ആരു പ്രഖ്യാപിക്കുന്നതായാലും ഹർത്താൽ ജന ദ്രോഹവും ജനാതിപത്യ വിരുദ്ധവുമാണ്. ബന്ദോ, ഹർത്താലോ, പണിമുടക്കോ കൊണ്ട് ജന ജീവിതത്തിന്റെ സകല വാതിലുകളും അടച്ചു കളയുന്ന മറ്റൊരു സംസ്ഥാനം വേറെ ഉണ്ടോ ആവൊ? ഹർത്താൽ നടത്താൻ വേണ്ടി മത്സരിക്കുന്ന രാഷ്ട്രീയ കക്ഷികൾ അവരെയെല്ലാം സമ്മതിക്കണം. ഇത്രക്കും ക്രൂരമായി നാടിനെ അവഹേളിക്കാൻ ഈ രാഷ്ട്രീയ കക്ഷികൾക്ക് എങ്ങിനെ സാധിക്കുന്നു.
ഇന്ധനത്തിന്റെയും, നിത്യപയോഗ സാധനത്തിന്റെയും വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര −സംസ്ഥാന നയങ്ങൾക്കെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലായിരുന്നു. അതൊക്കെ നല്ല കാര്യം. ഈ ഹർത്താൽ കൊണ്ടെങ്കിലും വിലകയറ്റം, ഇന്ധനവില ഒന്നു കുറഞ്ഞാൽ അവർക്കൊരു ബിഗ് സല്യൂട്ട് തന്നെ കൊടുക്കാം. പക്ഷെ കുറയാൻ സാധ്യതയുണ്ടോ? കേന്ദ്രം ആർക്കൊപ്പമാണെന്നു ആർക്കറിയാം. പക്ഷെ ഏറ്റവും കൂടുതൽ വിലക്കയറ്റം കേരളത്തിൽ മാത്രം വരുന്നു അതെന്താണാവോ? അതൊക്കെ പോട്ടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹർത്താലുമായി ബന്ധപ്പെട്ട് വളരെ സമാധാനപരമായിരുന്നു ഹർത്താൽ എന്നു പറഞ്ഞു. കേരളത്തിലെ ജനങ്ങൾ സമാധാനപരമായിട്ടാണോ ഹർത്താൽ നടത്തിയതെന്ന് നമുക്ക് ചോദിച്ചുകൂടെ? എത്രയോ കാലമായി ഹർത്താലുകൾക്കെതിരെ പ്രസംഗിച്ചു കൊണ്ടിരിക്കുന്ന യുഡിഎഫ് നേതാക്കളെ കുറിച്ചും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുന്നോട്ടു കൊണ്ടു വന്ന ഹർത്താൽ നിയന്ത്രണ ബില്ലിനെ കുറിച്ചും, ഹർത്താലിനെതിരെയുള്ള വികാരത മുഴക്കി കെപിസിസി അധ്യക്ഷൻ എംഎം ഹസൻ നടത്തിയ നിരാഹാരത്തെകുറിച്ചുമൊക്കെ കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയവർ മറന്നു കാണുമായിരിക്കും. ബസ്സുകളും മറ്റു വാഹനങ്ങളുമൊക്കെ വഴിയിൽ തടഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിച്ചു കഷ്ടപെടുത്തുന്നു. ഒരുപാട് നഷ്ടം ആ ദിവസം പല വ്യക്തികൾക്കും സംഭവിച്ചിട്ടുണ്ടാകാം. ഓരോരോ കാര്യങ്ങളും നിരത്തി പാർട്ടികളും, സംഘടനകളും ഹർത്താൽ ആയുധമാകുന്പോൾ ഇതിന്റെ പേരിൽ ജനാതിപത്യത്തെയും, നാടിന്റെ സന്പദ്ഘടനയെയും ബാധിക്കുന്നുണ്ടെന്ന് ഇവരൊക്ക അറിയുന്നുണ്ടോ? ഒരു ദിവസം നീണ്ടു നിൽക്കുന്ന ഹർത്താലിന്റെ നേട്ടം പൂജ്യം. കേരളത്തിൽ ആ ഒരറ്റ ദിവസം വ്യവസായ മേഖലയിൽ മാത്രം ഉത്പ്പാദനത്തിലും , വരുമാനത്തിലുമുണ്ടാകുന്ന നഷ്ട്ം ശതകോടികളാണ്. ഹർത്താൽ നിരോധിച്ചില്ലെങ്കിൽ പതിനായിരംകോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ടൂറിസം വ്യവസായികളുടെ പ്രതിനിധികൾ നിയമസഭാ സെലക്റ്റ് കമ്മിറ്റിക്ക് മുന്പാകെ കഴിഞ്ഞ വർഷം മൊഴി നൽകിയിരുന്നു. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ എന്ന പ്രാകൃത ശൈലി ഉപേക്ഷിച്ചേ മതിയാകൂ. ഇനി ഹർത്താലുകൾ വരാനിരിക്കുന്നു. കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള കോടതി വിധിയിൽ അടുത്ത ഹർത്താൽ ഉടനെ പ്രതീക്ഷിക്കാം. ഒരുപാട് പാവം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ എന്നു ഈ നേതാക്കന്മാരും, രാഷ്ട്രീയ പാർട്ടികളും ചോദിക്കേണ്ടതുണ്ട്. അവർക്കും പലതും പറയാനുണ്ടാകും അതുകൂടെ നിങ്ങൾ കേൾക്കണം.എന്നിട്ട് പോരെ ഹർത്താൽ പ്രഖ്യാപിക്കൽ. ഈ ഹർത്താൽ കൊണ്ട് സ്കൂൾ വിദ്യാർത്ഥികൾക്കും, ഗവൺമെന്റ് ജോലിക്കാർക്കും പതിവുപോലെ ഒരു സുഖം കിട്ടിയിട്ടുണ്ടാകാം. ഒരു അവധി, അതിനിടയിലെ ദീപാലി അവധിയും, അവരെല്ലാം ആഘോഷിച്ചിട്ടുണ്ടാകാം. ഇടയ്ക്കിടയ്ക്ക് കുട്ടികളും പറയും ഇനി അടുത്ത ഹർത്താൽ വേഗം വരട്ടെയെന്ന്. കേരളമാണ് ഹർത്താൽ ഇനിയും വരും, പുതിയ വിഷയങ്ങളുമായി, ആ ദിവസം പതിവുപോലെ ചാനൽ ചർച്ചയും ഉണ്ടാകും, അക്രമം ഉണ്ടാകും, അക്രമത്തെ പ്രതിഷേധിച്ചു മറ്റൊരു ഹർത്താലും വരും. അതിനാൽ ഇതൊക്കെ എഴുതാനും, പറയാനും മാത്രമേ സാധിക്കൂ, മറിച്ച് ഒരു കാര്യവും ഉണ്ടാകില്ല എന്ന സത്യം മാത്രം അവശേഷിക്കും. വീണ്ടും അടുത്ത വിഷയവുമായി വരാം എന്ന പ്രതീക്ഷയോടെ ഈ വാരാന്ത്യ വീക്ഷണം വിടപറയുന്നു...