സമരം ചെയ്യാതിരിക്കുവാൻ ആർക്കാണ് കഴിയുക?
ഇ.പി അനിൽ
epanil@gmail.com
ജനാധിപത്യത്തിന്‍റെ ഉത്തമമാതൃകകൾ പിന്തുടരുന്ന നാട്ടിൽനിന്നും എന്താണ് രാഷ്ട്രീയം എന്ന ചോദ്യത്തിനുള്ള ഉത്തരം തൃപ്തികരമായി ലഭിക്കുന്നില്ല എങ്കിൽ അവിടെ ജനാധിപത്യപരീക്ഷണങ്ങൾ വെല്ലു വിളികളെ നേരിടുകയാണ് എന്ന് പറയേണ്ടിവരും.ഇന്ത്യൻ ജനാധിപത്യം പടിപടിയായി വളരുകയും ബ്രിട്ടീഷ് വിരുദ്ധ സമരമായി ഇന്ത്യൻ ജനങ്ങളിൽ പ്രതീക്ഷ ജനിപ്പിച്ച, വൈദേശിക ശക്തികളെ സഹന സമരത്തിലൂടെ തോൽപ്പിച്ച, സ്വാതന്ത്ര്യസമരം ലോകത്തിനു നൽ
കിയ പാഠം മഹത്തരമാണ്. ഒരു സമൂഹത്തിൽ എല്ലാ വിഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന അധികാര കേന്ദ്രം അസാധ്യമാണ് എന്നിരിക്കെ സമരങ്ങളില്ലാത്ത ഒരു ലോകം സാധ്യമല്ല. ചരിത്രത്തിലെ ആദ്യ സംഘടിത സമരം നടത്തിയ സ്പാർട്ടകസ്സും അദ്ദേഹത്തിനൊപ്പം സമരത്തിൽ പങ്കെടുത്ത അടിമകളും തുടങ്ങിവെച്ച സമരം ലക്ഷ്യത്തിനടുത്തെത്തിയത് 19ാം നൂറ്റാണ്ടിലാണ്. കേരളത്തിൽ 1976ൽ വരെ (വയനാട്) അടിമ വ്യാപാരം നടന്നിരുന്നു. അവകാശങ്ങൾക്കായി നീണ്ട സമരങ്ങൾ തുടരുന്പോൾ പലപ്പോഴും അതിൽ തിരിച്ചടികൾ ഉണ്ടാകുമെങ്കിലും അത്തരം സാഹചര്യങ്ങൾ തന്നെ മറ്റു സമരങ്ങൾക്ക് അവസരം ഒരുക്കിതന്നതായി കാണാം.
ലോകത്തെ പിടിച്ചു കുലുക്കിയ റഷ്യൻ വിപ്ലവത്തിന് വിവിധ മുഖങ്ങൾ ഉണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിൽ സഹിത്യകാരന്മാർ (ദോസ്കൊവിസ്കിയും മറ്റും) സാർ ചക്രവർത്തിമാർക്കെതിരെ നടത്തിയ സമരങ്ങൾ, പിൽക്കാലത്ത് ലെനിനും കൂട്ടരും st.petersburg university യിൽ നടത്തിയ സമരവും അതിനെ പിന്തുണക്കുവാൻ നേവിവകുപ്പിലെ പട്ടാളക്കാരും തൊഴിലാളികളും ഒന്നിച്ചപ്പോൾ 1917 നവംബറിൽ (ഒക്ടോബർ വിപ്ലവം) റഷ്യൻ വിപ്ലവം നടന്നു. ഇവിടെ സമരങ്ങൾ ചൂട് പിടിച്ചു തുടങ്ങിയത് വിദ്യാർത്ഥികളുടെ ക്യാന്പസ്സുകൾ ആണെന്നത് മറക്കുവാൻ കഴിയില്ല.
അമേരിക്കൻ വിമോചന പോരാട്ടങ്ങൾ കത്തി പടർന്നത് അമേരിക്കൻ വിദ്യർത്ഥികളുടെ നീണ്ട പ്രക്ഷോഭങ്ങളിലൂടെയാണ്. പിൽക്കാലത്ത് കറുത്ത വർഗ്ഗക്കാർ നടത്തിയ പ്രക്ഷോഭത്തിന്‍റെ നേതൃത്വത്തിൽ നിർണ്ണായക പങ്കാളിയായ മാർട്ടിൻ ലൂതർ കിംഗ് jr പ്രക്ഷോഭത്തിനാവശ്യമായ വിശ്വാസം ആർജ്ജിച്ചെടുത്തത് അദ്ദേഹം പഠിച്ച ക്യാന്പസുകളിൽ നിന്നും ആയിരുന്നു. ആഫ്രിക്കൻ വിമോചന നായകൻ നെൽസൺ മണ്ടേലയും പാലസ്തീൻ വിമോചന നേതാവ് അരാഫത്തും പ്രക്ഷോഭങ്ങൾ ആരംഭിച്ചത് അവരുടെ സുഹൃത്തുകൾക്കൊപ്പം വിദ്യാലയപരിസരങ്ങളിൽനിന്നും ആണ്. ലോക ചരിത്രത്തിലെ സമരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മാതൃകയായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും അധികം പങ്കാളികളായ ഗാന്ധിജിയും അദ്ദേഹത്തിന്‍റെ ശിഷ്യഗണങ്ങളും വിദേശത്തെ പഠന കേന്ദ്രങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളാക്കിമാറ്റിയത് ചരിത്രത്തിന്‍റെ ഭാഗമാണ്.
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരു ഗോഖലെ ഗാന്ധിജിയെ ശിഷ്യനെപ്പോലെ പരിഗണിച്ച് ഇംഗ്ലണ്ട് പഠന കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ പിൽക്കാലത്ത് ശക്തമായ നിരവധി സംഭവങ്ങൾക്ക് ഇടം ഉണ്ടാക്കി. ഗോഖലയുടെ ഇന്ത്യയെ പറ്റിയുള്ള സാന്പത്തിക പഠനങ്ങളിലൂടെ ബ്രിട്ടിഷുകാർ ഇന്ത്യയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു എന്നറിയുവാൻ എഴുതിയ പുസ്തകങ്ങളും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ കൂടിയിരിപ്പുകളും പിൽക്കാലത്ത് സമര നായകനായി മാറിയ ഗാന്ധിജിയെ രൂപപ്പെടുത്തുന്നതിൽ വളരെ പ്രധാന പങ്കുവഹിച്ചു.
ഗാന്ധിജിയുടെ ഇംഗ്ലണ്ട് പഠന കാലത്ത് അവിടെ പഠിക്കുവാൻ എത്തിയ വിദ്യാർത്ഥികളെ (സവർക്കർ മുതലായ) സംഘടിപ്പിച്ചു നടത്തിയ പദ്ധതികൾ വിദേശ മണ്ണിൽനിന്നും പോലും ഇന്ത്യൻ വിമോചന സമരങ്ങൾ ഉയർന്നുവരുവാൻ ഇടം നൽകി. അത്തരം സമരങ്ങളെ ആരുംതന്നെ നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്ന് പറയുവാൻ ഉണ്ടായിരുന്നില്ല. ഗാന്ധിജിയുടെ പിൻതല മുറക്കാർ നെഹ്റുവും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ഇന്ത്യയിൽ മടങ്ങി എത്തി വിദേശത്ത് തുടങ്ങിവെച്ചസമരങ്ങൾക്ക് കൂടുതൽ ജനകീയ മുഖം നൽകി. ഇന്ത്യയിലെ വിദ്യർത്ഥികളും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ വലിയ സംഭാവനകൾ നൽകിവന്നു.
ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിലെ ആദ്യ സംഘടിത പ്രക്ഷോഭമായി പരിഗണിച്ച 1857ലെ സമരത്തിലെ നായകന്മാർ ലാൽ-പാൽ-−ബാൽ സംഘം അവർ പഠിച്ച യൂണിവേഴ്‍സിറ്റികളെ സമര കേന്ദ്രങ്ങളാക്കി. പിൽക്കാലത്ത് പലരും വിദ്യാഭ്യാസം തന്നെ ഉപേക്ഷിച്ച് സമര രംഗത്തുണ്ടായി. ഗാന്ധിജി നടത്തിയ നിസ്സഹകരണ പ്രസ്ഥാനവും ദണ്ധിയാത്രയും പിന്നീട് ഉണ്ടായ നിയമ ലംഘന പ്രക്ഷോഭവും എല്ലാം കരുത്തു നേടിയതിൽ അക്കാലത്തെ വിദ്യാലയ ക്യാന്പസ്സുകൾക്ക് വളരെ പ്രധാന പങ്കാണ് ഉള്ളത്. ക്വിറ്റ്‌ഇന്ത്യ സമരവും നേവി കലാപത്തിനു പിന്തുണ നൽകിയ വിദ്യാർത്ഥി സമൂഹവും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എത്തി. ശ്രീ സുഭാഷ്‌ചന്ദ്രബോസ് രൂപീകരിച്ച ഐഎൻഎയുടെ പോരാളികളിൽ വിദ്യാർത്‍ഥിനികളും പങ്കാളികളായി. ശ്രീമതി ലക്ഷ്മി, അഹല്യ തുടങ്ങിയവർ അതിന്‍റെ നായകസ്ഥാനത്തെത്തി.
കേരളത്തിന്‍റെ രാഷ്ടീയ ചരിത്രം തുടങ്ങിയ കാലം മുതൽ വിദ്യർത്ഥികൾ സമരങ്ങളിൽ അണിനിരന്നുകൊണ്ട് അവരുടെ സാമൂഹിക പ്രതിപത്തത തെളിയിച്ചു. തിരുവിതാംകൂർ രാജഭരണത്തിനെതിരെ വിദ്യർത്ഥികൾ നടത്തിയ സമരത്തെ കുതിര പോലിസ്സിനെ ഉപയോഗപ്പെടുത്തി നടത്തിയ അടിച്ചമർത്തലിൽ തിരുവനന്തപുരം പേട്ടക്കാരൻ വിദ്യാർത്‍ഥിയായിരുന്ന രാജേന്ദ്രൻ ചവിട്ടേറ്റ് മരണപ്പെട്ടത് ഇന്നും മറക്കുവാൻ കഴിയുന്നതല്ല. ഉത്തരവാദിത്ത പ്രക്ഷോഭത്താൽ തിരുവിതാംകൂർ ഇളകി മറിഞ്ഞതിൽ അന്നത്തെ വിദ്യാലയങ്ങൾ വഹിച്ച പങ്കും അതിനു മുന്‍പ് മലയാളി മെമ്മോറിയൽ ഈഴവ മെമ്മോറിയൽ തുടങ്ങിയവയോടെ വിദ്യാർഥികൾ കാട്ടിയ താൽപര്യം ആധുനിക കേരളസൃഷ്ടിക്ക് അടിത്തറ പാകി. കേരളത്തിൽ ഗാന്ധിജി നടത്തിയ സന്ദർശനവും അദ്ദേഹത്തിന്‍റെ ആഹ്വാനത്തിൽ കൗമുതി എന്ന പെൺകുട്ടി തന്‍റെ ആഭരണം ഊരി നൽകിയതും പിൽക്കാലത്ത് നിരവധി ആളുകളെ പ്രചോദിപ്പിച്ചു. ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുക്കുവാൻ തിരുവിതാംകൂറിൽ നിന്നും എൻസി ശേഖർ, പി.കൃഷ്ണപിള്ള തുടങ്ങിയ പിൽക്കാല കമ്യുണിസ്റ്റ്കാരും വൈക്കം മുഹമ്മദു ബഷീറും വിദ്യാലയങ്ങൾ ഉപേക്ഷിച്ചു സമരത്തിൽ അണിചേർന്നു. ഇഎംഎസ് തന്‍റെ ബിരുദ പഠനം ഉപേക്ഷിച്ചു. അങ്ങനെ വിദ്യർത്ഥികൾ ഇന്ത്യൻ സ്വതന്ത്ര സമരത്തിന്‍റെ അവിഭാജ്യ ഭാഗമായി. ഇവർ വിദ്യാലയങ്ങൾ ഉപേക്ഷിച്ച് പുറത്തുവന്നതിലൂടെ രാജ്യത്തിന്‍റെ ചരിത്രം തിരുത്തി കുറിച്ചു. അവരുടെ രാഷ്ട്രീയ ബോധത്തെ (വിദ്യാർഥികൾ ആയതിനാൽ) കുറച്ചു കാണുവാൻ നാട്ടിൽ ഒരു ഗ്രൂപ്പുകളും തയ്യാറായിരുന്നില്ല.
സ്വാതന്ത്ര്യം നേടിയ നാട്ടിൽ ജനം വീണ്ടും സമര പഥങ്ങളിൽ എത്തേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. രാജ്യം ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച ശേഷവും ജനങ്ങൾ സമരങ്ങൾ ഉപേക്ഷിക്കുവാൻ തയ്യാറാകാത്തത് അവരുടെ കുറ്റമായി ആരും കരുതും എന്ന് തോന്നുന്നില്ല. സ്വതന്ത്ര്യ ഇന്ത്യയെ പറ്റി ഓർത്ത് ആദ്യമായി നിരാശ പ്രകടിപ്പിച്ച വ്യക്തി ഗന്ധിജി തന്നെയായിരുന്നു. രാജ്യത്തെ ആദ്യത്തെ പ്രതിപ്രക്ഷ നേതാവ് സ്ഥാനം അദ്ദേഹത്തിന് മാത്രം സ്വന്തമാണ്. രാജ്യത്തിന്‍റെ വികസന കാര്യങ്ങളിൽ ഗാന്ധിയൻ ആശയങ്ങൾ ഇല്ലാതിരിക്കുകയും ഒപ്പം തന്നെ നെഹ്റുവിയൻ നിലപാടുകളോ എംഎൻ റോയ് ആഗ്രഹിച്ച സോഷ്യലിസ്റ്റ് വികസന പാതയോ ഇല്ലാത്ത ആസൂത്രണം ദേശിയമായി ആദ്യ കോൺഗ്രസ്് സർക്കാർ അം ഗീകരിച്ചു. 1948ൽ കമ്യുണിസ്റ്റ് പാർട്ടികൾ യഥാർത്ഥ സ്വതന്ത്ര്യം നേടുവാൻ കൂടുതൽ സമര മാർഗ്ഗങ്ങൾ ഉണ്ടാകേണ്ടതുണ്ട് എന്ന് പ്രഖ്യാപിച്ച് അട്ടിമറി സമരങ്ങൾക്ക് നേതൃത്വം നൽകി. (കൊൽക്കത്ത തീസിസ്) അവരേ പിന്തുണക്കുന്ന യുവജനങ്ങൾ, വിദ്യർത്ഥികൾ, കർഷകരും കർഷക തൊഴിലാളികളും നിരവധി പ്രാദേശിക വിപ്ലവ സമരങ്ങൾ നടത്തി. ചുരുക്കത്തിൽ സ്വതന്ത്ര ഇന്ത്യയിൽ സമരങ്ങൾക്ക് പുതിയ മുദ്രാവാക്യങ്ങൾ ഉണ്ടാകുകയും പ്രാദേശികവും ദേശിയവും ആയ സമരങ്ങൾ വർദ്ധിക്കുകയും ചെയ്തു. സമരങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായി. എന്നാൽ സമരങ്ങൾ തുടരുവാൻ ജനങ്ങൾ നിർബന്ധിതരാണ്.
നമ്മുടെ നാടിന്‍റെ ഭാഗമായ യുവജനങ്ങൾ എന്ന് മാത്രമല്ല 18 വയ്യസ്സിനു മുകളിൽ പ്രായമായ ഏവരും നാടിന്‍റെ ജനാധിപത്യ സംവിധാനത്തിൽ ഇടപെടുകയും അത്തരം ശ്രമങ്ങളെ സർക്കാർ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാത്രവുമല്ല 18 വയസിനു താഴെയുള്ള കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുവാൻ സ്കൂളുകളിലും മറ്റും സ്ക്കൂൾ പാർലമെന്‍റുകൾ സംഘടിപ്പിക്കുന്നുണ്ട്. റോഡ് സുരക്ഷ, ശുചിത്വം മുതലായ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പങ്കാളിത്തം വഹിക്കുവാൻ അവസരം ഉണ്ടാക്കുന്നു.
ഇന്ത്യൻ ഭരണ സംവിധാനം ഇന്ത്യൻ വിദ്യർത്ഥികളോട് നീതി പുലർത്തുന്നുവോ എന്ന ചോദ്യത്തിനു ഉത്തരം നൽകേണ്ടത് മുതിർന്നവരും മുതിർന്നവരുടെ നേതാക്കൾ നിയന്ത്രിക്കുന്ന ഭരണ സംവിധാനവുമാണ്. ഇന്ത്യൻ വിദ്യാഭ്യാസ രംഗം ലോകനിലവാരത്തിൽ ആശാവഹമായ സ്ഥാനം നേടിയെടുത്തിട്ടില്ല. ലോക സർവ്വകലാശാലകളുടെ ചരിത്രത്തിൽ തുടക്കക്കാരായ തക്ഷശിലയും നളന്ദയും ബുദ്ധമത പാഠശാലകളും (കാന്തല്ലൂർ ശാല, തിരുവല്ല ശാല) ഉണ്ടായിരുന്ന ഇന്ത്യ
യിൽ ലോകത്തെ യുവ ജനങ്ങളിൽ 20%വും പൗരന്മാരായിട്ടുണ്ട്. 789 ലധികം സർവ്വകലാശലകൾ അവയിൽ 21000 വിദ്യാർത്ഥികൾ തുടങ്ങി വിപുലമായ വിദ്യാഭ്യാസ ശൃംഖലയുള്ള രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിതാപകരമാണ്. പുതിയ കണ്ടെത്തലുകൾ, തീസിസ്സ്, പെറ്റണ്ട് തുടങ്ങിയ വിഷയങ്ങളിൽ ഏറെ പിൻനിരയിലുള്ള ഇന്ത്യയിൽ നിന്നും ലോകത്തെ വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ നിരവധിയാണ്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ പൊരുത്തക്കേടുകളെ പറ്റി പരാമർശിച്ച ആദ്യ വിദ്യാഭ്യാസ കമ്മീഷൻ (രാധാകൃഷ്ണൻ) പിന്നീടു വന്ന കോത്താരി കമ്മീഷൻ ഒക്കെ വിദ്യഭ്യാസത്തിന് ജെഡിപിയുടെ 6 മുതൽ 8% വരെ തുക മാറ്റിവെയ്ക്കണം എന്ന് നിർദ്ദേശിച്ചു. ബ്രസീൽ, കിഴക്കൻ ആഫ്രിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ 6% തുക മാറ്റി വെച്ച് വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്നു. എന്നാൽ നമ്മുടെ രാജ്യത്തെ ഗ്രാമങ്ങളിൽ വിദ്യാലയങ്ങൾ ഏക അദ്ധ്യാപക പള്ളികൂടങ്ങൾ ആയി പ്രവർത്തനം തുടരുന്നു. ഇന്നും രാജ്യത്തെ 30% കുട്ടികളും പള്ളികൂടത്തിൽ പോകുവാൻ കഴിയാതെ നിരക്ഷരരായി ജീവിക്കുകയാണ്. ഒരു കോടി കുഞ്ഞുങ്ങൾ ബാലവേലയെടുക്കുന്ന യാഥാർഥ്യം നാടിനു നാണക്കേട് വരുത്തി വെയ്ക്കുന്നുണ്ട്.
ആഗോളവൽക്കരണം ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തും വലിയ രീതിയിൽ കച്ചവടവൽക്കരണത്തിന് അവസരം ഒരുക്കി. പ്രവേശനം പണത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനിച്ചു. കേരളത്തിൽ 2002−2003ൽ എ.കെ ആന്റണി നടപ്പിൽ വരുത്തിയ സ്വാശ്രയ മെഡിക്കൽ, എൻജിനീയറിംഗ് വിദ്യാലയങ്ങൾ എന്തൊക്കെ അപകടമാണ് നമ്മുടെ നാട്ടിൽ വരുത്തി വെയ്ക്കുന്നത് എന്നത് നമുക്കെല്ലാം അറിവുള്ളതാണ്. ജാതി−മത സാന്പത്തിക സ്വാധീനക്കാർ നിയമത്തിന്‍റെ പഴുതുകൾ നിരത്തി ജനങ്ങളെ വെല്ലുവിളിക്കുന്പോൾ കോടതികൾ പലപ്പോഴും കേവലം വ്യവാഹരത്തിലെ റഫ്റീയുടെ റോളിൽ മാത്രം പ്രവർത്തിക്കുന്നു എന്ന് പറയുവാൻ നിബന്ധിതമാകുന്നുണ്ട്. ന്യൂന പക്ഷത്തിന്‍റെ പേരിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളുടെ മറവിൽ നടത്തുന്ന കച്ചവടങ്ങൾക്ക് ആരാണ് നിയമ സാധുത നൽകുന്നത്? വിദ്യാലയത്തിന്‍റെ നടത്തിപ്പിനായി മുൻഗണന നൽകുന്പോൾ കോടതികൾ (മിക്കപ്പോഴും) വിദ്യാർത്‍ഥികളുടെ താൽപര്യങ്ങൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങിയ കാര്യങ്ങളിൽ ഉൽക്കണ്ഠ കാണിക്കുന്നില്ല.
കേരളത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി സ്വാശ്രയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന നിയമ ലംഘനങ്ങൾ, മർദ്ദനവും മറ്റു ശാരീരിക ആക്രമണങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കെ അതിനെതിരെ സമരം ചെയ്യുവാൻ മുന്നിൽ നിൽക്കുന്നത് മുഖ്യമായും വിദ്യാർത്‍ഥികൾ മാത്രമാണ്. അവരുടെ ഉൽകണ്ഠകൾ ഏറ്റെടുത്ത് സർക്കാരിനെ തിരുത്തി മുന്നോട്ട് നയിക്കുവാൻ കഴിയേണ്ട രാഷ്ട്രീയ നേതാക്കൾ വിഷയങ്ങളിൽ നിന്നും അകലം പാലിക്കുന്നു. വിദ്യാഭ്യാസ ലോകത്തെ എല്ലാ സമീപനങ്ങളും ലാഭം മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്പോൾ അത് പ്രതികൂലമായി ബാധിക്കുന്നത് വിദ്യാഭ്യാസ നിലവാരം, വിദ്യാഭ്യാസത്തിനോടുള്ള പ്രതിപത്തത, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളെ ആണ്. ഇവിടെ കോടതിൽ ജനാധിപത്യ സംവിധാനങ്ങളെ കർക്കശമായി വിമർശിച്ച് നേർ വഴിക്ക് (ഭരണഘടന അനുസൃതമായി) നയിക്കുവാൻ വിജയിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ആദ്യ സർക്കാർ പ്രഖ്യാപിച്ച എല്ലാവരെയും സാക്ഷരർ ആക്കുക, എല്ലാവർക്കും സ്ക്കൂൾ വിദ്യാഭ്യാസം എന്ന പ്രഖ്യാപിത നയങ്ങൾ കൈവെടിഞ്ഞ് പണം മുടക്കി പണം വാരുവാൻ എത്തുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് സർക്കാർ ചുവടുകൾ മാറ്റുന്പോൾ വിഷയത്തിൽ കോടതികളും വേണ്ട ജാഗ്രത കാട്ടുന്നില്ല. വിദ്യർത്ഥികൾ അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ശ്രമിക്കുന്പോൾ തന്നെ ലോകത്ത് തങ്ങൾക്കു ചുറ്റും നടക്കുന്ന പ്രവർത്തനങ്ങളെ പറ്റി അറിയുവാനും അതിൽ ഇടപെടുവാനും ഓരോ വിദ്യാർത്‍ഥിയും ബാധ്യസ്ഥരാണ്. രാജ്യത്തെ കൃഷിയും വ്യവസായവും സാംസ്‌കാരിക പ്രവത്തനം, സാന്പത്തിക രംഗം തുടങ്ങിയ എല്ലാ രംഗത്തും പുതിയ കാലത്തിന്‍റെ അംശങ്ങളെ വേണ്ടവണ്ണം മനസ്സിലാക്കി ഇടപെടുവാൻ വിദ്യാർത്ഥികൾക്ക് ഉത്തരവാദിത്തമുണ്ട്.
വിദ്യാർത്ഥികൾ പഠിക്കുവാൻ മാത്രം സ്കൂളിൽ പോകുക, സമരങ്ങളെ തള്ളിപറയുക തുടങ്ങിയ പരാമർശങ്ങൾ ഭരണഘടനാ സ്ഥാപനങ്ങൾതന്നെ നടത്തുന്പോൾ അവർ ജനാധിപത്യത്തിന്‍റെ വിശാലമായ സാധ്യതകളെ തള്ളിപറയുകയാണ്. രാഷ്ട്രീയ പാർട്ടികളാൽ നിയന്ത്രിക്കുന്ന സംവിധാനം വിദ്യാലയങ്ങളിൽ അനാവശ്യമാണ് എന്ന കാര്യത്തിൽ തർക്കമില്ല. ആരുടെയും ചട്ടുകമായി പ്രവർത്തിക്കാതെ വിദ്യാലയങ്ങളുടെയും വിദ്യാഭ്യാസ സിലബസ്സിന്‍റെയും (വിദ്യർത്ഥികളുടെ ഉത്തരവാദിത്തവും) കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ വിദ്യർത്ഥികൾ തന്നെ മുന്നിൽ നിൽക്കേണ്ടതുണ്ട്.
സമരങ്ങളെ ആകെ തള്ളി പറയുകയും വ്യക്തികൾ സാമൂഹിക വിഷയങ്ങളിൽ നിന്നും വ്യക്തികളിലേയ്ക്ക് ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർത്‍ഥി സമൂഹം (പ്രത്യേകിച്ചും) കൂടുതൽ സാമൂഹിക വൽക്കരിക്കപ്പെടേണ്ടതുണ്ട്. ഇതിനുതകുന്ന ഏറ്റവും നല്ല മാർഗ്ഗം അവരുടെ രാഷ്ട്രീയ അജണ്ടകൾ ഉയർത്തി പിടിച്ച് സമര സജ്ജരാക്കുക എന്നാണ്. ഗാന്ധിജി വിദ്യർത്ഥികളോട് നിങ്ങൾ പഠനം ബഹിഷ്ക്കരിക്കുക എന്ന് ആവശ്യപ്പെട്ടപ്പോൾ അത്തരം ആഹ്വാനം രാജ്യം എന്ന പാഠശാലയിലേയ്ക്ക് പുതുതലമുറയെ എത്തിക്കുക എന്നായിരുന്നു കോൺഗ്രസ് ദേശിയ നേതൃത്വം ആഗ്രഹിച്ചത്.
രാഷ്ട്രീയം എന്നത് കേവലം മുദ്രാവാക്യമോ പ്രത്യേക പാർട്ടികളുടെ കൊടി പിടിച്ച് ആനുകൂല്യം നേടിയെടുക്കുന്ന പദ്ധതിയോ അല്ല. സാമൂഹിക ജീവിയായ ഏതൊരു മനുഷ്യനും (രാഷ്ട്രീയത്തെ നിയമ വിരുദ്ധ പ്രവർത്തനമായി കാണുന്ന ഇടങ്ങളിൽ) ജാതി, മത, വർഗ്ഗീയ, ഉപഭോഗ വിഷയങ്ങളിൽ സജ്ജീവമായി പ്രവർത്തിക്കുവാൻ അവസരം കിട്ടുന്നു. ജാതി വിരുദ്ധവും മതനിരപേക്ഷവും സോഷ്യലിസ്റ്റ് ആശയങ്ങളും കൊണ്ട് സജ്ജീവമായ ക്യാന്പസ്സുകൾ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നു. എന്നാൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിർജ്ജീവമായ വിദ്യാലയങ്ങളിൽ വർഗ്ഗീയതയും മത വിദ്വേഷങ്ങളും പ്രകടമാണ്. രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ എന്നാണർത്ഥം. രാഷ്ടീയം എന്ന ഉപകരണം ഉപയോഗിച്ച് (സാമൂഹികമായ) കളകൾ പറിച്ചെറിഞ്ഞ്, എല്ലാവർക്കും ജനാധിപത്യത്തിന്‍റെ വിളകൾ വിതച്ച്, യഥേഷ്ടം നന്മകൾ വിളയിക്കുവാൻ നടത്തുന്ന നിരന്തരം ശ്രമങ്ങൾ വിജയിക്കുന്പോൾ സമൂഹം സുരക്ഷിതത്വത്തിൽ എത്തിച്ചേരും.
നമ്മുടെ കോടതികൾ ഇന്ത്യൻ രാഷ്ടീയ ചരിത്രത്തെ എവിടെയെങ്കിലും വെച്ച് മറന്നുപോയാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന് വൻ തിരിച്ചടികൾ സമ്മാനിക്കും. ആധുനിക കേരളത്തിന്‍റെ രൂപീകരണത്തിൽ നിർണ്ണായക സംഭാവനകൾ നൽകിയ ക്യാന്പസ് രാഷ്ട്രീയം കൂടുതൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുവാൻ വിജയിച്ചാൽ വിദ്യാലയങ്ങളുടെ മറ പിടിച്ചു നടക്കുന്ന തട്ടിപ്പുകളും അവിടെ നടക്കുന്ന വർഗ്ഗീയ വിഭാഗ്ഗീയ പ്രവർത്തനങ്ങളും അവസാനിപ്പിക്കുവാൻ കഴിയും.