വിദ്യാർത്ഥി രാഷ്ട്രീയവും സമരവും നിരോധിക്കുന്പോൾ...
രാമത്ത് ഹരിദാസ്
കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥിരാഷ്ട്രീയവും സമരവും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി വിദ്യാഭ്യാസ മേഖലയിൽ വരും ദിവസങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവെയ്ക്കും എന്ന് തീർച്ചയാണ്. പ്രസ്തുതവിധി പുനഃപരിശോധിക്കണമെന്ന് ഇപ്പോൾ തന്നെ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ നേതാക്കൻമാരും ആവശ്യപ്പെട്ടുകഴിഞ്ഞു. കോടതിവിധിയുടെ അടിസ്ഥാനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് ഒരുക്കമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും ഗവൺമെന്റും അറിയിച്ചു എന്നും മാനേജ്മെന്റുകൾ ആഗ്രഹിച്ച വിധി ആയതിനാൽ അവർ അതിന് തയ്യാറാകുമോ എന്നതും വേറെ കാര്യം. ഉദാഹരണം, കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് നിയന്ത്രണമേർപ്പെടുത്താൻ സ്വകാര്യ മാനേജ്മെന്റുകൾക്ക് അധികാരം നൽകുന്ന ഹൈക്കോടതിയുടെ ഒരു പരാമർശം വന്നപ്പോൾ അതിനെ സ്വാഗതം ചെയ്യുകയും പ്രസ്തുത പരാമർശത്തിന്റെ മറവിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം പൂർണ്ണമായി നിരോധിക്കാൻ വരെ ചില സ്വകാര്യ മാനേജ്മെന്റുകൾ തയ്യാറായി എന്നതും കേരളീയ സമൂഹം മറന്നുകാണില്ല. എന്നാൽ ശക്തമായ പോരാട്ടത്തിലൂടെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം മാനേജ്മെന്റിന്റെ തീരുമാനത്തെ ചെറുത്ത് തോൽപ്പിച്ച ചരിത്രവും നമുക്ക് മുന്പിലുണ്ട്.
വിദ്യാർത്ഥികളുടെ സംഘടനാ പ്രവർത്തനം നിരോധിക്കുകയും സമരം ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കുകയും ചെയ്യുകവഴി, ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാവുകയും മാനേജ്മെന്റുക
ളുടെ ഏകാധിപത്യ പ്രവണതകൾ അരങ്ങു വാഴാനും അവരുടെ ചെയ്തികൾ ചോദ്യം ചെയ്യപ്പെടാതിരിക്കാനും ഫലത്തിൽ സാമൂഹ്യ വിരുദ്ധർക്കും വർഗ്ഗീയ സംഘടനകൾക്കും വിദ്യാലയങ്ങളിൽ പ്രവർ
ത്തിക്കാനുള്ള വേദിയൊരുക്കുകയാവും ഇത്തരക്കാർ ചെയ്യുകയെന്ന് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്താൻ വിദ്യാർത്ഥി സംഘടനകൾക്ക് കഴിഞ്ഞിരുന്നു. അതേപോലെ സ്വകാര്യ പോളിടെക്നിക് സമരവും, സാശ്രയ കോളേജുകൾക്കെതിരെ നടന്ന സമരവും സ്വകാര്യ മാനേജ്മെന്റിന്റെ പീഢനത്തിനിരയായ രജനി എസ്. ആനന്ദിന്റെ ആത്മഹത്യക്കു ശേഷം നടന്ന പ്രതിഷേധമായാലും അടുത്ത കാലത്ത് സ്വകാര്യ നേഴ്സുമാരുടെ നേതൃത്വത്തിൽ നടന്ന സമരവിജയത്തിന്റെ പിന്നിലും കേരളീയ സമൂഹം ഒറ്റക്കെട്ടായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്.
കോട്ടയം പാന്പാടി നെഹ്റുകോളേജ് വിദ്യാർത്ഥിയായിരുന്ന വിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തിന് പിറകിലും വിദ്യാർത്ഥികളുടെ ശക്തിയില്ലെന്ന് ആർക്കാണ് നിഷേധിക്കാൻ കഴിയുക.കഴിഞ്ഞ യുഡിഎഫ് സർക്കാർ സ്വകാര്യ മാനേജ്മെന്റുകൾക്ക് സ്വയംഭരണാവകാശം നൽകുവാനുള്ള തീരുമാനമെടുത്തപ്പോൾ ശക്തമായി ചെറുത്ത് തോൽപ്പിക്കാനും തീരുമാനം പിൻവലിപ്പിക്കാനും വിദ്യാർത്ഥി സമൂഹത്തിന് കഴിഞ്ഞു. സ്വയംഭരണാവകാശത്തിന്റെ പരിധിയിൽ സിലബസ് ഉൾപ്പടെ തീരുമാനിക്കാനുള്ള അധികാരം സ്വകാര്യ മാനേജ്മെന്റുകളുടെ കൈകളിൽ നിക്ഷിപ്തമാകുന്പോൾ ചരിത്രം പോലും തിരുത്തിയെഴുതാൻ മുതിരില്ല എന്നതിന് എന്താണുറപ്പ്. സർക്കാർ അധീനതയിൽ എന്നപോലെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ മാനേജ്മെന്റുകളുടെ കീഴിലും പ്രവർത്തിക്കുന്ന നാടാണ് നമ്മുടേത്. അതിൽ തന്നെ ബഹുഭൂരിപക്ഷവും ജാതി, മത സംഘടനകളുടെ നേതൃത്വത്തിലാണ് ഭരണം കയ്യാളുന്നത് എന്നതും ഓർക്കണം. ചുരുക്കത്തിൽ വിദ്യാർത്ഥികളുടെ സംഘടിക്കാനും പ്രധിഷേധിക്കാനുമുള്ള അവകാശത്തെ തകർക്കുകവഴി മാനേജ്മെന്റിന്റെ ആജ്ഞാനുവർത്തികളായി വിദ്യാർത്ഥികളും ഭാവിയിൽ അദ്ധ്യാപകരും മാറേണ്ടി വരും എന്നതാവും കോടതിവിധിയുടെ അനന്തരഫലം. വളരെ ഗൗരവമേറിയതും ദൂരവ്യാപകവുമായ പ്രത്യഘാതങ്ങൾക്ക് ഭാവിയിൽ വഴിവെയ്ക്കാവുന്നതുമായ കോടതിവിധി പൊതുസമൂഹത്തിന്റെ മുന്പിൽ ചർച്ചചെയ്യാനും ബോധ്യപ്പെടുത്താനുമുള്ള ബാധ്യത വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ നേതാക്കൻമാരും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
വിദ്യാർത്ഥി സംഘടനകളുടെ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഒട്ടേറെ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർത്ഥിസംഘടനകളുടെ സന്ദർഭോചിതമായ ഇടപെടലുകൾ സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ തീച്ചൂളയിൽ പിറവിയെടുത്ത എഐഎസ്എഫ് എന്ന സംഘടിത വിദ്യാർത്ഥി പ്രസ്ഥാനം “പഠിക്കുക പോരാടുക” എന്ന മുദ്രാവാക്യത്തിന്റെ മുഖ്യധാരയിൽ അണിചേർന്നത് ചരിത്രമറിയാവുന്ന ആർക്കാണ് നിഷേധിക്കാൻ കഴിയുക.
18 വയസ്സ് വോട്ടവകാശം പ്രാബല്യത്തിലുള്ള രാജ്യമാണ് നമ്മുടേത്. ജനാധിപത്യത്തിന്റെയും നീതി നിഷേധത്തിന്റേയും സത്യസന്ധമായ സമീപനങ്ങളും അന്വേഷണങ്ങളും ഉടലെടുക്കേണ്ടത് കലാലയ അന്തരീക്ഷത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ സമാധാനപരമായ വിദ്യാലയ അന്തരീക്ഷം നിലനിർത്തേണ്ടത് അനിവാര്യവുമാണ്. എന്നാൽ കേരളത്തിലെ വിദ്യാർത്ഥി സംഘടനകളുടെ സമീപകാല പ്രവർത്തനശൈലി അതിനു വിഘാതം സൃഷ്ടിക്കുന്നു എന്ന യാഥാർത്ഥ്യം മറച്ചുവെച്ചിട്ടു കാര്യമില്ല. വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം സമൂഹത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതും വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തന ശൈലിയിൽ സമൂലമായ ഒരു മാറ്റും ആഗ്രഹിക്കാത്തവരും വിരളമാണ്. വിദ്യാലയങ്ങളിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം സൗഹൃദപൂർവ്വമായ അന്തരീക്ഷം തകർന്ന് തെറ്റായ മുൻഗണനാ ക്രമങ്ങളുടെ പിറകെപ്പോയ വിദ്യാർത്ഥി സംഘടനകൾ ലക്ഷ്യബോധം മറന്ന് അക്രമത്തിന്റേയും അരാജകത്വത്തിന്റേയും പാതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കുകയും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥ വിദ്യാലയ അന്തരീക്ഷത്തിൽ സംജാതമാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ സർഗ്ഗാത്മക രാഷ്ട്രീയത്തിന്റെ നൂതന സരണിയിലേയ്ക്ക് വിദ്യാലയ രാഷ്ട്രീയത്തേയും സമരമാർഗ്ഗങ്ങളേയും തിരിച്ചുവിടാനുള്ള വെല്ലുവിളിയായും കോടതിവിധിയെ വിദ്യാർത്ഥിസംഘടനകൾ ഏറ്റെടുക്കുമെന്ന് പ്രത്യാശിക്കാം...