ആരവങ്ങളി­ല്ലാ­ത്ത വാ­രം...


വി.ആർ. സത്യദേവ് 

sathya@dt.bh

അമേരിക്കയിൽ രാഷ്ട്രീയ രംഗത്തു നിന്നും വെടിയും പുകയുമൊക്കെ ഉയരുന്നുണ്ടെങ്കിലും അതൊന്നും ഈ വാരം ഒരു പൊട്ടിത്തെറിയോളം എത്തിയിട്ടില്ല. ഇറാഖിലെ ചെറിയ സ്‌ഫോടനങ്ങളും പത്തിൽ താഴെയുള്ള മരണങ്ങളും വാർത്തയല്ലാതായതുപോലെയാണ് അമേരിക്കയിൽ ട്രംപിന്റെയും ട്രംപിനെതിരെയും ഉയരുന്ന ആരോപണപ്രത്യാരോപണങ്ങളും പിരിച്ചു വിടലുകളുമൊക്കെ. അമേരിക്കയിൽ ട്രംപ് വിരോധം കാട്ടു തീ പോലെ പടരുകയാണെന്ന് എതിരാളികൾ ആരോപിക്കുന്പോൾ സാക്ഷാൽ കാട്ടു തീയും ഭരണകൂടത്തിനു തലവേദനയാവുകയാണ്.  

പ്രകൃതി ദുരന്തങ്ങൾ അമേരിക്കയെ വിടാതെ പിന്തുടരുകയാണ്. ഫ്ലോറിഡക്കാരേ വെള്ളത്തിലാക്കിയ ഇർമ്മ ചുഴലിക്കൊടുങ്കാറ്റിന്റെ ആഘാതത്തിൽ നിന്നും ആയിരങ്ങൾ ഇനിയും മുക്തരായിട്ടില്ല. അതിനു മുന്നേയാണ് അടുത്ത അശനിപാതം. ഇത് അക്ഷരാർത്ഥത്തിൽ ഇടിത്തീ വീണതിനു സമമാണ്. അമേരിക്കയിലെ കലിഫോണിയ കാട്ടു തീയുടെ പിടിയിലാണ്. കഴിഞ്ഞ ആറു നാളായി കലിഫോണിയയിൽ പടരുന്ന കാട്ടുതീ വലിയ ആൾനാശവും ധനനാശവുമാണ് വരുത്തി െവച്ചിരിക്കുന്നത്. ഇന്നുവരെയുള്ള മരണസംഖ്യ 40 ആണ്. ഇത് കൂടുമെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.

മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് തീ നിയന്ത്രണവിധേയമാക്കുന്നത് കൂടുതൽ ദുഷ്കരമാക്കുകയാണ്. വൈൻ നിർമ്മാണത്തിന് പ്രശസ്തമായ മേഖലയാണ് ഇവിടുത്തെ നാപ്പാ വാലി. കാട്ടു തീയിൽ നാപ്പാവാലിയിലെ 13 വൈനെറികൾ കത്തിനശിച്ചു. കോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടമാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. 

തഴച്ചു നിന്ന സസ്യജാലത്തെ മരുപ്പറന്പാക്കി തീ പടരുകയാണ്. ഇന്നലെ മാത്രം സാൻ്റാ റോസയിൽ നിന്നും 3000 പേരേ ഒഴിപ്പിച്ചു. ആകെ ഒരു ലക്ഷത്തിലധികമാൾക്കാരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിനു വീടുകളും അതിലുള്ള വസ്തുക്കളും കത്തിയമർന്നു. പതിനായിരത്തിലധികം അഗ്നിശമന സേനാംഗങ്ങൾ അഹോരാത്രം പണിയെടുത്തിട്ടും തീ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. കാട്ടുതീയുടെ ചാരവും പൊടിപടലങ്ങളും അന്പതു കിലോമീറ്ററകലെ സാൻഫ്രാൻസിസ്കോ നഗരത്തിൽ വരെ എത്തി.

സർവ്വനാശകരങ്ങളായ ആണവായുധങ്ങളുടെ വലിയശേഖരവും സാങ്കേതിക രംഗത്തെ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുമൊക്കെയുള്ള അതിശക്തമായ രാഷ്ട്രമാണ് അമേരിക്ക. ലോകരാഷ്ട്രങ്ങളെയെല്ലാം ചൊൽപ്പടിക്കു നിർത്തുന്ന അതിശക്തൻ. എന്നാൽ ചെറിയൊരു തീപ്പൊരിക്കു മുന്നിൽ അവരും പതറുന്ന കാഴ്ചയാണ് ലോകത്തിന് കാണാനാകുന്നത്. പ്രകൃതിയുടെ അപാരശക്തിക്കുമുന്നിൽ എല്ലാ ഭൗതിക നേട്ടങ്ങളും അതി നിസ്സാരമെന്ന വലിയ പാഠമാണ് ഈ കാട്ടുതീയും മനുഷ്യരാശിക്കു പകർന്നു നൽകുന്നത്.  

പക്ഷേ ഇതുകൊണ്ടൊന്നും പാഠം പഠിക്കാൻ നമ്മൾ തയ്യാറല്ല. അടിച്ചമർത്തിയും വെട്ടിപ്പിടിച്ചും സ്വന്തം സിംഹാസനങ്ങളുടെ തിളക്കം കൂട്ടാൻ അക്ഷീണം യത്നം തുടരുകയാണ് നമ്മൾ. ഒരു ചാൺ വയറിന്റെ നിറവിനുമപ്പുറം ഇട്ടുമൂടാനുള്ള സന്പത്താർജ്ജിച്ചിട്ടും അന്യന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരാൻ പരസ്പരം മത്സരിക്കുകയാണ് നമ്മൾ. ആത്യന്തികമായി വിജയം നേടാൻ കഴിയേണ്ടത് സ്വന്തം മനസ്സിനു മേലാണ്. ആത്മനിയന്ത്രണത്തോളം വലിയ വിജയം വേറെയില്ല. എന്നാൽ അധികാരത്തിന്റെ ഔന്നിത്യങ്ങൾ കയറാനുള്ള തത്രപ്പാടിൽ നമ്മിൽ പലർക്കും ആത്മ നിയന്ത്രണം നഷ്ടമാകുന്നു. വെട്ടിപ്പിടിക്കാനുള്ള ത്വരയിൽ ആയുധം അടിച്ചമർത്തലാവുന്നു. ആ അടിച്ചമർത്തൽ മൂലം ഒരുപാട് ജീവിതങ്ങൾ നമ്മൾ ഇരുളിലാക്കുകയാണ്. അതുകൊണ്ടുണ്ടാക്കുന്ന നേട്ടം അനുഭവിക്കാൻ ഒരു മനുഷ്യനും ആയിരമാണ്ട് ജീവിക്കാൻ പോകുന്നില്ല എന്ന പച്ച യാഥാർത്ഥ്യവും നമ്മിൽ പലരും മറന്നു പോകുന്നു.

കാട്ടു തീ പോലെ തന്നെയാണ് അഭിപ്രായ പ്രകടനങ്ങളും പ്രതിഷേധങ്ങളും. രണ്ടും അതിവേഗത്തിലാണ് പടരുക. അതിൽ കത്തിയെരിഞ്ഞ് ഇല്ലാതാകുന്നത് പലപ്പോഴും അധികാരത്തിന്റെ കോട്ടകൊത്തളങ്ങളാവും. അധികാരം പലർക്കും ലഹരിയാണ്. ആ ലഹരിക്കടിമപ്പെട്ടാൽ അതില്ലാതെ കഴിയാനാവില്ല. അതിന്റെ നിലനിൽപ്പിനായി അന്യനെ അടിച്ചമർത്താതെ അത്തരക്കാർക്ക് മറ്റു വഴികളുമില്ല. ഉത്തരകൊറിയ ഇതിന് ഉത്തമോദാഹരണമാണ്. ചൈനയും ഏകദേശം ഈ വഴിക്കു തന്നെയാണ്. ചൈനയിലെ പലവിധ അടിച്ചമർത്തലുകളിൽ ഇപ്പോൾ വാർത്തയാകുന്നത് ഇൻ്റർനെറ്റിനും പ്രത്യേകിച്ച് സാമൂഹ്യ മാദ്ധ്യമങ്ങൾക്കുമെതിരെയുള്ള അടിച്ചമർത്തലിനെക്കുറിച്ചുള്ള വിശേഷങ്ങളാണ്.

ചൈനയെ നിരീക്ഷിക്കുന്നവർക്ക് നന്നായറിയാവുന്ന കാര്യങ്ങളാണ് അവിടുത്തെ വാർത്താ നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും. അധികാരസ്ഥാനങ്ങൾക്കെതിരായി 1989ൽ ടൈനയിലെ ടിയൻ അൻ മിൻ ചത്വരത്തിൽ അരങ്ങേറിയ വിദ്യാർത്ഥി സമരം സർക്കാർ അടിച്ചമർത്തിയത് നിരായുധരായ വിദ്യാർത്ഥികൾക്കു മുകളിലൂടെ യുദ്ധടാങ്കുകൾ ഓടിച്ചു കയറ്റിക്കൊണ്ടായിരുന്നു. ഇതിനു സമാനമാണ് നിലവിൽ സാമൂഹ്യ മാദ്ധ്യമങ്ങളിലെ വാർത്താ പ്രചാരണത്തിനും ചർച്ചകൾക്കുെമെതിരായുള്ള സി ജിംഗ്പിംഗ് സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾ. അടുത്തുവരുന്ന പാർട്ടിക്കോൺഗ്രസിനോടനുബന്ധിച്ചാണ് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.

ചൈന ഇതുവരെ കണ്ടിട്ടില്ലാത്ത അധികാര ധ്രുവീകരണത്തിനാണ് പ്രസിഡണ്ട് സി നീക്കം നടത്തുന്നത്. ഒരുപക്ഷേ പാർട്ടിസ്ഥാപകനും രാഷ്ട്രനായകനുമൊക്കെയായ സാക്ഷാൽ മാവോ സെ ഡോംഗ് പോലും സിയുടെ യത്ര അധികാര കേന്ദ്രീകരണം ഒരിക്കലും നടത്തിയിരുന്നില്ല എന്നാണ് പാശ്ചാത്യ നിരീക്ഷകരുടെ വിമർശനം. രാഷ്ട്രത്തിന്റെ ആശയഗതികൾ പോലും സ്വന്തം സങ്കൽപ്പങ്ങൾക്കനുസരിച്ച് സി പൊളിച്ചെഴുതുകയാണ്. കമ്യൂണിസ്റ്റ്  − മാവോയിസ്റ്റ് ആശയാടിത്തറകളിൽ നിന്നുള്ള അപഭ്രംശം രാജ്യത്തിന്റെ നിലപാടുകളിൽ പ്രതിഫലിക്കുന്നു. സാന്പത്തിക മേധാവിത്വത്തിനായി മുതലാളിത്ത വ്യവസ്ഥിതിയോട് പാർട്ടിയും രാജ്യവും സന്ധിചെയ്തുള്ള മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നത്. ചുരുക്കത്തിൽ പ്രഖ്യാപിത നയങ്ങളും പ്രാവർത്തിക നടപടികളും തമ്മിൽ പരസ്പര ബന്ധമില്ലാത്ത അവസ്ഥ. 

ഇതിനെ ഇരട്ടത്താപ്പെന്നു വിലയിരുത്തുന്നതിൽ തെറ്റില്ല. ഇരട്ടത്താപ്പുകൾ വിമർശനങ്ങൾക്ക് വഴിവയ്ക്കുമെന്നുറപ്പ്. വിമർശനങ്ങൾക്ക് വലിയ സാദ്ധ്യതയുള്ള മണ്ണല്ല പണ്ടേ മധുമനോജ്ഞ ചൈന. അച്ചടി, ദൃശ്യ മാധ്യമങ്ങൾ കർശന നിയന്ത്രണത്തിലാണ് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം സാധാരണക്കാരന് പ്രായേണ അന്യമാണ്. അടിച്ചമർത്തപ്പെട്ടവന്റെ ആശയാവിഷ്കാരത്തിനുള്ള ഉപാധിയായി ഈ സാഹചര്യത്തിലാണ് നവമാദ്ധ്യമങ്ങൾ പ്രസക്തമായത്. ശബ്ദമില്ലാത്തവന്റെ ശബ്ദമാവുകയായിരുന്നു ഇൻ്റർനെറ്റും ഇലക്ട്രോണിക് ചാറ്റ്റൂമുകളും. തലമുറകൾ പറയാൻ ഭയപ്പെടുകയും പറയാതെ അമർത്തിവയ്ക്കുകയുമൊക്കെ ചെയ്ത ആഗ്രഹങ്ങളും അഭിപ്രായങ്ങളുമൊക്കെ ചാറ്റ് റൂമുകളിൽ ചൂടുള്ള ചർച്ചകൾക്കു വിഷയീഭവിച്ചു. 

വൻമതിലിന്റെ നാട്ടിൽ വൻമതിലിനെക്കാൾ ശക്തമാക്കി കെട്ടിയുയർത്തി നിലനിർത്തിയ വാർത്താ നിയന്ത്രണങ്ങളുടെയും അഭിപ്രായ നിയന്ത്രണത്തിന്റെയും കോട്ടമതിലുകളെ ദുർബ്ബലപ്പെടുത്തുന്നതായിരുന്നു നവമാദ്ധ്യമങ്ങളിലൂടെയുള്ള  ചർച്ചകളും വാർത്താ പ്രചാരണവും. സർക്കാർ സമ്മതിക്കുന്നതിനപ്പുറം വാസ്തവങ്ങൾ പൊതുസമൂഹങ്ങളിലേക്കെത്തുന്നതിന്റെ അപകടം നന്നായറിയാവുന്ന സി സർക്കാർ ഇതാടേ ചാറ്റ് റൂമുകളെയും നടത്തിപ്പുകാരെയും സ്വതന്ത്ര വാർത്താ പ്രചാരകരെയും വേട്ടയാടുന്നത് ശക്തമാക്കി. പ്രസിഡണ്ടിനെ കളിയാക്കി പോസ്റ്റിട്ട ഷാൻഡോംഗ് സ്വദേശിയായ ഒരാൾക്കു ലഭിച്ചത് രണ്ടുകൊല്ലത്തെ തടവാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ള സ്വന്തം നേതാക്കളെ കണക്കറ്റു ട്രോളി നാശമാക്കുന്നവരാണ് നമ്മൾ.  അതിൽ ചിലരെങ്കിലും ചൈനയ്ക്കു സ്തുതി പാടാറുമുണ്ട്. സ്തുതി പാടും മുന്പ് അത്തരക്കാർ മാവോയുടെ നാട്ടിലെ അഭിപ്രായ അടിച്ചമർത്തലുകളെക്കുറിച്ച് ഒന്നോർത്താൽ അവരുടെ ഉള്ളുകാളുമെന്ന് ഉറപ്പ്.

സർക്കാരിനു ഹിതകരമല്ലാത്ത വാർത്തകൾ പ്രചരിപ്പിച്ച ലി ഹോംഗ് കുവാൻ എന്നയാൾ ഒരുകാലത്ത് രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരുന്നു. സർക്കാരിന്റെ വേട്ടയാടലിനെ തുടർന്ന് ലീയ്ക്ക് രാജ്യം വിട്ട് അമേരിക്കയിൽ അഭയം തേടേണ്ടി വന്നു. ലീയുമായി ബന്ധപ്പെടുന്നവർക്കെതിരെയും അതിശക്തമായ നടപടികളാണ് ചൈനീസ് സർക്കാർ കൈക്കൊള്ളുന്നത്. 

19ാം പാർട്ടി കോൺഗ്രസ് സി ജിംഗ്പിംഗിനെ  രാഷ്ട്രീയത്തിലും രാഷ്ട്ര നേതൃത്വത്തിലും കൂടുതൽ ശക്തനാക്കിയേക്കാം. എന്നാലും പതിനായിരങ്ങളുടെ പരിദേവനങ്ങൾ അടിച്ചമർത്തിക്കൊണ്ടുള്ള ആ ശാക്തീകരണത്തിന്റെ ധാർമ്മികത ലോകത്തിനു മുന്നിൽ വലിയൊരു ചോദ്യ ചിഹ്നമായി ഉയർന്നു നിൽക്കും എന്നുറപ്പ്.

You might also like

Most Viewed