നെ­യിംസ്ലി­പ്പു­കളി­ലെ­ രാ­ഷ്ട്രീ­യം...


ധനേഷ് പത്മ

 

“മുതലാളിത്തം അദ്ധ്വാന വർ‍ഗ്ഗത്തെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുന്നു, ഗവൺ‍മെന്‍റ് ഉറങ്ങുകയാണ്‌, ജനങ്ങൾ അവഗണിക്കപ്പെടുന്നു, ഭാവിയുടെ വാഗ്‌ദാനങ്ങൾ മൂത്രത്തിൽ കുളിച്ചു കിടക്കുന്നു” രാഷ്ട്രീയമെന്തെന്ന ഒരു കുട്ടിയുടെ സംശയത്തിന്റെ അടിസ്ഥാനത്തിലുണ്ടായ ഒരു ചെറിയ കഥയുടെ അവസാന ഭാഗമാണിത്. ക്യാന്പസുകളിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉണ്ടായ വളരെ പ്രസക്തമായ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ വെറുതെ ഇതൊന്നു ഓർമ്മിപ്പിച്ചു എന്ന് മാത്രം.

സ്കൂളിന്റെ പടിക്കലെത്തുന്നതിന് മുന്പേ തന്നെ “ഇന്ന് സമരാ, ക്ലാസില്ല മക്കളെ, തിരിച്ച് പൊയ്ക്കോ” എന്ന് പറഞ്ഞ് തിരിച്ചയച്ചിരുന്ന ചേട്ടൻമാരുണ്ടായിരുന്നു മുന്പൊക്കെ. ഈ ചേട്ടൻമാരുടെ തിരിച്ചയക്കൽ നടപടി കേട്ടപാതി കേൾക്കാത്ത പാതി സന്തോഷത്തോടെ കൈക്കൊണ്ട് വീട്ടിലേയ്ക്ക് ഓടിപോയിരുന്ന കുട്ടികളുടെ സ്കൂൾ കാലഘട്ടത്തിൽ നിന്ന് പതിയെയാണെങ്കിലും പഠിക്കാനും മറ്റും ഉൽസാഹം കൂടിവരുന്നൊരു വിദ്യാർത്ഥിസമൂഹമാണ് പുതിയ തലമുറ വളർത്തികൊണ്ട് വരുന്നത്. പണ്ടൊരു കൂട്ടുകാരൻ പറഞ്ഞത് ഓർമ്മയുണ്ട്, പഠിപ്പ് മുടക്കി സമരം ചെയ്താ മ്മക്കന്നെയാണ് പണികിട്ടുന്നത്. മുടങ്ങിയ ക്ലാസുകളിലെ പോർഷൻസ് തീർക്കാൻ ടീച്ചർമാർ സ്പെഷ്യൽ ക്ലാസ് വെയ്ക്കും. ആകെയുള്ളൊരാശ്വാസം വൈകുന്നേരത്തെ ക്രിക്കറ്റ് കളിയാ, പിന്നെ ശനിയാഴ്ചത്തെയും ഞായറാഴ്ചത്തേയും ഉറക്കവും. ഇതെല്ലാം ഈ സ്പെഷ്യൽ ക്ലാസുകൊണ്ട് പോയികിട്ടും.

വിദ്യാലയങ്ങളിൽ പഠിപ്പ്മുടക്കൽ സമരങ്ങൾ പണ്ടൊക്കെ വളരെ വലിയ അളവിൽ തന്നെ ഉണ്ടായിട്ടുണ്ട് (ഇപ്പോൾ ഇല്ലെന്നല്ല). ഹിന്ദി ടീച്ചർ ക്ലാസെടുത്തുകൊണ്ടിരിക്കെ ക്ലാസിൽ കയറിവന്ന് ഇന്ന് സമരമാണ് എല്ലാവരും പുറത്തിറങ്ങിക്കോ എന്ന് ഒരുപറ്റം യുവാക്കൾ പറയുകയും നെഞ്ചത്തടക്കിപിടിച്ച പുസ്തകവുമായി ടീച്ചർ നോക്കി നിന്നതും വിദ്യാർത്ഥികൾ ബാഗുമെടുത്ത് പുറത്തിറങ്ങിപോയതുമൊക്കെയായ അനുഭവം ലേഖകനുണ്ടായിട്ടുണ്ട്. വിദ്യാർത്ഥികളുടെ പഠിപ്പ് മുടക്കി സമരം ചെയ്തതുകൊണ്ട് എന്ത് നേട്ടമുണ്ടാകാനാണ് എന്ന് ചോദിച്ചാൽ, ഹർത്താൽ നടത്തി ജനജീവിതം സ്തംഭിപ്പിച്ചതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ എന്ത് നേടുന്നു എന്ന ഉത്തരമില്ലാത്ത ചോദ്യം പോലെയാകും അത്.

ഇന്ത്യയെന്ന രാജ്യം സ്വാതന്ത്ര്യം നേടിയത് വലിയൊരു സമരത്തിലൂടെയായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ സമരങ്ങളും സത്യാഗ്രഹളും അക്രമങ്ങളുടെ വഴിയിലേയ്ക്ക് നീങ്ങുന്ന പുതിയ കാലഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയവും രാഷ്ട്രീയ സമരങ്ങളും വേണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. 1949 നവംബർ 25ന് ഭരണഘടനാ അംഗീകാര അവതരണവുമായി ബന്ധപ്പെട്ട് ബി.ആർ അംബേദ്കർ പറഞ്ഞത് ഇങ്ങനെയാണ്, “ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നാം രക്തരൂക്ഷിതമായ വിപ്ലവമാർഗങ്ങൾ വെടിയണം. നിസ്സഹകരണം, സത്യാഗ്രഹം തുടങ്ങിയ രീതികൾ ഉപേക്ഷിക്കണം. സാമൂഹിക, സാന്പത്തിക മേഖലകളിൽ അർഹമായത് നേടാൻ ഭരണഘടനാപരമല്ലാത്ത രീതികൾക്ക് മുന്പ് ന്യായീകരണമുണ്ടായിരുന്നു. ഇപ്പോൾ ഭരണഘടനാപരമായ മാർഗ്ഗങ്ങളുണ്ട്. അതിനാൽ ഭരണഘടനാവിരുദ്ധമായ രീതികൾക്ക് ന്യായീകരണമില്ല. അരാജകത്വത്തിന്റെ വ്യാകരണമാണ് അത്തരം മാർഗ്ഗങ്ങൾ. അവ നാം എത്രയും നേരത്തേ ഉപേക്ഷിക്കുന്നുവോ അത്രയും നല്ലത്”.

സ്കൂളുകളിൽ നിന്ന് വളർന്ന് കോളേജുകളിൽ കൊടിയുയർത്തിയും ജാഥവിളിച്ചും നടക്കുന്ന രാഷ്ട്രീയ പ്രവർത്തന ശൈലി വലിയൊരളവിൽ വിദ്യാർത്ഥികളിൽ വൈരാഗ്യ ബോധം ഉണ്ടാകാൻ കാരണമാകുന്നുണ്ട്. കൊടിയുടെ നിറം നോക്കി സഹവിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ഒരു വിദ്യാർത്ഥിയോ വിദ്യാർത്ഥി സംഘടനയോ തയ്യാറാകുന്പോൾ ദുഷിച്ചരാഷ്ട്രീയം അവിടെ തലപൊക്കുന്നു. ക്യാന്പസുകളിൽ രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പുകൾ ഉണ്ടാകുന്പോൾ അക്രമപ്രവർത്തനങ്ങൾ നമ്മൾ കാണാറുണ്ട്. മഹാരാജാസ് കേളേജിലും കേരളവർമ്മ കോളേജിലും പൊന്നാനി എംഇഎസ് കോളേജിലുമെല്ലാം കഴിഞ്ഞ കാലങ്ങളിലായി നമ്മൾ കണ്ട സംഭവങ്ങൾക്കെല്ലാം അക്രമ രാഷ്ട്രീയ പശ്ചാത്തലമുണ്ട്.

കേരളത്തിലെ കോളേജ് ക്യാന്പസുകളിൽ എസ്എഫ്ഐ, എബിവിപി, കെഎസ്്യു എന്നീ മൂന്ന് പ്രധാന പ്രസ്ഥാനങ്ങളാണ് നിലനിന്നു പോരുന്നത്. ക്യാന്പസിനു പുറത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഇവയ്ക്ക് ബന്ധമുണ്ട്. പലപ്പോഴും കോളേജുകളിൽ രാഷ്ട്രീയപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ പുറത്തെ രാഷ്ട്രീയം അതിൽ ഇടപെടാറുമുണ്ട്. അക്രമമുണ്ടാകുന്പോൾ പുറത്ത് നിന്നും ആളുകൾ ക്യാന്പസിൽ പ്രവേശിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ അടിപിടി നടക്കാത്ത ക്യാന്പസുകൾ ഇല്ലെന്നിരിക്കെ അവിടെ രാഷ്ട്രീയ അക്രമങ്ങൾ കൂടുതലാകുന്ന സാഹചര്യത്തിൽ ഹൈക്കോടതി എടുത്തിരിക്കുന്ന തീരുമാനം ഏറെ പ്രശംസനീയം തന്നെയാണ്. പൊന്നാനി എംഇഎസ് കോളേജിൽ രാഷ്ട്രീയപരമായ അക്രമസംഭവങ്ങളുടെ പരിണിതഫലമായി ദിവസങ്ങളോളമാണ് ക്യാന്പസ് അടച്ചിട്ടത്. ഏറെ കഷ്ടപ്പെട്ട് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളെ അത് എത്രമാത്രം ബാധിക്കുന്നുവെന്നത് വിദ്യാർത്ഥികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങൾ അറിയുന്നില്ല.

കറുപ്പും കാവിയും ചുവപ്പും ചോരയുമല്ല ക്യാന്പസിൽ ഉണ്ടാകേണ്ടതെന്ന് നമ്മുടെ വിദ്യാർത്ഥികൾ മനസ്സിലാക്കണം. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്യാന്പസിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടാകേണ്ടതുണ്ടോ എന്നതിൽ വലിയൊരു നിരീക്ഷണം തന്നെ ആവശ്യമാണ്. ക്യാന്പസുകളിലെ പ്രശ്നപരിഹാരങ്ങൾക്ക് ചേരിതിരിഞ്ഞ ചിന്താഗതിയെന്തിനാണ്. തിന്മയ്ക്കെതിരെ പ്രവർത്തിക്കുകയെന്നതല്ലേ വിവിധ പേരുകളിൽ അറിയപ്പെടുന്ന വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ പ്രധാന ഉദ്ദേശം. അപ്പോൾ പിന്നെ തിന്മയ്ക്കെതിരെ നന്മയുടെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഒത്തൊരുമിച്ചാൽ അതിന് പരിഹാരമാകില്ലേ. അതിനെന്തിനാണ് കൊടിയുടെ നിറവും മൂന്നും നാലും ഇംഗ്ലീഷ് അക്ഷരങ്ങളിൽ ചുരുക്കിയെഴുതുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും. “ഇക്കൊടിക്ക് കീഴിൽ മരിച്ചു വീഴും വരെ ഞാൻ ഇങ്ക്വിലാബ് ഇങ്ക്വിലാബ് എന്ന് വിളിക്കും”. ഒരു വിദ്യാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ ഫേസ്ബുക് പോസ്റ്റുകൾ അനവധിയാണ്. ഒരുമിച്ചൊരു കാര്യനിർവ്വഹണത്തിന് മുതിരുന്പോൾ പിടിക്കാൻ ഒരു കൊടിവേണമെന്ന ചിന്ത എവിടെനിന്നുണ്ടാകുന്നുവോ അവിടെയാണ് യഥാർത്ഥ രാഷ്ട്രീയം പൊട്ടിമുളക്കുന്നത്, അല്ലെങ്കിൽ രാഷ്ട്രീയത്തിന്റെ വിത്ത് പാകപ്പെടുന്നത്. കൊടിക്ക് നിറങ്ങൾ നൽകി അവ അടയാളങ്ങളാക്കി വേർതിരിവുണ്ടാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചു തുടങ്ങിയതിന്റെ ശ്രമഫലങ്ങളാണ് അതെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണം.

വിദ്യാലയങ്ങളിൽ, വിദ്യാർ‍ത്ഥി സംഘടനാ പ്രവർ‍ത്തനം വിലക്കുന്ന ഹൈക്കോടതി ഉത്തരവ് ആപത്കരമായ ഫലം സൃഷ്ടിക്കുമെന്നും സമരവും പ്രകടനവും സത്യാഗ്രഹവും പാടില്ലെന്നതടക്കമുള്ള ഉത്തരവ് വിദ്യാഭ്യാസ കച്ചവടക്കാരെ ആഹ്ലാദിപ്പിക്കുന്നതാണെന്നും പുരോഗമന ജനാധിപത്യ വിദ്യാർ‍ത്ഥി സംഘടനകളുടെ അഭാവത്തിൽ വിദ്യാലയങ്ങളിൽ വിളയുന്നത് അരാജകത്വവും തീവ്രവാദവുമാണെന്നും വിദ്യാർ‍ത്ഥി സംഘടനകൾ‍ക്ക് ഇടംകിട്ടാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പീഢന മുറികളടക്കമുണ്ടായതും വിദ്യാർ‍ത്ഥികൾ‍ക്ക് ജീവൻ‍ വെടിയേണ്ടിവന്നതുമെല്ലാം സംസ്ഥാനം കണ്ടതാണെന്നും ഹൈക്കോടതി വിധി പുറത്ത് വന്ന ശേഷം ശ്രീ കൊടിയേരി ബാലകൃഷ്ണൻ പറയുന്പോൾ സ്വാശ്രയ വിദ്യാഭ്യാസരീതിയെ മറികടന്ന് സർക്കാർതലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ വിദ്യാഭ്യാസം നൽകാൻ സർക്കാർ സംവിധാനത്തിന് കഴിയുന്നില്ലെന്ന കാര്യം അദ്ദേഹം മറക്കരുത്. സർക്കാരിന് അതിന് കഴിഞ്ഞാൽ തുല്യ അവകാശത്തോടെ പണക്കൊഴുപ്പിന്റെ അളവുകോലില്ലാതെ വിദ്യാർത്ഥികൾക്ക് പഠിക്കാം. അത്തരത്തിലൊരു സംവിധാനവും സർക്കാർ തലത്തിൽ ഉയർന്നു വരുന്നില്ല. സർക്കാർ വിദ്യാലയങ്ങളെ ഉപേക്ഷിച്ച് സ്വാശ്രയ വിദ്യാലയങ്ങളിലേയ്ക്ക് വിദ്യാർത്ഥികളെ പറഞ്ഞയക്കാൻ രക്ഷിതാക്കൾ തയ്യാറാകുന്നുണ്ടെങ്കിൽ, സ്വാശ്രയ വിദ്യാഭ്യാസ മേഖല വലിയതോതിൽ ഉയർന്ന് വരുന്നുണ്ടെങ്കിൽ അത് മാറിമാറി വരുന്ന സർക്കാരുകളുടെ കഴിവുകേടുകൊണ്ട് മാത്രമാണ്. ആരോഗ്യമേഖലയിലും സമാന സാഹചര്യം തന്നെയാണുള്ളത്.

മുന്പൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലീഡറെ തിരഞ്ഞെടുക്കാൻ  തിരഞ്ഞെടുപ്പു നടക്കുന്പോൾ വോട്ടുപിടിക്കാൻ നടക്കുന്നവർ വോട്ടിന് പാരിതോഷികമായി വിവിധ വർണ്ണങ്ങളിലുള്ള എസ്എഫ്ഐയുടേയും എബിവിപിയുടേയും കെഎസ്്യുവിന്റേയും നെയിംസ്ലിപ്പുകൾ നൽകുമായിരുന്നു. 25 മുതൽ 50 എണ്ണം വരുന്ന കെട്ടുകളായാണ് നെയിംസ്ലിപ്പുകൾ ലഭിക്കുക. ആര് കൂടുതൽ നെയിംസ്ലിപ്പുകൾ തരുന്നുവോ അവർക്ക് വോട്ട് കൊടുക്കും. ക്ലാസ്മുറികളിൽ നിന്നാണ് വേട്ട് പിടുത്തം ആരംഭിക്കുക. ക്ലാസ്്ലീഡർമാരായി വിജയിക്കുന്നവർ ചേർന്ന് സ്കൂൾ ലീഡറെ തിരഞ്ഞെടുക്കും. പക്ഷെ തിരഞ്ഞെടുപ്പോടെ ആ കോലാഹലം അവിടെ അവസാനിക്കുമായിരുന്നു. സ്കൂൾ തലം വിട്ട് ക്യാന്പസുകളിലേയ്ക്ക് കടക്കുന്പോൾ നെയിംസ്ലിപ്പുകളിൽ കണ്ടിരുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ കൊടികളിലേയ്ക്ക് ചേക്കേറി. അതിനടിയിൽ ഒത്തുകൂടലുകളായി. മീറ്റിംഗുകളായി. സമരങ്ങളായി. നെയിംസ്ലിപ്പുകൾ സ്വപ്നം കണ്ട് നടന്നിരുന്ന കുട്ടികളുടെ ചിന്തകൾ രാഷ്ട്രീയപാർട്ടികൾ വിലകൊടുത്തുവാങ്ങി തുടങ്ങിയതോടെ ചുവപ്പിനും കാവിക്കും അവർ അഭിവാദ്യങ്ങൾ അർപ്പിച്ചു തുടങ്ങി. അവർ ചോരചിന്താൻ മടിയില്ലാത്തവരായി.

അനീതി എവിടെ കണ്ടാലും അതിനെതിരെ പ്രതികരിക്കാൻ വിദ്യാർത്ഥികൾ പ്രാപ്താരാവുക എന്നത് കാലത്തിന് ആവശ്യമായ കാര്യം തന്നെയാണ്. പക്ഷെ അത് നിങ്ങൾ നിങ്ങളെന്ന വിദ്യാർത്ഥിയായും വ്യക്തിയായും മാത്രമാകാത്തതിലാണ് കൗതുകം. പ്രതികരിക്കാൻ എസ്എഫ്ഐക്കാരനോ/കാരിയോ, എബിവിപിക്കാരനോ/കാരിയോ കെഎസ്്യുക്കാരനോ/കാരിയോ ആകുന്നത് എന്തിനാണ്. നിങ്ങളുടെ ചിന്തകളെ മറ്റൊരാളോ, പ്രസ്ഥാനമോ നിയന്ത്രിക്കുന്നുണ്ടെങ്കിൽ അവിടെ നിങ്ങൾ പരാജിതരാണ്. കലാലയങ്ങളിൽ നിന്ന് വിദ്യ നേടി പുറത്തിറങ്ങുന്ന നിങ്ങൾ സമൂഹത്തെ കാണേണ്ടത് പാറിപറക്കുന്ന നിറങ്ങൾ അടയാളങ്ങളാക്കിയാവരുത്. 

കൊള്ളരുതായ്മകൾ നടക്കുന്ന ക്യാന്പസുകളുണ്ട്. രണ്ട് തരം ഭക്ഷണം വിളന്പുന്ന ഹോസ്റ്റലുകളുണ്ട്. അർഹിച്ച സീറ്റുകൾ നൽകാത്ത കലാലയങ്ങളുണ്ട്. കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത തിന്മകളുണ്ട്. വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസ്സുകളുണ്ട്. ഇതിനെല്ലാം എതിരായി നിങ്ങൾ വിദ്യാർത്ഥികൾ നാവും കൈയ്യും ഉയർത്തുക തന്നെ വേണം. പക്ഷെ ഒരിക്കലും അത് രാഷ്ട്രീയ പ്രേരിതമാകരുത്, ഞാനൊരു നല്ല വിദ്യാർത്ഥിയാണെന്ന ചിന്തയോടെ മാത്രമാകണം. ഞാനൊരു എസ്എഫ്ഐക്കാരനാണ്, കെഎസ്്യുക്കാരനാണ്, എബിവിപിക്കാരനാണ് എന്ന് പറയുന്നതിന് പകരം ഞാനൊരു നല്ല വിദ്യാർത്ഥിയാണെന്ന് ഉറക്കെ പറയാൻ നിങ്ങൾക്ക് കഴിയട്ടെ...

You might also like

Most Viewed