ഐ കാൻ‍..! അതേ­ എനി­യ്ക്കും കഴി­യും


വൽസ ജേക്കബ്

ടങ്ങാത്ത ആവേശത്തിൽ‍ കണ്ടുപിടിക്കപ്പെട്ട ഡൈനാമിറ്റ് വഴിത്തിരിഞ്ഞു മനുഷ്യനാശത്തിന് ഹേതുവാകുന്നത് കണ്ട്, ജീവിതാവസാനം ദുഃഖത്തിന്റെ പിടിയിൽ‍ അകപ്പെട്ടുപോയ ആൽ‍ഫ്രെഡ് നൊബേൽ‍. ഋഷി തുല്യജീവിതം, അവസാനനാളുകളിൽ‍ സന്പാദിച്ചുകൂട്ടിയ കോടികളെ മനുഷ്യനുതകുന്ന കണ്ടുപിടിത്തങ്ങൾ‍ നൽ‍കുന്ന ശാസ്ത്രജ്ഞർ‍ക്കും സംഘടനകൾ‍ക്കും നൽ‍കാൻ‍ തീരുമാനിച്ച അദ്ദേഹം സമാധാനത്തിന്റെ വഴിയും വിട്ടുകളഞ്ഞില്ല. എല്ലാ ശാസ്ത്രനേട്ടങ്ങളെയും ജനനന്‍മയ്ക്കായി ഉപയോഗിക്കും എന്ന് വിചാരിച്ചു ജീവിതം മുഴുവൻ‍ പരീക്ഷണമാക്കിയ ശാസ്ത്രജ്ഞർ‍ക്കും തെറ്റി. കൈയ്യിൽ‍കിട്ടിയ അറിവുകളെ മാരകയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഉണ്ടാക്കാൻ‍ മാത്രമല്ല ശത്രുക്കളെ വകവരുത്താനും അവരെ മുൾ‍മുനയിൽ‍ നിർ‍ത്താനും ലോക രാജ്യങ്ങൾ‍ ഉപയോഗിച്ചു. ഇതിൽ‍ പശ്ചാത്തപിച്ചും മനംനൊന്തും അല്ലാതെ ആരും കടന്നുപോയില്ല എന്നത് സത്യം.

യുദ്ധങ്ങളെക്കുറിച്ചുള്ള ഭീതി വിതറി ഓരോ ദിനവും കടന്നുപോകുന്പോൾ‍ സമാധാനത്തിന്റെ ചിന്ത ആര് നൽകിയാലും നാം കണ്ണും കാതും കൂർ‍പ്പിച്ച് അതിൽ‍ അലിയും. അസമാധാനത്തിന്റെ കനൽ‍ കാറ്റ് വീശുന്പോൾ‍, അന്യോന്യം പോർ‍വിളി നടത്തുന്പോൾ‍, ഒരിക്കൽ‍ വർ‍ഷിച്ച അണുബോംബിന്റെ പരിണിത ഫലം ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്പോൾ‍ ഓരോ വാക്കുകളും നമ്മെ മാനസിക വിഷമത്തിലേയ്ക്ക് തള്ളി വീടും. പ്രതികരിക്കാനാവാതെ, ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർ‍ക്ക് ആശ്വാസമാണ് ഐകാൻ‍ എന്ന കൂട്ടായ്മ. ആണവായുധ നിർവ്യാപനത്തിനായി രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ക്യാന്പയിൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺസ് (ICAN) എന്ന സംഘടന നമുക്ക് അൽ‍പം ആശ്വാസമേകിയിടത്താണ്, ഈ വർ‍ഷത്തെ സമാധാനത്തിനുള്ള നൊബേൽ‍ പുരസ്കാരവും നേടി വലിയ പ്രതീക്ഷകൾ‍ക്ക് തിരി കൊളുത്തിയത്. ജനീവയിൽ‍ ആസ്ഥാനമാക്കി പ്രവർ‍ത്തിക്കുന്ന ഐകാനിൽ‍ നൂറിലധികം രാജ്യങ്ങളിൽ‍ നിന്ന് അഞ്ഞൂറിനടുത്ത് പങ്കാളികൾ‍ ഉണ്ട്. ഇന്ത്യയിൽ‍ നിന്നും മൂന്നു സംഘടനകൾ‍ ഇതിൽ‍ ചേർ‍ന്ന് പ്രവർ‍ത്തിക്കുന്നു. 

ഈ സംഘടനയുടെ പ്രവർ‍ത്തനം പല നിരോധന ഉടന്പടികൾ‍ക്കും വഴിതെളിച്ചു. കുഴി ബോംബ് ബിരോധനം, 2017 ജൂലൈ ഏഴിന് ഐക്യരാഷ്ട്രസഭയിൽ പാസായ, അണ്വായുധങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഉടന്പടി ഇവയൊക്കെ ഈ കൂട്ടായ്മയുടെ വിജയം ആണ്. മനുഷ്യ വംശത്തിന് തന്നെ അന്ത്യം വരുത്തിയേക്കാവുന്ന അണ്വായുധ പ്രയോഗങ്ങൾ‍ക്കെതിരെ ലോകശ്രദ്ധ തിരിക്കുന്ന രീതിയിൽ‍ നടത്തിയ പ്രവർ‍ത്തനങ്ങളാണ് സംഘടനയെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാൻ‍ കാരണം. ആണവ നിർ‍വ്യാപനം അല്ല ആണവ നിരായുധീകരണം മതി എന്ന കർ‍ശന നിലപാടിൽ‍ നീങ്ങുന്ന സംഘടനക്ക് ആണവശക്തികളുടെ പിന്തുണ ലഭിച്ചില്ലെങ്കിലും ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണ്വായുധപ്രയോഗം അതിജീവിച്ചവർക്കും ലോകമെന്പാടും അണ്വായുധ പരീക്ഷണങ്ങൾക്ക് ഇരകളായവർക്കുമായി ഈ വർ‍ഷത്തെ നൊബേൽ‍ സമ്മാനം സമർ‍പ്പിക്കുന്പോൾ‍, സമാധാന കാംഷികളായ മനുഷ്യർ‍ക്ക് കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ‍ കഴിയുന്നതല്ല. പ്രതികരിക്കാൻ‍ കഴിയാതെ, യുദ്ധമുഖത്തെന്നപോലെ പ്രസ്താവനകൾ‍ക്കും പ്രതികരണങ്ങൾ‍ക്കുമിടയിൽ‍ ജീവിതം തള്ളിനീക്കുന്പോൾ‍ അവരുടെ ശബ്ദമായി ഒരു കൂട്ടായ്മ ഉണ്ടെന്നത് ജീവിതത്തിൽ‍ പ്രതീക്ഷ ഉണർ‍ത്തുന്നു. ജീവിക്കുന്ന സമൂഹത്തിൽ‍ ഓരോ കൂട്ടായ്മകളിലും സംഘടനകളിലും ഈ സമാധാന ശബ്ദവാഹകരായി നമോരോരുത്തരും മാറുന്പോൾ‍ ഈ ശബ്ദം സമൂഹത്തിന്‍റെ പ്രകന്പനമായി ഉയർ‍ന്നു കേൾ‍ക്കും. അത് വെല്ലുവിളികൾ‍ക്കും മറുപടികൾ‍ക്കും ഒരു കടിഞ്ഞാൺ‍ ആകുംവരെ തുടരുകയും വേണം. ഒന്നും പറയാതെ, ഒന്നും അറിയാതെ, ഉണ്ടും ഉറങ്ങിയും, ജോലിചെയ്തും ജീവിച്ചും, രാവും പകലും കടന്നുപോകുന്പോൾ‍ ജീവിക്കുവാൻ‍ ഒരു ഭൂമി നമുക്ക് വേണം എന്നു ഇടയ്ക്കെങ്കിലും ഓർ‍ക്കുന്നത് നന്ന്...

You might also like

Most Viewed