നമ്മെ­ പി­ന്തു­ടരു­ന്നു­ നമ്മു­ടെ­ നി­ഴൽ­


ഡോ. ജോൺ പനയ്ക്കൽ

john.panackel@gmail.com

 

വിതത്തിൽ ഒളിച്ചോട്ടം നടത്തുന്നവരുണ്ട്. വീട്ടിൽ നിന്നോ പ്രവർത്തന സ്ഥലത്തു നിന്നോ മാത്രമല്ല ചുറ്റുമുള്ളവരിൽ നിന്നുപോലും ഒളിച്ചോട്ടം നടത്തുവാൻ സാഹസപ്പെടുന്നവരുമുണ്ട്. മറ്റൊരാളിന്റെ സാന്നിദ്ധ്യം അവർക്ക് ദുർവഹമാണ്. കാരണം പരസാഹചര്യങ്ങളുമായി പൊരുത്തപെടാത്തതാണ് അവരുടെ ചിന്തയും പ്രവർത്തിയും. പക്ഷേ അവർ ഒന്നു മനസ്സിലാക്കുന്നില്ല. അവരുടെ നിഴൽ അവരെ അനസ്യൂതം പിന്തുടരുന്നു. ഈ സത്യം വെളിപ്പെടുത്തുന്ന ഒന്നാണ് ഫ്രാൻസിസ് തോംപ്സൺ എന്ന ആംഗലേയ കവിയുടെ ജീവിതം. വൈദ്യശാസ്ത്രാഭ്യസനത്തിന് തിരിഞ്ഞ അദ്ദേഹം കുത്തഴിഞ്ഞ ജീവിതം നിമിത്തം പഠനം തുടരാനാകാതെ ഉപേക്ഷിച്ച് മയക്കുമരുന്നിന്റെ മാദകശക്തി ആ യുവാവിനെ കീഴടക്കി. ലണ്ടൻ നഗരത്തിന്റെ തെരുവുകൾ അയാൾക്കഭയമായി. അല്പം കാശിനു വേണ്ടി എന്തു വേലയും ചെയ്യാൻ തുടങ്ങി. ഷൂ പോളിഷ് ചെയ്തും കുതിരകളെ പരിചരിച്ചുമെല്ലാം ആ ജീവിതം ഇഴഞ്ഞു നീങ്ങി. ദാരുണമായി ജീവിതം തകർന്നടിഞ്ഞുവെങ്കിലും കവിതാരചനയ്ക്കുള്ള അയാളുെട കഴിവ് തെളിഞ്ഞു നിന്നു. നൈസർഗികമായ വാസനയും സന്പന്നമായ പ്രതിഭയും കൈമുതലായിരുന്നതിനാൽ അയാൾ രചിച്ച ചില കവിതകൾ വിൽഫ്രഡ് മെയ്നൽ എന്ന പ്രസിദ്ധ പ്രസാധകന്റെ ശ്രദ്ധയിൽ പെട്ടു. മനോഹരമായ കവിതകൾ രചിയ്ക്കുന്ന ആ പ്രതിഭ ആരെന്ന് കണ്ടെത്തുവാൻ അന്വേഷണമായി. കണ്ടെത്തിയതാകട്ടെ കീറിപ്പറിഞ്ഞ വേഷവും അലക്ഷ്യമായിട്ട മുടിയും പഴഞ്ചൻ ഷൂസും ധരിച്ച ചൈതന്യം വാർന്നുപോയ ഒരു യുവാവിനെ. ഒരു ഭിക്ഷക്കാരനെന്ന് തോന്നിക്കുന്ന വേഷം. ആ ദാരുണാവസ്ഥയിൽ നിന്ന് തോംസനെ ഉയർത്തി ഒരനുഗ്രഹീത കവിയാക്കി മാറ്റിയത് മെയ്നലും അദ്ദേഹത്തിന്റെ ഭാര്യയുമാണ്. തോംപ്സൺ എഴുതിയ വിശ്വപ്രസിദ്ധമായ ഒരു കവിതയുടെ പേര് ‘സ്വർഗ്ഗത്തിലെ വേട്ടപ്പട്ടി’ (The hound of Heaven) എന്നാണ്. അദ്ദേഹത്തിന്റെ ജീവിത സാരാംശം തന്നെയാണ് അതിന്റെ പ്രമേയം. മേച്ഛപൂർണ്ണമായ ജീവിതം നയിച്ച് നിരാശയുടെയും പരാജയത്തിന്റെയും പടുകുഴിയിൽ വീർപ്പു മുട്ടി കഴിയുന്ന ഒരുവനെ അയാളുടെ നിഴലിലൂടെ ഒരു അദൃശ്യശക്തി അനുധാവനം ചെയ്ത് ഉത്തമ ജീവിതത്തിന്റെ ഉടമയാക്കി മാറ്റി എന്ന പ്രമേയം അദൃശ്യ ശക്തിയെക്കുറിച്ച് തോംപ്സൺ രചിച്ച വരികൾ ശ്രദ്ധിക്കുക.

“നീണ്ട രാത്രികളിലും നീണ്ട പകലുകളിലും ഞാൻ ആ നിഴലിൽ നിന്ന് ഓടി അകന്നു; നീണ്ട വർഷങ്ങളുടെ അനുഭവങ്ങളിലും ഞാൻ ഓടി മാറി. സ്വമനസാലേ ഞാനതു ചെയ്തു. കണ്ണീരിന്റെയും പൊട്ടിച്ചിരികളുടെയും നടുവിൽ ഞാൻ ആ ശക്തിയിൽ നിന്ന് മറഞ്ഞ് ഒളിച്ചിരുന്നു. എന്നെ അനുധാവനം ചെയ്ത ആ നിഴലിന്റെ പാദങ്ങളേക്കാൾ അധികമായി ആ ശബ്ദം എന്നെ പിടിച്ചടക്കി. ആ ശബ്ദം പറഞ്ഞതോ “എന്നെ വഞ്ചിക്കുന്ന നിന്നെ മറ്റെല്ലാവരും വഞ്ചിക്കുന്നു.”

നമ്മിൽ പലരും പ്രത്യേകിച്ച് പ്രവാസ ജീവിതത്തിലെ തിക്താനുഭവങ്ങളുടെ ഇരകളായവർ, ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നവരല്ലേ? നേരിട്ട പരാജയങ്ങളും നഷ്ടമായ അവസരങ്ങളും കൈവിട്ടുപോയ സന്തോഷങ്ങളും ഓർത്ത് നിരാശരായി കഴിയുന്ന അനേകരുണ്ട്. ഇനിയും ഒരു ശരിയായ ജീവിതം തന്നെ അസാദ്ധ്യമെന്ന് കരുതി നെടുവീർപ്പുമായി അവർ കഴിയുന്നു. ആത്മഹത്യാ ശ്രമത്തിലേയ്ക്ക് ഒരുന്പെടുന്നവരുമില്ലാതില്ല. ജീവിതനൈരാശ്യം ബാധിച്ചവർ ധാരാളം. പക്ഷേ നാം ആയിരിക്കുന്ന അവസ്ഥയിൽ നമ്മെ പിന്തുടരുന്ന നിഴലിൽ ഒരു ചൈതന്യമുണ്ടെന്ന് തിരിച്ചറിയുമെങ്കിൽ ജീവിതം മാറ്റിമറിക്കപ്പെടും. ആ ചൈതന്യത്തെ സ്വന്തം മനസാക്ഷിയുടെ പ്രതിഫലമെന്നോ മറു മനസിന്റെ പ്രഭാപൂരമെന്നോ, നാം വിശ്വസിക്കുന്ന ഈശ്വരന്റെ ചൈതന്യമെന്നോ, പൂർവ്വീകരുടെ അനുഗ്രഹാശിസ്സുകളുടേയും നന്മ നിറഞ്ഞ ജീവിതത്തിന്റെയും ദീപസ്തംഭമെന്നോ വിശേഷിപ്പിക്കാം. പക്ഷേ നമുക്കുള്ള പ്രശ്നം! ആ നിഴലിനെ നാം തിരയാറില്ല എന്നതാണ്. തിരതള്ളലിൽ നിഴലിനെത്തേടാൻ എവിടെ സമയം? കാൽപാദങ്ങളിൽ തൊട്ടു നിൽക്കുന്ന സ്വന്തം നിഴലിനെപ്പറ്റി വീണ്ടുവിചാരമുണ്ടെങ്കിൽ കവി തോംപ്സണപ്പോലും നമുക്കും നിഴലിന്റെ ശബ്ദം കേൾക്കാൻ സാധിക്കും. നമ്മുടെ ജീവിതത്തിന്റെ സ്വകാര്യതകളിൽ, നിശബ്ദ നിമിഷങ്ങളിൽ ശ്വാസം മുട്ടലുകളിൽ സ്വന്തം നിഴൽ ശബ്ദിക്കുന്നുണ്ട് എന്ന തിരിച്ചറിവുള്ളവർ പ്രതിസന്ധികളിൽ തളരുകയില്ല. വെല്ലുവിളികളിൽ പരാജയപ്പെടുകയില്ല. താളം തെറ്റാതെ ജീവിതം മുന്നോട്ടു നീക്കാൻ, ഉന്മേഷവും ഉത്സാഹവും പകർന്നു നല്കാൻ നിഴലിന് കഴിയും.

നിഴലിന്റെ ശബ്ദം സ്‌ഫുടമാണ്. കാരണം നിഴലിന് പ്രായമാകാറില്ല. നമുക്കൊക്കെ പ്രായമേറുന്നു. നാലു തരത്തിൽ നമുക്ക് പ്രായമേറാറുണ്ട്. ഒന്ന്, പഞ്ചാംഗത്തിലൂടെ പ്രായമേറുന്നു. (Calender ageing) ഓരോ ദിവസം കഴിയുന്തോറും പ്രായം വർദ്ധിച്ചു കൊണ്ടിരിക്കുകയല്ലേ? കലണ്ടർ എജിംഗിനെ ആർക്കെങ്കിലും പിടിച്ചു നിറുത്താൻ കഴിയുമോ? കാലത്തിന്റെ ആയുസ്സിന്റെ കളിയല്ലേ അത്. കാലത്തികവിൽ കരിഞ്ഞമർന്നേ പറ്റൂ. കുറിച്ചു വിട്ട ആയുസ്സിന്റെ ദൈർഘ്യം വർദ്ധിപ്പിക്കാൻ മനുഷ്യബുദ്ധിക്കസാധ്യമാണ്. മറ്റൊന്ന് സാമൂഹ്യപ്രായമാണ്. (Social ageing) സമൂഹത്തിൽ സജീവമായിരുന്ന പലരും അനുഭവങ്ങളുടെയും പാളിച്ചകളുടെയും കൊടും ചൂടിൽ തളർന്ന് സാമൂഹ്യമായി വൃദ്ധരായി മാറുന്നത് സർവ്വസാധാരണമാണ്. മനം പൊള്ളിക്കുന്ന അത്തരം അനുഭവങ്ങൾ ‘മതിയായി, ഇനി വിശ്രമിക്കാം’ എന്ന് സ്വയം ജല്പനം നടത്തി സാമൂഹ്യജീവിതത്തിലെ യുവത്വത്തോട് വിടപറയാറുണ്ട്. ഉൾപ്പെടുന്ന സമൂഹത്തോട് പ്രതിപത്തിയില്ലാതെ സാമൂഹ്യപ്രവർത്തനങ്ങളോട് നിസ്സഹകരണം പ്രദർശിപ്പിക്കുക എന്നതും ഇത്തരക്കാരുടെ പ്രകൃതമാണ്. സോഷ്യൽ ഏജിംഗിന് വിധേയപ്പെടുന്നവർ ഏകാന്തത ഇഷ്ടപ്പെടുന്നു. സ്വന്തം മാളത്തിലെ സ്വൈര്യവാസമാണ് അവർക്കിഷ്ടം. മൂന്നാമത്തേത് ശാരീരികമായുള്ള പ്രായമാകൽ ആണ്. അകലാനര, ത്വക്കിന്റെ മാർദ്ദവചോർച്ച, ബലക്ഷയം മുതലായവ Physical ageing ന്റെ ലക്ഷണങ്ങളാണ്. 40ൽ എത്തുന്പോഴേക്കും 60ലെ ലക്ഷണങ്ങൾ മുഖത്തിലും ശരീരത്തിലും ആസക്തികൾക്കടിമയാകുന്നവർ മിക്കവരും ഫിസിക്കൽ ഏജിംഗിന്റെ ഇരകളാണ്. ‘പോയി, നല്ല കാലം പോയി, ഇനി പഴയ ഊർജ്ജസ്വലത ഒന്നിനുമില്ല.’ എന്ന് സ്വയം വിലപിച്ചു കഴിയുന്ന ഇത്തരക്കാർ മാനസിക സമ്മർദ്ദത്തിന് വിധേയരായി വിഷാദരോഗം പിടിപെട്ടവരായി മാറും. നീലക്കണ്ണാടിയിലൂടെ സ്വന്തം മുഖത്തേക്ക് നോക്കാൻപോലും അവർ മടിക്കുന്നു. നാലാമത്തേതാണ് മനസ്സിന്റെ പ്രായമാകൽ. (Mental ageing)  ഇല്ലാത്തതും ഉള്ളതുമെല്ലാം കൂടെ ചിന്തിച്ചു കൂട്ടി ആധി പൂണ്ട് വിഭ്രാന്തിയിലാകുന്നവർ പലപ്പോഴും സംശയരോഗികളായി മാറാറുണ്ട്. ഒട്ടും മാനസികാരോഗ്യമില്ലാത്തവരാണിവർ. പകൽക്കിനാവ് കാണാൻ പോലും കരുത്തില്ലാത്തവർ. മാനസികവ്യാപാരങ്ങളിൽ കൃത്യത സൂക്ഷിക്കാത്തവർ‍. മറ്റുള്ളവരുടെ ചിന്താമണ്ധപങ്ങളുടെ കവാടത്തിൽ സ്വന്തം മനസ്സ് പണയപ്പെടുത്തിയവർ. മനസ്സുകൊണ്ട് പ്രായമായവർ ജീവിതം അവസാനിപ്പിക്കാൻ വരെ മടിക്കാറില്ല. മേൽപ്പറഞ്ഞ നാല് പ്രായമാകൽ (ageing) പ്രകിയകൾ ആദ്യത്തേത് (Calender ageing) ഒഴികെ ബാക്കിയെല്ലാം ഒഴിവാക്കാൻ മനുഷ്യന് കഴിയും. നിഴലിനോട് വേഴ്ച നടത്തുക. അതെങ്ങനെ എന്ന് ചിരിച്ചുകൊണ്ട് ചിന്തിക്കുന്നവർ തുടർന്ന് വായിക്കുക.

ഒരുവന് അടിസ്ഥാനപരമായി മൂന്ന് ഭാവങ്ങളുണ്ട്. ഒന്നാമത്തേത് (Child ego) ‘കുട്ടിത്വ’മെന്ന ഭാവം. ചിരിച്ചും കളിച്ചും എല്ലാവരോടും സ്വതന്ത്രമായി ഇടപെട്ടും കഴിയുന്ന ഒരു ഭാവം. അത് ബാല്യത്തിൽ മാത്രമല്ല യൗവനത്തിലും വാർദ്ധക്യത്തിലും കൂടെ മനുഷ്യനിൽ സ്ഥായിയായി കുടികൊള്ളുന്ന ഒരു ഭാവമാണ് യുവാവും വൃദ്ധനും അതിനെ ഉത്തേജിപ്പിക്കാറില്ല എന്ന് മാത്രം. രണ്ടാമത്തേത് പിതൃഭാവം (Parent ego) മാതാപിതാക്കൾ കുട്ടികളെ അനുസരണം പഠിപ്പിക്കാൻ വരച്ച വരയിൽ നിറുത്തുന്നതുപോലെ, വഴിതെറ്റിപ്പോകാതെയിരിക്കാൻ കഠിനമായ നിബന്ധനകൾ പ്രാബല്യത്തിലാക്കാൻ വെന്പുന്നതുപോെലയുള്ള ഒരുഭാവം മനുഷ്യനിലുണ്ട് ബാല്യത്തിൽ തന്നെ. ബാല്യത്തിലും പക്വത പ്രദർശിപ്പിക്കുന്നതും മറ്റുള്ളവർക്ക് നിർദ്ദേശങ്ങൾ വാരിച്ചൊരിയുന്നതും ബാലനിലുള്ള Parent egoആണ്. പരിസരത്തെ പാഠംപഠിപ്പിക്കാൻ പണിപ്പെടുന്നവർ ജീവിതത്തിന്റെ സായാഹ്നത്തിലും ഈ ഭാവപ്രകടനത്തിന് പേരു കേട്ടവരായിരിക്കും. മൂന്നാമത്തേത് Adult ego പക്വതയുടെ ഭാവം. സമചിത്തതയോടെ സർവ്വതിനേയും സമീപിക്കുന്ന ഒരു  സ‍ർവ്വസമ്മതഭാവമാണിത്. പുരുഷൻ പുരുഷനാകുന്നത് Adult egoയിലൂടെയെന്ന് വിവക്ഷിക്കുന്നവരുമുണ്ട്. ജീവിതത്തിന്റെ ഏത് വളർച്ചാദശയിലും ഈ പ്രായപൂർത്തിഭാവം പ്രകടിപ്പിക്കുന്നവർ അടുക്കും ചിട്ടയുമുള്ള ജീവിതശൈലിയ്ക്ക് പ്രസിദ്ധരായിരിക്കും. പെട്ടെന്ന് പ്രതികരിക്കുന്നവർ (Red hot reaction) ആയിരിക്കില്ല. കുന്നിന് കുഴിയും സന്താപത്തിന് സന്തോഷവും മറുവശമായി ഉണ്ട് എന്ന് ഈക്കൂട്ടർ അടിയുറച്ച് വിശ്വസിക്കുകയും ചരിക്കുകയും ചെയ്യുന്നു. 

ഇപ്പോൾ നമുക്ക് തോന്നിയേക്കാം, Adult ego ആണ് ഏറ്റവും നല്ലതെന്ന് തെറ്റ്. മേൽപ്പറഞ്ഞ മൂന്ന് ഭാവങ്ങളുടേയും ഒരു ആകത്തുകയായിരിക്കണം നമ്മുടെ വ്യക്തിത്വഭാവം. സമീകൃതാഹാരം പോലെ മൂന്ന് ഭാവങ്ങളേയും സമന്വയിപ്പിച്ച് ഏത് സാഹചര്യത്തിലും തദനുഭൂതിയോടെ പെരുമാറുവാൻ കഴിയുന്നവനാണ് ജീവിതത്തിൽ സമാധാനം കണ്ടെത്തുന്നവൻ. വാർദ്ധക്യത്തിലെ ശിശുവും യൗവനത്തിലെ വാർദ്ധക്യവും ശൈശവത്തിലെ യൗവനവും വ്യക്തിത്വത്തിലെ വെള്ളിമേഘങ്ങളാണ്. ജീവിതത്തിന്റെ മുക്കിലും മൂലയിലും വഴിമുട്ടലുകളെ അഭിമുഖീകരിക്കേണ്ടി വരുന്പോൾ ഇങ്ങനെയുള്ളവർ ഭാവഗ്രഹണത്തിലൂടെ നിഴലിന്റെ ശബ്ദത്തിനായി കാത്തിരിക്കും. നമ്മുടെ വ്യക്തിത്വത്തെ നിഴലിലേക്ക് ഇറക്കിവെച്ച് അവിടെ നിന്നുകൊണ്ട് നമ്മുടെ യഥാർത്ഥ സ്വരൂപത്തിലേക്കും പ്രകൃതത്തിലേക്കും നാം തന്നെ വീക്ഷിക്കുന്പോൾ, നാമറിയാതെ നിഴൽ സംസാരിക്കും; നിഴലിന്റെ ശബ്ദം അപ്പോൾ ശ്രവിക്കാൻ സാധിക്കും. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ഒരു വർഷമായി ഉഴപ്പാണ്. പഠിത്തത്തിൽ ശ്രദ്ധയില്ല. വീട്ടിൽ വന്നാൽ ഒരു പ്രസന്നതയില്ല. കൂട്ടുകാരുമായാണ് കൂടുതൽ അടുപ്പം. അവരുമായി ശണ്ഠ കൂടുന്നു. പരീക്ഷകളിൽ പരാജയപ്പെടുന്നു. ഭക്ഷണത്തിൽ പോലും വിരക്തി പ്രകടിപ്പിക്കുന്നു. അയാളെയും കൂട്ടി മാതാപിതാക്കൾ കൗൺസിലിംങ്ങിനെത്തി. ഉറക്കം ബാക്കിനിൽക്കുന്ന കണ്ണുകളും, വാടിയ മുഖവും ജീവനില്ലാത്ത വാക്കുകളും കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ഗൗരവമായി ആ കുട്ടിയോട് ഇടപെടണമെന്ന് തോന്നി. ഉള്ള് അപ്പോൾ തുറക്കേണ്ടി വന്നു. 15 വയസ്സുകാരനായ അയാൾ മദ്യത്തിനും പുകവലിക്കും മയക്കുമരുന്നിനും സ്വയംഭോഗത്തിനും അടിമയാണ്. രാത്രിയിൽ രക്ഷിതാക്കൾ ഉറങ്ങിക്കഴിയുന്പോൾ കൂട്ടുകാരുടെ എസ്.എം.എസ് എത്തുന്നതോടെ അയാൾ പൂട്ട് തുറന്ന് വീട്ടിന് പുറത്തുപോകുന്നു. വാഹനമോടിക്കുന്നു. മണിക്കൂറുകൾ ചെലവഴിച്ച ശേഷം വെളുപ്പിന് മൂന്ന് മണിയോടെ തിരികെ എത്തുന്നു. അർദ്ധബോധാവസ്ഥയിൽ എത്തുന്ന ഈ കുമാരൻ പിന്നെ ഒരു ഉറക്കമാണ്. 6 മണിക്ക് സ്കൂളിൽ പോകാൻ വെള്ളം കോരി ദേഹത്തൊഴിച്ചാണ് അയാളെ ഉണർത്തുന്നത്. ദിവസവും ഇത് പതിവ് തന്നെ. വീട്ടിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങളും പണവും മോഷ്ടിച്ച് കൂട്ടുകാർക്ക് നല്കുന്നു. സമയപ്രായക്കരല്ല കൂട്ടുകാർ. മുതിർന്നവരാണ്. അവർ ഇയാളെ ഉപയോഗിക്കുന്നു. ധനാഗമനമാർഗ്ഗങ്ങൾക്കായി. 

ആഴ്ചയിലൊരിക്കലെങ്കിലും കൂട്ടുകാർ തമ്മിൽ അടിപിടിനടക്കും. ശരീരം മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളാണ്. മൽപിടുത്തത്തിൽ വലതുകൈ ഒടിഞ്ഞ് പ്ലാസ്റ്ററിട്ടിരിക്കുന്നു. ഫുട്ബോൾ കളിച്ചപ്പോൾ കയ്യൊടിഞ്ഞതാണ് എന്ന് വീട്ടിൽ പറഞ്ഞിരിക്കുന്നു. ഇയാളെ എങ്ങനെ ഒതുക്കും? ഒരു Transactional analysis Therapy (T.A Therapy) യിൽ കൂടെ അയാൾക്ക് മനഃമാറ്റം ഉണ്ടായി. Parent, Adult, child എന്നീ മൂന്ന് ഭാവങ്ങളെ പ്രതിനിധാനം ചെയ്ത് മൂന്ന് കസേരകൾ അയാൾക്ക് മുന്നിലിട്ടു. അയാൾക്കപ്പോൾ ആയിരുന്ന child ego േസ്റ്റജിനായുള്ള കസേരയിലിരുന്നു കൊണ്ട് എന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ഇരിപ്പിടം മാറ്റി. പേരന്റ് കസേരയിലിരുന്ന് child നോടും adult കസേരയിലിരുന്ന് child നോടും മാറി മാറി സ്വയം സംസാരിക്കുവാൻ പ്രേരിപ്പിച്ചു. മറ്റൊരർത്ഥത്തിൽ സ്വന്തം നിഴലിനെ ഈ മൂന്ന് ഭാവങ്ങളിൽ പ്രതിഷ്ഠിച്ച് ആശയവിനിമയം നടത്തിച്ചു. അത്ഭുതമെന്ന് പറയട്ടെ, കുറ്റബോധത്തിന്റെ ഹൃദയവ്യഥയിൽ അവൻ പൊട്ടിക്കരഞ്ഞു. താനൊരു മുടിയനായ പുത്രനെന്ന് അവന് ബോധ്യപ്പെട്ടു. മാതാപിതാക്കളോട് ക്ഷമ ചോദിച്ചു. അവരുടെ കരവലയങ്ങളിൽ ചുടുചുംബനത്തിനായി അവൻ അമർന്നപ്പോൾ അവന്റെ നിഴലിന്റെ ശബ്ദം അവൻ തീർച്ചയായും ശ്രവിച്ചിട്ടുണ്ടാകും. പ്രസന്നവദനനായ ചുറുചുറുക്കുള്ള ഒരു കുമാരനാണിന്നവൻ.

പ്രിയപ്പെട്ടവരേ, നമ്മുടെ നിഴൽ നമ്മെ പിന്തുടരുന്നുണ്ട്. മുറിപ്പെടുത്താനും നോവിക്കാനുമല്ല. മറിച്ച്, തുണയാകാൻ. പക്ഷേ നിഴലിനെ നാം ഗൗനിക്കാറില്ല. തന്നിലെ തന്നെ ബാല്യ, പിതൃ, പക്വഭാവങ്ങളുമായി സംവദിക്കുന്പോഴാണ് നിഴലിന്റെ സൗഹാ‍‍ർദ്ദം നാം തിരിച്ചറിയുന്നത്. കൂടെക്കൂടെ നമ്മിൽ അന്തർലീനമായിരിക്കുന്ന ഈ ത്രിഭാവങ്ങളോട് വേഴ്ചയിലേർപ്പെടുന്നവ‍ർ നിഴലിനെ ഭയക്കുകയില്ല, നിഴലിനെ പുൽകും.

You might also like

Most Viewed