നല്ലനടപ്പ് നടരാജന്മാർ...
ശരശയ്യ - നിതിൻ നാങ്ങോത്ത്
നടന്ന് നടന്ന് നേതാക്കൾ നേടിയെടുത്തതാണ് ഇക്കാണുന്നതൊക്കെ. നല്ല നടപ്പിന് ശുഭപര്യവസാനം കൊടുക്കണേ ഹർത്താൽ ബദരീങ്ങളേ...മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ റോഡിന്‍റെ വീതിയും ടാറിന്‍റെ ഹീറ്റും അറിഞ്ഞ് ജനങ്ങളെ രക്ഷിക്കാനിറങ്ങുന്നത് ചില്ലറ ടാസ്ക്കല്ല.സാധാരണ ഫിനിഷിംഗ് പോയിന്‍റിലെത്തും മുന്പ് കാര്യമായി വല്ലതും സംഭവിച്ചിരിക്കും. അതാണ് പ്രതീക്ഷയും. വല്ല കല്ലോ ബോംബോ വർഷിച്ചാൽ ഈ വർഷത്തെ സക്രിയ രാഷ്ട്രീയ മാമാങ്കത്തിന് അതു മതി... അണികളുടെ കൂട്ടുത്തരവാദിത്ത്വം കൂടും. അവർ സംഘടിതരാവും.സംഘടനാപാടവം ശിരസ്സാവഹിക്കും. ഇമ്മാതിരി തന്ത്രങ്ങളൊക്കെ കണ്ടുപിടിച്ചവനെ തമ്മയിക്കണം!!
സാധാരണ ലോക്കൽ ടൂർണ്ണമെന്‍റുകളിൽ കളിക്കാനെത്താറ് സ്കില്ല് തെളിയിച്ച നാടൻ പ്ലയേഴ്സ് ആയിരിക്കും. ലോക്കൽ സെവൻസിൽ വയലിൽ പെരങ്ങാൻ നാഷണൽ ഫോർവേർഡ്സ് നേരിട്ടിറങ്ങിയതാണ് സ്പോർട്സ് പ്രേമികളെ അത്ഭുതപരതന്ത്രരാക്കിയത്.പോരാത്തതിന് ദേശീയ ചാനലുകളുടെ കവറേജും. പയ്യന്നൂരിലെയും പിലാത്തറയിലെയും പിണറായിയിലെയും പ്രാന്തപ്രദേശങ്ങൾ കണ്ട് കിം ജോംഗ് ഉന്നു പോലും ഞെട്ടിക്കാണണം. തലശ്ശേരി ഗവ. ആശുപത്രിയിലെ സച്ച്ഭാരത് കണ്ട് യോഗിനാഥിന്‍റെ കുരു പൊട്ടിക്കാണണം. വലിയ കളിക്കാരെയൊക്കെ ചറപറ ഇറക്കി കളിപ്പിച്ച ടൂർണ്ണമെന്‍റൊക്കെ നല്ല ഗോൾ ശരാശരിയിൽ തോറ്റതായിട്ടാണ് ചരിത്രം. ഒരാൾ അങ്ങോട്ടു പായുന്പോൾ മറ്റേയാൾ ഇങ്ങോട്ടു പായും. പെനാൽട്ടി അടിവരുന്ന സമയത്ത് ഗോളി മുങ്ങിയിട്ടുണ്ടാവും. ഇതിനേക്കാൾ നല്ലത് നല്ല കോഡിനേഷനുളള നാടൻ വയൽക്കളിക്കാരെത്തന്നെ ജേഴ്സി അണിയിപ്പിക്കുന്നതാണ്. അത്യാവശ്യം ഫൗൾ കളിച്ചിട്ടാണേലും പിടിച്ചു നിന്നോളും. ഇതു കളിയും ഡ്രൈയായി. ‘ഹാന്‍റ്ബോളിന്’ ചോപ്പു കാർഡും കണ്ടു. ഇതോടെ ജയരാജൻ സഖാവിന് അന്തർദേശീയ റീച്ച് ആയി. രാഷ്ട്രീയത്തിൽ സമയാസമയത്തുളള റീച്ച് ആണ് പ്രധാനം. ചാനൽ മുഖപ്പെടാൻ ഓരോരുത്തരും കാട്ടിക്കൂട്ടുന്ന പ്രസ്താവനാ വൈകൃതം കാണുന്പോൾത്തന്നെ ചിരി വരും.
ഉൻ ട്രംപിനെയെന്ന പോൽ ഇപ്പോൾ പിണറായി vs ഷാ സ്ട്രേറ്റ് വാക്കുവാറാണ്. വാക്ക് ഓവറാവുന്നുണ്ടെന്നുളളത് ഹർത്താൽ കാംക്ഷികളായ മലയാളീസിനെ കൊതിപ്പിക്കുന്നു. വാക്കോവർ ലഭിച്ച് കരയ്ക്കിരുന്ന് കളിമെനയുന്ന ചെന്നിത്തല പാർട്ടിക്ക് കോച്ചിന്‍റെയും ക്യാപ്റ്റന്‍റെയും കാര്യത്തിൽ ഇനിയുമൊരു തീരുമാനമായില്ല. പഴയ ഫിസിയോ സരിതാ മാം സീഡീപ്പൊടി തട്ടിത്തുടച്ച് എന്തിനോവേണ്ടി തിളച്ച് ചാനലിൽ ബോൾഡാവുന്നത് ഹെഡ്എയ്ക്കിന് കാരണമാവുന്നുണ്ട്. ചെയ്ത സഹായമൊന്നും പോരേന്ന് ഇരുകൂട്ടരും പരവശപ്പെടുന്നുണ്ട്.എന്തായാലും ഇലക്ഷൻ സീസണിലെ തുറുപ്പു ഗുലാനായി സോളാർറാണി ഈ സീസണിലും കണ്ടേക്കും. കോടതികളായ കോടതികളൊക്കെ നടന്നു കയറിയതിന്‍റെ പരിചയം വെച്ച് ഒരു സരിതാ രക്ഷാമാർച്ചിനെപ്പറ്റി ആലോചിക്കാവുന്നതേ ഉളളൂ. ഇത്രയൊക്കെപ്പറ്റിയിട്ടും ഇത്ര ബോൾഡായി കവിതാപൂർവം സംസാരിക്കുന്ന മറ്റൊരു മാതൃകയെ ഭൂമിമലയാളത്തിൽ മഷിയിട്ട് നോക്കിയാലും കണ്ടെത്താൻ നോ ചാൻസ്. എത്ര നേതാക്കളെ സൈഡ് ബെഞ്ചിലിരുത്തിയതിന്‍റെ തെറാപ്പി നമ്മളുടെ ‘അവളോടൊപ്പം’ വീരാംഗനമാർക്ക് കണ്ടുതൊഴുത് ശിഷ്യപ്പെടാവുന്നതേ ഉളളൂ. ആന്പിള്ളേരുടെ ഫോണിൽ തുണ്ടാക്കിക്കളയും എന്ന ദിലീപ് ഫാൻസ് ഭീഷണിയിൽ പലരും പനിച്ച് കിടപ്പിലായി സൈലന്‍റ് മോഡായെന്ന് തൽപ്പര കക്ഷികൾ നോട്ടീസടിക്കുന്നുണ്ട്. എന്തായാലും നാടകാന്ത്യം, മുളകുപാടം പൂത്തുലഞ്ഞു. രാമനുണ്ണിയും സുജാതയും ടാലന്‍റ്ഹണ്ടേഴ്സാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. നടനരാജാക്കന്‍മാരോടൊന്നും കളിച്ചാൽ കൂടില്ല ഭായ്. അവരൊക്കെ വേറെ വെയ്്വാണ്, ലെവലാണ്.
നല്ല നടപ്പിലേക്ക് വരാം. പണ്ട് നായനാർ കാലത്ത് കാസർകോട് മുതൽ തലസ്ഥാനം വരെ പദയാത്ര നയിച്ച് കരിന്പട്ടികയിൽ കയറിയതോടെയാണ് അന്നത്തെ യൂത്തനായ ചെന്നിത്തലയുടെ തലവര തെളിഞ്ഞത്. കരുണാകര വത്സലനായ ടിയാനെ പിന്നെ പിടിച്ചാൽ കിട്ടിയിട്ടില്ല. നടരാജന്‍മാരിൽ കുമ്മനരാജന്‍റേയും ഒ. രാജന്‍റേയും രാഷ്ട്രീയ രാശി ഇതോടെ തെളിയും. അമിത് ഷായുടെ ഗുഡ്ബുക്കിൽ നാണയപ്പെടാൻ ഈ നന്പറൊന്നും പോര. ചോപ്പും പച്ചയും കൂടിക്കലർന്ന ഭീകരതയ്ക്കെതിരെ പഞ്ച്സ്ലോഗൻ സമരം നിരന്തരം നിർഭയം സംഘടിപ്പിക്കണം. മോഹൻ ഭഗവത്തിനെയും മോദിജിയെയും ഇറക്കി കേരളത്തിന്‍റെ, സർവ്വോപരി കണ്ണൂരിന്‍റെ മുക്കിലും മൂലയിലും പാർട്ടി ഗ്രാമങ്ങളിലും സംസാരിപ്പിക്കണം. ആവേശവും അക്രമവും ബന്ദർത്താലുമൊക്കെ കുറ്റിയറ്റുപോവാതിരിക്കാൻ അതുമാത്രമാണ് പോം വഴി. റെഡ് വളണ്ടിയർമാരുടേയും പുതിയതായി ലൈസൻസ് കിട്ടിയ സി.പി.ഐ കുറുവടിയന്‍മാരുടേയും നമുക്കും ജീവിക്കണം ജാഥ ഈ വാഹനത്തിന്‍റെ തൊട്ടുപിറകിലായി സ്റ്റാട്ടിങ്ങിലാവുമായിരിക്കും. പാനൂരിൽ കൊടിയേറ്റം ഭക്തിപാരവശ്യത്തോടെ നടന്നിട്ടുണ്ട്. പതിമൂന്നോളം പേർ ചികിത്സയിലാണ്. വലിയ വെടി തന്നെയാണ് പൊട്ടിച്ചത്. ബോംബേറിൽ സീനിയർ പോലീസ് ഏമാന്‍മാർക്കും വിഹിതം കിട്ടിയിട്ടുണ്ട്.കൊടിമരം, പാർട്ടിയാപ്പീസ്, കരിഓയിൽ... രീതിശാസ്ത്രത്തിൽ മാത്രം ഒരുമാറ്റവുമില്ല. മുദ്രാവാക്യമോ? അടിക്കും ഞങ്ങൾ പൊളിക്കും ഞങ്ങൾ അടിച്ചുപൊളിച്ച് നെരത്തും ഞങ്ങൾ... എന്‍റെ പാനൂരേ എത്ര കൊണ്ടിട്ടും പഠിക്കാതെ!! ശവക്കുഴിയുടെ മരവിപ്പിൽ വിറങ്ങലിക്കാൻ എവിടെയോ പൂക്കൾ നുളളപ്പെടുന്നുണ്ട്. നിന്‍റെ നെഞ്ചിലേക്കുളള പുഷ്പചക്രത്തിലേക്ക് കോൺട്രിബ്യൂട്ട് ചെയ്യാൻ. ആരു നടന്നാലും കിടന്നാലും കണ്ണൂർ അശാന്തീനിലയം തന്നെ... നടക്കുന്നവർക്ക് കൊളസ്ട്രോളെങ്കിലും കുറയും. അന്നന്നത്തെ അധ്വാനം കൊണ്ട് മാത്രം ജീവിതം പിച്ചവെപ്പിക്കുന്ന പാവം കോരനും കേളനും ചന്ദ്രനും വാസൂനൊക്കെ എന്ത് കൊണം?!! ശങ്കരൻ സ്റ്റിൽ ഓണ്‍ ദ കോക്കനെട്ട് ട്രീ !! പാനൂർ പകയൂരാവുന്നതിലും കണ്ണൂർ കണ്ണീർ ആവുന്നതിലും പെരുത്ത് സങ്കടം. നടരാജാക്കന്‍മാർ നീണാൾ വാഴട്ടെ... നടഹോയിന്നട... നട ഹോയ് നട..