ശാന്തിയും അശാന്തിയും
വി.ആർ. സത്യദേവ്
sathya@dt.bh
പത്രക്കാർ പൊതുവേ ദോഷങ്ങൾ കണ്ടുപിടിക്കാൻ കൂടുതൽ മിടുക്കു കാട്ടുന്നവരാണ് എന്നു പണ്ടേ ആക്ഷേപമുണ്ട്. സമൂഹത്തിലെ പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരാൻ അത്തരമൊരു വീക്ഷണകോൺ പലപ്പോഴും ആവശ്യവുമാണ്. എന്നാൽ എന്തിലുമേതിലും ദോഷം മാത്രം കാണുന്നത് നമ്മുടെ ജീവിതങ്ങളുടെ ശോഭ കെടുത്തും. അത് പ്രതീക്ഷകളെ തല്ലിക്കെടുത്തും. വർത്തമാനകാല ലോകരാഷ്ട്രീയ കാഴ്ചകൾക്കായി ലോക ജാലകം തുറന്നു നോക്കുന്പോൾ പൊതുവെ കാണുന്നതൊക്കെയും അത്തരത്തിൽ പ്രത്യാശ നശിപ്പിക്കുന്ന സംഘർഷ കാഴ്ചകളാവും എന്നതാണ് വാസ്തവം. അവയ്ക്കിടയിൽ വല്ലപ്പോഴുമൊക്കെ സംഭവിക്കുന്ന നല്ലകാര്യങ്ങൾ കണ്ടെത്താനായാലേ ഈ കുത്തൊഴുക്കിൽ നമുക്ക് അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനാവൂ. അത്തരമൊരു വർത്തമാനമാണ് ഇക്കൊല്ലത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം.
ഐ ക്യാൻ എന്ന കൂട്ടായ്മയ്ക്കാണ് ഇക്കൊല്ലത്തെ നൊബേൽ സമാധാന പുരസ്കാരം. ആണവായുധങ്ങളില്ലാത്ത ലോകത്തിനായുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്ന കൂട്ടായ്മയാണ് ഐക്യാൻ. International Campaign to Abolish Nuclear Weapons എന്നതാണ് i can എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സംഘടനയുടെ പേര്. പത്തു വർഷങ്ങൾക്കു മുന്പ് ഓസ്ട്രേലിയയിലാരംഭിച്ച സംഘടനയുടെ ഇപ്പോഴത്തെ ആസ്ഥാനം ജനീവയാണ്. 101 രാജ്യങ്ങളിലായുള്ള 468 സന്നദ്ധസംഘടനകൾ ഇപ്പോൾ ഐ ക്യാനുമായി ചേർന്ന് പ്രവർത്തിച്ചുവരുന്നു. ആണവായുധങ്ങൾ ആഗോള ഭീഷണിയാകുന്ന ഇന്നത്തെക്കാലത്ത് ആണവ നിരായുധീകരണത്തിനെതിരെ അക്ഷീണം പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രാധാന്യം നൊബേൽ പോലൊരു പ്രസ്ഥാനം അംഗീകരിച്ചത് തികച്ചും കാലികവും അഭിനന്ദനീയവുമാണ്.
എന്നാൽ ഇതിൻ്റെയും വില കുറച്ചു കാണുന്ന നിരീക്ഷകരുണ്ട്. നൊബേൽ വിലയിരുത്തലും ആദരവും കുറ്റമറ്റതല്ല എന്നാണ് ഇത്തരക്കാരുടെ വാദം. സഹനത്തിൻ്റെയും സമാധാത്തിൻ്റെയും പ്രവാചകനായിരുന്ന സാക്ഷാൽ മഹാത്മജിക്ക് ഒരിക്കൽ പോലും ഈ പുരസ്കാരം നൽകിയിട്ടില്ല എന്നതായിരുന്നു അടുത്തിടെ വരെ അതിൻ്റെ പെരുമയ്ക്കു കോട്ടം തട്ടിക്കുന്ന വാസ്തവങ്ങളിലൊന്ന്. എന്നാലിപ്പോൾ ലോകത്തിൻ്റെ നെഞ്ചിലെ നൊന്പരമായ മറ്റൊരു പ്രശ്നവുമായും നൊബേൽ സമാധാന പുരസ്കാരത്തെ ചേർത്തു വായിക്കാൻ നിർബന്ധിതരാവുകയാണ് നമ്മൾ. വർത്തമാന കാലത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് അഭയാർത്ഥികൾ. പലകാരണങ്ങൾകൊണ്ടും സ്വന്തം ഇടങ്ങളിൽ നിന്നു വേരറുക്കപ്പെട്ടവർ. ജീവൻ നിലനിർത്താനുള്ള പലായനങ്ങളിൽ ഇല്ലായ്മ ചെയ്യപ്പെടുന്നവർ. മ്യാൻമറിലെ റോഹിങ്ക്യൻ പ്രതിസന്ധി അതിലൊന്നാണ്. എണ്ണം കൊണ്ട് ഒരുപക്ഷേ അവയിൽ ഒന്നാമത്തേതു തന്നെയുമാണ്. പ്രതിദിനം പതിനായിരങ്ങളാണ് മ്യാൻമറിൽ നിന്നും സുരക്ഷിതമല്ലാത്ത കടത്തു വഞ്ചികളിലും മറ്റും അഭയം തേടി പലായനം ചെയ്യുന്നത്. ബംഗ്ലദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ, പൗരത്വമില്ലാത്ത പിന്മുറക്കാരാണ് മ്യാൻമറിലെ രോഹിങ്ക്യകൾ. ബംഗ്ലദേശിലേക്കാണ് അവരിൽ ഭൂരിപക്ഷവും അഭയെ തേടിയെത്തുന്നത്.
ഉള്ളതെല്ലാമുപേക്ഷിച്ച് നീട്ടിക്കിട്ടിയ ആയുസ്സുമായി ലക്ഷങ്ങൾ അഭയത്തിൻ്റെ മറുകരയണയുന്പോൾ നൂറുകണക്കിനാൾക്കാരാണ് ലക്ഷ്യസ്ഥാനമെത്തും മുന്പ് ആയുസ്സെത്താതെ ജീവനൊടുങ്ങി ഇല്ലാതാവുന്നത്. ഇന്നലെ മ്യാൻമർ− ബംഗ്ലദേശ് അതിർത്തിയിലെ നാഫ് നദിയിൽ അഭയാർത്ഥികളെ കയറ്റി വന്ന മൽസ്യബന്ധന വഞ്ചി മുങ്ങി മരണമടഞ്ഞത് 12 പേരാണ്. ഇതിൽ പത്തു പേരും കുട്ടികളാണ്. 13 പേരെ ബംഗ്ലദേശ് സുരക്ഷാ സേന രക്ഷപെടുത്തി. നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല.
ഇതൊക്കെ നടക്കുന്നത് ഒരു നൊബേൽ സമാധാന സമ്മാന ജേത്രി ഭരിക്കുന്ന നാട്ടിലാണ്. 1991 ലെ നൊബേൽ സമ്മാന ജേതാവാണ് മ്യാൻമർ നായികയായ ആംഗ് സാൻ സ്യൂകി. സമാനത്തിന്റെ പ്രതിരൂപമായ സ്യൂകി പക്ഷേ റഖൈനിൽ ഇരകളായ റോഹിങ്ക്യനുകൾക്കൊപ്പമല്ല മറിച്ച് വേട്ടക്കാരായ പട്ടാളത്തിന്റെ പക്ഷത്താണ് അതിശക്തമായി നിലയുറപ്പിച്ചിട്ടുള്ളത്. നൊബേലിന്റെ മഹത്വത്തെ ചോദ്യം ചെയ്യുന്നവർ ഈ വാദം നിരത്തുന്പോൾ എതിരാളികൾക്കുപോലും മൗനമാകുന്നു മറുപടി.
മ്യാൻമറിലെ റഖൈനിലാണ് റോഹിങ്ക്യകൾ കൂടുതലുള്ളത്. റഖൈനിൽ അവശേഷിക്കുന്ന റോഹിങ്ക്യകളുടെ സ്ഥിതി ഇന്നു മുതൽ കൂടുതൽ ദുഷ്കരമാവുമെന്നാണ് റിപ്പോർട്ട്. റോഹിങ്ക്യകളുടെ അവകാശത്തിനായി പോരാടുന്ന അറകാൻ റോഹിങ്ക്യ സാൽവേഷൻ ആർമിയും മ്യാൻമർ സുരക്ഷാ സേനയുമായി നിലവിലിരുന്ന വെടിനിർത്തൽ ഇന്ന് അവസാനിക്കുകയാണ്. വെടി നിർത്തൽ അവസാനിച്ചാൽ സേന കൂടുതൽ ശക്തമായ അടിച്ചമർത്തൽ നടപടികളാരംഭിക്കും എന്നുറപ്പാണ്. അവിടെ സ്യൂ കി പാലിക്കുന്ന മൗനം സമാധാനപ്രിയരുടെ നെഞ്ചിലെ നൊന്പരമാവുന്നു. ആണവായുധ നിർവ്യാപനത്തിനുള്ള കാലമായില്ലെന്ന അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ഡ്രംപിന്റെ പ്രസ്താവനയാവട്ടെ പുരസ്കാരങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമപ്പുറമുള്ള പച്ച യാഥാർത്ഥ്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.
122 രാജ്യങ്ങളെക്കൊണ്ട് ആണവനിർവ്യാപന കരാറിൽ ഒപ്പു വയ്പ്പിച്ച സംഘടനയാണ് ഐ ക്യാൻ. ഇതു ചില്ലറ കാര്യമല്ല. എന്നാൽ അമേരിക്ക, ചൈന, ഫ്രാൻസ്, ബ്രിട്ടൺ, ഇസ്രായേൽ, ഇന്ത്യ, പാകിസ്ഥാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾ ഈ പട്ടികയിലില്ല. ഈ രാജ്യളുടെ പക്കലാണ് ആണവായുധങ്ങളഉള്ളത്. ചുരുക്കത്തിൽ ‘എറിയാൻ ശേഷി തെളിയിച്ചിട്ടില്ലാത്തവരെ’ കൊണ്ട് ‘എറിയില്ല’ എന്ന് അംഗീകരിപ്പിക്കുക മാത്രമാണ് സംഘടന ഇതുവരെ ചെയ്തിട്ടുള്ളത്. അതിനെയും മോശമായി കാണേണ്ടതില്ല. ആണവ കിടമൽസരത്തിലേക്ക് കുറഞ്ഞപക്ഷം ആ 122 രാജ്യങ്ങൾകൂടി കടന്നു വരില്ലല്ലോ എന്ന് തൽക്കാലത്തേക്കെങ്കിലും നമുക്കു സമാധാനിക്കാം. പ്രത്യേകിച്ച് ഉത്തരകൊറിയൻ ആണവഭീഷണി അനുദിനം വർദ്ധിച്ചു വരുന്ന ഇന്നത്തെക്കാലത്ത്. ആ ഭീഷണിയുടെ അടുത്തപടി നാളെ ഉണ്ടായേക്കുമെന്നാണ് നിരീക്ഷക മതം.
നാളെ ഉത്തരകൊറിയൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാപക ദിനമാണ്. രാജ്യവുമായി ബന്ധപ്പെട്ട പ്രധാന ദിനങ്ങളെയെല്ലാം ഉത്തര കൊറിയ രേഖപ്പെടുത്തുന്നത് മിസൈൽ പരീക്ഷണങ്ങളിലൂടെയാണ് എന്നു വേണമെങ്കിൽ വിലയിരുത്താം. അമേരിക്കയെ ലക്ഷ്യമിടുന്ന രണ്ട് മിസൈലുകൾ നാളെ അവർ പരീക്ഷിച്ചേക്കുമെന്നാണ് അടുത്തിടെ രാജ്യം സന്ദർശിച്ച റഷ്യൻ നേതാവ് ആൻറൺ മൊറോസോവ് പറയുന്നത്.
അമേരിക്കയുടെ പടിഞ്ഞാറൻ തീരമാണ് മിസൈലുകൾ ലക്ഷ്യം വയ്ക്കുന്നത്. രാജ്യതലസ്ഥാനത്ത് ഇത്തരത്തിലൊരു നടപടിക്കായുള്ള തയ്യാറെടുപ്പും ഉദ്വേഗവുമുണ്ടെന്ന് ആൻറൺ മൊറോസോവ് സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കൻ ആണവഭീഷണിക്കെതിരായ കൊറിയൻ ജനതയുടെ ചെറുത്തു നിൽപ്പിന്റെയും പോരാട്ടത്തിൻ്റെയും സന്തതിയാണ് തങ്ങളുടെ ആയുധ വികസന നേട്ടങ്ങളെന്ന് ഉത്തര കൊറിയൻ നായകൻ കിം ജോംഗ് ഉൻ കഴിഞ്ഞ ദിവസം പറഞ്ഞതും നമുക്ക് ഇതിനോട് ചേർത്തു വായിക്കാം. ആയുധ വികസന പദ്ധതികൾക്കൊപ്പം രാജ്യത്തെ ഭരണ സംവിധാനത്തിലെ അഴിച്ചു പണികളും ഈ വാരം വാർത്തകൾക്ക് വിഷയമായി. തൊഴിലാളി പാർട്ടി ഭരണമെന്ന് പറയുന്പോഴും ഉത്തരകൊറിയയിൽ ദശാബ്ദങ്ങളായി നടക്കുന്നത് കിം കുടുംബത്തിൻ്റെ വാഴ്ചയാണ് എന്നത് രഹസ്യമല്ല. ഭരണത്തിൽ കിമ്മിന്റെ കുടുംബ വാഴ്ച കൂടുതലുറപ്പിക്കുന്നതരത്തിൽ കിം ജോംഗ് ഉന്നിൻ്റെ സഹോദരി കിം യോ ജോംഗും പാർട്ടിയിൽ കൂടുതൽ ശക്തയാവുകയാണ്. വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലേക്കാണ് അവർ ഉയർത്തപ്പെട്ടിരിക്കുന്നത്. കിം ഭരണസാരഥ്യമേറ്റത് മുതൽ നിഴൽപോലെ കൂടെയുള്ള അവരായിരുന്നു ഇടയ്ക്ക് സഹോദരൻ അസുഖബാധിതനായപ്പോൾ ഭരണ ചുമതലകൾ നിർവ്വഹിച്ചത് എന്നും പറയപ്പെടുന്നു. അന്തപ്പുര വർത്തമാനങ്ങൾ അതീവ രഹസ്യമാക്കി സൂക്ഷിക്കുന്ന കൊറിയയിൽ ഇക്കാര്യങ്ങളിൽ പലതിനും പക്ഷേ സ്ഥിരീകരണമില്ല. മുൻ ഭരണാധികാരി കിം ജോംഗ് ഇല്ലിന് കോ യോംഗ് ഹ്യൂ എന്ന ഭാര്യയിൽ ജനിച്ച മക്കളാണ് കിം ജോംഗ് ഉന്നും കിം ജോ യോംഗും.
ലോകഭീഷണിയൊന്നുമല്ലെങ്കിലും യൂറോപ്പിന്റെ മണ്ണിൽ സ്പെയിനിലും സംഘർഷം അതിശക്തമാവുകയാണ്. ബാഴ്സലോന കേന്ദ്രമാക്കിയുള്ള കാറ്റലാൻ സ്വാതന്ത്ര്യ നീക്കങ്ങളാണ് സ്പെയിനെ സംഘർഷഭരിതമാക്കുന്നത്. ഈ മാസം ഒന്നിന് സ്പാനീഷ് ദേശീയ സർക്കാരിൻ്റെ വിലക്കു ലംഘിച്ച് കാറ്റലാൻ പ്രദേശത്തു നടന്ന ഹിതപരിശേധനയോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുന്നു. സർക്കാരിൻ്റെയും പരമോന്നത കോടതിയുടെയും എതിർപ്പിനെയും അടിച്ചമർത്തൽ നീക്കങ്ങളെയും മറികടന്നു നടന്ന ഹിതപരിശോധനയിൽ ഭൂരിപക്ഷവും പുതിയ രാഷ്ട്ര രൂപീകരണത്തിന് അനുകൂലമായാണ് വോട്ടു ചെയ്തതെന്ന് കാറ്റലാൻ നേതാവ് കാർലെ പ്യൂജ്ജിമോൺ അവകാശപ്പെടുന്നു. നാളെച്ചേരുന്ന കാറ്റലാൻ പാർലമെൻ്റ് സമ്മേളനത്തിൽ പ്യൂജ്ജിമോൺ രാഷ്ട്ര രൂപീകരണ പ്രഖ്യാപനം നടത്തിയേക്കാം. രാഷ്ട്ര രൂപീകരണം ഒരു തരത്തിലും അനുവദിക്കില്ലെന്ന ശക്തമായ നിലപിലാണ് പ്രധാനമന്ത്രി മരിയാനോ റജോയും രാജാവ് ഫെലിപെ ആറാമനും. വേണ്ടിവന്നാൽ കാറ്റലാൻ പ്രദേശത്തിന് നൽകിപ്പോരുന്ന സ്വയംഭരണാവകാശം ഇല്ലാതാക്കുന്നതരത്തിൽ ഭരണഘടന പൊളിച്ചെഴുതാൻ പോലും മടിക്കില്ലന്നതാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്.
സ്പെയിനിൻ്റെയും യൂറോപ്പിൻ്റെ തന്നെയും ഭാവി തിരുത്തിക്കുറിക്കുന്ന തീരുമാനങ്ങളും തുടർ നടപടികളും കാറ്റലാൻ ദേശീയതയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ഉണ്ടായേക്കാം.സംഭവ ബഹുലമാവും വരാനിരിക്കുന്ന ദിവസങ്ങളും. സംഭവങ്ങളാണല്ലോ നമ്മുടെ ദിനങ്ങളെ സജീവമാക്കുന്നത്.