ഇലോൺ മസ്‌ക് എന്ന പ്രതി­ഭാ­സം!


ജെ. ബിന്ദുരാജ്

 

ന്യയോർക്കിൽ നിന്നും ചൈനയിലെ ഷാങ്ഹായ്‌യിലേക്കുള്ള ദൂരം 11,863 കിലോമീറ്ററാണ്. വിമാനത്തിലാണെങ്കിൽ ഏറ്റവും കുറഞ്ഞത് 15 മണിക്കൂറുകളെങ്കിലുമെടുക്കും ആ യാത്രയ്ക്ക്. ഇനി കേവലം 39 മിനിട്ടിനുള്ളിൽ ആ ദീർഘദൂര യാത്ര സാധ്യമാകുന്നതിനെപ്പറ്റി ചിന്തിച്ചുനോക്കൂ. അതുപോലെ ബാങ്കോക്കിൽ നിന്നും ദുബായിലേക്ക് 27 മിനിറ്റും ലണ്ടനിൽ നിന്നും ദുബായിലേക്ക് 29 മിനിട്ടും ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്ക് 29 മിനിട്ടും മെൽബണിൽ നിന്നും സിംഗപ്പൂരിലേക്ക് 30 മിനിട്ടും സിഡ്‌നിയിൽ നിന്നും സൂറിച്ചിലേക്ക് 50 മിനിട്ടുമെന്ന് സങ്കൽപിക്കുക. ലോകത്ത് ഏതൊരിടത്തേക്കും ഒരു മണിക്കൂറിൽ താഴെ സമയത്തിൽ എത്തിച്ചേരുന്നതിനെക്കുറിച്ചു കൂടി ഇനി ആലോചിക്കൂ. സ്വപ്‌നം കാണുന്നവർക്ക് മാത്രം ചിന്തിക്കാനാകുന്ന ഒരു കാര്യമാണത്. പക്ഷേ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവർ നമ്മുടെ ലോകത്തുണ്ടല്ലോ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വപ്‌നങ്ങൾ കാണുകയും അത് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നവരുടേയും കൂട്ടത്തിലാണ് ഇലോൺ മസ്‌ക് എന്ന നാൽപത്തിയാറുകാരന്റെ സ്ഥാനം. 

ലോകത്തെ മാറ്റിമറിക്കുന്നതിനായി അത്ഭുതകരമായ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇലോൺ മസ്‌ക് കഴിഞ്ഞയാഴ്ച ആസ്‌ട്രേലിയയിൽ നടന്ന ഇന്റർനാഷണൽ അസ്‌ട്രോനോട്ടിക്കൽ കോൺഗ്രസ്സിൽ നടത്തിയ പ്രസ്താവന മലയാള മാധ്യമങ്ങളിലൊന്നും അത്ര വലിയ തലവാചകങ്ങൾ സൃഷ്ടിക്കാതിരുന്നത് പലരേയും അത്ഭുതപ്പെടുത്തി. തന്റെ കീഴിലുള്ള സ്‌പെയ്‌സ് എക്‌സ് എന്ന കന്പനി ഏഴു വർഷത്തിനുള്ളിൽ മനുഷ്യനെ ചൊവ്വാഗ്രഹത്തിലെത്തിക്കുമെന്നും ആ സ്‌പെയ്‌സ്ഷിപ്പിനെ ഭൂമിക്കു പുറത്തേക്ക് നയിക്കാനുപയോഗിക്കുന്ന റോക്കറ്റുകൾ ഉപയോഗിച്ച് ഭൂമിക്ക് അകത്ത് ദീർഘദൂര സഞ്ചാരങ്ങൾ എത്രയോ എളുപ്പമാക്കി മാറ്റാൻ കഴിയുമെന്നായിരുന്നു ഇലോൺ മസ്‌കിന്റെ പ്രസ്താവന. അതായത് മണിക്കൂറിൽ 28,968 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റ് ഉപയോഗിച്ച് കേവലം 39 മിനിട്ടിനുള്ളിൽ ന്യൂയോർക്കിൽ നിന്നും ഷാങ്ഹായിയിലേക്ക് സഞ്ചരിക്കാമെന്നു തന്നെ. വേഗത്തിന് ദൂരം അടിമപ്പെടുന്ന കാലത്തെപ്പറ്റിയാണ് ഇലോൺ ഇന്നു സംസാരിക്കുന്നത്. ഏതെങ്കിലുമൊരു വിദൂരഭാവിയിൽ സാധ്യമാക്കാനൊരുക്കുന്നതാണ് ഈ സ്വപ്‌നമെന്നു ധരിക്കേണ്ട. തന്റെ ജീവിതകാലത്തു തന്നെ ഇതെല്ലാം സാധ്യമാക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ള ആളാണ് അദ്ദേഹം. തന്റെ മരണം ചൊവ്വാഗ്രഹത്തിലായിരിക്കുമെന്ന് മസ്‌ക് പറയുന്നത് വെറുതെയല്ല. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക ലോകത്തിന്റെ ശിൽപിയാണ് ഇലോൺ മസ്‌ക് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഒരുപക്ഷേ മാനവരാശിയെ തന്നെ വരാനിരിക്കുന്ന മഹാദുരന്തങ്ങളിൽ നിന്നും രക്ഷിക്കാൻ സ്വയം നിയോഗിക്കപ്പെട്ട ഒരാൾ. ടെസ്‌ല എന്ന ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്ന കന്പനിയിലൂടെ മാത്രമല്ല ഇലോൺ മസ്‌ക് ലോകത്തെ തിരുത്താനും മുന്നോട്ടു നയിക്കാനുമിറങ്ങിയിരിക്കുന്നത്. മനുഷ്യരുടെ ഒരു കോളനി തന്നെ ചൊവ്വാഗ്രഹത്തിൽ സൃഷ്ടിക്കാനൊരുങ്ങുന്ന സ്‌പെയ്‌സ് എക്‌സ് എന്ന കന്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ചീഫ് ടെക്‌നിക്കൽ ഓഫീസറുമാണ് മസ്‌ക്. ലോകത്ത് റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്ന ഏറ്റവും വലിയ സ്വകാര്യ കന്പനിയാണ് ഇന്ന് മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് അഥവാ സ്‌പെയ്‌സ് എക്‌സ്പ്‌ളോറേഷൻ ടെക്‌നോളജീസ്. തന്റെ സ്‌പെയ്‌സ് ക്രാഫ്റ്റുകൾക്കായി റോക്കറ്റുകൾ വാങ്ങാൻ റഷ്യയിലേക്ക് 2002ൽ പോയ മസ്‌ക് റഷ്യക്കാർ റോക്കറ്റിന് പറഞ്ഞ വില കൂടുതലാണെന്ന കാരണത്താൽ,  താങ്ങാനാവുന്ന നിരക്കിൽ താൻ തന്നെ റോക്കറ്റുകൾ നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുത്തതിന്റെ ഫലമാണ് സ്‌പെയ്‌സ് എക്‌സ്. റോക്കറ്റ് നിർമ്മാണത്തിന് അവയുടെ വിലയുടെ കേവലം മൂന്നു ശതമാനത്തോളം വില വരുന്ന അസംസ്‌കൃത വസ്തുക്കളേ ആവശ്യമുള്ളുവെന്ന് മസ്‌കിന് അറിയാമായിരുന്നുവെന്നതാണ് ആ സംരംഭത്തിന് തുടക്കമിടാൻ കാരണമായത്. സംരംഭത്തിൽ മസ്‌ക് വിജയം കൊയ്യുകയും ചെയ്തു. കോടീശ്വരനായിരുന്ന മസ്‌ക് ആ ശ്രമം വിജയിപ്പിക്കുന്നതിനായി തന്റെ സർവ സന്പാദ്യവും അതിനായി ചെലവിട്ടു. സ്വന്തം വീടു വിറ്റ് വാടകവീട്ടിലേക്ക് മാറി. പക്ഷേ ആത്യന്തികമായ വിജയം മസ്‌കിന്റേത് തന്നെയായിരുന്നു. 

ഇപ്പോൾ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയുകയും പുനരുപയോഗിക്കാൻ കഴിയുകയുകയും ചെയ്യുന്ന റോക്കറ്റുകൾ നിർമ്മിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇലോൺ മസ്‌ക്.  ഏറ്റവും കുറഞ്ഞ ഭാരമുള്ള എന്നാൽ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിന്റെ ക്രെഡിറ്റ് ഇന്ന് സ്‌പെയ്‌സ് എക്‌സിനുള്ളതാണ്. അവർ നിർമ്മിക്കുന്ന ഓരോ മെർലിൻ 1 ഡി എഞ്ചിനും 40ഓളം എസ്്യുവികളെ ഒരേ സമയം ഉയർത്താൻ ശേഷിയുള്ളതാണ്. സ്‌പെയ്‌സ് എക്‌സിന്റെ ഫാൽക്കൺ 9 എന്ന റോക്കറ്റിലുള്ള 9 മെർലിൻ എഞ്ചിനുകൾക്ക് 15 ലക്ഷം പൗണ്ട് ആകാശത്തേക്ക് കുതിപ്പിക്കാനുള്ള ശേഷിയാണുള്ളത്. മസ്‌കിന്റെ ഈ പ്രവർത്തനങ്ങളൊക്കെ എന്തിനാണെന്നല്ലേ? മനുഷ്യന്റെ ഒരു കോളനി ചൊവ്വാഗ്രഹത്തിൽ നിർമ്മിക്കാനാണെന്നാണ് മസ്‌ക് പറയുന്നത്. അതിനുള്ള കാരണമോ? ഭൂമിക്ക് അകാലത്തിൽ മരണം സംഭവിക്കാനുള്ള സാധ്യതകൾ വലുതാണെന്ന തിരിച്ചറിവും.

കോടാനുകോടി മനുഷ്യരുള്ള ഭൂമിയും അതിലെ മനുഷ്യരും നശിക്കാൻ ഒരു വലിയ ഉൽക്ക വന്നിടിക്കുകയോ ഒരു കടുത്ത അഗ്‌നിപർവത സ്‌ഫോടനമോ നമ്മൾ തന്നെ നിർമ്മിക്കുന്ന ഒരു വൈറസോ യാദൃച്ഛികമായി ഉണ്ടായേക്കാവുന്ന ഒരു മൈക്രോ ബ്ലാക്‌ഹോളോ ആഗോള താപനമോ ആണവയുദ്ധമോ മതിയെന്ന് മസ്‌ക് തിരിച്ചറിയുന്നുവെന്നതാണ് സത്യം. ലക്ഷക്കണക്കിനു വർഷങ്ങളിലൂടെ ഉരുത്തിരിഞ്ഞ മനുഷ്യവികാസം ഇല്ലാതാകുവാൻ നിമിഷങ്ങൾ മതിയെന്ന ഈ തിരിച്ചറിവിൽ നിന്നാണ് മറ്റൊരു ഗ്രഹത്തെക്കൂടി മനുഷ്യന്റെ ആവാസകേന്ദ്രമാക്കി മാറ്റാൻ മസ്‌ക് തയാറെടുക്കുന്നത്. കഴിഞ്ഞയാഴ്ച ഓസ്‌ട്രേലിയൻ കോൺഗ്രസ്സിൽ മസ്‌ക് നടത്തിയ പ്രസ്താവന പ്രകാരം അടുത്ത ഏഴു വർഷത്തിനുള്ളിൽ തന്നെ മനുഷ്യനെ ചൊവ്വാഗ്രഹത്തിലെത്തിക്കാനാണ് മസ്‌കിന്റെ പദ്ധതി. 2040 ആകുന്പോഴേക്ക് ചൊവ്വയിൽ 80,000 പേരോളം ജീവിക്കുന്ന ഒരു കോളനി തന്നെ താൻ നിർമ്മിക്കുമെന്ന് അദ്ദേഹം പറയുന്നു. കേട്ടിട്ട് അത്ഭുതം കൂറുന്നുണ്ടാകുമല്ലേ? പക്ഷേ അന്പരപ്പിക്കുന്നവിധം ചിന്തിക്കുന്നവരാണ് എന്നും ലോകം മാറ്റിമറിച്ചിട്ടുള്ളത്. പറക്കൽ യാഥാർത്ഥ്യമാക്കിയ റൈറ്റ് സഹോദരന്മാരും ശബ്ദത്തെ വൈദ്യുതി തരംഗമാക്കി മാറ്റാനും തിരികെ ശബ്ദതരംഗമാക്കാനും ശ്രമിച്ച് ടെലിഫോണിലേക്ക് ലോകത്തെ എത്തിച്ച അലക്‌സാണ്ടർ ഗ്രഹാംബെല്ലും മോട്ടോർ കാർ യാഥാർത്ഥ്യമാക്കിയ കാൾ ബെൻസും ലോകത്തെ ഇരുട്ടിൽ നിന്നും പുറത്തെത്തിച്ച തോമസ് ആൽവ എഡിസനുമൊക്കെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ശിൽപികളെങ്കിൽ ഇലോൺ മസ്‌കിലാണ് ഈ നൂറ്റാണ്ടിലെ അത്ഭുതങ്ങൾ ലോകം കാത്തിരിക്കുന്നത്. 

മസ്‌കിന്റെ ചൊവ്വാദൗത്യത്തെപ്പറ്റി തന്നെ നമുക്ക് ചിന്തിക്കാം. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഓക്‌സിജൻ ഇല്ലാത്തതിനാൽ ചൊവ്വാഗ്രഹത്തിലെ എല്ലാ ഗതാഗതങ്ങളും വൈദ്യുതിയിലുള്ളയായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അതിനുള്ള പദ്ധതിയാണ് വാസ്തവത്തിൽ ഇലക്ട്രിക് കാറുകളുടേയും ഇലക്ട്രിക് ട്രെയിനുകളിലൂടേയും ഹൈപ്പർ ലൂപ്പിന്റേയും ഇലക്ട്രിക് വിമാനങ്ങളുടേയും നിർമ്മിതിയിലൂടെ അദ്ദേഹം നടത്തിവരുന്നത്. ഭൂമിയിലെ ഉപയോഗത്തിനു മുഴുവൻ ആവശ്യമായ ബാറ്ററികൾ നിർമ്മിക്കുന്നതിനായി അമേരിക്കയിൽ ലോകത്തെ ഏറ്റവും വലിയ ഒരു ഫാക്ടറിക്ക് ഇലോൺ മസ്‌ക് തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു. നെവാഡയിലുള്ള ഈ ജിഗാ ഫാക്ടറി 2020ഓടെ ലോകത്തെ മുഴുവൻ ഫാക്ടറി നിർമ്മാതാക്കളും ഉണ്ടാക്കുന്നതിനേക്കാളേറെ ബാറ്ററികൾ ഉണ്ടാക്കും. ഇലക്ട്രിക് സ്‌പോർട്‌സ് കാറുകൾ നിർമ്മിച്ചുകൊണ്ട് ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല ഇൻകോർപ്പറേറ്റഡ് ഇതിനകം തന്നെ ജനതയെ അത്ഭുതപരതന്ത്രരാക്കിയിരിക്കുന്നു. 2008ൽ ടെസ്‌ല റോഡസ്റ്ററും 2012ൽ മോഡൽ എസും 2015ൽ മോഡൽ എക്‌സും മസ്‌ക് പുറത്തിറക്കി. താങ്ങാനാവുന്ന നിരക്കിലുള്ള വൈദ്യുത കാറാണ് മോഡൽ 3യിലൂടെ മസ്‌ക് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. കേവലം 23 ലക്ഷം രൂപയ്ക്ക് മോഡൽ 3 വിപണിയിലിറക്കുമെന്നുള്ള മസ്‌കിന്റെ പ്രഖ്യാപനവും യാഥാർത്ഥ്യമായിരിക്കുന്നു! ഇതിനൊപ്പം തന്നെ സോളാർ പവർ സിസ്റ്റങ്ങൾ നിർമ്മിച്ച് വിൽക്കാനും സോളാർ കാറുകൾക്കായി ബാറ്ററികൾ നിർമ്മിക്കാനുമായി നിർമ്മിച്ച സോളാർ സിറ്റി എന്ന ഫാക്ടറി ഏറ്റെടുക്കാൻ ടെസ്‌ല ഒരുങ്ങുകയാണിപ്പോൾ. 

ലോകത്തിന്റെ സഞ്ചാരം മുഴുവനും മാറ്റിമറിക്കുന്ന പുതിയ മറ്റൊരു പദ്ധതിയുമായും മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഇലോൺ മസ്‌ക്. മാഗ്‌നെറ്റിക് ലെവിറ്റേഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പാതകളിലൂടെ പോഡുകൾ അഥവാ ക്യാപ്‌സ്യൂൾ കംപാർട്ട്‌മെന്റുകൾ ഉയർത്തിയശേഷം വായുരഹിതമായ ട്യൂബുകളിലൂടെ വാഹനത്തിന് പറക്കാൻ കഴിയുന്നതുമാണ് ഹൈപ്പർലൂപ്പിന്റെ പ്രത്യേകത. സോളാർ വൈദ്യുതി ഉപയോഗിച്ച് പൂർണമായും പരന്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കാതെയാണ് ഹൈപ്പർലൂപ്പ് പ്രവർത്തിക്കുക. വായു സമ്മർദ്ദം കൂടാതെ ട്യൂബീലൂടെ സഞ്ചരിക്കുന്പോൾ ഘർഷണം ഒഴിവാക്കാനാകുന്നതാണ് ട്രെയിനിന് പരമാവധി വേഗം ലഭിക്കാൻ കാരണം. പതിനൊന്നടിയോളം വ്യാസമുള്ളതാണ് ഈ ട്യൂബ്. 2013ലാണ് മസ്‌ക് ഹൈപ്പർലൂപ്പിന്റെ സാധ്യത ലോകത്തോട് വിളിച്ചുപറഞ്ഞത്. ഗ്രേറ്റർ ലോസ്ഏഞ്ചൽസ് ഏരിയയിൽ നിന്നും സാൻഫ്രാൻസികോ ബേ ഏരിയയിലേക്കും ന്യൂയോർക്ക് സിറ്റിയിൽ നിന്നും വാഷിങ്ടൺ ഡിസിയിലേക്കും ഹൈപ്പർ ലൂപ്പ് നിർമ്മിക്കുമെന്നാണ് മസ്‌ക് പറഞ്ഞിട്ടുള്ളത്. 

ഇന്നിപ്പോൾ ഇലോണിന്റേതും ഇലോണുമായി സഹകരിക്കുന്ന പല കന്പനികളും ലോകത്തെ ആദ്യ ഹൈപ്പർലൂപ്പ് പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടത്തിവരികയാണ്. ദുബായ്ക്കും അബുദാബിക്കും ഇടയിൽ ഇത് ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 2020ഓടെ ഇത് യാഥാർത്ഥ്യമാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവിൽ 2 മണിക്കൂറെടുക്കുന്ന യാത്ര കേവലം 12 മിനിട്ടുകൊണ്ട് നടത്താനാകുമെന്നതാണ് ഹൈപ്പർലൂപ്പിന് ആവശ്യക്കാർ ഏറുന്നതിനു കാരണം. മണിക്കൂറിൽ 1200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകുന്ന ട്രെയിൻ ആരാണ് വേണ്ടെന്ന് വയ്ക്കുക. ഇന്ത്യയിലും ഹൈപ്പർലൂപ്പ് പദ്ധതിക്ക് തുടക്കമാകുകയാണ്. ആന്ധ്രപ്രദേശിലെ അമരാവതിക്കും വിജയവാഡയ്ക്കുമിടയിൽ ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ് ലൈൻ സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഹൈപ്പർലൂപ്പ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കരാറിൽ അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹൈപ്പർലൂപ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജീസും (എച്ച്ടിടി) ആന്ധ്രാപ്രദേശ് ഇക്കണോമിക്‌സ് ഡെവലെപ്പ്‌മെന്റ് ബോർഡും(എപിഇഡിബി)  ഇക്കഴിഞ്ഞ സെപ്തംബർ ആദ്യവാരം ഒപ്പിട്ടുകഴിഞ്ഞു. അമരാവതി  വിജയവാഡ റൂട്ടിൽ ഒരു മണിക്കൂറാണ് നിലവിലെ യാത്രാസമയം. ഹൈപ്പർലൂപ്പ് വരുന്നതോടെ ഇത് അഞ്ച് മിനിറ്റായി കുറയും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സാധ്യതാ പഠനം ഒക്ടോബറിൽ ആരംഭിക്കും. 

ദക്ഷിണാഫ്രിക്കയിൽ ജനിച്ച് അമേരിക്കൽ പൗരത്വമെടുത്ത ഇലോൺ മസ്‌ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ദീർഘദർശികളിലൊരാളാണ്. 2017 സെപ്തംബർ 29−ാം തീയതി ഇലോൺ മസ്‌ക് ആസ്‌ട്രേലിയയിലെ ഇന്റർനാഷണൽ അസ്ട്രനോട്ടിക്കൽ കോൺഗ്രസ്സിൽ സംസാരിക്കുന്പോൾ ലോകമാധ്യമങ്ങൾ മുഴുവൻ അവിടേയ്ക്ക് കണ്ണും കാതും വച്ചത് ഭാവി ലോകത്തെപ്പറ്റി ഈ 46കാരനിൽ നിന്നും അറിയുന്നതിനായാണ്. മെക്‌സിക്കോയിൽ കഴിഞ്ഞ വർഷം നടന്ന കോൺഫ്രൻസിൽ പറഞ്ഞതിൽ നിന്നും ചെറിയ ഒരു സ്‌പേസ് ഷിപ്പാണ് ചൊവ്വാഗ്രഹ ദൗത്യത്തിനായി ഈ കോൺഫ്രൻസിൽ അദ്ദേഹം അവതരിപ്പിച്ചത്. ഒന്പതു മീറ്റർ ചുറ്റളവുള്ള ഈ പുതിയ റോക്കറ്റ് നാസ അസ്ട്രനോട്ടുകളെ ചന്ദ്രനിലെത്തിച്ച സാറ്റേൺ 5 റോക്കറ്റിനേക്കാൾ ശക്തിയുണ്ടാകുമെന്നാണ് മസ്‌ക് പറയുന്നത്. ബിഎഫ്ആർ (ബിഗ് ഫക്കിങ് റോക്കറ്റ്) എന്നു പേരിട്ടിട്ടുള്ള ഈ റോക്കറ്റിന് ഭൂമിയുടെ ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിലേക്ക് 150 മെട്രിക് ടൺ ഭാരം വരെ ഉയർത്തിയെത്തിക്കാനാകുമത്രേ. ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുന്നതിനായി 40 കാബിനുകളുള്ള ഒരു സ്‌പേസ് ഷിപ്പ് ഉയർത്താൻ ഈ റോക്കറ്റിനു സാധിക്കുമത്രേ. ഒരു കാബിനിൽ രണ്ടോ മൂന്നോ പേരാകും ഉണ്ടാകുക. ഒരൊറ്റ പറക്കലിൽ നൂറോളം പേരെയാകും ചൊവ്വയിലെത്തിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ സ്‌പേസ്ഷിപ്പിനെ എത്തിച്ചശേഷം ബിഎഫ്ആർ ബൂസ്റ്റർ ലോഞ്ചിങ് പാഡിലേക്ക് മടങ്ങിയെത്തും. സ്‌പേസ് ഷിപ്പ് ഭ്രമണപഥത്തിൽ വച്ച് മീഥെയ്‌നും ഓക്‌സിജനും ഇന്ധനടാങ്കുകളിൽ നിറച്ച് ചൊവ്വയിലേക്കുള്ള മാസങ്ങൾ നീണ്ട യാത്രയ്ക്കു നീങ്ങുകയും ചെയ്യും. ചൊവ്വയിലേക്ക് ചരുക്കുകൾ എത്തിക്കുന്നതിനായുള്ള മനുഷ്യരില്ലാത്ത കാർഗോ മിഷൻ 2022ഓടെ ആരംഭിക്കുമെന്നും 2024ഓടെ സ്‌പെയ്‌സ് എക്‌സ് മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്നുമാണ് ഇലോൺ മസ്‌ക് പറയുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പോലും ഇതിനേക്കാൾ പത്തു വർഷത്തിനുശേഷം മാത്രമേ ചൊവ്വയിലേക്കുള്ള മനുഷ്യയാത്ര പദ്ധതിയിട്ടിട്ടുള്ളുവെന്നതാണ് ഇലോൺ മസ്‌കിന്റെ പ്രാമുഖ്യം പതിന്മടങ്ങ് വർധിപ്പിക്കുന്നത്.  

ഭൂമിയുടെ ഭ്രമണപഥത്തിൽ ഇപ്പോൾ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത ഉപഗ്രഹങ്ങളുടേയും റോക്കറ്റുകളുടെയുമൊക്കെ ഭാഗങ്ങൾ ബിഎഫ്ആർ എന്ന തന്റെ റോക്കറ്റിൽ മറ്റൊരു സ്‌പേസ് ഷിപ്പ് ഉപയോഗിക്കുകവഴി തിരിച്ചെത്തിക്കാനാകുമെന്നും വീണ്ടും അവ ഉപയോഗിക്കാനാകുമെന്നും മസ്‌ക് പറയുന്നു. ബിഎഫ്ആർ തന്നെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുകയും പുനരുപയോഗിക്കുകയും ചെയ്യാനാകുമെന്നതിനാൽ സ്‌പേസ് ദൗത്യങ്ങൾക്ക് ചെലവിടുന്ന തുക വൻതോതിൽ വെട്ടിച്ചുരുക്കാനാകുമെന്നും മസ്‌ക് കണക്കുകൂട്ടുന്നു. ഇതേ റോക്കറ്റ് തന്നെ ഉപയോഗിച്ചാണ് ഭൂമിയിലെ ഏതൊരിടത്തേക്കുമുള്ള യാത്രകൾ കേവലം ഒരു മണിക്കൂറിൽ താഴെയുള്ളതാക്കി മാറ്റുമെന്ന് മസ്‌ക് പറയുന്നത്. 24 വർഷങ്ങൾക്കു മുന്പ് നാസ പദ്ധതിയിട്ടെങ്കിലും വിജയമാകാതെ പോയ ഓറിയന്റ് എക്‌സ്പ്രസ് പദ്ധതിയുടെ പ്രയോഗികമായ രൂപമാണ് ഇലോൺ മസ്‌ക് അവതരിപ്പിച്ച ബിഎഫ്ആർ യാത്ര. നാസയുടേത് സാധാരണ വിമാനത്തിന്റെ പോലെ ഉയരുകയും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലൂടെ നിങ്ങുകയും ചെയ്യുന്ന പേടകമായിരുന്നുവെങ്കിൽ മസ്‌കിന്റേത് രണ്ടു ഘട്ടങ്ങളുള്ള ഒരു റോക്കറ്റ് സംവിധാനമാണ്. കുത്തനെ ഉയരുകയും കുത്തനെ ലാൻഡ് ചെയ്യുകയും ചെയ്യുന്ന രീതിയിലാണത് പ്രവർത്തിക്കുക. ജലത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാറ്റ്‌ഫോമുകളിലാകും ലോഞ്ചിങ്ങും ലാൻഡിങ്ങും.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാവിയിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനായി ഓപ്പൺ എഐ എന്ന സ്ഥാപനത്തിനും മസ്‌ക് 2015ൽ രൂപം നൽകിയിട്ടുണ്ട്. 

കാലിഫോർണിയയിലുള്ള ഇലോൺ മസ്‌കിന്റെ ടെസ്‌ല ഇലക്ട്രിക് കാർ നിർമ്മാണ കന്പനിയാകട്ടെ അത്ഭുതങ്ങൾ വരുംദിവസങ്ങളിൽ കാട്ടാൻ കാത്തിരിക്കുകയുമാണ്. മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകുന്ന വൈദ്യുത കാറായ ടെസ്‌ല  മോഡൽ 3 (ലോങ് റേഞ്ച്) പുറത്തിറങ്ങിയിട്ട് ഇപ്പോൾ രണ്ടു മാസമേ ആകുന്നുള്ളു. 75 കിലോവാട്ടിന്റെ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. പൂജ്യത്തിൽ നിന്നും 97 കിലോമീറ്റർ വേഗത്തിലെത്തിലെത്താൻ കേവലം 5.1 സെക്കൻഡാണ് മോഡൽ 3 എടുക്കുന്നത്. 270 കിലോമീറ്റർ സഞ്ചരിക്കാൻ അരമണിക്കൂർ നേരത്തെ ചാർജിങ് മതിയാകുകയും ചെയ്യും. മോഡൽ 3യുടെ ആദ്യ ഡെലിവറി 2017 ജൂലൈ ഏഴിന് മസ്‌ക് തന്നെയാണ് നടത്തിയത്. 2017 ജൂലൈ 28ന് 30 കാറുകളുടെ ഡെലിവറിയും നടത്തി. ഈ വർഷം അവസാനത്തോടെ 20,000 മോഡൽ 3 വിപണനം ചെയ്യാനാകുമെന്നാണ് മസ്‌ക് പറയുന്നത്. ആഗോളതാപന കാലത്ത് കരിയും പുകയുമില്ലാത്ത വൈദ്യുത വാഹനങ്ങൾ ഉപയോഗിച്ചാൽ മാത്രമേ ഭൂമിയെ നിലനിർത്താനാകൂ എന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഇലോൺ മസ്‌ക്. 

2025ഓടെ വൈദ്യുതി കാറുകൾ പെട്രോൾ, ഡീസൽ കാറുകളെ പഴഞ്ചന്മാരാക്കി മാറ്റുമെന്നാണ് മസ്‌കിന്റെ കണക്കുകൂട്ടലുകൾ. താങ്ങാനാകുന്ന നിരക്കിൽ വൈദ്യുതി കാറുകൾ ലഭിച്ചാൽ ആരാണ് പിന്നെ മലിനീകരണമുണ്ടാക്കുന്ന മറ്റു വാഹനങ്ങൾക്കു പിറകേ പോകുക? വിവിധ രാജ്യങ്ങൾ മലിനീകരണമുണ്ടാക്കുന്ന പെട്രോൾ − ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ അത് കാരണമാകും. ഇലക്ട്രിക് കാറുകളിലേക്ക് വൈകാതെ നീങ്ങാൻ ഇന്ത്യൻ ഗതാഗത മന്ത്രി നിതിൽ ഗഡ്കരി കഴിഞ്ഞ മാസം ആഹ്വാനം നൽകിയതുമോർക്കുക. ലിതിയം അയൺ ബാറ്ററിയും ഒരു ഇൻവെർട്ടറും ഇൻഡക്ടഷൻ മോട്ടോറും മാത്രമുള്ള കാറിന് ലോകമെന്പാടും ചാർജിങ് േസ്റ്റഷനുകൾ കൂടി വരുന്നതോടെ ശബ്ദരഹിതമായ, മലിനരഹിതമായ ഭൂമി എന്ന സങ്കൽപത്തിലേക്കുള്ള ആദ്യപടികൾ സാധ്യമാകും. ഇലോൺ മസ്‌കിന്റെ വാക്കുകൾക്കായി ലോകം കാതോർക്കുന്നത് വെറുതെയല്ല തന്നെ!

You might also like

Most Viewed