രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്...
കൂക്കാനം റഹ്മാൻ
പിഞ്ചു പെൺകുഞ്ഞുങ്ങളെ കൊത്തി നുറുക്കുന്ന മനുഷ്യ ജന്മം പൂണ്ട കഴുകന്മാരെ കരുതിയിരുന്നേ പറ്റൂ. പ്രായമേറെ കഴിഞ്ഞിട്ടും പക്വത വരാത്ത മനസിനുടമകളാണ് കൊച്ചു പെൺകുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നത്. ഇത്തരത്തിലുള്ള പൈശാചിക പ്രവർത്തികൾ മൂലം ആ വ്യക്തിയുടെ കുടുംബം അനുഭവിക്കുന്ന മാനസിക വ്യഥയെ കുറിച്ച് ഇവർ ബോധവാന്മാരാവുന്നേയില്ല. സമൂഹത്തിൽ നിന്ന് പുച്ഛവും നിന്ദ്യവുമായ സമീപനമാണ് ഇത്തരം വ്യക്തികൾക്കു നേരെ ഉണ്ടാവുന്നത്. പുറത്തിറങ്ങി നടക്കാൻ പറ്റാത്ത വിധം ജീവിക്കേണ്ട അവസ്ഥ ഇതുമൂലം സംജാതമാകുന്നു. പത്ര മാധ്യമങ്ങളിലൂടെ ഇവരുടെ നീച പ്രവർത്തികൾ ലോകമെന്പാടുമറിയുന്നതു മൂലം മാനസിക പ്രയാസം അനുഭവിക്കേണ്ടി വരുന്നു. പോലീസും ചൈൽഡ് ലൈനും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ വ്യക്തിയെ നിയമ നടപടികൾക്ക് വിധേയമാക്കുന്നു.
ഇക്കാര്യങ്ങളെല്ലാം പകൽ വെളിച്ചം പോലെ വ്യക്തമായി അറിയാൻ കഴിഞ്ഞിട്ടും പെൺകുട്ടികളെയും, സ്ത്രീകളെയും കാണുന്പോൾ ചില പുരുഷന്മാർക്ക് ഹാലിളകിപ്പോകുന്നതെന്തു കൊണ്ടെന്ന് മനസിലാവുന്നില്ല. മദ്യ ലഹരി തലയ്ക്കു പിടിക്കുന്പോഴാണ് ഇത്തരം പേക്കൂത്തുകൾക്ക് ചില വ്യക്തികൾ വശംവദരാവുന്നതെന്ന് പറയപ്പെടുന്നുണ്ട്. ലഹരിക്കടിമകളാവാത്ത പുരുഷന്മാരും പെൺകുഞ്ഞുങ്ങളോട് ലൈംഗിക വൈകൃതങ്ങൾ കാണിക്കാൻ തയ്യാറാവുന്നുണ്ട്. ചെറിയ പെൺകുഞ്ഞുങ്ങളെ പൊത്തിക്കാത്തു നടക്കേണ്ട ഗതികേടിലാണിന്ന് രക്ഷിതാക്കൾ. കണ്ണുതെറ്റിയാൽ കൊത്തിക്കീറാൻ കാത്തുനിൽക്കുകയാണ് മനുഷ്യരൂപം പൂണ്ട കഴുകന്മാർ. രക്തബന്ധമുള്ള പെൺകുഞ്ഞുങ്ങളെയും, അയൽപക്ക വീടുകളിലെ പെൺകുഞ്ഞുങ്ങളെയുമാണ് ഇത്തരത്തിൽ പീഡനത്തിനിരയാക്കാൻ ശ്രമിക്കുന്നതെന്ന കാര്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
രണ്ടു കൊച്ചു പെൺകുട്ടികൾ അനുഭവിക്കേണ്ടിവന്ന ദുരിതാനുഭവങ്ങൾ വായനക്കാരുടെ മുന്പിൽ അവതരിപ്പിക്കുകയാണ്. അവർ അനുഭവിച്ച മാനസിക സംഘർഷം, പീഡിപ്പിക്കപ്പെട്ട വിവരം എങ്ങിനെ രക്ഷിതാക്കളോടു പറയണം എന്ന ചിന്ത, പറഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്ത്, അവരുടെ പഠനം മുടങ്ങുമോയെന്ന ഭയം, സ്‌കൂളിലും മറ്റും അറിഞ്ഞാൽ എങ്ങിനെയാണ് കൂട്ടുകാരും മറ്റും പ്രതികരിക്കുകയെന്ന ചിന്ത, കേസുമായി പോയാൽ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് ഇതൊക്കെ ആലോചിച്ച് ആ പെൺകുട്ടികൾ തീ തിന്നുകയായിരുന്നു. ബോധവൽക്കരണ ക്ലാസുകളിൽ നിന്നും, കൗൺസിലിംഗ് ക്ലാസുകളിൽ നിന്നും കിട്ടിയ അറിവുവെച്ച് അവർ അനുഭവിച്ച പീഡനം രക്ഷാകർത്താക്കളോട് തുറന്നു പറയാൻ ചില കുട്ടികൾ തയ്യാറാവുന്നുണ്ട്. ഇത്തരം അനുഭവം വേറൊരു പെൺകുട്ടികൾക്കുണ്ടാവരുത് എന്ന ചിന്തയും, പീഡിപ്പിച്ചവർക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന മോഹവും മനസിലുണ്ടായതിനാലാണ് അവർ തുറന്നു പറയാൻ തയ്യാറായതും നിയമ നടപടികളിലേക്ക് നിങ്ങിയതും. കുട്ടികളിൽ ഈ തരത്തിലുള്ള മനോഭാവ സൃഷ്ടിക്കും, ആത്മധൈര്യം പകരാനും വ്യാപകമായ പ്രവർത്തനങ്ങളാണ് ചൈൽഡ് ലൈൻ പോലുള്ള സംവിധാനങ്ങൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്.
ഇവൾ നാലാം ക്ലാസുകാരിയാണ്. ഇവളെ നമുക്ക് മൃദുലയെന്നു വിളിക്കാം (യഥാർത്ഥ പേരല്ല) പഠനത്തിൽ മികവു പുലർത്തുന്നവൾ. അച്ഛനും അമ്മയും ലാളിച്ചു വളർത്തുന്നു. രണ്ടുപേരും തൊഴിലെടുത്ത് ജീവിക്കുന്നവരാണ്. കുട്ടിയുടെ അമ്മൂമ്മ അടുത്ത വീട്ടിലാണ് താമസം. അവർ കിടപ്പിലായ രോഗിയാണ്. സ്‌കൂൾ അവധി ദിവസങ്ങളിലും, സ്‌കൂൾ വിട്ടു വന്നാലും മൃദുല അമ്മൂമ്മയെ ശ്രദ്ധിക്കാൻ അവരുടെ വീട്ടിലേക്ക് ചെല്ലാറുണ്ട്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് അവിടേക്ക് ചെല്ലുന്നത്. കുട്ടിയുടെ ബന്ധുവായ ഒരു ചെറുപ്പക്കാരൻ ആ വീട്ടിൽ താമസമുണ്ട്. മൃദുല മാമൻ എന്നാണയാളെ വിളിക്കാറ്. മൃദുലയെ അയാൾ അടുത്തേക്ക് വിളിക്കും. അവൾ ശങ്കയില്ലാതെ അയാളുടെ അടുത്ത് ചെല്ലും. അടുത്ത് പിടിച്ചു നിർത്തും. പ്രവർത്തികൾ അതിരു കടക്കുകയും ചെയ്യും. മാസങ്ങളോളം ഇതു തുടർന്നു കൊണ്ടേയിരുന്നു. അമ്മൂമ്മയെ ശ്രദ്ധിക്കാൻ വീട്ടിൽ നിന്ന് മൃദുലയെ പറഞ്ഞുവിടും. ഭയമുണ്ടെങ്കിലും അവൾ അവിടേക്ക് ചെല്ലും.
കുട്ടിയുടെ മാനസിക അവസ്ഥയിൽ മാറ്റം അനുഭവപ്പെട്ട അമ്മ കാര്യം തിരക്കി. അപ്പോഴാണ് കുട്ടി അവൾ അനുഭവിച്ച പ്രയാസങ്ങൾ തുറന്നു പറഞ്ഞത്. അമ്മ ഒട്ടും അമാന്തിച്ചില്ല. ബന്ധുവെന്ന പരിഗണന നൽകി ഒതുക്കി വെച്ചില്ല. മകൾക്കുണ്ടാവുന്ന മറ്റ് മാനസിക പ്രയാസങ്ങളും കണക്കിലെടുത്തില്ല. നിയമ നടപടികൾ കൈക്കൊള്ളാൻ മകളും തയ്യാറായി. ബന്ധപ്പെട്ടവർക്കെല്ലാം പരാതി സമർപ്പിച്ചു. ഇവിടെ അമ്മയെയും മകളെയും നമുക്ക് അഭിനന്ദിക്കാം. പെൺകുട്ടികൾക്കുണ്ടാവാൻ സാധ്യതയുള്ള അപകടങ്ങൾ മണത്തറിയാനുള്ള കഴിവും രക്ഷിതാക്കൾക്കുണ്ടാവണം. ബന്ധുക്കളായാൽ പോലും ആണുങ്ങൾ മാത്രമുള്ളിടത്തേക്ക് പെൺകുട്ടികളെ പറഞ്ഞുവിടുന്പോൾ ശ്രദ്ധിക്കണം. അവസരങ്ങളാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് എന്ന ചിന്ത വേണം. ആ മാമനെന്ന കഴുകൻ ജയിലഴികളെണ്ണുകയാണിപ്പോൾ.
ഇനി ഒന്പതാം ക്ലാസിൽ പഠിക്കുന്ന സ്‌നേഹ (യഥാർത്ഥ പേരല്ല) അവളുടെ വേദന പങ്കിടുന്നത് നോക്കാം. തന്റേടമുള്ള കുട്ടിയാണ് സ്‌നേഹ. ആരോടും കയറി സംസാരിക്കും. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ പിറന്നവളാണ്. വീട്ടിൽ നിന്ന് കുറച്ചകലെയുള്ള കടയിലേക്ക് സാധനങ്ങൾ വാങ്ങാനാണ് അവൾ ചെന്നത്. സമയം രാവിലെ ഒന്പതര മണിയായിക്കാണും. കുറ്റിക്കാടുകളും മറ്റും നിറഞ്ഞ വഴിയിലൂടെയാണ് കടയിലേക്ക് വരേണ്ടതും പോകേണ്ടതും. ആൾ സഞ്ചാരം കുറഞ്ഞ വഴിയാണത്. സ്‌നേഹ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരിച്ചു വീട്ടിലേക്ക് പോവുകയായിരുന്നു. “മോളേ” എന്ന വിളികേട്ട സ്‌നേഹ പിന്നിലേക്ക് തിരിഞ്ഞു നോക്കി. അത് മധു സാർ (യഥാർത്ഥ പേരല്ല) ആണെന്ന് അവൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തെയും കുടുംബത്തെയുമൊക്കെ സ്‌നേഹക്കറിയാം. വളരെ മാന്യമായ കുടുംബാന്തരീക്ഷമാണദ്ദേഹത്തിന്റേത്. ട്യൂട്ടോറിയലിലെ ക്ലാസെടുക്കുന്ന സാറാണ്. വയസ്സ് അന്പത്തഞ്ച് കടക്കും.
വിളി കേട്ടപ്പോൾ സ്‌നേഹ അവിടെ നിന്നു. “സാറെങ്ങോട്ടാ” അവൾ ചോദിച്ചു. അദ്ദേഹം അതിനുത്തരവും പറഞ്ഞു. അടുത്തെത്തിയ മധുസാർ കൈ അവളുടെ ചുമലിൽ വെച്ചു. സംസാരിച്ചു കൊണ്ട് രണ്ടുപേരും നടക്കാൻ തുടങ്ങി. മെല്ലെമെല്ലെ മധുസാർ അതിരു കടന്നു തുടങ്ങി. അവൾ പലതവണയും കൈ തട്ടിമാറ്റി. പെട്ടെന്ന് ഒരു പ്രായം ചെന്ന സ്ത്രീ അതുവഴി നടന്നു വരുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ തോന്ന്യാസം ആ സ്ത്രീ കണ്ടെന്ന് തോന്നി. ഈ കുട്ടി ആരാണെന്ന് ചോദിച്ചപ്പോൾ എന്റെ മരുമകളാണെന്ന് അയാൾ മറുപടി പറഞ്ഞു. സ്ത്രീ നടന്നു നീങ്ങിയപ്പോൾ അയാൾ പഴയ പരിപാടി ആവർത്തിക്കാൻ തുടങ്ങി. അടുത്ത േസ്റ്റജിലേക്ക് അയാൾ കടക്കാൻ തുടങ്ങി. അവളെ ബലമായി പിടിച്ചു നിർത്തി. മുഖം പിടിച്ച് ഉമ്മവെക്കാൻ ശ്രമിച്ചു. അപ്പോൾ അവൾ കുതറി ഓടി. ആ ഓട്ടം നിന്നത് അവളുടെ വീട്ടിലെത്തിയിട്ടാണ്. ഓടിക്കിതച്ചെത്തിയ അവളോട് വീട്ടുകാർ കാര്യമന്വേഷിച്ചു. സ്‌നേഹ നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു. അവർക്ക് അന്പരപ്പാണുണ്ടായത്.
പരസ്പരം അറിയുന്ന കുടുംബമാണ്. മാന്യനാണ് എന്നാണ് അവർ ധരിച്ചുവെച്ചത്. കൊച്ചു പെൺകുഞ്ഞുങ്ങളെ പകൽ സമയത്തു പോലും ലൈംഗികമായി ആക്രമിക്കുന്ന വരെ നിലനിർത്തിയേ പറ്റൂ എന്ന ചിന്ത സ്‌നേഹയുടെ രക്ഷിതാക്കൾക്കുണ്ടായി. അവരും നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണ്. മധുസാറും അദ്ദേഹത്തോടൊപ്പമുള്ള സിൽബന്ധികളും സ്‌നേഹയുടെ കുടുംബത്തിനു മേൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. കേസും കൂട്ടവുമായി പോകേണ്ട, രമ്യമായി പരിഹരിക്കാം എന്ന നിലപാടുമായാണ് അവർ മുന്നോട്ടു വരുന്നത്.
പീഡനങ്ങൾ തുടർക്കഥകളാവുകയും, ഗോവിന്ദച്ചാമിമാരെ പോലുള്ളവർ നിയമ പഴുതിലൂടെ രക്ഷപ്പെടുകയും ചെയ്യുന്ന ഈ വർത്തമാനകാല സാഹചര്യത്തിൽ പെൺകുഞ്ഞായി പിറക്കുന്നതു തന്നെ ശാപമായി മാറിക്കൊണ്ടിരിക്കുന്നു. കൊച്ചു പെൺകുഞ്ഞുങ്ങളെ കൊത്തിക്കീറുന്ന പൈശാചികത്വത്തിന് പീഡകർക്ക് കടുത്ത ശിക്ഷ നൽകിയേ പറ്റൂ. പീഡനത്തിന് വിധേയരാകുന്നവർ മൃദുലയെയും, സ്‌നേഹയെയും പോലെ ധൈര്യപൂർവ്വം മുന്നോട്ട് വരികയും വേണം. രക്ഷിതാക്കളും സന്ദർഭത്തിനൊത്ത് ഉയരണം. ഇളം മനസുകളെ നൊന്പരപ്പെടുത്തുന്ന വ്യക്തികൾ ആരായിരുന്നാലും മാതൃകാപരമായ ശിക്ഷ കൊടുത്തേ തീരൂ.