അമിതമാകുന്ന ഷോകൾ...
ധനേഷ് പത്മ
“ചിലർ മഹാന്മാരായി ജനിക്കുന്നു, ചിലർ മഹാന്മാരാകുന്നു, ചിലരുടെ മേൽ മഹത്വം അടിച്ചേൽപ്പിക്കപ്പെടുന്നു.”−ഇംഗ്ലീഷ് സാഹിത്യകാരനായ ഫ്രാൻസിസ് ബേക്കന്റെ വാക്കുകളാണിത്. ഈ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്, ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ പ്രത്യേകിച്ചും. കേരളത്തിലായാലും, മറ്റ് സംസ്ഥാനങ്ങളിലായാലും ഇപ്പോൾ ചില മഹാന്‍മാരുടെ പ്രത്യേക ‘ഷോകൾ’ നടന്നു കൊണ്ടിരിക്കുകയാണ്. എന്ത് തന്നെ സംഭവിച്ചാലും ഷോ മസ്റ്റ് ഗോൺ എന്നാണല്ലോ...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് 85 ദിവസം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ നടന് നമ്മുടെ നാട്ടിൽ ലഭിച്ച വരവേൽപ്പ് രാജകീയമായിരുന്നു. ഇത് നേരത്തേ പറഞ്ഞ പോലെയുള്ള ഷോയാണ്, അമിതമായ ഷോ. മറ്റൊരു സംഭവം അമിത്ഷായുടെ നേതൃത്വത്തിൽ കേരളത്തിലെ ഭരണവൈകൃതങ്ങളെ ബോധ്യപ്പെടുത്താൻ നടത്തുന്ന ജനരക്ഷായാത്രയാണ്. യാത്രകൾ നടത്തിയാൽ ജനങ്ങൾ രക്ഷപ്പെടുമെന്ന് വിശ്വിസിച്ചുകൊണ്ട് ബിജെപി അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഒരു ഷോയായി ഇതിനെയും കണക്കാക്കാം.
വർഗ്ഗീയ ചിന്താഗതി തീരെ കുറവുള്ള ഒരു സംസ്ഥാനമാണ് കേരളമെന്നും, സന്പൂർണ്ണ സാക്ഷരത നേടിയ നാടാണെന്നും അഹങ്കരിക്കവെ ഒരുവശത്ത് തീരെ തരം താഴ്ന്ന നിലയിലേയ്ക്ക് അതഃപധിക്കുകയാണെന്ന് വ്യക്തമാകുന്ന ചില കാഴ്ചകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരള സാക്ഷര സമൂഹം സാക്ഷ്യം വഹിച്ചത്. കരിയറിൽ മറ്റൊരു സിനിമയുടെ റിലീസിനും ദിലീപ് എന്ന നടന് ലഭിക്കാത്ത പാലഭിഷേക പ്രകടനം ഈ സാഹചര്യത്തിൽ ഉണ്ടായി എന്നതും അതിന് തക്കതായ തെളിവാണ്. ആലുവ സബ്ജയിലിന് മുന്നിൽ കഴിഞ്ഞ ദിവസം നടൻ ജാമ്യം കിട്ടി പുറത്തുവരുന്പോൾ ഉണ്ടായ ഷോയും, ഭക്തജനങ്ങൾ ഭഗവാനെ തൊഴാൻ നിന്ന പോലെ മഹാസംഭവമായി മാറി. ചിലർ അതിനെ മാസ് എൻട്രി എന്ന് വിശേഷിപ്പിച്ചു. വളരെ കുറച്ച് പേർ ആക്രമിക്കപ്പെട്ട നടിയെ കുറിച്ചോർത്ത് വിലപിച്ചു. നടൻ കുറ്റാരോപിതനായിട്ടില്ലെന്നിരിക്കെ ഇത്തരത്തിൽ ഒരു വരവേൽപ്പിന് അയാൾ എങ്ങിനെ അർഹനായി?. നടൻ കുറ്റക്കാരനല്ലെങ്കിലും ആണെങ്കിലും അത് കോടതി തീരുമാനിക്കട്ടെ, അതുവരെയെന്തിനാണ് ഈ ആരോപണങ്ങളും ആവേശ പ്രകടനവും. ആരാധന ചിലപ്പോൾ അങ്ങനെയാണ്. 100ൽ 90 മനുഷ്യർക്കും ചിലരോട് ഭയങ്കര ഇഷ്ടമായിരിക്കും ഇല്ലെങ്കിൽ അളവിൽ കവിഞ്ഞ വെറുപ്പും. ഇതിന് രണ്ടിനുമിടയിൽ നമുക്ക് സ്വന്തമായൊരു സത്വമുണ്ടെന്ന് കണ്ടെത്താൻ നമുക്കോരോരുത്തർക്കും കഴിയാതെ പോകുന്പോഴാണ് മറ്റുള്ളവരിൽ താരപരിവേഷത്തെ കണ്ട് തൃപ്തിപ്പെടുവാൻ നമ്മളിൽ ചിലർ തുനിയുന്നത്. ഇങ്ങനെയൊന്നുമല്ലാതെ ചിന്തിക്കുന്ന പത്ത് പേരെങ്കിലും സമൂഹത്തിൽ ഉണ്ടെന്നത് തന്നെ വലിയൊരാശ്വാസമാണ്. തേരാ സച്ചാ സൗദയുടെ തലവാനായ ഗുർമീത് റാം റഹീം സിംഗ് കോടതിവിധിപ്രകാരം കുറ്റക്കാരനായിട്ടും അതിന്റെപേരിൽ കലാപം ഉണ്ടാകുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത സമൂഹമാണ് നമ്മുടേത്. താരപരിവേഷം വരിച്ചു കഴിഞ്ഞാൽ അയാൾ ഇനി എന്ത് കുറ്റകൃത്യം ചെയ്തെന്ന് ആര് തന്നെ പറഞ്ഞാലും അത് വിശ്വസിക്കാൻ ചിലകൂട്ടങ്ങൾ തയ്യാറാകുന്നില്ല. അതിനി നടനായാലും രാഷ്ട്രീയ നേതാക്കളായാലും മുഖ്യ, പ്രധാന മന്ത്രിമാരായാലും. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ കുറ്റവിമുക്തനായിട്ടാണ് പുറത്തുവന്നിരുന്നതെങ്കിൽ ഈ ആഘോഷങ്ങൾക്ക് അർത്ഥമുണ്ടായേനെ. ജാമ്യത്തിൽ ഇറങ്ങിയ നടന്റെ വീടിന് മുന്നിൽ രാത്രി ഇരുട്ടിയും ആൾക്കൂട്ടം ജയ് വിളിച്ച് നിന്നതിൽ നിന്നും വ്യക്തമാകുന്നത് മലയാളിക്ക് ഈയിടെയായി സംഭവിച്ചുകൊണ്ടിരിക്കുന്ന മനോവൈകൃതം തന്നെയാണ്. ആ മനോവൈകൃതത്തെ ചൂഷണം ചെയ്ത് ആവോളം എരിവും പുളിയും പകരാൻ ചില മാധ്യമങ്ങൾ മിടുക്കുകാണിക്കുന്നതും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. നടൻമാരുടെയെല്ലാം കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ടവയാണെന്ന ബോധത്തിലേയ്ക്ക് നമ്മൾ എന്നാണ് എത്തിപ്പെടുക? സന്തോഷ് പണ്ധിറ്റ് ഒരിക്കൽ പറഞ്ഞതുപോലെ “ഇന്ത്യ നന്നാകാനൊന്നും പോകുന്നില്ല, നിങ്ങൾക്ക് വേണമെങ്കിൽ നന്നാകാം”. ഷോകളും, കാഴ്ച്ചകളും കാണുന്പോൾ അദ്ദേഹം പറഞ്ഞത് വളരെ ശരിയായ ഒരു കാര്യമാണെന്ന് ഉറപ്പിക്കേണ്ടി വരുന്നു.
രാഷ്ട്രീയ പശ്ചാത്തലം വെച്ച് വിലയിരുത്തിയാൽ പലപ്പോഴും പലരും അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ ഒരു പാർട്ടിയും സ്വതാൽപര്യങ്ങൾ വെടിഞ്ഞ് സേവനത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കാൻ തയ്യാറാകാത്തവരാണ്. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ മന്ത്രിമാർക്കെതിരായ ആരോപണവും ചില മന്ത്രിമാരുടെ രാജിവെയ്ക്കലും രാജിയുടെ വക്കിലെത്തിയ വനിതാ മന്ത്രിയുമെല്ലാം അതിനുദാഹരണങ്ങളാണ്. നടന്റെ കാര്യംവിട്ട് ഇനി കേരളത്തിലെ മറ്റൊരു ഷോയിലേയ്ക്ക് പോയാൽ ബിജെപി കേരളത്തിൽ തങ്ങളുടെ ശക്തി ബലപ്പെടുത്താൻ നടത്തുന്ന ഒരു യാത്രയാണ് കാണുന്നത്. ഇതിനുമുന്പ് പല രാഷ്ട്രീയ പാർട്ടികളും ഇത്തരത്തിലുള്ള യാത്രകൾ നടത്തിയിട്ടുണ്ട്. കാസർകോട് ആരംഭവും തിരുവനന്തപുരം അവസാനവുമായ യാത്രകൾ. പക്ഷെ സാധാരണക്കാരൻ നേരിടുന്ന പ്രശ്നങ്ങളൊന്നും ഇത്തരത്തിലുള്ള യാത്രകൾകൊണ്ട് പരിഹരിക്കപ്പെട്ടിട്ടില്ല. ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ മോഡിയുടെ പ്രവർത്തനവും ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ പ്രവർത്തനവും വിലയിരുത്തിയാൽ രണ്ടിടങ്ങളിലും ഗുണവുമുണ്ട്ദോഷവുമുണ്ട്. ആ ഭരണക്രമങ്ങളിൽ നേരിയതോതിലെങ്കിലും മത്സരവുമുണ്ട്. പിണറായി വിജയനെ ആരാധിക്കുന്നവരും മോഡിയെ ആരാധിക്കുന്നവരും ഇവരുടെയൊക്കെ കുറവുകൾ അക്കമിട്ട് നിരത്തിയാൽ പോലും വിശ്വസിക്കാൻ തയ്യാറാകാത്തിടത്തോളം ഇതിനൊന്നും ഇവിടെ ഒരു മാറ്റവും വരാൻ സാധ്യതയില്ല. പകരം ആരാധന അതിരുകവിഞ്ഞൊഴുകി പാലഭിഷേകവും പൂജാകർമ്മങ്ങളും നടന്നുകൊണ്ടിരിക്കും. മോഡിയും, പിണറായിയും ഒരു നല്ല കാര്യം ചെയ്താൽ അതിനെ അംഗീകരിക്കാനുള്ള സമാനമായ മനസ്സാണ് സമൂഹത്തിന് ആവശ്യം. മറിച്ച് ഇവിടെ ആ ചെയ്തിയെ എതിർപക്ഷത്തുള്ളവർ മനഃപ്പൂർവ്വം ചെളിവാരിയെറിഞ്ഞ് കൊണ്ടിരിക്കുന്നതാണ് കാണുന്നത്. രണ്ട് പക്ഷത്തും ഇത് കാണാം.
“പിള്ളേച്ചന് മാധവനോടുള്ള പക ചേക്കിലെ മയിൽകുറ്റികൾക്ക് പോലും സുപരിചിതമാണ്” എന്ന സിനിമാ ഡയലോഗ് പോലെയാണ് കേരളത്തിൽ ഭരണ പാർട്ടിക്ക് പ്രതിപക്ഷത്തുള്ള കോൺഗ്രസ്സിനോടുള്ളതിനേക്കാൾ എതിർപ്പ് ബിജെപിയോടുള്ളതെന്നതിലെ വസ്തുത. അത് തിരിച്ചും അങ്ങനെ തന്നെ. തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് നൽകുന്ന വാഗ്ദാനങ്ങൾപോലും നേരെ ചൊവ്വേ പാലിക്കാൻ കഴിയാത്ത സർക്കാരുകളെ കണ്ടു മടുത്ത ഒരു സമൂഹമാണ് കേരളത്തിലും മറ്റിതിര സംസ്ഥാനങ്ങളിലും ഉള്ളത്. പിന്നെ ഈയൊരു ജനരക്ഷാ യാത്രയിലൂടെ എന്തൊക്കെ കാര്യങ്ങളാണ് നടത്തിയെടുക്കാൻ പോകുന്നത്. ജനരക്ഷായാത്രയിൽ കേരളത്തിലെ ആക്രമങ്ങൾക്ക് കാരണം മുഖ്യമന്ത്രിയാണെന്ന് വിളിച്ച് പറയാൻ അമിത്ഷാ തയ്യാറായപ്പോൾ ഇവിടെ നടക്കുന്നത് ജനരക്ഷാ യാത്രയല്ല മറിച്ച് ജനദ്രോഹയാത്രയാണെന്ന് പറഞ്ഞ് കൊടിയേരി ബാലകൃഷ്ണൻ അത് ബാലൻസ് ചെയ്തു. പകയുടേയും വിദ്വേഷത്തിന്റേയും അളവിൽ കൂടുതൽ വർദ്ധനവുണ്ടാക്കുക എന്നതിൽ കവിഞ്ഞ് ഇത്തരത്തിലുള്ള യാത്രകൊണ്ട് എന്താണ് നേട്ടം. സിപിഎം ഒരു യാത്ര നടത്തിയാൽ അതിൽ പ്രധാനമായും എതിർപക്ഷത്തുള്ള
പാർട്ടികളേയും അവരുടെ പ്രവർത്തനങ്ങളേയും അവഹേളിക്കുകയും സ്വപ്രർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്യും. ബിജെപിയാണെങ്കിലും കോൺഗ്രസ് ആണെങ്കിലും ഇതേ അവസ്ഥ തന്നെയാണ് തുടർന്ന് പോരുന്നത്.
കേരളത്തിൽ ഇത്തരം ഒരു ജനരക്ഷാ യാത്ര നടക്കുന്പോൾ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓടിയെത്തിയതിലുമുണ്ട് കൗതുകം. ആവോളം തലവേദന ഉത്തർ പ്രദേശിൽ തന്നെ ഉണ്ടെന്നിരിക്കെ അതിലൊന്നും ആകുലപ്പെടാതെ കേരളത്തിലെ പ്രശ്നങ്ങൾ പഠിക്കാനും അതിൽ പരിഹാരം നിർദ്ദേശിക്കാനും ധൃതിപ്പെട്ട് അദ്ദേഹം ഇങ്ങോട്ട് ഓടിയെത്തേണ്ടിയിരുന്നില്ല. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷൻ എന്ന നിലയ്ക്ക് അമിത്ഷായ്ക്ക് ആ പാർട്ടിയുടെ പ്രവർത്തനങ്ങളെ വ്യാപൃതമാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാം. യോഗി ആദിത്യനാഥ് പക്ഷെ നാനാ വിഭാഗങ്ങളിൽപ്പെട്ട 204.2 മില്യൺ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ ഒരിക്കലും രാഷ്ട്രീയപാർട്ടിയിൽ അധിഷ്ടിതമാകരുതെന്നിരിക്കെ അദ്ദേഹത്തിന്റെ പ്രവർത്തി വിലകുറഞ്ഞു പോയി.
യാത്രകൾകൊണ്ടല്ല സമൂഹത്തിന് നന്മചെയ്യേണ്ടത് എന്നറിയാത്തവരല്ല പൊതുപ്രവർത്തകർ. അതിനാവാശ്യമായ വഴികൾ അവർക്കറിയാത്തതുമല്ല. തങ്ങളുടെ പാർട്ടിയെ വളർത്തുക എന്നതിൽ വലിയ പ്രാധാന്യം രാഷ്ട്രീയ പാർട്ടികൾ മറ്റൊന്നിനും നൽകുന്നില്ല. അതുകൊണ്ടാണ് സംസ്ഥാനത്തെ റോഡുകളിൽ എവിടെയൊക്കെ കുഴികൾ ഉണ്ടെന്ന് വിളിച്ച് അറിയിക്കാൻ മന്ത്രിമാർക്ക് പത്രങ്ങളിലെ ഫ്രണ്ട് പേജുകളിൽ പരസ്യരൂപേണ കോളം വാർത്തകൾ നൽകേണ്ടി വരുന്നത്. അത്രപോലും മന്ത്രിമാർക്ക് സമയമില്ല, നാട് കുളമായികിടക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ.
താരപരിവേഷങ്ങളും രാജകീയ പട്ടങ്ങളും ഉണ്ടാകുന്നതല്ല, ഉണ്ടാക്കിയെടുക്കപ്പെടുന്നതാണ്. ആൾദൈവങ്ങളുടെ ഒരു നിര തന്നെ നമുക്ക് ഉദാഹരണങ്ങളായി കാണാൻ കഴിയും. നിങ്ങൾ നിങ്ങളിലേയ്ക്ക് തന്നെ തിരിഞ്ഞുനോക്കിയാൽ കാണാൻ കഴിയാത്ത താരപരിവേഷങ്ങൾ സമൂഹത്തിൽ വേറെയെവിടെയാണ് കാണാൻ കഴിയുന്നത്. നന്മയുള്ള നിങ്ങളുടെ ഹൃദയത്തിലാണ് ദൈവമിരിക്കുന്നത്, അതൊരു ആൾദൈവത്തിനും കാണിച്ചു തരാൻ കഴിയില്ല. കണ്ണ്പൊത്തി നിങ്ങളിരിക്കുന്നടത്തോളും അത് കാണാനും കഴിയില്ല. കഴിവുള്ള കലാകാരൻമാരെ, അവരുടെ കഴിവിനെ, കലയെ നിങ്ങൾ ഇഷ്ടപ്പെടൂ.., സ്റ്റാർഡം അവസാനിപ്പിക്കൂ... നിങ്ങളും ഒരു സ്റ്റാറാണെന്ന് തിരിച്ചറിയൂ...