മാറ്റിമറിക്കാം മനസ്സിന്റെ പരിമിതികളെ
അന്പിളിക്കല - അന്പിളിക്കുട്ടൻ
ചർച്ചകളുടെ ബാഹുല്യം നമ്മുടെ ചുറ്റും ദിനംപ്രതി അരങ്ങുതകർക്കുന്നു. എന്തിനെപ്പറ്റിയും ഏതിനെപ്പറ്റിയും ചർച്ചകൾ നടക്കും. ആരും അഭിപ്രായം പറയും അതിനെത്തുടർന്ന് വാദങ്ങളും പ്രതിവാദങ്ങളും കൊഴുക്കും. ചിലർ പിണങ്ങിപ്പോകും. ചിലർ അനുനയിപ്പിക്കും. ജീവസ്സുറ്റ ഒരു സമൂഹത്തിനു ഇതൊക്കെ ആവശ്യമാണെന്ന് നമുക്ക് തോന്നും. ചർച്ചകളിലൂടെ ഉരുത്തിരിയുന്ന സമവായം അല്ലെങ്കിൽ തിരുത്തൽ മനോഭാവം പുരോഗതിയുടെ പാതയിൽ നമുക്ക് ആവശ്യവുമാണ്. എന്നാൽ ചർച്ചകളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വെളിവാകുന്ന അഭിപ്രായങ്ങൾ ചിന്താപരമായ ആഴങ്ങളിലല്ല, ചില ഗൂഢമായ സ്വാർത്ഥചിന്തകളിലാണ് വേരൂന്നി നിൽക്കുന്നത് എന്ന അവസ്ഥ സുവ്യക്തമാക്കുന്നതാണ് ഇന്നത്തെ സാഹചര്യം. വിവിധ സാമൂഹ്യ ആശയവിനിമയ മാർഗ്ഗങ്ങളിലൂടെ സദാ സമയവും പരസ്പ്പരം സംവദിക്കുന്ന മനുഷ്യർ വേഗം തിരിച്ചറിയുന്നത് അവരുടെ അഭിപ്രായങ്ങൾ വേരൂന്നി നിൽക്കുന്ന ഗൂഢതലങ്ങളെയാണ്.തികച്ചും വ്യക്തിപരമായ തലങ്ങളിൽ ഒതുങ്ങി നിൽക്കേണ്ട പരിഗണനകൾ സമൂഹത്തിന്റെ ചിന്താസരണിയിലേയ്ക്കു വലിച്ചുകൊണ്ടുവരുന്നതിലൂടെ അപ്രസക്തമായതിനു പരമമായ പ്രസക്തി നൽകാനും അതിലൂടെ വിഭാഗീയ ചിന്തകളുടെ വിത്തുപാകാനും അവ വളർന്നു പടരാൻ പാകത്തിലുള്ള വളക്കൂറുള്ള മണ്ണൊരുക്കാനും മാത്രമാണ് ഇന്നത്തെ ആശയവിനിമയ ശൃംഖലകൾ കൂടുതലായി സംഭാവന ചെയ്യുന്നത് എന്നത് ദയനീയമാണ്.
എന്നാൽ ഇതുണ്ടാക്കിയ ഉന്നതമായ മാനവികബോധം കണ്ടില്ലെന്നു നടിക്കാനും ആർക്കുമാവില്ല. രക്തദാതാക്കളുടെ സംഘടനയുടെ സാഹോദര്യ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പങ്കെടുത്തപ്പോൾ വേണമെങ്കിൽ ഇത്തരം ആശയവിനിമയ മാധ്യമങ്ങൾക്ക് എത്ര മഹത്തായ ധർമ്മം നമു
ക്കിടയിൽ നിർവ്വഹിക്കാനാകും എന്ന് ചിന്തിച്ചുപോയി. വിവേചനങ്ങൾ ഒന്നുമില്ലാത്ത, സാഹോദര്യത്തിന്റെ ഉത്തമ നിദർശനമായി ഉപയോഗിക്കാവുന്ന ഒന്നിനെ വിവേചനങ്ങൾ മാത്രമുള്ള ഒരു ലോകത്തെ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന മനുഷ്യന്റെ മനോഘടന വൈചിത്ര്യം നിറഞ്ഞതാണ്.
ആധുനിക ആശയവിനിമയ സംവിധാനങ്ങൾ വഴി ആശയവിനിമയത്തിൽ യാതൊരു വിടവുകളുമില്ലാതെ എപ്പോഴും പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥ മനുഷ്യബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാനാണോ അതോ അതിൽ വിള്ളൽ വീഴ്ത്താനാണോ കൂടുതൽ ഉപയോഗപ്പെടുക എന്ന ചോദ്യത്തിന് ഉള്ള മറുപടി കൂടുതലായും നിഷേധാത്മകമായിരിക്കും.കാരണം കൂടുതൽ അറിയുന്പോൾ കൂടുതൽ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങൾ സ്വാഭാവികമായും കണ്ടെത്തും. ഓരോ വ്യക്തികളുടെയും ഇടയിൽ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങൾ ഏതൊക്കെയെന്ന് ഗ്രൂപ്പുകളിലെ ചർച്ചയിൽ പങ്കെടുക്കുന്നവർ പരസ്പ്പരം തിരിച്ചറിയുകയും ചെയ്യുന്നു. അങ്ങിനെ കണ്ടെത്തുന്ന മേഖലകളിൽ ഇന്ന് എല്ലാത്തരത്തിലുമുള്ള അന്ധതയുടെ ഉഷ്ണക്കാറ്റാണ് വീശിയടിക്കുന്നത്. സ്വാഭാവികമായ ഊഷ്മളതയുള്ള ബന്ധങ്ങൾപോലും ഇങ്ങനെ ഗ്രൂപ്പുകളിലെ തിരിച്ചറിവുകളിലൂടെ ഇഴയടുപ്പം നഷ്ടപ്പെട്ട് തരിശാകുന്നു.അല്ലാത്തപക്ഷം വ്യക്തിപരമായ അഭിപ്രായങ്ങളെയും പരസ്പ്പര വ്യക്തിബന്ധങ്ങളെയും വേർതിരിച്ചു കാണാൻ തക്കവിധം ഔചിത്യം പരസ്പ്പരം പുലർത്താൻ കഴിയുന്ന ഉന്നതമായ കാഴ്ചപ്പാട് ഇരു ഭാഗത്തും പുലരണം.ഇവിടെ പ്രധാന പ്രശ്നം രാഷ്ട്രീയത്തിൽ തുടങ്ങി ഉപഭോഗവസ്തുക്കളുടെ വാങ്ങലിലും വിപണനത്തിലും വരെ എത്തിനിൽക്കുന്ന വിഭാഗീയ കാഴ്ചപ്പാടും ചേരിതിരിവും പൊട്ടിക്കുന്ന സാമൂഹ്യബന്ധത്തിന്റെ ഇഴകളാണ്.കാഴ്ചപ്പാടും വിലയിരുത്തലുകളും യഥാതഥമല്ലാതെയാവുകയും ചില മുൻവിധികളുടെ അടിസ്ഥാനത്തിൽ ആവുകയും ചെയ്യുന്നത് തിരിച്ചറിയപ്പെടുന്നതാണ് ബന്ധങ്ങളിലെ വിള്ളലിന് ആഴവും പരപ്പും വർദ്ധിപ്പിക്കുന്നത്.ഇതിന് എല്ലാ വിഭാഗങ്ങളും ഒരേപോലുള്ള പങ്കു വഹിക്കുന്നു. കൃത്രിമമായ ചിത്രങ്ങൾ, സന്ദർഭത്തിൽനിന്നും അടർത്തിമാറ്റി മറ്റുപലതുമായി വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകൾ എന്നിങ്ങനെ പലവിധ ഉപാധികൾ ഇതിനായി വൈതാളികർ ഉപയോഗിക്കുന്നു. എരിതീയിൽ എണ്ണ പകരുന്നപോലെ രാത്രികാലങ്ങളിൽ അരങ്ങേറുന്ന ചാനൽ ചർച്ചകളുംകൂടി ചേരുന്പോൾ മുൻപെങ്ങുമില്ലാത്തത്ര സങ്കുചിതത്വം നമ്മുടെ നാടിനെ ജീർണിപ്പിക്കുന്നു.
ഇവിടെ ഏറെ ആകുലതയുണർത്തുന്ന വിഷയം എന്തുകൊണ്ട് അടുത്ത് ഇടപഴകുന്ന മനുഷ്യർക്കിടയിൽ ഇക്കാലത്ത് പലവിധ അന്ധതയുടെ തിമിരം പടരുന്നു എന്നതാണ്. മനുഷ്യമനസ്സ് എപ്പോഴും യഥാർത്ഥ ജീവിതവുമായി സാംഗത്യമില്ലാത്ത, അപ്രസക്തമായ ആകുലതകൾ സൃഷ്ടിക്കാൻ പരിശ്രമിക്കുന്നു. കത്തുന്ന വയറിന്റെ വിശപ്പ് ഏതുരീതിയിൽ അടക്കാനാവും എന്ന് ചിലർ ചിന്തിക്കുന്പോൾ ആഡംബര ജീവിതത്തിന്റെ ധാരാളിത്തങ്ങളിൽ നിൽക്കുന്പോൾ മേൽക്കോയ്മ നിലനിർത്താൻ ഇനി എന്തുണ്ട് വെട്ടിപ്പിടിക്കുവാൻ എന്ന് മറ്റുചിലർ ചിന്തിക്കുന്നിടത്താണ് ആ ആകുലതകളുടെ വൈചിത്ര്യം. അകാരണമായി മരണത്തെ ഭയപ്പെടുന്നവരുണ്ട്. ഇങ്ങനെയൊക്കെ മനോഭാവം ഉണ്ടാവാൻ കാരണം മനസ്സിന് ആകുലപ്പെടാൻ ഇപ്പോഴും എന്തെങ്കിലും കാരണം ആവശ്യമാണ് എന്നതാണ്. വയറു വിശക്കുന്നവനും കിടപ്പാടമില്ലാത്തവനും തികച്ചും യഥാർഥമായ കാരണമുണ്ട്, എന്നാൽ അങ്ങിനെ ഒരു നീതീകരിക്കാവുന്ന കാരണം കണ്ടെത്താനായില്ലെങ്കിൽ മനസ്സ് തിരഞ്ഞുകൊണ്ടിരിക്കും, കാരണം കണ്ടെത്തി ആകുലപ്പെടാൻ. സമൂഹവുമായി ഇടപെടുന്പോൾ ഈയൊരു മനസ്സാണ് വിഭാഗീയതകളെ തിരഞ്ഞുപിടിച്ച് കൊണ്ടുവരുന്നത്. അത് മനുഷ്യന്റെ കൂടെപ്പിറപ്പാണ്, സഹിക്കാം എന്ന് കരുതുന്നത് വിധിവാദത്തിന്റെ ഭാഗമായെ കാണാൻ കഴിയൂ. വിധിയെ മാറ്റിമറിക്കാനാവണം നമ്മുടെ യത്നം എന്നും, എപ്പോഴും...