ഗുണ്ടകളെ സൂക്ഷിക്കുക !
ഇ.പി അനിൽ
epanil@gmail.com
രാജാവ് നഗ്നനാണ് എന്നത് ഒരു കഥയിലെ കേവലം കുട്ടി ഹീറോയുടെ വാചകകസർത്ത് മാത്രമല്ല. ജനാധിപത്യം ഭൂരിപക്ഷത്തിന്‍റെ ആധിപത്യം എന്ന്‍ പറയുന്നതിലും ന്യൂനപക്ഷത്തിന്‍റെ അവകാശങ്ങളെ മനസ്സിലാക്കുവാൻ വിജയിക്കുന്ന സംവിധാനം എന്ന് മനസ്സിലാക്കുന്നതാകും കൂടുതൽ ശരി. ജനങ്ങൾക്ക് ഉണ്ടാകുന്ന ഉയർന്ന സാമൂഹിക ബോധം ജനങ്ങളുടെ ഉത്തരവാദിത്തവും അതുവഴി മൂല്യവത്തായ ഭരണ സംവിധാനവും രാജ്യത്തിനു സമ്മാനിക്കും. ലോകത്തെ സ്കാന്റിനേവിയൻ രാജ്യങ്ങളിൽ നിലനിൽക്കുന്നത് മുതലാളിത്തമാണെന്ന് പറയുന്പോഴും അവരുടെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാർ ജനക്ഷേമ പദ്ധതികളെ കൈഒഴിയാതെപ്രവർത്തിക്കുന്നു. ജനാധിപത്യം എന്നത് സർക്കാർ ജനങ്ങൾക്കും ജനങ്ങൾ സർക്കാരിനും എന്നതരത്തിൽ പ്രവർത്തിക്കുന്പോൾ മാത്രമാണ് യഥാർത്ഥ ജനാധിപത്യ ലക്ഷ്യത്തിലേയ്ക്ക് സമൂഹം അടുക്കുകയുള്ളൂ.
ഇന്ത്യയിലെ ഏറ്റവും അധികം സാക്ഷരതയും ഒപ്പംമറ്റു സംസ്ഥാനങ്ങളോടും രാജ്യങ്ങളോടും കൂടുതലായി ഇടപെഴകുവാൻ അവസരം കിട്ടിയ കേരള സംസ്ഥാനത്തെ ജനങ്ങളും അവരുടെ ജനാധിപത്യ സംവിധാനവും മറ്റുള്ളവർക്ക് മതൃകയാകുവാൻ വിജയിച്ചില്ല എങ്കിൽ ആ സമൂഹം സാമൂഹിക പരിവർത്തനങ്ങളെ ഒരിക്കലും സഹായിക്കുകയില്ല. അത്തരം അവസരത്തിൽ സാമൂഹിക മാറ്റങ്ങളെ അംഗീകരിച്ചവരിൽ പോലും വിഭാഗീയ ചിന്തകൾ സജ്ജീവമായി തീരും. പുരോഗമന പ്രസ്ഥാനങ്ങൾ ക്ഷയിക്കുകയും മത നിരപേക്ഷതാ സദസ്സുകൾ ശുഷ്ക്കിക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ ഇന്നു കേരളത്തിൽ പ്രബലമായികൊണ്ടിരിക്കുന്നു. കേരളത്തിന്‍റെ സാമൂഹിക രംഗങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയായി വന്ന കോൺഗ്രസ് പാർട്ടി, അതിന്‍റെ ആശയങ്ങളും കടന്ന്‍ ലോകത്തെ പുതിയ രാഷ്ട്രീയ പരീക്ഷണമായി മാറിയ സോഷ്യലിസ്റ്റ് ചേരിയുടെ ഇന്ത്യൻ പിൻഗാമികൾ എന്നിവർ, ഇക്കാലത്ത് അവരവരുടെ ആശയങ്ങളിൽ നിന്നും വ്യതിചലിക്കുന്നു എന്ന് കാണാം. ഇതിന്‍റെ മറുവശത്ത് വർഗ്ഗീയ സംഘടനകൾ സമൂഹത്തിൽ ഇടപെടുവാൻ കിട്ടുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുവാൻ കൂടുതൽ വിജയിക്കുന്നു. ഇത്തരം പ്രശ്നങ്ങളെ ഗൗരവതരമായി കണ്ടുകൊണ്ട് രാഷ്ട്രീയ പ്രതിരോധം സൃഷ്ടിക്കുവാൻ ഇടതു പക്ഷവും കൂടി പരാജയപ്പെടുന്പോൾ നമ്മുടെ ജനാധിപത്യ മണ്ധലം കൂടുതൽ കൂടുതൽ ജനവിരുദ്ധമായി മാറാതെ തരമില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ജനവിരുദ്ധ നിയമങ്ങളിൽ TADAയും POTAയും ഏറെ പരാതികൾ ക്ഷണിച്ചു വരുത്തി. അതിനു മുന്‍പ് ഇന്ദിരാഗാന്ധി നടപ്പിൽ വരുത്തിയ അടിയന്തിരാവസ്ഥയും അതിനെ സഹായിച്ച നിയമ നിർമ്മാണവും ജനാധിപത്യത്തെ അട്ടിമറിച്ചു. 1991നു ശേഷം സജീവമായി മാറിയ AFSPA യും UAPAയും കൂടുതൽ രാജ്യത്ത് ശക്തമായികൊണ്ടിരിക്കുന്നു. ഈ രണ്ടു നിയമങ്ങളും ദേശീയമായി ചർച്ചകൾക്ക് ഇടം ഉണ്ടാക്കുന്പോൾ സംസ്ഥാനങ്ങൾ പോലീസ് രാജിനിടം നൽകുന്ന നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആന്ധ്രയിലും ഝത്തീസ്സ്ഘട്ടിലും പശ്ചിമ ബംഗാളിലും ഗുജറാത്ത് മഹാരാഷ്ട്ര എന്നിവിടങ്ങളിലും സമാനമായ നിയമങ്ങളുണ്ട്. ഇതിന്‍റെ തണലിൽ ജനസമരങ്ങളെ പോലീസ്സിനുകൈകാര്യം ചെയ്യുവാൻ കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ്.
കേരളം എക്കാലവും ജനാധിപത്യത്തിനൊപ്പം എന്ന് എല്ലാ രാഷ്ടീയ പാർട്ടികളും അവകാശപ്പെടുന്നു.കേരളത്തിൽ നടക്കുന്ന പ്രതിക്ഷേധ സമരങ്ങളുടെ എണ്ണം കൂടുതൽ ആണെങ്കിലും അനിഷ്ടസംഭവങ്ങൾ വിരളമായി മാത്രമാണ് സംഭവിക്കുന്നത്. തീവ്രവാദി ആക്രമണവും മാവോ അട്ടിമറികളും കേരളത്തിൽ ഇതുവരെയായി ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെ ബന്ദിയാക്കി പണം ആവശ്യപ്പെടുന്ന രീതി കേരളത്തിനു പരിചിതമല്ല. മൊത്തത്തിൽ സമാധാനമായ അന്തരീക്ഷം സംസ്ഥാനത്ത് നിലനിൽക്കുന്നു എന്ന് ആരും അംഗീകരിക്കും. എന്നാൽ രാഷ്ട്രീയ സംഘർഷം, അതിന്‍റെ പേരിൽ വ്യക്തികളെ കൊലപ്പെടുത്തൽ മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതലാണ് എന്ന് മറക്കുന്നില്ല. ടിബറ്റൻ സുരക്ഷാസേനയുടെ ഉൾപ്പടെ പല കേന്ദ്ര സുരക്ഷാ യൂണിറ്റുകൾ കേരളത്തിൽ ആരംഭിക്കുവാൻ സർക്കാരുകൾ കാട്ടുന്ന താൽപര്യത്തിനു പിന്നിൽ സർക്കാർ ഉദ്ദേശിക്കുന്നത് വിദേശ നുഴഞ്ഞു കയറ്റക്കാരുടെ ഭീഷണിയായി കാണുവാൻ കഴിയില്ല.
ആഗോളവൽക്കരണം നമ്മുടെ ജീവിതത്തിൽ മൂല്യങ്ങൾക്ക് പൊളിച്ചെഴുത്ത് ഉണ്ടാക്കി എന്ന് പറയാം. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മൊബൈൽ കന്പനി കച്ചവടത്തിന്‍റെ ഭാഗമായി ഉപഭോക്താക്കളിൽ നിന്നും പണം വാങ്ങിഎടുക്കുവാൻ വ്യക്തികളെ നിയമിച്ചതും പിന്നീട് ബാങ്കുകൾക്ക് കുടിശ്ശിക വരുത്തിയവരിൽ നിന്നും പണം കണ്ടെത്തുവാൻ സ്വകാര്യ സ്ഥാപങ്ങളെ ചുമതലപ്പെടുത്തിയതും ഗുണ്ടകൾക്ക് സമൂഹത്തിൽ കൂടുതൽ സംഘടിക്കുവാൻ അവസരം നൽകി. ഊഹ മൂലധന വിപണിയുടെ വർദ്ധിച്ച സ്വാധീനം മാഫിയ വൽക്കരണത്തെ സഹായിക്കുന്നു. വസ്തു കച്ചവടം, സ്വകര്യ പണമിടപാടുകൾ, വാഹന കൈമാറ്റം, സ്വർണ്ണ കടത്ത്, കള്ളനോട്ടും ലഹരി വ്യാപാരവും ഒക്കെ ഗുണ്ടകൾ ശക്തമാകുവാൻ കാരണമാണ്. ഇവരെ കൈകാര്യം ചെയ്യുവാൻ ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ നമ്മുടെ പോലീസ്സ്, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഉള്ള ഗുണ്ടകളുടെ സ്വാധീനം (പ്രത്യേകിച്ച്) നിയമപാലകരുടെ നിയമലംഘനങ്ങൾ സാമൂഹിക ശക്തികളുടെ ഇടങ്ങളെ വർദ്ധിപ്പിച്ചു. ബോംബെയിലെ ഗുണ്ടലോകം കേട്ടറിഞ്ഞ മലയാളികൾക്ക് അധോലോക നായകർ ഹിന്ദി സിനിമകളിൽ നിന്നും മാത്രം പരിചിതമായ ആളുകൾ ആയിരുന്നു. ഒരു കാലത്ത് നാട്ടിലെ ചട്ടന്പികളെ കൈകാര്യം ചെയ്യുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മടികാട്ടിയിരുന്നില്ല.
കേരളത്തിലും പോലീസ്സിന് കൂടുതൽ അധികാരം നൽകുന്ന ഗുണ്ടാ നിയമം നിലവിൽ വന്നത് 2007ൽ ആണ്. Kerala Anti-Social Prevention Act (KAPA) എന്ന നിയമത്തിൽ നാട്ടിലെ സാമൂഹിക വിരുദ്ധ ശക്തികളെ കസ്റ്റടിയിൽ എടുക്കുവാൻ പോലിസ്സിനു കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ട്. ഇവിടെ ആരാണ് ഗുണ്ടയെന്നും അത്തരം ഗുണ്ടകളെ 6 മാസം തടങ്കലിൽ വെയ്ക്കാം എന്നും നിയമം അനുശാസിക്കുന്നു. തടങ്കൽ ഒരു വർഷമായി ഉയർത്തുവാൻ സർക്കാർ ശ്രമിക്കും എന്ന് നേരത്തെ (അഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കുന്പോൾ) രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
നിയമത്തിൽ കള്ളനോട്ടടിക്കാർ, വാറ്റുചാരായം, ഗഞ്ചാ തുടങ്ങിയ നിയമവിരുദ്ധ കച്ചവടക്കാർ ഒപ്പം പ്രകൃതിയെ തകർത്തു കൊള്ളയടിക്കുന്നവർ മുതലായവരെ ഗുണ്ടാ നിയമപ്രകാരം തടവിൽ പാർപ്പിക്കാം. എന്ന് ഉറപ്പു നൽകുന്നു. പോലീസ്സ് രാജിനുള്ള അവസരത്തെ ഒഴിച്ച് നിർത്തിയാൽ സാധരണക്കാർ ഏവരും സ്വാഗതം ചെയ്യുവാൻ മടിക്കാത്ത ഈ നിയമം സംസ്ഥാനത്തെ പിടിച്ചുപറിക്കാരുടെ പട്ടികയിൽ പ്രകൃതി വിഭവങ്ങൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവതരമായ വിഷയം കേരളത്തിന്‍റെ കിഴക്കൻ മലനിരകളായ പശ്ചിമഘട്ടവും ഇടനാടും തീരപ്രദേശവും വലിയ തോതിൽ പ്രതിസന്ധിയിൽ എന്നതാണ്. അത് കേരളത്തിലെ കാലാവസ്ഥയിൽ, കുടിവെള്ളത്തിൽ, നദികളുടെ ഒഴുക്കിൽ, അതിലെ മത്സ്യ പ്രജനനത്തിൽ, ഭൂഗർഭ ജല വിതാനത്തിൽ, കൃഷിയിൽ, രോഗാവസ്ഥയിൽ എല്ലാം വലിയ തരത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വന്നടിയുന്ന അറബിക്കടലിന്‍റെ അവാസവ്യവസ്ഥയിൽ പോലും തകർച്ച നേരിടുന്നു. ഇന്ത്യയുടെ കടൽ തീരങ്ങളിൽ 8% മാത്രമുള്ള കേരള തീർത്തു നിന്നും രാജ്യത്തെ മത്സ്യ സന്പത്തിന്‍റെ 20%വരെ കഴിഞ്ഞ 10 വർഷത്തിനുമുന്‍പ് ലഭിച്ചു പോന്നു. (8.5 ലക്ഷം ടൺ) എന്നാൽ അവയുടെ അളവിൽ 3 ലക്ഷത്തിൽ അധികം കുറവ് ഉണ്ടാകുവാൻ കാരണം കാലവസ്ഥയിൽ ഉണ്ടായ മറ്റാമാണ്. മലയാളിയുടെ ആരോഗ്യ പരിപാലനത്തിൽ മത്സ്യങ്ങൾക്ക്, അതും ചെറു മത്സ്യങ്ങൾക്ക് ഉണ്ടായിരുന്ന പ്രാധാന്യം എത്ര വലുതായിരുന്നു. ചാളയും നത്തോലിയും ഐലയും സുലഭമായി ലഭിച്ച നമ്മുടെ കടൽ തീരങ്ങളിൽ അവയുടെ അളവിൽ വൻ കുറവ് ഉണ്ടായി. ലോകത്തെ തന്നെ അത്ഭുത പ്രതിഭാസമായ ചാകര എല്ലാവർഷവും പുറകാട്ടും സമീപ പ്രദേശങ്ങളിലും ഉണ്ടാകുവാൻ കാരണം നമ്മുടെ എക്കൽ കൊണ്ട് സന്പന്നമായ നദികളുടെ പ്രത്യേകതയാണ്. എന്നാൽ ചാകരയുടെ തീവ്രത കുറഞ്ഞുവരുന്നു. കടൽ കൂടുതൽ കരകൾ കവരുന്ന സ്ഥിതി കൂടുകയാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ കൂടുതൽ ആളുകളും താമസിക്കുന്ന തീര പ്രദേശത്തിന്‍റെ എല്ലാ വ്യവഹാരങ്ങളിലും കടലും അതിന്‍റെ വിഭവങ്ങളും പ്രധാന പങ്കു വഹിക്കുന്നു. കടലിൽ നിന്നുള്ള വരുമാനത്തിലെ കുറവ് പ്രദേശത്ത് ജിവിതം കൂടുതൽ ദുരിത പൂർണ്ണമാക്കും. അത് പ്രദേശത്ത് ജനങ്ങളുടെ ഇടയിൽ സംഘർഷ സാധ്യത വർദ്ധിപ്പിക്കുന്നു.
കേരളത്തിന്‍റെ ഇടനാട് പൊതുവേ വീതി കൂടിയ പ്രദേശവും എക്കൽ അടിഞ്ഞ് ഡൽട്ടാ സ്വഭവം പ്രകടിപ്പിക്കുന്നതുമാണ്. കേരളത്തിന്‍റെ 41 നദികളും വേഗത കുറഞ്ഞ് ഒഴുകുന്നതിനാൽ ഭൂഗർഭ അറകളിൽ കൂടുതൽ വെള്ളം എത്തിക്കുവാൻ ഈ പ്രദേശത്തിനു കഴിയും. നെൽപ്പാടങ്ങളുടെ സാന്നിദ്ധ്യം നദികളുടെ എക്കലുകളെ സംഭരിച്ച് കൂടുതൽ ഫലഭുഷ്ടിയുള്ള മണ്ണ് ഉണ്ടാകുവാൻ കാരണമാണ്. എന്നാൽ മഴയിൽ ഉണ്ടായ വ്യതിയാനം നദികളിൽ നടന്ന അനിയന്ത്രിതമായ മണൽ വാരൽ നദിയെ വലിയ കയങ്ങൾ ആക്കി മാറ്റി. നദിയുടെ ഒഴുക്ക് നിലക്കുകയും വഴിമാറി ഒഴുകുവാൻ കാരണം ആകുകയും ചെയ്തു. കഴിഞ്ഞ 25 വർഷമായി നെൽപ്പാടങ്ങൾ നികത്തി അവയുടെ വിസ്തൃതി 8 ലക്ഷം ഹെക്ടറിൽ നിന്നും 2 ലക്ഷത്തിൽ താഴെ ഹെക്റ്റർ ആക്കി കുറച്ചു. നെല്ല് ഉത്പാദനം കുറഞ്ഞു എന്ന് മാത്രമല്ല കേരളം വൻ ജലക്ഷാമത്തിൽ എത്തുവാൻ ഇതു കാരണമായി. നെൽപ്പാടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന 200 ലധികം ജീവികളുടെ ആവാസവ്യവസ്ഥയെ തകർത്ത നമ്മുടെ നെൽ വയൽ നികത്തൽ വികസന രീതികൾ ഒരു ഹെക്ടറിൽ 1700 ഘന മീറ്റർ വെച്ച് വെള്ളം മണ്ണിൽ ഇറങ്ങുവാനുള്ള അവസരത്തെയാണ് ഇല്ലാതാക്കുന്നത്. ഭക്ഷ്യ കമ്മിയും ഒപ്പം ജലക്ഷാമവും വരുത്തുന്ന നെൽവയൽ നികത്തലിനെതിരെ നിയമം ഉണ്ടാക്കി എങ്കിലും കുറ്റവാളികളെ ശിക്ഷിക്കുവാൻ കഴിയാത്ത അവസ്ഥയിൽ നെൽപ്പാടങ്ങളുടെ വിസ്തൃതി നാൾക്കുനാൾ കുറയുകയാണ്. കണ്ടൽ കാടുകൾ നദികൾക്കും മത്സ്യങ്ങൾക്കും പക്ഷികൾക്കും മറ്റും നൽകുന്ന സഹായത്തിനു വിലകൽപ്പികാതെ വ്യാപകമായി നശിപ്പിച്ചതിനാൽ കണ്ണൂർ, കോഴിക്കോട്, കൊച്ചി, കൊല്ലം തീരങ്ങളിൽ അവയുടെ വിസ്താരം ഏതാനും ഹെക്്ടർ ആയി മാത്രം അവശേഷിക്കുന്നു.
ലോകത്തെതന്നെ എണ്ണം പറഞ്ഞ പശ്ചിമഘട്ടം വലിയ ചൂഷണത്താൽ തകർന്നു വരുന്നു. മലകളുടെ സുസ്ഥിര നിലനിൽപ്പിന് 40% എങ്കിലും വനം ഉണ്ടായിരിക്കണം എന്നിരിക്കെ സഹ്യപർവ്വത്തിലെ മലകളുടെ വ്യാപ്തി 20% ആയി കുറഞ്ഞു. വ്യാപകമായ, മരംമുറി അശാസ്ത്രീയമായ പ്ലാന്റേഷൻ കൃഷി, കൈയേറ്റം, പാറ പൊട്ടിക്കൽ, മണ്ണെടുപ്പ്, ടൂറിസത്തിന് മറവിൽ വൻ കെട്ടിടങ്ങൾ കെട്ടിപൊക്കൽ ഒക്കെ പശ്ചിമഘട്ടത്തെ തകർത്തു വരുന്നു. അതിനെ സംരക്ഷിക്കുവാൻ സഹായകരമായ ഗാട്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്തുവാതിരിക്കുവാൻ കേരളത്തിലെ മുഖ്യ രാഷ്ടീയ−മത നേതൃത്വങ്ങൾ ഒറ്റകെട്ടായിരുന്നു. അവരുടെ ലക്ഷ്യങ്ങളിൽ മല നിരകളുടെ സംരക്ഷണം ഒഴിച്ചുള്ള അജണ്ടകൾക്ക് മാത്രമായിരുന്നു സ്ഥാനം. പശ്ചിമഘട്ടത്തിന്‍റെ നാശം മഴയുടെ അളവിലും സ്വഭാവത്തിലും മാറ്റം ഉണ്ടാക്കി. കേരളത്തിന് കേട്ട്കേൾവി മാത്രമായിരുന്ന ജനക്ഷാമം, വൻവരൾച്ച, ഉഷ്ണക്കാറ്റ് സൂര്യാഘാതം എല്ലാം ഇന്നു കേരളത്തിനും ബാധകമാണ്. എന്നിട്ടും സർക്കാർ ഇത്തരം വിഷയങ്ങളിൽ യഥാർത്‍ഥ കാരണങ്ങൾ അന്വേഷിക്കാതെ (അന്വേഷിച്ചു കണ്ടെത്തി എങ്കിലും പുറത്തു പറയാതെ) ജനങ്ങളുടെ വികസന സ്വപ്നങ്ങളുടെ പേരിൽ നമ്മുടെ മല നിരകളെയും പുഴകളെയും നെൽപ്പാടങ്ങളെയും കടൽ തീരങ്ങളെയും തകർക്കുന്ന നിലപാടുകളെ കൈഒഴിയുവാൻ അവർ തയ്യാറല്ല.
കേരളത്തിന്‍റെ മൂന്നേകാൽ കോടി മലയാളികളെ സംരക്ഷിക്കുവാൻ എന്ന പേരിൽ കേരള സർക്കാർ ഉണ്ടാക്കിയ നിയമത്തിൽ പറയും പ്രകാരം മലയാളിക്ക് ഭീഷണിയായി പ്രവർത്തിക്കുന്ന ശക്തികളെ തുറങ്കലിൽ അടയ്ക്കുവാൻ ഉണ്ടാക്കിയ ഗുണ്ടാ നിയമം പ്രകൃതി വിഭവങ്ങളെ നിയമങ്ങൾ കാറ്റിൽ പറത്തി നശിപ്പിക്കുന്ന ശക്തികളെ കൈയാമം വെയ്ക്കുവാൻ ഉപകരിക്കേണ്ടതാണ്.
നമ്മുടെ സർക്കാർ സംവിധാനത്തിന്‍റെ മർമ്മ സ്ഥാനങ്ങളിൽ ഇരുന്ന് ജനങ്ങളെ സേവിക്കേണ്ടവർ പ്രകൃതി ചൂഷണം നടത്തുകയോ അതിന് അവസരം ഒരുക്കുവാൻ കൂട്ട് നിൽക്കുകയോ ചെയ്യുന്പോൾ അതിനെ കാണാതെ പോകുകയും എന്നാൽ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനത്തിന് മാത്രമേ മനുഷ്യരെ രക്ഷിക്കുവാൻ കഴിയൂ എന്ന് പറഞ്ഞുകൊണ്ട് നെൽപ്പാടങ്ങൾ സംരക്ഷിക്കുവാൻ തയ്യാറായ ഗ്രമീണ ജനങ്ങളെ, ഗാട്ഗിൽ കമ്മീഷൻ നടപ്പിൽ വരുത്തണം എന്ന അഭിപ്രായപ്പെടുന്നവരെ, ക്വാറികളുടെ ദൂരം വീടുകളിൽ നിന്നും 100 മീറ്റർ അകലെയാകണം എന്ന് പറയുന്നവരെ, നാട്ടിൽ വിമാനത്താവളങ്ങളെക്കാൾ പ്രധാനം ഭക്ഷ്യ സുരക്ഷയാണ് എന്ന് വിശ്വസിക്കുന്നവരെ, തോട്ടങ്ങൾ സർക്കാർ ഉടമസ്ഥതയിൽ കൊണ്ട് വരണം എന്ന് പറയുന്നവരെ− ഗുണ്ടാ നിയമ പ്രകരം ശിക്ഷിക്കേണ്ടവരാണ് എന്ന് ഒരു കമ്യുണിസ്റ്റ് പാർട്ടി മുഖ്യമന്ത്രി പറഞ്ഞാൽ കമ്യുണിസ്റ്റ് പാർട്ടിയെ പറ്റി മലയാളികൾ എന്തായിരിക്കണം ധരിക്കേണ്ടത്?