രക്ഷി­താ­ക്കളെ­ ഇതി­ലെ­... ഇതി­ലെ


ഡോ. ശ്യാം കുമാർ

ലക്കെട്ടിൽ ഒരൽപ്പം തമാശ തോന്നാമെങ്കിലും, നമ്മുടെ കുട്ടികൾക്ക് നാം എന്തുനൽകണം, അവരെ എങ്ങനെ വളർത്തണം എന്നത് ഏതൊരു രക്ഷിതാവിനെ സംബന്ധിച്ചിടത്തോളവും കുറച്ച് ആവലാതി ഉളവാക്കുന്നതാണ്.

നൂറുശതമാനം സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തിൽ 2016ൽ 63 ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതിന്റെ കാരണങ്ങൾ ആരാഞ്ഞപ്പോൾ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് പുറത്തുവന്നത്. ഭൂരിപക്ഷം കുട്ടിളുടെ കാര്യത്തിലും രക്ഷിതാക്കളുടെ ആവശ്യമില്ലാത്ത, അമിതമായ ഇടപെടലുകളാണ് ഈ അവസ്ഥയിലേയ്ക്ക് നയിച്ചത് എന്നാണ് കണ്ടെത്തിയത്.

ഇവിടെയൊക്കെ ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികൾക്ക് ആവശ്യത്തിന് വസ്ത്രവും, ഭക്ഷണവും, ആവശ്യത്തിലധികം പോക്കറ്റുമണിയും കൊടുക്കാൻ നാം വളരെ ശ്രദ്ധിക്കാറുണ്ട്. എന്നാൽ അവരുടെ മാനസിക വളർച്ചയുടെ ആവശ്യത്തെ നാം പലപ്പോഴും അവഗണിക്കുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യാറുണ്ട്‌. ഇത് കുട്ടികളിലെ ഒരുപാടു പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നു.

നമ്മുടെ കുട്ടികൾ മറ്റുള്ളവരിൽനിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്നേഹവും, കരുതലുമാണ്. അത് ഏറ്റവും നന്നായി അവർക്കു നൽകാൻ പറ്റുന്നത് രക്ഷിതാക്കളായ നമ്മൾക്ക് തന്നെയാണ്.

എന്റെ ഗവേഷണ പ്രബന്ധത്തിനുവേണ്ടി ഞാൻ കുട്ടികളുടെ ഇടയിൽ നടത്തിയ ഒരു സർവ്വേയിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത എനിക്കു മനസ്സിലാക്കാൻ സാധിച്ചു. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഭൂരിപക്ഷം കുട്ടികളും പറഞ്ഞത് അവർ അവരുടെ അച്ഛനമ്മമാരെ വെറുക്കുന്നു എന്നാണ്. കാരണം മറ്റൊന്നുമല്ല, അവർ ആഹ്രഹിക്കുന്ന സ്നേഹം അവർക്കു രക്ഷിതാക്കളിൽനിന്നു കിട്ടുന്നില്ല എന്നത് തന്നെയാണ്.

പല രക്ഷിതാക്കളും പറയാറുള്ള ഒരു ന്യായീകരണമാണ് ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ അളവറ്റു സ്നേഹിക്കുന്നു എന്നത്. ഇത് സത്യവും ആയിരിക്കാം.എന്നാൽ അത് നിങ്ങളുടെ കുട്ടികൾക്ക് ബോധ്യപ്പെടണമെന്നില്ല. അത് അവരെ ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് നിങ്ങളുടെ കടമയാണ്, ധർമ്മമാണ്. നിങ്ങളുടെ സാന്നിദ്ധ്യത്താൽ, ഒരു ദർശനത്തിലൂടെ, ഒരു സ്പർശനത്തിലൂടെ, ഒരു സ്വാന്തനത്തിലൂടെ നിങ്ങൾക്ക് അത് വളരെ നിഷ്പ്രയാസം കുട്ടികളെ ബോദ്ധ്യപ്പെടുത്താൻ പറ്റും.

എന്നാൽ ഒരു കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളെ അകമഴിഞ്ഞ് സ്നേഹിക്കണം എന്ന് കരുതി മക്കളുടെ പിന്നാലെ എന്നും, എപ്പോഴും, എല്ലാത്തിനും, അവരുടെ വ്യക്തിപരമായ കാര്യത്തിനുപോലും അമിതമായി ഇടപെടുന്പോൾ അത് വിപരീത ഫലങ്ങൾ ഉണ്ടാക്കും എന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും.

ഞാൻ നേരത്തെ സൂചിപ്പിച്ചു നമ്മുടെ കുട്ടികൾ കരുതൽ ആഗ്രഹിക്കുന്നു എന്ന്. ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് അവൻ/അവൾ അവരുടെ രക്ഷിതാവിന്റെ സാമീപ്യത്താൽ സുരക്ഷിതരായിരിക്കണം എന്ന് തന്നെയാണ്. സാന്പത്തികമായും, മാനസികമായും, വൈകാരികമായും, സാമൂഹികമായും നാം കൊടുക്കുന്ന സുരക്ഷിതത്വം ആണ് ഒരു പരിധിവരെ അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഇതിൽ ഏറ്റവും അനിവാര്യമായ ഒന്നാണ് സ്നേഹമസൃണമായ ഒരു കുടുംബാന്തരീക്ഷം. ഈ ഒരു കരുതൽ ലഭിക്കാതെ പോകുന്ന കുട്ടികൾ അത് ലഭിക്കുന്ന വഴിയിലേയ്ക്ക് ദിശമാറി പോകുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷെ അത് പലപ്പോഴും അപകടകരമായ അവസ്ഥയിലേയ്ക്കാണ് എന്ന് നാം ഓർക്കണം. ഇങ്ങനെ വഴിതെറ്റിപ്പോകുന്ന കുട്ടികൾ പലപ്പോഴും ശിഥിലമായ കുടുംബാന്തരീക്ഷത്തിൽ നിന്ന് വരുന്നവർ ആണ് എന്ന് നമുക്ക് കാണാം.

You might also like

Most Viewed