മാറ്റത്തിന്റെ കാറ്റലോണിയയും ആങ്കെലയുടെ ആശങ്കകളും


വി.ആർ. സത്യദേവ് 

sathya@dt.bh

രാട്ട വീരന്മാരുടെ നാടാണ് സ്പെയിൻ. കാളപ്പോരിന്റെ നാട്. തെക്കു പടിഞ്ഞാറൻ യൂറോപ്പിന്റെ തിലകക്കുറിയായ മണ്ണ്. പോരാട്ട വീര്യവും കരളുറപ്പും അലങ്കാരമാക്കിയവരുടെ നാട്. തമാശയായി പറഞ്ഞാൽ ദിലീപിന്റെ സ്പാനിഷ് മസാലയുടെ നാട്. കലയുടെയും സംസ്കാരത്തിന്റെയും നാട്. കലാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ ചിത്രം സ്പെയിനിലെ അൾട്ടാമിറാ ഗുഹാ ഭിത്തികളിലെ കാളകളുടെ ചിത്രങ്ങളാണെന്നു വാദിക്കുന്ന കലാചരിത്രകാരന്മാരുണ്ട്. ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആരാധകരുള്ള സ്പാനിഷ് ലീഗ് ഫുട്ബോളിന്റെയും നാടാണ് സ്പെയിൻ. പാശ്ചാത്യ ലോകത്തിന്റെ നഗരം എന്ന വിശേഷണത്തിൽ നിന്നാണ് സ്പയിനിന്റെ പേരിന്റെ ആവിർഭാവം എന്നതാണ് പ്രചാരത്തിലുള്ള ഏറ്റവും ശക്തമായ വാദം. മുപ്പത്തി അയ്യായിരത്തിലേറെ വർഷങ്ങളായി മനുഷ്യാധിവാസമുള്ള ഭൂവിഭാഗമായിരുന്നു ഇവിടം. പൗരാണിക കാലം തൊട്ടിങ്ങോട്ട് ആ രാജ്യത്തിന് മേഖലയിലുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് മേൽ പറഞ്ഞ വ്യാഖ്യാനം. 

പോരാളികളെയും പോരാട്ട വീര്യവും നെഞ്ചിലേറ്റുന്ന ജനത പക്ഷേ ഇപ്പോൾ അതി തീവ്രമായ ആഭ്യന്തര സംഘർഷത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. കാളപ്പോരു നടക്കുന്ന അരീനയിലെ വീരന്മാരായ മാറ്റഡോറുകളെപ്പോലെ പരസ്പരം ഏറ്റുമുട്ടാൻ സജ്ജരായിരിക്കുകയാണ് രാജ്യത്തെ രണ്ടു പക്ഷങ്ങൾ. ബാഴ്സലോണ ആസ്ഥാനമായി കാറ്റലോണിയ എന്ന പേരിൽ സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ടുള്ള ബഹുജന പ്രക്ഷോഭങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കേന്ദ്രബിന്ദു. സംഗതി പറഞ്ഞു വരുന്പോൾ വിഘടന വാദമാണ്. രാജ ഭരണം നിലനിൽക്കുന്ന സ്പെയിനിലെ സ്വയംഭരണ പ്രദേശമാണ് കാറ്റലോണിയ എന്നറിയപ്പെടുന്നത്. പ്രമുഖ ന‍ഗരമായ ബാഴ്സലോണ ഈ പ്രദേശത്തിന്റെ ഭാഗമാണ്. ലോക ക്ലബ്ബ് ഫുട്ബോളിലെ മുടിചൂടാ മന്നന്മാരായ ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ അഥവാ എഫ്സി ബാഴ്സലോണയുടെ ആസ്ഥാനം. ബാഴ്സയെന്നു വിളിപ്പേരുള്ള ക്ലബ്ബ് വിജയങ്ങൾകൊണ്ടും ലോക ഫുട്ബോളിലെ ചക്രവർത്തിമാരുടെ സാന്നിദ്ധ്യം കൊണ്ടും പ്രശസ്തമാണ്.

കാറ്റലോണിയക്കായുള്ള കാറ്റലോണിയൻ ജനതയുടെ ഹിതപരിശോധന നടന്നതോടെ ഇതൊരു അപരിഹാര്യ പ്രശ്നമാവാനുള്ള സാദ്ധ്യത എന്നത്തെക്കാളും അധികരിച്ചിരിക്കുന്നു. പ്രത്യേക കാറ്റലോണിയൻ രാഷ്ട്രമെന്ന ആവശ്യം സ്പാനിഷ് സർക്കാർ നിരാകരിച്ചതാണ്. രാജ്യത്തെ പരമോന്നത കോടതിയും സർക്കാരിന്റെ നിലപാടിനൊപ്പമായിരുന്നു. പ്രശ്നത്തിൽ ജനഹിതം അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കണം എന്ന നിലപാടായിരുന്നു കാറ്റലോണിയയിലെ പ്രാദേശിക സർക്കാരിന്റേത്. സ്വതന്ത്ര രാജ്യ സങ്കൽപ്പത്തെ പ്രാദേശിക സർക്കാരും ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും അനുകൂലിക്കുകയുമാണ്. ഈ സാഹചര്യത്തിലാവണം സ്പാനിഷ് സർക്കാരും പരമോന്നത കോടതിയും ഇക്കാര്യത്തിലുള്ള ഹിതപരിശോധനയെ എതിർത്തത്. എന്നാൽ സ്വന്തം തീരുമാനത്തിലുറച്ച കാറ്റലോണിയ രാഷ്ട്രവാദികൾ ഹിത പരിശോധനയുമായി മുന്നോട്ടു പോവുകയായിരുന്നു.

ഹിത പരിശോധനക്കെതിരേ അതി ശക്തമായ അടിച്ചമർത്തൽ നടപടികളാണ് സ്പാനീഷ് സർക്കാർ കൈക്കൊണ്ടത്. ഹിത പരിശോധനയെ അനുകൂലിക്കുന്നവരും സർക്കാരിൻ്റെ സുരക്ഷാ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആയിരത്തോളമാൾക്കാർക്ക് പരിക്കേറ്റു. നിരവധി കാറ്റലോണിയ പക്ഷക്കാർ തടങ്കലിലാണെന്നും റിപ്പോർട്ടുണ്ട്. കോടതിയുടെ വിലക്കിനെ മറികടന്നുള്ള ഹിതപരിശോധനാ വോട്ടെടുപ്പു നടത്താൻ തുറന്ന നിരവധി പോളിംഗ് ബൂത്തുകൾ സർക്കാർ സേന പിടിച്ചെടുത്തു. ഇത്തരത്തിൽ നൂറോളം കേന്ദ്രങ്ങൾ സർക്കാർ പിടിച്ചെടുത്തതായാണ് അറിയുന്നത്. 

കാറ്റലോണിയൻ രാഷ്ട്ര രൂപീകരണത്തിന് മേഖലയിലെ ജനങ്ങൾ പച്ചക്കൊടി കാട്ടിയതായാണ് ഹിത പരിശോധനാ പക്ഷക്കാർ അവകാശപ്പെടുന്നത്. എന്നാൽ കോടതി വിധി ലംഘിച്ചു നടത്തിയ ഹിതപിശോധനയിൽ പങ്കെടുത്തു വോട്ടു ചെയ്തവർ സ്വയം വിഡ്ഢികളായി എന്നതാണ് സ്പാനീഷ് സർക്കാരിന്റെ നിലപാട്. സ്പാനീഷ് പ്രധാനമന്ത്രി മരിയാനാ റജോയ് തന്നെ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. തീവ്രദേശീയ വാദികളെ ഇത് ഹരം കൊള്ളിക്കും. എന്നാൽ കാറ്റലാൻ വാദികളുടെ പോരാട്ടവീര്യമുയർത്താനും പ്രശ്നം കൂടുതൽ ആളിക്കത്തിക്കാനുമേ ഇത് ഉപകരിക്കൂ എന്നതാണ് വാസ്തവം. യൂറോപ്പിൽ പൊതുവെ പടരുന്ന അസ്വസ്ഥതകളുടെ ആക്കം കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

സാന്പത്തിക പ്രശ്നങ്ങളാണ് യൂറോപ്പിലെ പുതിയ പ്രതിസന്ധികളുടെ പ്രധാന കാരണം. സ്പെയിനിന്റെ കാര്യവും വ്യത്യസ്ഥമല്ല. അതുകൊണ്ടു കൂടിയാണ് കാറ്റലാൻ വിഭജനത്തെ സ്പെയിൻ എതിർക്കുന്നത്. സ്പാനിഷ് സാന്പത്തിക തലസ്ഥാനമെന്നുപോലും വിളിക്കാവുന്ന നഗരമാണ് മെഡിറ്ററേനിയൻ തീരനഗരമായ ബാഴ്സലോണ. സ്പാനീഷ് കയറ്റുമതി ഉൽപ്പന്നങ്ങളിൽ ഏറിയപങ്കും നിർമ്മിക്കുന്നത് ബാഴ്സലോണയിലാണ്.രാജ്യത്തെ വിദേശ സാന്പത്തിക നിക്ഷേപത്തിൽ വലിയൊരു പങ്കും
ഈ പ്രദേശത്താണുള്ളത്. അതുകൊണ്ടുതന്നെ ബാഴ്സലോണ വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും സ്പെയിൻ ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധങ്ങളിലും പുതിയ സംഭവവികാസങ്ങൾ വഴിത്തിരിവാകും. നിലവിലെ ഗതിയിലാണെങ്കിൽ യൂറോപ്യൻ യൂണിയനെ കൂടുതൽ ദുർബ്ബലപ്പെടുത്താനേ കാറ്റലോണിയൻ പ്രതിസന്ധി വഴിെവയ്ക്കൂ. 

ഒരുകാലത്ത് വിഭജിച്ചു ഭരിക്കുകയെന്ന കുടിലതന്ത്രം പ്രയോഗിച്ച് ലോകത്തിന്റെ വിദൂരകോണുകളിലെ ജനസമൂഹങ്ങൾക്കുമേൽ അധീശത്വം നേടി അവരെയൊക്കെ ചൂഷണം ചെയ്ത വരാണ് യൂറോപ്യൻമാർ. ഇന്ന് സ്വയം വിഭജിക്കപ്പെട്ട് ശക്തിചോർന്ന് ആഗോളരാഷ്ട്രീയത്തിൽ തന്നെ അനുദിനം പ്രസക്തി നഷ്ടപ്പെടുന്നവരാവുകയാണ് അവരിൽ പല രാജ്യങ്ങളും. ഇന്ത്യയെ വിഭജിച്ച് ആനന്ദിച്ച ബ്രിട്ടീഷുകാർക്ക് ഇന്ന് സ്കോട്ലാൻഡ് കീറാമുട്ടിയാണ്. വഴിപിരിയാനുള്ള സ്കോട്ടീഷ് ജനതയുടെ ആശയെ തന്ത്രപരമായി അടിച്ചൊതുക്കാൻ തൽക്കാലത്തേക്കെങ്കിലും ബ്രിട്ടന് കഴിഞ്ഞു. എന്നാൽ അത് പൂർണ്ണമായും കെട്ടടങ്ങിയിട്ടില്ല. അതിനും പുറമെയാണ് ബ്രെക്സിറ്റ് ഉയർത്തുന്ന പ്രതിസന്ധി. ഈ പ്രശ്നങ്ങളെക്കാൾ വഷളാണ് വാസ്തവത്തിൽ കാറ്റലോണിയൻ പ്രശ്നം. 

കോടതിയും ദേശീയ സർക്കാരുമൊക്കെ അതിശക്തമായ നിലപാടുകളെടുക്കുന്പോഴും കാറ്റലോണിയയിലെ പ്രദേശിക ഐക്യം കൂടുതൽ ശക്തമാവുകയാണ്. ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബും കാറ്റലോണിയൻ രാഷ്ട്രവാദത്തിനൊപ്പമാണ്. കാണികളെ ഒഴിവാക്കി അടച്ചിട്ട േസ്റ്റഡിയത്തിലാണ് കഴിഞ്ഞദിവസം ബാഴ്സ-ലാ പാമാസ് ഫുട്ബോൾ മത്സരം അരങ്ങേറിയത്. മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബാഴ്സ വിജയിച്ചത് കാറ്റലോണിയൻ പക്ഷക്കാരേ ആവേശം കൊള്ളിച്ചിരിക്കുകയാണ്. കളിക്കളവും കാറ്റലോണിയയ്ക്ക് അനുകൂലമാകുന്പോൾ കാളപ്പോരിന്റെ നാട്ടിൽ കളി കാര്യമാവുകയാണ്. കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്നു കാണാൻ ഏറെയൊന്നും കാത്തിരിക്കേണ്ടി വരില്ല എന്നുതന്നെയാണ് നിലവിലെ സംഭവങ്ങൾ നൽകുന്ന സൂചന.

ഏതായാലും യൂറോപ്പിലെ പൊതുവെയുള്ള സ്വസ്ഥത നഷ്ടമാകുന്നു എന്നതാണ് യൂറോപ്യൻ യൂണിയനിലെ ഏറ്റവും ശക്തമായ രാഷ്ട്രമായ ജർമ്മനിയിൽ നിന്നുള്ള വാർത്തകളും നൽകുന്ന വ്യക്തമായ സൂചന. ജർമ്മനിയുടെ അതിശക്തയായ ചാൻസെലർ ആങ്കെലാ മെർക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അവരുടെ ശക്തി അതിവേഗം ചോരുകയാണ്. തെരഞ്ഞെടുപ്പിൽ മെർക്കലിന്റെ കക്ഷിക്കാണ് കൂടുതൽ സീറ്റുകൾ. എന്നാൽ ബുന്ദസ്റ്റാഗെന്ന അധോസഭയിൽ (നമ്മുടെ ലോക്സഭ) അവരുടെ പാ‍‍ട്ടിയുടെ അംഗസംഖ്യ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലാണ്. മെർക്കലിന്റെ ശക്തി ചോർന്നിരിക്കുന്നു. തീവ്ര യാഥാസ്ഥിതികരുടെ ശക്തി വർദ്ധിച്ചിരിക്കുന്നു. മെർക്കലിന്റെ അപ്രമാദിത്വം പഴങ്കഥയാകുന്നതോടേ യൂറോപ്പിന്റെ തന്നെ നയങ്ങളും രാഷ്ട്രീയ സമവാക്യങ്ങളും പൊളിച്ചെഴുതപ്പെടും. മെർക്കലിന്റെ ശക്തി ചോർന്നതിനൊപ്പം കാളപ്പോരിന്റെ നാട്ടിൽ കലാപം കൂടി പടരുന്നത് ആ രാജ്യങ്ങളെ മാത്രമല്ല യൂറോപ്പിനെ പൊതുവിലും ദുർബ്ബലമാക്കും എന്നുറപ്പാണ്.

You might also like

Most Viewed