തന്നെത്തന്നെ പൂജ്യത്തിലേയ്ക്ക് താഴ്ത്തുക...
സ്വന്തം ലേഖകൻ
വർഷം തോറും മഹാത്മാ ഗാന്ധിയുടെ ജന്മദിനം അദ്ദേഹത്തോടുള്ള അളവറ്റ ആദരവ് പ്രകടപ്പിച്ചുകൊണ്ട് രാജ്യമെങ്ങും ആചരിച്ച് വരാറുണ്ട്. ഇന്നും അത്തരത്തിലൊരു ദിനമാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ ഓർക്കാനുള്ള ദിനം. മേൽമുണ്ടിൽ പൊതിഞ്ഞ പോരാട്ട വീര്യംകൊണ്ട് ഇന്ത്യയെ സ്വാതാന്ത്ര്യത്തിലെത്തിക്കാൻ മുൻനിരയിലുണ്ടായിരുന്ന മഹാത്മാവ്. അദ്ദേഹത്തോടുള്ള ആദരം പക്ഷെ പുഷ്പങ്ങളർപ്പിച്ചുള്ള ആഘോഷങ്ങളായി മാറുന്ന ഒരു കാഴ്ചയായാണ് ഇപ്പോൾ കണ്ടുവരുന്നത്. ദിവസം തോറും, മണിക്കൂറുകൾ തോറും, മിനിറ്റുകൾ തോറും, നിമിഷങ്ങൾ തോറും അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾകൊണ്ട് നിരവധി ഗാന്ധിമാർ രാജ്യത്ത് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഏറി വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഒക്ടോബർ രണ്ടിന് വിദ്യാലയങ്ങളും മറ്റു കാര്യാലയങ്ങളും അടച്ചിട്ട് ആഘോഷിക്കുന്ന രീതി മാറ്റി രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ വിദ്യാലയങ്ങൾ തുറന്ന് അന്നേദിവസം മുഴുവനായും ഗാന്ധിയെ കുറിച്ചും വരും തലമുറയ്ക്ക് ഗാന്ധിയുടെ മാർഗ്ഗം പിന്തുടരുന്നതിന്റെ ഗുണങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ മനസ്സിലാക്കി കൊടുക്കേണ്ടതിലേയ്ക്കാണ് സമൂഹം ചിന്തിച്ച് തുടങ്ങേണ്ടത്.
നമ്മൾ ചെയ്യാൻ പോകുന്ന എന്തെങ്കിലും ഒരു കാര്യത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സന്ദേഹമുണ്ടാകുന്ന വേളയിൽ അതു വേണമോ വേണ്ടയോ എന്നു നിശ്ചയിക്കാനുള്ള എളുപ്പവഴിയെക്കുറിച്ച് നമുക്കു പറഞ്ഞു തന്ന മഹാത്മാവാണ് ഗാന്ധിജി. “നിങ്ങൾ ഏറ്റവും ദരിദ്രനായ ഒരുവന്റെ മുഖം മനസ്സിൽ കാണുക. നാം ചെയ്യാൻ പോകുന്ന ഈ കർമ്മം കൊണ്ട് ആ പാവം മനുഷ്യന് എന്തു ഗുണമാണ് ഉണ്ടാവുക എന്നു സങ്കൽപ്പിക്കുക. ഒന്നുമില്ലെന്നാണ് ഉത്തരമെങ്കിൽ അതുപേക്ഷിക്കാം!”. “ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം” ഗാന്ധിയുടെ വാക്കുകളാണിവ.
ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അ
ഹിംസയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായിരുന്നു. സത്യം ലക്ഷ്യവും അഹിംസ അതിലേയ്ക്കുള്ള മാർഗവുമാണ്. അഹിംസയെന്നാൽ മറ്റൊരുവന് ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട് തെറ്റു ചെയ്തവനോട് ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ്. ഗാന്ധി തന്റെ ജീവിതം സത്യത്തിന്റെ വിവിധ മാനങ്ങൾ മനസ്സിലാക്കുവാനായി ചിലവഴിച്ചു. സ്വന്തം ജീവിതത്തിലെ തെറ്റുകളും സ്വന്തം പരീക്ഷണങ്ങളും ഇതിന് അദ്ദേഹത്തെ സഹായിച്ചു. ഗാന്ധിജിയുടെ വീക്ഷണത്തിൽ മനുഷ്യന്റെ പരമമായ ലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്. ഈശ്വരൻ എന്നാൽ സത്യമാണെന്നും ഈശ്വരസാക്ഷാത്കാരത്തിന് സത്യത്തിലൂന്നിയ ജീവിതം ആവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്തുകൊണ്ട് അദ്ദേഹം നടത്തിയ സമരങ്ങളിൽ അഹിംസ എന്ന ആശയമാണ് ഗാന്ധിജി പിന്തുർന്നുപോന്നിരുന്നത്. അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. എന്നാൽ ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മനസ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ. ഒരുവൻ അഹിംസയിലേയ്ക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുന്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താൽപ്പര്യം ഇല്ലാതെ വരുന്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു.
വളരെ ലളിതമായി ജീവിച്ചു പോന്നിരുന്നയാളാണ് മഹാത്മാ ഗാന്ധി. സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ ലളിതമായ ജീവിതം നയിക്കണമെന്ന് ഉറച്ചുവിശ്വസിച്ച ഗാന്ധി ബ്രഹ്മചര്യത്തിലൂടെ അത് നേടിയെടുക്കാമെന്ന് കരുതി. ദക്ഷിണാഫ്രിക്കയിൽ നയിച്ച പാശ്ചാത്യ ജീവിതരീതി ത്യജിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ തുടക്കം. “തന്നെത്തന്നെ പൂജ്യത്തിലേയ്ക്ക് താഴ്ത്തുക” എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ജീവിതം ലളിതമാക്കാനായി സ്വന്തം ആവശ്യങ്ങൾ പുനർനിർണ്ണയിച്ച് അനാവശ്യ ചെലവുകൾ ഒഴിവാക്കിക്കൊണ്ട് സ്വന്തം വസ്ത്രങ്ങൾ സ്വയം അലക്കുന്നതുവരെ അദ്ദേഹത്തിന്റെ ജീവിതചര്യകൾ എത്തിനിന്നു. എല്ലാ ആഴ്ചയിലേയും ഒരു ദിവസം ഗാന്ധി നിശ്ശബ്ദതയിൽ ചെലവഴിച്ചിരുന്നു. സംസാരത്തിൽനിന്ന് മാറി നിൽക്കുന്നത് തനിക്ക് ആന്തരിക സമാധാനം നൽകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയശേഷം അദ്ദേഹം പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണം ഉപേക്ഷിച്ചു. സന്പത്തിന്റേയും കാര്യവിജയത്തിന്റേയും പ്രതീകമായാണ് അദ്ദേഹം ആ വസ്ത്രധാരണരീതിയെ കണ്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകുന്നതരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു. ഗാന്ധിയും അനുയായികളും അവർ സ്വയം നൂറ്റ നൂൽകൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നുള്ള ജീവിതകാലം മുഴുവൻ അദ്ദേഹം മുണ്ട് ആണ് ധരിച്ചത്.
മറ്റു വിഷയങ്ങളിലെന്ന പോലെ ആരോഗ്യവിഷയത്തിലും ഗാന്ധിക്ക് തന്റേതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രകൃതി ചികിത്സയെ അദ്ദേഹം വളരെയധികം ആശ്രയിച്ചിരുന്നു. ജലം, മണ്ണ്, സൂര്യൻ, വായു എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാനും അവയെ എങ്ങനെ മനുഷ്യന്റെ ആരോഗ്യപാലനത്തിന് ഉപയോഗപ്പെടുത്താം എന്ന് ആരായാനും അദ്ദേഹം ശ്രമിച്ചു. ഭക്ഷണം, ലഹരിപദാർത്ഥങ്ങൾ, പുകയില, ചായ, കാപ്പി എന്നിവയുടെ ഉപയോഗങ്ങൾ, ലൈംഗികത, തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. 1906−ൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ വായനക്കാരുടെ പ്രയോജനത്തിനായി അദ്ദേഹം എഴുതിത്തുടങ്ങിയ ആരോഗ്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പിൽക്കാലത്ത് കൂടുതൽ വലിയ ലേഖനങ്ങളായി പരിണമിച്ചു.
ഹൈന്ദവ കുടുബത്തിൽ ജനിച്ച ഗാന്ധി ജീവിതകാലം മുഴുവൻ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽനിന്നെടുത്തവയാണ്. അതേസമയം എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു. മതജിജ്ഞാസുവായിരുന്ന ഗാന്ധി ലോകത്തിലെ എല്ലാ പ്രധാന മതങ്ങളെക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. “എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂർണ്ണമായും തൃപ്ത്തിപ്പെടുത്തുന്നു... സംശയങ്ങൾ എന്നെ വേട്ടയാടുന്പോൾ, നിരാശ എന്റെ മുഖത്തേയ്ക്ക് തുറിച്ച് നോക്കുന്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുന്പോൾ ഞാൻ ഭഗവദ്ഗീതയിലേയ്ക്ക് തിരിയും. അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങൾ എന്റെ ജീവിതത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്”.
“എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാൻ സാധിക്കുന്നില്ലെങ്കിൽ ഹിന്ദുമതത്തേയും ഞാൻ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുകൾ എനിക്കറിയാം. തൊട്ടുകൂടായ്മ അതിന്റെ ഭാഗമാണെങ്കിൽ അത് ഹൈന്ദവതയുടെ ദുഷിച്ച, അമിത വളർച്ച പ്രാപിച്ച ഒരു ഭാഗമാണ്. വേദങ്ങൾ ഈശ്വരപ്രേരിതമായി എഴുതപ്പെട്ടവയാണ് എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? അവ ഈശ്വരപ്രേരിതമാണെങ്കിൽ എന്തുകൊണ്ട് ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂട? അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇസ്ലാമിന്റെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കുമായിരുന്നു.” “മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്; മുസ്ലീങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും”− അദ്ദേഹം പറഞ്ഞു. ഒരിക്കൽ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു: “അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്” “മനുഷ്യന്റെ അന്തസ്സത്ത ദിവ്യമായ ഒന്നാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും അത് സാക്ഷാത്കരിക്കുകയാണ് ജീവിതത്തിന്റെ പരമലക്ഷ്യം. മതവും സദാചാരവും സാമൂഹ്യനീതിയും അർഥശാസ്ത്രവും എല്ലാം തന്നെ തത്ത്വത്തിലും പ്രയോഗത്തിലും, ഈ അത്യന്തികലക്ഷ്യമായ ആത്മാവിഷ്കാരത്തിന് ഇണങ്ങുന്നതും അതിനെ സഹായിക്കുന്നതുമാവണം.”
ഏതുകാര്യത്തിനോടുമുള്ള തന്റെ നിലപാടുകളിൽ മതത്തിന് അദ്ദേഹം കൊടുത്ത ഊന്നൽ എല്ലാവർക്കും രുചിച്ചിരുന്നില്ല. ചിലപ്പോഴെങ്കിലും അത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം എത്തി. ഒരുതരത്തിലും മതവിരുദ്ധനല്ലാതിരുന്ന കവി രവീന്ദ്ര നാഥടാഗോർ പോലും ഇക്കാര്യത്തിൽ ഗാന്ധിയുടെ വിമർശകനായിരുന്നു. ഗാന്ധിയും ടാഗോറും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരായിരുന്നുവെങ്കിലും പലതവണ വളരെ നീണ്ട സംവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു മഹാത്മാ ഗാന്ധി എന്നാണ് സ്കൂൾ കാലഘട്ടം മുതൽ എല്ലാ ഇന്ത്യക്കാരും പഠിച്ചുവരുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന പദവി വളരെ വലിയതു തന്നെയാണുതാനും. പലപ്പോഴും മഹാത്മാ ഗാന്ധിയെ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നെ വ്യക്തി എന്ന് മാത്രമായി പരിചയപ്പെടുത്തുന്പോൾ അദ്ദേഹം വളരെ ചെറുതായി പോകുന്നുണ്ട്. പകരം അദ്ദേഹം നയിച്ച ജീവിതവും അദ്ദേഹത്തിന്റെ വ്യക്തിത്വവും സഹവാസികൾക്ക് അദ്ദേഹം പകർന്നുകൊടുത്തിരുന്ന സ്നേഹവും വിശ്വാസവും ഇതെല്ലാം വിവരിച്ച് വേണം മഹാത്മാ ഗാന്ധിയെന്ന രാഷ്ട്രപിതാവിനെ പരിചയപ്പെടുത്താൻ. അങ്ങനെയെങ്കിൽ മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥം വരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ഈ കാലഘട്ടത്തിലും ജനഹൃദയങ്ങളിൽ ഏറെ ആദരവോടെ തന്നെ കൊത്തിവെയ്ക്കപ്പെടും. കൂടാതെ കുഞ്ഞു കുഞ്ഞു ഗാന്ധിജിമാരുണ്ടാകും. അവരുടെ ജീവിതങ്ങളും പിൽക്കാലത്ത് പലർക്കും സന്ദേശങ്ങളാകും... ഗാന്ധിമാരെ സമൂഹത്തിന് ഏറെ ആവശ്യമാണ്. പക്ഷെ അതൊരു പേര് മാത്രമായി മാറരുതെന്ന് മാത്രം... “ഗാന്ധിയായി വേഷം കെട്ടാൻ എളുപ്പമാണ്, കെട്ടിയ വേഷങ്ങൾ അഴിച്ചുവെച്ചാൽ മതി”യെന്ന കൽപ്പറ്റ നാരായണന്റെ വാക്കുകൾ ഈ അവസരത്തിൽ ഓർക്കട്ടെ...