ജലാശയത്തിൽ മാലിന്യം നിക്ഷേപിച്ചാൽ..
ഫിറോസ് വെളിയങ്കോട്
പുഴകളിലും, ജലാശയങ്ങളിലും മാലിന്യം എറിഞ്ഞാൽ കടുത്ത ശിക്ഷയുമായി സർക്കാർ ഓർഡിനൻസ് ഇറക്കാൻ പോകുന്നു. മാലിന്യം വലിച്ചെറിഞ്ഞാൽ രണ്ടു ലക്ഷം രൂപയുമായി പോകുന്നതാകും നല്ലത്. മാത്രമല്ല തടവും ഉണ്ടാകും. ഈ നിയമം നടപ്പിലാക്കിയാൽ രാജ്യത്ത് ആദ്യമായി ജലാശയം മലിനമാകുന്നത് തടയാൻ തടവ് ഉൾപ്പെടെയുള്ള നിയമം നടപ്പാക്കുന്ന സംസ്ഥനമാകും കേരളം. പക്ഷെ ഒരു ചോദ്യം മറ്റുള്ള സംസ്ഥാനത്തിനേക്കാൾ കൂടുതൽ മാലിന്യം കേരളത്തിലാണോ? അതോ അവിടെ മാലിന്യം നിക്ഷേപിക്കാൻ പ്രത്യേകം സ്ഥലം ഉള്ളത് കൊണ്ടാണോ? ഇവിടെ മാലിന്യം ഇടരുത് എന്ന ബോർഡ് കണ്ടാൽ അവിടെ മാത്രം നിക്ഷേപിക്കുന്ന ചുരുക്കം ആളുകളുണ്ട് നമ്മുടെ കേരളത്തിൽ, അവർക്ക് ഇതൊരു അടിയാകും എന്നത് തീർച്ച. പക്ഷെ ഈ നിയമം കൊണ്ടു വരുന്നത് ജലാശയത്തിൽ മാത്രം ഒതുക്കി തീർക്കേണ്ട ഒന്നല്ലല്ലോ... പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിച്ചോളൂ എന്ന ഒരു അജണ്ട ഇതിൽ വരില്ലേ? ഇവിടെ സർക്കാർ ജലസ്രോതസ്സുകൾ മലിനപ്പെടുത്തുന്നവർക്ക് ശിക്ഷ വർദ്ധിപ്പിക്കാനുള്ള നിയമ ഭേദഗതി ഓർഡിനൻസ് ആയി പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും, രണ്ടു ലക്ഷം രൂപാ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ അംഗീകരിച്ചു.നിലവിലെ നിയമത്തിൽ പതിനായിരം രൂപാ മുതൽ ഇരുപത്തിഅയ്യായിരം രൂപാ വരെയാണ് പിഴ.
അവധി ദിവസങ്ങളിലും, രാത്രികളിലും കനാലുകളിൽ അറവു മാലിന്യം തള്ളുന്നത് സംസ്ഥാനത്ത് പതിവാണ്. കഴിഞ്ഞ ദിവസം അവധിയുടെ മറവിൽ കോഴിക്കോട് നഗരത്തിലൂടെ ഒഴുകുന്ന കനോലി കനാലിൽ വ്യാപകമായി അറവു മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരുന്നു. പരാതി നൽകിയപ്പോൾ ബ്ലീച്ചിങ് പൗഡർ വിതറുക മാത്രമാണ് ചെയ്തതെന്ന് പറയുന്നു.തെളിവ് സഹിതം പരാതിപ്പെട്ടിട്ടും നടപടിയൊന്നും എടുത്തില്ല എന്നും ആരോപണമുണ്ട്. നമ്മുടെ കേരളത്തിൽ ഒരുപാട് നദികൾ, പുഴ, കനോലി കനാലുകളുമുണ്ട്. അവിടെയെല്ലാം മാലിന്യങ്ങൾ നിക്ഷേപിക്കുന്നുമുണ്ട്.നിക്ഷേപിച്ചാൽ രോഗങ്ങൾ പടർന്നു പിടിക്കുമെന്നും അറിയാത്തവരല്ല ആരും. എന്നിട്ടും ഈ തരത്തിലുള്ള രീതി ചെയ്യുന്പോൾ അവർക്കു പരമാവധി ശിക്ഷ കൊടുകേണ്ടത് അത്യാവശ്യം തന്നെയാണ്. ദിവസവും ലോഡ് കണക്കിന് മാലിന്യങ്ങൾ ചാക്കിൽ കെട്ടി വലിച്ചെറിയുന്നത് നേരിട്ടും അല്ലാതെയും നമുക്ക് അറിയാവുന്നതാണ്. പലരും പലരെയും പേടിച്ചു മിണ്ടാതിരിക്കുന്നു. കുടി വെള്ളം വിതരണം ചെയ്യുന്ന പുഴകളിൽ ഇങ്ങിനെ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ പിന്നെ രോഗം വരാൻ വേറെ എവിടേക്കെങ്കിലും പോകണോ? അറവ് മാലിന്യം, ഹോട്ടലിലെ ഭക്ഷണ മാലിന്യം, മാർക്കറ്റുകളിലെ മാലിന്യം, ഫ്ളാറ്റുകളിലെ മാലിന്യം, കക്കൂസ് മാലിന്യം, ബാർബർ ഷോപ്പ് മാലിന്യം, ആശുപത്രിയിലെ മാലിന്യം ഇതൊക്കെയാണ് നമ്മുടെ പുഴകളിൽ തള്ളുന്നത്. ഈ ഒരു അവസ്ഥ കണക്കിലെടുത്തു ഗവൺമെന്റ് എടുക്കുന്ന ഈ തീരുമാനത്തെ നമുക്ക് സ്വാഗതം ചെയ്യാം. ശക്തമായ ഒരു തീരുമാനവും ഈ കാര്യത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണ് നമ്മുടെ ജനങ്ങൾ ഇതൊക്കെ മുതലെടുത്ത് മാലിന്യങ്ങൾ തള്ളുന്നത്. രോഗം, മാറാ രോഗങ്ങൾ, പകർച്ച വ്യാധികൾ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾക്ക് കാരണം ഈ മാലിന്യം തന്നെയാണ്. നമ്മുടെ സർക്കാർ, കോടതി എന്തു നിയമം കൊണ്ടു വന്നാലും അതു അനുസരിക്കാൻ തയ്യാറാകാത്ത കുറെ പേർ നമ്മുടെ കേരളത്തിൽ ഉണ്ട്. അവർ വിദേശ രാജ്യത്ത് പോയാൽ എത്ര വലിയ കൊന്പനാകട്ടെ നിയമം കർക്കശമായി പാലിക്കുന്നു. അതു തന്നെയല്ലേ നമ്മുടെ നിയമവും.പിന്നെന്തു കൊണ്ടു നമ്മുടെ നാട്ടിൽ അതു പ്രാവർത്തികമാകുന്നില്ല. അവിടെയാണ് നമ്മുടെ ചോദ്യം ഉന്നയിക്കേണ്ടത്. നിയമം നടപ്പിലാകുന്നവർ നിയമം പാലിച്ചാലല്ലേ മറ്റുള്ളവരും നിയമം പാലിക്കുകയുള്ളു. നിയമ പാലകർ ആദ്യം നിയമങ്ങൾ അനുസരിക്കട്ടെ എന്നു പറഞ്ഞു മറ്റുള്ളവർ ഇരുന്നാൽ നമ്മുടെ നാടിന് ഒരു പുരോഗതിയും ഉണ്ടാവുകയുമില്ല.
ആദ്യം നമ്മുടെ വീടിന്റെ പരിസരം നന്നാക്കണം, പിന്നെ തൊട്ടടുത്ത സ്ഥലങ്ങൾ, പിന്നെ സമൂഹം, അങ്ങിനെ പാലിച്ചാലേ ഇവിടെ ജീവിതത്തിൽ ഒരു ചിട്ടയുണ്ടാകൂ, നിയമങ്ങൾ കൊണ്ടു വന്നാൽ അതിനെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. എതിർക്കുന്നവരുമുണ്ട്. നാടിന്റെ നന്മയ്ക്കു വേണ്ടി കൊണ്ടു വരുന്ന ഏതൊരു നിയമത്തെയും നാം സ്വാഗതം ചെയ്യണം, അനുസരിക്കണം, അനുസരിപ്പിക്കണം. അതു മന്ത്രിയാകട്ടെ, ജനങ്ങളാകട്ടെ. പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കുമിടയിലുള്ള സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിലും, ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്നതിനും ഇതര സംസ്ഥാനങ്ങളിലെ പോലെ കേരളത്തിൽ പ്രായോഗികമല്ല. ഒരു പട്ടണം കഴിഞ്ഞു വിശാലവും വിജനവുമായ സ്ഥലങ്ങൾ ഇതര സംസ്ഥാനങ്ങളിൽ സാധാരണമാണ്. അതിനാൽ അവിടെ മാലിന്യ സംസ്കരണം പൊതു ജനത്തിന് പ്രശ്നം സൃഷ്ടിക്കുന്നില്ല. കേരളം ജനസാന്ദ്രത കൂടിയ പ്രദേശമാണ്. പട്ടണങ്ങളുടെ തുടർച്ചയാണ് ഗ്രാമങ്ങൾ, പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിൽ അതിർ വരന്പുകളോ വിജനസ്ഥലങ്ങളോ ഇല്ല. നഗര വൽക്കരണവും ജനസാന്ദ്രതയും അനുദിനം വർദ്ധിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിനും, മാലിന്യ സംസ്കരണത്തിനും നിയമങ്ങൾ ഇല്ലാത്തതു കൊണ്ടല്ല ഇങ്ങിനെ സംഭവിക്കുന്നത്. നിലവിലുള്ള സംസ്കരണത്തിന്റെ അപര്യാപ്തതയാണ് പ്രധാന കാരണം. അതിനാൽ നമ്മുടെ സർക്കാർ കൊണ്ടുവരുന്ന നിയമവും, ശിക്ഷകളും പ്രാബല്യത്തിൽ വരുന്പോൾ മാലിന്യ സംസകരണത്തിനു വേണ്ട സജ്ജീകരണങ്ങളും നൽകേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഇനി വരും നാളിൽ ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിച്ച വകയിൽ സർക്കാരിനു കിട്ടിയ തുകയുടെ കണക്കായിരിക്കും നാം കേൾക്കുക. അല്ലാതെ അവിടെ മാലിന്യ നിക്ഷേപം കുറഞ്ഞു എന്നു ഒരിക്കലും കേൾക്കാൻ സാധിക്കില്ല.എങ്കിലും നാം ഓരോത്തരും നമ്മുടെ നാടിന്റെ നന്മയ്ക്കു വേണ്ടി ഒരുമിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണ്. ഒരു പരിധിവരെ അതിനു സാധിച്ചാൽ നാട് നന്നാകും, നന്നാകട്ടെ എന്ന പ്രാർത്ഥനയോടെ ഈ വാരാന്ത്യ വീക്ഷണം വിട പറയുന്നു.